Connect with us

Kerala

കൈക്കൂലി കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കും; സനീഷ് ജോര്‍ജ്

കാരൂപ്പാറ വാര്‍ഡില്‍ നിന്നും സ്വതന്ത്രനായി വിജയിച്ച സനീഷിനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എല്‍ ഡി എഫ് പിന്തുണക്കുകയായിരുന്നു.

Published

|

Last Updated

തൊടുപുഴ | രാജി വെക്കണമെന്ന സിപിഎം ആവശ്യം തള്ളി തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്. കൈക്കൂലി കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും സനീഷ് പറഞ്ഞു. പാര്‍ട്ടിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. പറയേണ്ടതെല്ലാം പറയേണ്ട സമയത്തു പറയുമെന്നും കേസില്‍ ഗൂഢാലോചന ഉണ്ടോയെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

അതേസമയം കൈക്കൂലി കേസില്‍ രണ്ടാം പ്രതിയായ ചെയര്‍മാന്‍ സനീഷ് ജോര്‍ജിനെ കേസ് പരിഗണിക്കുന്ന ജൂലൈ 22വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി.കഴിഞ്ഞ 25 നാണ് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ അസിസ്റ്റന്റ് എന്‍ജിനീയര്‍ വിജിലന്‍സിന്റെ പിടിയിലായത്. നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പണം നല്‍കിയതെന്ന് വിജിലന്‍സ് വ്യക്തമാക്കിയിരുന്നു.

വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ആയിരുന്നു സിപിഎം സനീഷ് ജോര്‍ജ്‌നോട് രാജിവയ്ക്കുവാന്‍ ആവശ്യപ്പെട്ടത്. കാരൂപ്പാറ വാര്‍ഡില്‍ നിന്നും സ്വതന്ത്രനായി വിജയിച്ച സനീഷിനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എല്‍ ഡി എഫ് പിന്തുണക്കുകയായിരുന്നു. പിന്നീട് സിപിഎം പാര്‍ലിമെന്ററി പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തി.