Connect with us

Articles

നെതന്യാഹുവിന് വിലങ്ങ് വീഴുമോ?

ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നെതന്യാഹുവിനും മുന്‍ പ്രതിരോധ സെക്രട്ടറി യോവ് ഗാലന്റിനും അയച്ച അറസ്റ്റ് വാറന്റ് നടപ്പാകുമോ ഇല്ലയോ എന്നതല്ല, അത്തരമൊരു വാറന്റ് ഇസ്‌റാഈലിനെ തുറന്ന് കാണിക്കുന്നുണ്ട് എന്നതിലാണ് ലോകത്താകെയുള്ള സയണിസ്റ്റ്‌വിരുദ്ധരുടെ ആശ്വാസം. ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യയുടെ എല്ലാ ഘടകങ്ങളും ഒത്തുചേര്‍ന്ന കുരുതിയാണെന്ന് ഹേഗിലെ ഐ സി സി വ്യക്തമാക്കിയതിന് പിറകെയാണ് അറസ്റ്റ് വാറന്റെന്നതും ശ്രദ്ധേയമാണ്.

Published

|

Last Updated

ഇസ്‌റാഈലിന്റെ അകം കത്തുന്നത് മറച്ചുവെക്കാനാണ് ഗസ്സയിലും ലബനാനിലും ഇറാനിലുമെല്ലാം വംശഹത്യാപരമായ ആക്രമണം തുടരുന്നതെന്ന സത്യം ഇന്ന് ലോകത്തിന് നന്നായി ബോധ്യപ്പെട്ടിട്ടുണ്ട്. ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും അയച്ച അറസ്റ്റ് വാറന്റ് നടപ്പാകുമോ ഇല്ലയോ എന്നതല്ല, അത്തരമൊരു വാറന്റ് ഇസ്‌റാഈലിനെ തുറന്ന് കാണിക്കുന്നുണ്ട് എന്നതിലാണ് ലോകത്താകെയുള്ള സയണിസ്റ്റ്‌വിരുദ്ധരുടെ ആശ്വാസം. ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യയുടെ എല്ലാ ഘടകങ്ങളും ഒത്തുചേര്‍ന്ന കുരുതിയാണെന്ന് ഹേഗിലെ ഐ സി സി വ്യക്തമാക്കിയതിന് പിറകെയാണ് അറസ്റ്റ് വാറന്റെന്നതും ശ്രദ്ധേയമാണ്. സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന വാചകം ആവര്‍ത്തിക്കുകയല്ലാതെ യുദ്ധക്കുറ്റം സംബന്ധിച്ച് അര്‍ഥവത്തായ ഒരു അന്വേഷണത്തിനും ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതുകൊണ്ടാണ് ഈ രാഷ്ട്രം പിറവിയിലും വളര്‍ച്ചയിലും അക്രമി രാഷ്ട്രമാണെന്ന് പറയുന്നത്.

ഒക്‌ടോബര്‍ ഏഴിലെ പ്രത്യാക്രമണവുമായി ബന്ധപ്പെട്ട് ഹമാസ് കമാന്‍ഡര്‍ മുഹമ്മദ് ദഈഫിനും ഐ സി സി വാറന്റ് നല്‍കി എന്നത് നെതന്യാഹുവിനെതിരായ വംശഹത്യാ കുറ്റത്തെ ദുര്‍ബലമാക്കുന്നില്ല. ദഈഫിനെ കൊന്നുവെന്ന് ഇസ്‌റാഈല്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഹമാസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. റിപോര്‍ട്ടില്‍ പേരുള്ള ഹമാസ് നേതാക്കളായ യഹിയ സിന്‍വാര്‍, ഇസ്മാഈല്‍ ഹനിയ്യ എന്നിവരെ നേരത്തേ തന്നെ ഇസ്‌റാഈല്‍ ചതിച്ചു കൊന്നിട്ടുമുണ്ട്. 2023 ഒക്‌ടോബര്‍ എട്ട് മുതല്‍ 2024 മെയ് 20 വരെ ഗസ്സയില്‍ നടന്ന ക്രൂരമായ ആക്രമണങ്ങള്‍ മാനവരാശിക്കെതിരായ കുറ്റമായി കണക്കാക്കുന്നുവെന്നും ഗുരുതര യുദ്ധക്കുറ്റങ്ങള്‍ നടന്നുവെന്നും ഇതില്‍ നെതന്യാഹുവിനും ഗാലന്റിനും വ്യക്തമായ പങ്കുണ്ടെന്നും കോടതി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. സ്ത്രീകളെയും കുട്ടികളെയുമടക്കം കൂട്ടക്കൊല നടത്തി. സിവിലിയന്‍മാര്‍ക്ക് അനിവാര്യ ജീവന മാര്‍ഗങ്ങള്‍ ബോധപൂര്‍വം തടഞ്ഞു. ഭക്ഷണം, വെള്ളം, ഔഷധം വൈദ്യുതി തുടങ്ങിയവയെല്ലാം നിഷേധിച്ചു. സ്വന്തം രാഷ്ട്രീയ ലക്ഷ്യപൂര്‍ത്തീകരണത്തിനായി ആ ജനതയെ അക്ഷരാര്‍ഥത്തില്‍ വളയുകയായിരുന്നു. സമാധാനമോ സുരക്ഷിതത്വമോ അല്ല ഉന്മൂലനമാണ് ലക്ഷ്യമെന്ന് അനന്തമായി നീളുന്ന നരമേധം തെളിയിക്കുന്നു. ഗസ്സയിലെ ജനങ്ങളെ കൊന്നു തീര്‍ക്കുകയോ ആട്ടിയോടിക്കുകയോ ചെയ്യുകയെന്ന ദീര്‍ഘകാല ലക്ഷ്യമാണ് നെതന്യാഹു സര്‍ക്കാറിനുള്ളത് എന്ന സത്യം ഒരു അന്താരാഷ്ട്ര സംവിധാനം വിളിച്ചു പറയുന്നുവെന്നത് നിസ്സാരമായി കാണാനാകില്ല. നെതന്യാഹുവിനും ഗാലന്റിനും വാറന്റ് പുറപ്പെടുവിക്കാനുള്ള തീരുമാനം ഐ സി സി പ്രീ-ട്രയല്‍ ചേംബറി(ഒന്ന്)ലെ മൂന്ന് ന്യായാധിപര്‍ ഏകകണ്ഠമായാണ് കൈകൊണ്ടത്.
തികച്ചും സാങ്കേതികമായാണ് നെതന്യാഹു അറസ്റ്റ് വാറന്റിനോട് പ്രതികരിച്ചത്. ഇസ്‌റാഈല്‍ ഐ സി സിയിലെ അംഗരാജ്യമല്ല എന്നതിനാല്‍ തന്റെ രാജ്യത്തിനെതിരെ സംസാരിക്കാന്‍ ഐ സി സിക്ക് അധികാരമില്ല എന്നാണ് നെതന്യാഹുവിന്റെ വാദം. വിഡ്ഢിത്തമാണ് നെതന്യാഹു പറയുന്നത്. പിന്നെന്തിനാണ് ഈ സംവിധാനത്തെ അന്താരാഷ്ട്ര നീതിന്യായ കോടതിയെന്ന് വിളിക്കുന്നത്? ലോകത്താകെയുള്ള അന്താരാഷ്ട്ര സംഘടനകളില്‍ എല്ലാ രാജ്യങ്ങളും സിഗ്നേറ്ററിയാണോ? അങ്ങനെയല്ലാത്ത രാജ്യങ്ങളിലെ മാനവികവിരുദ്ധ കടന്നാക്രമണങ്ങള്‍ ചോദ്യം ചെയ്യേണ്ട എന്നാണോ? മധ്യപൗരസ്ത്യ ദേശത്തെ ഒരേയൊരു ജനാധിപത്യ രാജ്യമെന്നൊക്കെ ഉദ്‌ഘോഷിക്കുന്ന ഇസ്‌റാഈല്‍ ഐ സി സിയില്‍ അംഗമാകുകയല്ലേ വേണ്ടത്? ഇസ്‌റാഈലിന്റെ പരമാധികാരത്തിന് നേരെയുള്ള വെല്ലുവിളിയാണ് ഐ സി സിയിലെ നടപടികളെന്നും നെതന്യാഹു ആരോപിച്ചിരുന്നു. എന്നാല്‍ ഐ സി സിയുടെ പരിധിയില്‍ വരുന്നതല്ല ഇസ്‌റാഈലെന്ന വാദം കോടതി പൂര്‍ണമായി തള്ളുകയായിരുന്നു.

വീറ്റോ തന്നെ പ്രശ്‌നം
വാറന്റ് നിശ്ചയമായും നെതന്യാഹുവിന്റെ അറസ്റ്റില്‍ കലാശിക്കുമോ? സാധ്യതയില്ല. വന്‍ ശക്തികളുടെ ഇഷ്ടക്കാരാണ് പ്രതികളെങ്കില്‍ ഐ സി സി കടലാസ് പുലി മത്രമാണ്. 1998ല്‍ നിലവില്‍ വന്ന കോടതിക്ക് ഒരു ഓര്‍ഡറും എന്‍ഫോഴ്‌സ് ചെയ്യാനാകില്ല. 2023ല്‍ പുടിനെതിരെ പുറപ്പെടുവിച്ച വാറന്റ് അവിടെ കിടക്കുന്നുണ്ട്. നെതന്യാഹുവോ ഗാലന്റോ ഐ സി സി അംഗത്വമുള്ള 124ലധികം രാജ്യങ്ങളില്‍ ഏതിലേക്കെങ്കിലും യാത്ര ചെയ്താല്‍ ഇരുവരെയും അറസ്റ്റ് ചെയ്യാമെന്നാണ് വാറന്റിന്റെ ഉള്ളടക്കം. അറസ്റ്റിലായാല്‍ വിചാരണക്കായി ഇരുവരെയും ഹേഗിലെ കോടതിയില്‍ ഹാജരാക്കണം. അമേരിക്ക ഐ സി സിയെ അംഗീകരിക്കുന്നില്ല എന്ന ഒറ്റക്കാരണം കൊണ്ട് തന്നെ അംഗരാജ്യങ്ങള്‍ നടപടിയെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കും. തര്‍ക്കമായി രക്ഷാ സമിതിക്ക് മുന്നില്‍ വന്നാല്‍ യു എസ് വീറ്റോ ചെയ്യും. ഹമാസിനെയും ഇസ്‌റാഈലിനെയും സമാനമായി കാണുന്ന ഒരു ഉത്തരവും അംഗീകരിക്കില്ലെന്ന് യു എസ് പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. നിയുക്ത പ്രസിഡന്റ് ട്രംപും ഇതേ അഭിപ്രായക്കാരനാണ്.

ഗതികെട്ടാല്‍ ചരിത്രം
ഈ വിഷയത്തില്‍ നെതന്യാഹു നടത്തിയ വിശദമായ പ്രതികരണത്തിലെ ഒരു ഭാഗം ചരിത്രപരമായി പ്രാധാന്യമര്‍ഹിക്കുന്നു. ഈ ഉത്തരവ് “റേഫസ് വിചാരണ’ക്ക് സമാനമെന്നാണ് നെതന്യാഹു വിശദീകരിക്കുന്നത്. ഫ്രാന്‍സിന്റെ പട്ടാള രഹസ്യങ്ങള്‍ ജര്‍മനിക്ക് ചോര്‍ത്തി നല്‍കിയെന്ന കുറ്റം ചുമത്തി ആല്‍ഫ്രഡ് റേഫസ് എന്ന ജൂത സൈനികനെ പരസ്യമായി കോര്‍ട്ട് മാര്‍ഷല്‍ ചെയ്ത സംഭവമാണത്. ജനം അദ്ദേഹത്തെ രാജ്യദ്രോഹിയെന്ന് വിളിച്ചാര്‍ത്തു. കല്ലെറിഞ്ഞു. ജൂതന്‍മാര്‍ മുഴുവന്‍ ചതിയന്‍മാരാണെന്ന് ജനം വിളിച്ചു പറഞ്ഞു. ഫ്രാന്‍സിന്റെ ചരിത്രത്തിലെ അസാധാരണമായ നടപടിയായിരുന്നു അത്. 1895ലെ ആ സംഭവം റിപോര്‍ട്ട് ചെയ്യാന്‍ ലോകത്തെ പ്രധാന മാധ്യമ പ്രവര്‍ത്തകരെല്ലാം പാരീസിലെത്തി. ജൂതരെയാകെ ഒറ്റുകാരായി ചിത്രീകരിക്കുന്ന ആ രംഗം ആസ്ത്രിയയില്‍ നിന്നുള്ള ജൂത പത്രപ്രവര്‍ത്തകനായ തിയോഡോര്‍ ഹേര്‍സലിനെ ശക്തിയായി പിടിച്ചുലച്ചു. ഈ ആഘാതത്തില്‍ അദ്ദേഹം എഴുതിയ “ദി ജ്യൂയിഷ് സ്റ്റേറ്റ്’ എന്ന പുസ്തകത്തിലാണ് ആദ്യമായി പ്രത്യേക ജൂതരാഷ്ട്രം എന്ന ആശയം അവതരിപ്പിക്കപ്പെടുന്നത്. യൂറോപ്പ് ജൂതന്‍മാരോട് ചെയ്ത ക്രൂരതയുടെ ആ രംഗം നെതന്യാഹു ഇന്ന് ഓര്‍ത്തെടുക്കുന്നത് പതിനായിരക്കണക്കിന് കുഞ്ഞുങ്ങളുടെ മയ്യിത്തിന് മുകളിലിരുന്നാണ്. തന്റെ കിരാത നടപടികളെ ന്യായീകരിക്കാന്‍ നെതന്യാഹു ചരിത്രത്തെ പുനരാനയിച്ചു കൊണ്ടുവരുന്നത് തന്റെ കരിയറിലെ ഏറ്റവും വലിയ ആഭ്യന്തര ഒറ്റപ്പെടല്‍ അനുവഭിക്കുമ്പോഴാണ്. ബന്ദികളുടെ അമ്മമാര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ ഈ പഴങ്കഥകള്‍ കൊണ്ട് നേരിടാനാകുമെന്ന മൗഢ്യത്തിലാണ് നെതന്യാഹു. എന്തുകൊണ്ട് ഹമാസുമായി വെടിനിര്‍ത്തലിലെത്തുന്നില്ല? ഞങ്ങളുടെ മക്കളുടെ മോചനത്തിന് വഴിയൊരുങ്ങാത്തതെന്താണ്? ഇതാണ് അമ്മമാരുടെ ചോദ്യം.

മകന്റെ വെളിപ്പെടുത്തല്‍
നെതന്യാഹുവിനെ അട്ടിമറിക്കാന്‍ ഇസ്‌റാഈല്‍ ചാര ശൃംഖലയിലെ പ്രധാന സംഘവും സുരക്ഷാ വിഭാഗവുമായ ഷിന്‍ ബെത്ത് ഗൂഢാലോചന നടത്തുന്നുവെന്ന് വെളിപ്പെടുത്തിയത് നെതന്യാഹുവിന്റെ മകന്‍ തന്നെയാണ്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് രഹസ്യ രേഖകള്‍ ചോരുകയും യുദ്ധ ക്യാബിനറ്റിന്റെ മിനുട്ട്‌സ് അടക്കം വ്യാജമായി ഉണ്ടാക്കിയതായി ആരോപണമുയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ മകന്റെ വെളിപ്പെടുത്തല്‍. പ്രതിരോധ സേനയിലെ മൂന്ന് പേരെയും നെതന്യാഹുവിന്റെ വക്താവ് എലി ഫെല്‍ഡ്സ്റ്റീനെയും അന്വേഷണത്തിനായി കസ്റ്റഡിയിലെടുത്തിരുന്നു. “ഷിന്‍ ബെത്ത് സൈനികരെ പീഡിപ്പിക്കുന്നു, അറസ്റ്റ് ചെയ്യുന്നു. ഇതേ ഷിന്‍ ബെത്ത് ഏതാനും മാസം മുമ്പ് ഗസ്സയിലെ ശിഫാ ആശുപത്രി ഡയറക്ടറെ ജയില്‍ മോചിതനാക്കുന്നു. നിരവധി “തീവ്രവാദികളെ’യും തുറന്ന് വിടുന്നു. ജയിലില്‍ സ്ഥലമില്ലെന്നാണ് കാരണം പറഞ്ഞത്. ഷിന്‍ ബെത്തും സൈന്യത്തിലെ ചിലരും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെതിരെ പ്രവര്‍ത്തിക്കുകയാണ്’- യേര്‍ നെതന്യാഹു എക്‌സില്‍ കുറിച്ചു. അമേരിക്കയിലാണ് യേര്‍ ഇപ്പോഴുള്ളത്. അകം വേവുന്നുവെന്ന് മകന്‍ തന്നെ പറയുമ്പോള്‍ അവിശ്വസിക്കേണ്ടതില്ല.
നെതന്യാഹുവിനൊപ്പം ഐ സി സി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച യോവ് ഗാലന്റ് ഇപ്പോള്‍ നെതന്യാഹു മന്ത്രിസഭയിലില്ല. പ്രതിരോധ മന്ത്രി സ്ഥാനത്ത് നിന്ന് ഗാലന്റിനെ പുറത്താക്കുകയാണ് ചെയ്തത്. എന്തായിരുന്നു കാരണം? ഗാലന്റ് ചില സത്യങ്ങള്‍ പറഞ്ഞുവെന്നത് തന്നെ. ഇസ്‌റാഈലിന്റെ യുദ്ധ തന്ത്രങ്ങള്‍ക്ക് വ്യക്തമായ ദിശയില്ലെന്നും ലക്ഷ്യങ്ങള്‍ പുതുക്കി നിശ്ചയിക്കണമെന്നും ആവശ്യപ്പെടുന്ന രഹസ്യ കത്ത് “ചാനല്‍ 13′ പുറത്തുവിടുകയായിരുന്നു. ഇറാനില്‍ വ്യോമാക്രമണം നടത്തുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പാണ് നെതന്യാഹുവിനും സുരക്ഷാ മന്ത്രിസഭക്കും ഗാലന്റ് കത്തയച്ചത്. ഇറാനുമായി മൂര്‍ച്ഛിക്കുന്ന സംഘര്‍ഷാവസ്ഥ വന്‍ വിഡ്ഢിത്തമാണ്. ഹമാസുമായി വെടിനിര്‍ത്തലിന് സമയമായിരിക്കുന്നു. എല്ലാ ബന്ദികളുടെയും മടക്കം സുരക്ഷിതമാക്കണം. ലബനാനിലെ സംഘര്‍ഷം അവസാനിപ്പിക്കണം. ഇങ്ങനെ പോകുന്നു ഗാലന്റിന്റെ കത്ത്.

പേടിയുണ്ട്
ഗാലന്റ് പറഞ്ഞത് സത്യമാണെന്നും വലിയ അരക്ഷിതാവസ്ഥ ഇസ്‌റാഈല്‍ അനുഭവിക്കുന്നുണ്ടെന്നും വ്യക്തമാക്കുന്ന മറ്റൊരു വാര്‍ത്ത കൂടി ഈയിടെ പുറത്ത് വന്നു. ഹിസ്ബുല്ലയുടെയും ഇറാന്റെയും ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിസഭാ യോഗം ഇനി നെതന്യാഹുവിന്റെ ഓഫീസിലോ ഇസ്‌റാഈല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐ ഡി എഫ്) ആസ്ഥാനത്തോ നടക്കില്ല എന്നായിരുന്നു വാര്‍ത്ത. “സുരക്ഷാ ആശങ്കകള്‍’ കാരണമാണ് പുതിയ തീരുമാനമെന്ന് ഇസ്‌റാഈലിലെ ഹീബ്രു മാധ്യമങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്‌റാഈല്‍ റിപോര്‍ട്ട് ചെയ്തു. രാഷ്ട്രീയക്കാര്‍ക്കും സര്‍ക്കാര്‍ കാര്യാലയങ്ങള്‍ക്കും നേരെയുള്ള ഹിസ്ബുല്ല, ഇറാന്‍ ആക്രമണ ശ്രമങ്ങളെ തുടര്‍ന്നാണ് യോഗസ്ഥലം മാറ്റാന്‍ തീരുമാനിച്ചതെന്ന് വൈനെറ്റ് ന്യൂസും റിപോര്‍ട്ട് ചെയ്തു. ഇനി മുതല്‍ മന്ത്രിസഭാ യോഗം സ്ഥിരമായി ഒരിടത്ത് മാത്രം നടക്കില്ലെന്നും നെതന്യാഹുവിന്റെ സിസേറിയയിലെ സ്വകാര്യ വസതിക്ക് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നാണ് തീരുമാനമെന്നും റിപോര്‍ട്ടുകളില്‍ പറയുന്നു. എല്ലാ കൊലയാളികള്‍ക്കും ഉള്ളില്‍ ഭയമുണ്ടാകും; തന്നെ കാത്ത് എവിടെയോ കൊലയാളി മറഞ്ഞിരിക്കുന്നുവെന്ന്.
ഇറ്റലി, സ്‌പെയിന്‍, നോര്‍വേ, കാനഡ, യു കെ തുടങ്ങിയ രാജ്യങ്ങള്‍ ഐ സി സി വാറന്റിനെ ഗൗരവത്തിലെടുക്കുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ മണ്ണില്‍ കാലുകുത്തിയാല്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് തന്നെയാണ് ഇതിനര്‍ഥം. വിമാനത്തില്‍ കയറും മുമ്പ് ബൈഡനെയോ ട്രംപിനെയോ വിളിച്ച് കരയേണ്ട ഗതികേടെങ്കിലുമുണ്ടാക്കാന്‍ ഐ സി സി വാറന്റിന് സാധിച്ചുവല്ലോ. അത്രയും നല്ലത്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest