Connect with us

Kerala

അനന്തപുരിയിൽ നാളെ അരങ്ങുണരും

25 വേദികൾ • 250ലധികം ഇനങ്ങൾ • 15,000 മത്സരാർഥികൾ • വെള്ളാർമലയുടെ സംഘ നൃത്തം

Published

|

Last Updated

തിരുവനന്തപുരം | കലാകൗമാരത്തിന്റെ വസന്തോത്സവത്തിന് നാളെ അനന്തപുരിയിൽ അരങ്ങുണരും.രാവിലെ ഒമ്പതിന് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെ 63ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തുടക്കമാകും.

പത്തിന് സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പ്രധാന വേദിയായ “എം ടി നിള’യിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ശ്രീനിവാസൻ തൂണേരി രചിച്ച് കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്റെ സ്വാഗതഗാന നൃത്താവിഷ്‌കാരം കലാമണ്ഡലം വിദ്യാർഥികളും പൊതുവിദ്യാലയ വിദ്യാർഥികളും ചേർന്ന് അവതരിപ്പിക്കും.

വയനാട് വെള്ളാർമല ജി എച്ച് എസ് എസിലെ കുട്ടികൾ അവതരിപ്പിക്കുന്ന സംഘനൃത്തം ഉദ്ഘാടന ചടങ്ങിലെ ശ്രദ്ധേയ ഇനമാകും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ഒന്നാം വേദിയിൽ ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം മത്സരം നടക്കും. ആകെ 25 വേദികളിലാണ് മത്സരങ്ങൾ. വേദികൾക്ക് സംസ്ഥാനത്തെ പ്രധാന നദികളുടെ പേരാണ് നൽകിയിരിക്കുന്നത്.

മത്സരങ്ങൾ തത്സമയം കൈറ്റ് വിക്‌ടേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യും. മത്സര ഫലം വേദികൾക്കരികിൽ പ്രദർശിപ്പിക്കാൻ ഡിജിറ്റൽ സൗകര്യം ഏർപ്പെടുത്തി. കൈറ്റ് തയ്യാറാക്കിയ “ഉത്സവം’ മൊബൈൽ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമാക്കും. മത്സരത്തിൽ എ ഗ്രേഡ് നേടുന്ന മുഴുവൻ വിദ്യാർഥികൾക്കും ഒറ്റത്തവണ സാംസ്‌കാരിക സ്‌കോളർഷിപ്പായി ആയിരം രൂപ നൽകും. പതിനയ്യായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കുന്ന കലോത്സവത്തിൽ സംസ്‌കൃതോത്സവവും അറബിക് സാഹിത്യോത്സവവും നടക്കും.

ഇത്തവണ മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപുലയ ആട്ടം, ഇരുളനൃത്തം എന്നിവ പുതുതായി മത്സരയിനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്‌കൃതോത്സവം ഗവ. മോഡൽ എച്ച് എസ് എസ്, ഗവ. മോഡൽ എൽ പി എസ് തൈക്കാട് എന്നീ സ്‌കൂളുകളിലും അറബിക് കലോത്സവം ശിശു ക്ഷേമ സമിതി ഹാൾ തൈക്കാട്, ഗവ. മോഡൽ എച്ച് എസ് എസ് തൈക്കാട് വേദികളിലുമാണ് നടക്കുക. സംസ്‌കൃത സെമിനാറും പണ്ഡിത സമാദരണവും അറബിക് എക്‌സിബിഷനും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.

 

Latest