കീഴടങ്ങില്ല; പോരാടും അവസാനം വരെ- പുതിയ വീഡിയോയില്‍ യുക്രൈന്‍ പ്രസിഡന്റ്
യുക്രൈന് ആയുധമെത്തിക്കാന്‍ നാറ്റോ നീക്കം
കീവ് | റഷ്യക്ക് മുമ്പില്‍ കീഴടങ്ങില്ലെന്ന് പുതിയ വീഡിയോയില്‍ ആവര്‍ത്തിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി. യുക്രൈന്‍ കീഴടങ്ങുമെന്നത് വ്യാജ വാര്‍ത്തയാണ്. അത്തരം ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല. താന്‍ കീവില്‍ തന്നെയുണ്ട്. എങ്ങോട്ടും മാറിയിട്ടില്ല. ആയുധം താഴെവെക്കില്ലെന്നും ഔദ്യോഗിക വസതിക്ക് മുമ്പില്‍ തയ്യാറാക്കിയ പുതിയ വീഡിയോയില്‍ സെലന്‍സ്‌കി പറഞ്ഞു. ട്വിറ്റര്‍ വഴിയാണ് അദ്ദേഹം പുതിയ വീഡിയോ പുറത്തുവിട്ടത്.
കീവില്‍ വലിയ പ്രതിരോധം തീര്‍ക്കാന്‍ യുക്രൈന്‍ സൈന്യത്തിന് കഴിയുന്നുണ്ട്. തന്ത്രപ്രധാന കെട്ടിടം ആക്രമിക്കുന്നത് തടയാനായെന്നും സെലന്‍സ്‌കി പറഞ്ഞു. കീവിലെത്തിയ റഷ്യക്ക് കനത്ത തിരിച്ചടി നല്‍കാന്‍ യുക്രൈന് കഴിയുന്നുണ്ടെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. 3500 റഷ്യന്‍ സൈനികരെ വധിച്ചതായി യുക്രൈന്‍ സൈന്യത്തെ ഉദ്ദരിച്ച് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. ഇരുനൂറിലേറെ റഷ്യന്‍ സൈനികരെ തടവിലാക്കി. റഷ്യയുടെ 14 വിമാനങ്ങളും എട്ട് ഹെലികോപ്ടറുകളും വെടിവെച്ചിട്ടു. റഷ്യന്‍ ഇല്യൂഷന്‍ വിമാനം വെടിവെച്ചിട്ടെന്നും യുക്രൈന്‍ അവകാശപ്പെടുന്നു.
അതിനിടെ യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കുന്നില്ലെങ്കിലും യുക്രൈന്‍ സൈന്യത്തിന് ആയുധമെത്തിക്കാന്‍ നാറ്റോ നീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ട്. കരിങ്കടല്‍വഴി ആധുനിക യുദ്ധോപകരണങ്ങള്‍ എത്തിക്കാനാണ് നാറ്റോ നീക്കം.