Connect with us

National

ഭാവിയില്‍ ആവര്‍ത്തിക്കില്ല; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ മാപ്പ് പറഞ്ഞ് പതഞ്ജലി

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പതഞ്ജലിക്കെതിരെ പരാതി ഉന്നയിച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി |  സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പരസ്യങ്ങള്‍ നല്‍കിയ സംഭവത്തില്‍ നിരുപാധികം മാപ്പുപറഞ്ഞ് ആയുര്‍വേദ മരുന്നുത്പാദന കമ്പനിയായ പതഞ്ജലി. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് സുപ്രീം കോടതിയില്‍ സത്യവാങ് മൂലം നല്‍കി. ഉത്പന്നങ്ങള്‍ സംബന്ധിച്ച അവകാശവാദങ്ങള്‍ അശ്രദ്ധമായി ഉള്‍പ്പെട്ടതാണെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.

സംഭവത്തില്‍ ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് അഹ്സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് ഏപ്രില്‍ രണ്ടിന് പതഞ്ജലി സ്ഥാപകന്‍ ബാബ രാംദേവിനോടും പതഞ്ജലി എംഡി ബാലകൃഷ്ണയോടും നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പതഞ്ജലി ഖേദം പ്രകടിപ്പിച്ചത്.

ഉത്പന്നങ്ങള്‍ സംബന്ധിച്ച അവകാശവാദങ്ങള്‍ ആശ്രദ്ധമായി ഉള്‍പ്പെട്ടതാണെന്നും തെറ്റായ പരസ്യങ്ങള്‍ നല്‍കിയതില്‍ ഖേദിക്കുന്നുവെന്നും പതഞ്ജലി സത്യവാങ്മൂലത്തില്‍ പറയുന്നു. ഭാവിയില്‍ ഇത്തരം പരസ്യങ്ങള്‍ നല്‍കില്ലെന്ന് കമ്പനി ഉറപ്പാക്കും. ആയുര്‍വേദ മരുന്നുകള്‍ പ്രോത്സാഹിപ്പിക്കുക മാത്രമായിരുന്നു പരസ്യത്തിന്റെ ഉദ്ദേശ്യമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പതഞ്ജലിക്കെതിരെ പരാതി ഉന്നയിച്ചത്. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുവെന്നുമായിരുന്നു പരാതി. പരസ്യങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി നോട്ടീസ് നല്‍കിയെങ്കിലും പതഞ്ജലി ഇതിനോട് പ്രതികരിച്ചിരുന്നില്ല. പിന്നീട് കോടതിയലക്ഷ്യ നടപടിയുമായി സുപ്രീംകോടതി മുന്നോട്ട് പോവുകയായിരുന്നു.

 

Latest