Connect with us

Articles

പ്രസിഡന്റ് ഭരണം സമാധാനം തിരിച്ചുതരുമോ?

സംഘര്‍ഷം ഇല്ലാതാക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവം മണിപ്പൂരില്‍ നിലനില്‍ക്കുകയാണ്. മണിപ്പൂരിലെ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കേണ്ട ഉത്തരവാദിത്വം മോദി സര്‍ക്കാറിനാണ്. ബിരേന്‍ സിംഗിനെ പോലെ മോദി സര്‍ക്കാറിനും ഈ രക്തത്തിലുള്ള പങ്ക് കഴുകി ക്കളയാനാകില്ല. രണ്ട് വര്‍ഷത്തോളം കലാപങ്ങള്‍ തുടര്‍ന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂര്‍ സന്ദര്‍ശിക്കാതിരുന്നത് കലാപങ്ങള്‍ക്ക് മുമ്പില്‍ കണ്ണടച്ചത് പോലെയായി.

Published

|

Last Updated

മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ രാജിയെ കുറിച്ച് എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിശേഷിപ്പിച്ചത്, “കുതിര ഓടിപ്പോയതിന് ശേഷം ലായത്തിന്റെ വാതില്‍ താഴിട്ട് പൂട്ടുന്നത് പോലെയാണ്’ എന്നാണ്. നശിപ്പിക്കാനുള്ളതെല്ലാം നശിപ്പിക്കുകയും ഇരുവിഭാഗം ജനതയുടെ മനസ്സില്‍ ഭിന്നതയുടെ വിഷം കോരിയൊഴിക്കുകയും ചെയ്തതിന് ശേഷമാണ് ബിരേന്‍ സിംഗ് രാജിവെക്കുന്നത്. ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു രാജി. എന്നാല്‍ രാജി ആവശ്യപ്പെടാനുള്ള കാരണം പാര്‍ട്ടി എം എല്‍ എമാരുടെ എതിര്‍പ്പാണോ, ഭരണം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയാണോ എന്ന് ബി ജെ പി നേതൃത്വം വ്യക്തമാക്കിയിട്ടില്ല. ഏതായാലും, ഊരാകുടുക്കില്‍ അകപ്പെട്ട കേന്ദ്ര നേതൃത്വം മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചിരിക്കുകയാണ്. പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തുമെന്ന് ബി ജെ പി നേതൃത്വം ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും അത് നടന്നില്ല. വംശീയ അക്രമവും രാഷ്ട്രീയ അസ്ഥിരതയും കൊണ്ട് തകര്‍ന്ന സംസ്ഥാനത്തെ പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരിക ശ്രമകരമാണ്.
പാര്‍ട്ടിക്ക് മുഖ്യമന്ത്രിയായി മറ്റൊരാളെ കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ബി ജെ പിയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സംബിത് പത്ര ഇംഫാല്‍ കേന്ദ്രീകരിച്ച് സംസ്ഥാന എം എല്‍ എമാരുമായും നേതാക്കളുമായും നാല് ദിവസം മാരത്തണ്‍ ചര്‍ച്ച നടത്തിയിട്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പകരം ഒരാളെ കണ്ടെത്താന്‍ സാധിച്ചില്ല. ബിരേന്‍ സിംഗിന്റെ രാജി കൊണ്ട് മണിപ്പൂരിനേറ്റ മുറിവുകള്‍ പെട്ടെന്ന് ഉണക്കാനാകില്ല. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല ഏറെ പണിപ്പെടേണ്ടി വരും. സംസ്ഥാന തലസ്ഥാനമായ ഇംഫാലിലും രാജ്ഭവന് മുമ്പിലും സെക്രട്ടേറിയറ്റിന് പരിസരത്തും പുതുതായി കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചതിലൂടെ സംസ്ഥാനത്തിന്റെ സ്ഥിതി വ്യക്തമാണ്. മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ലാംഫെലിലുള്ള ഒരു ക്യാമ്പില്‍ സി ആര്‍ പി എഫ് ഹവില്‍ദാര്‍ തന്റെ രണ്ട് സഹപ്രവര്‍ത്തകരെ കൊലപ്പെടുത്തുകയും എട്ട് പേര്‍ക്ക് പരുക്കേല്‍പ്പിക്കുകയും ചെയ്ത ശേഷം സ്വയം ജീവനൊടുക്കിയ സംഭവം നടന്നത് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിന് മിനുട്ടുകള്‍ക്ക് മുമ്പാണ്. സംസ്ഥാനത്തെ സായുധസേനാ വിഭാഗത്തിലും ചേരിതിരിവ് പ്രകടമാണ്.
ബിരേന്‍ സിംഗിന്റെ രാജി നേരത്തേയായിരുന്നുവെങ്കില്‍ പ്രശ്‌നം ഇത്ര വഷളാകില്ലായിരുന്നു. ബി ജെ പി നേതൃത്വവും കേന്ദ്ര സര്‍ക്കാറും ബിരേന്‍ സിംഗിനെ ഒറ്റപ്പെടുത്തുകയാണെന്ന് സംസ്ഥാനത്തെ ബി ജെ പി നേതാക്കള്‍ക്ക് പരാതിയുണ്ടായിരുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നിയമനം മുതല്‍ മണിപ്പൂരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായാണ് നടപ്പാക്കുന്നതെന്ന് ബിരേന്‍ സിംഗിന്റെ ഫാന്‍സുകാരും കുറ്റപ്പെടുത്തുകയാണ്. ബിരേന്‍ സിംഗിന്റെ ഫാന്‍സുകാര്‍ എന്ന് പറയുന്നത് മെയ്‌തെയ് ഭീകര സംഘടനകളുമായി ബന്ധമുള്ളവരാണ്. ബിരേന്‍ സിംഗിന്റെ രാജിയില്‍ ഈ വിഭാഗം പ്രകോപിതരാണ്. കുകികള്‍ക്ക് പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്തിരിയില്ലെന്നും പ്രക്ഷോഭം തുടരുമെന്നും കുകികളുടെ സംഘടനയായ ഇന്‍ഡിജീനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം (ഐ ടി എല്‍ എഫ്) മുഖ്യമന്ത്രിയുടെ രാജിക്ക് ശേഷവും ആവര്‍ത്തിച്ചിരിക്കുന്നു. മെയ്‌തെയ് വിഭാഗമായ തഡോ ഗോത്ര നേതാക്കള്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയെ സന്ദര്‍ശിച്ച്, കുകി ഗോത്ര വിഭാഗത്തെ പട്ടികവര്‍ഗ (എസ് ടി) പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനിടെ, കഴിഞ്ഞ ദിവസം മനുഷ്യാവകാശ പ്രവര്‍ത്തകനായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോകുകയുണ്ടായി. ബിരേന്‍ സിംഗിന്റെ രാജിയുമായി ബന്ധപ്പെട്ട് ടി വി ചര്‍ച്ചയില്‍ ഒരു വിഭാഗത്തെ കുറ്റപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു തട്ടിക്കൊണ്ടുപോകല്‍. നിരോധിത മെയ്‌തെയ് സംഘടനയായ യു എന്‍ എല്‍ എഫാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പറയപ്പെടുന്നു. നേരത്തേ ഈ മാധ്യമ പ്രവര്‍ത്തകന്റെ വീടിന് നേരെയും അക്രമം നടന്നിരുന്നു.

ഇംഫാല്‍ വെസ്റ്റ്, തെങ്നൗപാല്‍ ജില്ലകളില്‍ നിന്ന് സുരക്ഷാ സേന ഒമ്പത് തീവ്രവാദികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. നിരോധിത സംഘടനയായ കാംഗ്ലീപാക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (അപുന്‍ബ), യുനൈറ്റഡ് നാഷനല്‍ ലിബറേഷന്‍ ഫ്രണ്ട് എന്നീ സംഘടനകളില്‍ പെട്ടവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഡല്‍ഹി വിജയത്തിന്റെ ഭാഗമായി പാര്‍ട്ടിയുടെ പേരുദോഷം ഒഴിവാക്കുന്നതിനാണ് ബിരേന്‍ സിംഗിനോട് രാജി ആവശ്യപ്പെട്ടതെന്ന പ്രചാരണം സംഘ്പരിവാര്‍ അനുകൂല മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഇത് ബി ജെ പി കേന്ദ്ര നേതൃത്വത്തെ വെളുപ്പിച്ചെടുക്കാനുള്ള ശ്രമമാണ്. 260 പേരുടെ മരണത്തിനും പതിനായിരങ്ങളുടെ പലായനത്തിനും വഴിവെച്ച മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് ഒരു മാസം മുമ്പ് ജനങ്ങളോട് പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. കഴിഞ്ഞ കാല തെറ്റുകള്‍ ക്ഷമിക്കാനും മറക്കാനും തയ്യാറാകണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിക്കുകയുണ്ടായി. ഈ മാപ്പുപറച്ചില്‍ നാടകത്തിന്റെ തുടര്‍ച്ചയായേ ഈ രാജിയെയും കാണാനാകൂ.

പ്രതിപക്ഷം ബിരേന്‍ സിംഗിന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന്റെ തലേദിവസമായിരുന്നു ബിരേന്‍ സിംഗിന്റെ രാജി. ഘടക കക്ഷികള്‍ പിന്തുണ പിന്‍വലിക്കുകയും സ്വന്തം പാര്‍ട്ടിയില്‍ പെട്ട 12 എം എല്‍ എമാര്‍ അവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാസ്സാകുമെന്ന് ഉറപ്പായിരുന്നു. പത്ത് ബി ജെ പി. എം എല്‍ എമാര്‍ പ്രതിപക്ഷത്തേക്ക് ചേരാനുള്ള താത്പര്യം കാട്ടിയിരുന്നു. ബിരേന്‍ സിംഗ് രാജി സമര്‍പ്പിക്കാന്‍ രാജ്ഭവനിലേക്ക് പോയപ്പോള്‍ കൂടെപ്പോയത് 20ല്‍ താഴെ എം എല്‍ എമാരായിരുന്നു. നിയമസഭയില്‍ ബി ജെ പിക്ക് മാത്രം 37 എം എല്‍ എമാരുണ്ട്.

വംശീയ കലാപത്തെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ബിരേന്‍ സിംഗിന്റെ ഫോണ്‍ സംഭാഷണം ചോര്‍ത്തിയതും പ്രസ്തുത ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദപരിശോധനക്കായി സുപ്രീം കോടതി ഉത്തരവിട്ടതും പിടിച്ചുനില്‍ക്കാനുള്ള ബിരേന്‍ സിംഗിന്റെയും പാര്‍ട്ടിയുടെയും ശ്രമത്തിനുള്ള തിരിച്ചടിയായിരുന്നു. സ്വയം രാജി വെച്ചില്ലെങ്കിലും ബിരേന്‍ സിംഗിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുമായിരുന്നു. കടിച്ച് തൂങ്ങാനുള്ള അവസരങ്ങള്‍ ഒന്നൊന്നായി ഇല്ലാതാകുകയായിരുന്നു.
സംഘര്‍ഷം ഇല്ലാതാക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവം മണിപ്പൂരില്‍ നിലനില്‍ക്കുകയാണ്. മണിപ്പൂരിലെ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കേണ്ട ഉത്തരവാദിത്വം മോദി സര്‍ക്കാറിനാണ്. ബിരേന്‍ സിംഗിനെ പോലെ മോദി സര്‍ക്കാറിനും ഈ രക്തത്തിലുള്ള പങ്ക് കഴുകി കളയാനാകില്ല. രണ്ട് വര്‍ഷത്തോളം കലാപങ്ങള്‍ തുടര്‍ന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ ഒരു മണിക്കൂര്‍ പോലും മാറ്റിവെക്കാതിരുന്നത് കലാപങ്ങള്‍ക്ക് മുമ്പില്‍ കണ്ണടച്ചത് പോലെയായി. നരേന്ദ്ര മോദി അവസാനമായി മണിപ്പൂര്‍ സന്ദര്‍ശിച്ചത് നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന 2022 ജനുവരിയിലാണ്. മുഖ്യമന്ത്രിയുടെ രാജിയെ തുടര്‍ന്ന് ഗവര്‍ണര്‍ നിയമസഭ മരവിപ്പിച്ചിരിക്കുകയാണ്. പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തിയതും നിര്‍ബന്ധ സാഹചര്യത്തിലാണ്. ഭരണഘടനാ നിര്‍ദേശമനുസരിച്ച് ആറ് മാസത്തിനിടയില്‍ നിയമസഭ ചേരണമെന്നാണ്. ഫെബ്രുവരി 10ന് നിയമസഭ ചേരാനിരിക്കെ മുഖ്യമന്ത്രി രാജിവെക്കുന്നത് ഒമ്പതിനാണ്.

മണിപ്പൂര്‍ നിയമസഭയുടെ അവസാന സമ്മേളനം സമാപിച്ചത് 2024 ആഗസ്റ്റ് 12നാണ്. നിയമസഭ സമ്മേളിക്കേണ്ട ആറ് മാസത്തെ കാലാവധി ഫെബ്രുവരി 12ന് അവസാനിച്ചു. രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുന്നത് തൊട്ടടുത്ത ദിവസമായ ഫെബ്രുവരി 13നാണ്. നിയമസഭക്ക് 2027 വരെ കാലാവധിയുണ്ട്. മണിപ്പൂര്‍ നിയമസഭ താത്കാലികമായി മരവിപ്പിച്ചിരിക്കയാണ്.

Latest