Kerala
ഓര്‍ഡിനന്‍സുകളില്‍ ഇന്ന് ഒപ്പിടുമോ?; ഗവര്‍ണറുടെ നീക്കത്തെ ഉറ്റുനോക്കി സര്‍ക്കാര്‍
കാലാവധി തീരാനിരിക്കെ 11 ഓര്‍ഡിനന്‍സുകളില്‍ നിലപാട് സ്വീകരിക്കാതെ രാജ്ഭവന്‍ നീട്ടിവെക്കുന്നതാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്
തിരുവനന്തപുരം | ലോകായുക്ത ഓര്‍ഡിനന്‍സ് ഉള്‍പ്പെടെ പതിനൊന്ന് ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന് തീരാനിരിക്കെ ഗവര്‍ണറുടെ നീക്കത്തെ ഉറ്റുനോക്കി സംസ്ഥാന സര്‍ക്കാര്‍. ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണര്‍ ഒപ്പിടുമോ ഇല്ലയോ എന്നത് സര്‍ക്കാറിനെ സംബന്ധിച്ച് നിര്‍ണായകമാണ് . ഇടഞ്ഞു നില്‍ക്കുന്ന ഗവര്‍ണരെ അനുനയിപ്പിക്കാന്‍ ചീഫ് സെക്രട്ടറി നേരിട്ടിറങ്ങിയെങ്കിലും ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
കാലാവധി തീരാനിരിക്കെ 11 ഓര്‍ഡിനന്‍സുകളില്‍ നിലപാട് സ്വീകരിക്കാതെ രാജ്ഭവന്‍ നീട്ടിവെക്കുന്നതാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടണം എന്ന് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടുവെങ്കിലും ഗവര്‍ണര്‍ വഴങ്ങിയിട്ടില്ല. പകരം സര്‍വകലാശാല വിസി നിയമനത്തില്‍ ഗവര്‍ണ്ണറുടെ അധികാരം കവരാനുള്ള സര്‍ക്കാര്‍ നീക്കത്തിലെ അതൃപ്തി അറിയിക്കുകയും ചെയ്തു.
ഡല്‍ഹിയില്‍ തുടരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വെളളിയാഴ്ചയേ ഇനി സംസ്ഥാനത്തേക്ക് മടങ്ങി വരൂ. ഫലത്തില്‍ ഗവര്‍ണര്‍ ഇന്ന് ഒപ്പിട്ടിട്ടില്ലെങ്കില്‍ ഓര്‍ഡിനന്‍സ് ലാപ്‌സാകും. അങ്ങനെ സംഭവിച്ചാല്‍ വീണ്ടും ഓര്‍ഡിനന്‍സ് പുതുക്കി ഇറക്കാമെങ്കിലും അപ്പോഴും ഗവര്‍ണ്ണര്‍ ഒപ്പിടണം. ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സാണ് സര്‍ക്കാരിനെ സംബന്ധിച്ച് ഏറെ പ്രധാനം. ഓര്‍ഡിനന്‍സ് ലാപ്‌സായാല്‍, പഴയ ലോകായുക്ത നിയമം പ്രാബല്യത്തിലാകും. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതില്‍ മുഖ്യമന്ത്രിക്കെതിരായ കേസ്, വാദം പൂര്‍ത്തിയാക്കി ഉത്തരവിറക്കാനായി മാറ്റി വെച്ചിരിക്കുകയാണ് ലോകായുക്ത.