Connect with us

From the print

പി എസ് സി സംവരണ അട്ടിമറികള്‍ക്ക് തടയിടുമോ? കോടതി വിധിയില്‍ പ്രതീക്ഷ അര്‍പ്പിച്ച് പിന്നാക്ക വിഭാഗങ്ങള്‍

സംവരണ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിക്ക് ജനറല്‍ ക്വാട്ടയില്‍ സീറ്റ് നിഷേധിച്ച മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം സുപ്രധാന വിധി പുറപ്പെടുവിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | സംവരണ വിഭാഗത്തിലുള്ളവര്‍ക്ക് ജനറല്‍ ക്വാട്ടയില്‍ പ്രവേശനം നേടാമെന്ന സുപ്രീം കോടതി വിധി രാജ്യത്ത് നടന്നുവരുന്ന സംവരണ അട്ടിമറിക്ക് തടയിടുമെന്ന പ്രതീക്ഷയില്‍ പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍.

പൊതുവിഭാഗത്തിന്റെ കട്ട് ഓഫില്‍ കൂടുതല്‍ മാര്‍ക്കുള്ള സംവരണ വിഭാഗക്കാരെ സംവരണ ക്വാട്ടയിലാക്കരുതെന്നും പൊതുവിഭാഗത്തില്‍ പ്രവേശനമനുവദിക്കണമെന്നുമുള്ള സുപ്രീം കോടതി വിധിയാണ് പി എസ് സിയിലുള്‍പ്പെടെ നടക്കുന്ന സംവരണ അട്ടിമറിയിലേക്ക് വിരല്‍ ചൂണ്ടുന്നത്. സംവരണ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിക്ക് ജനറല്‍ ക്വാട്ടയില്‍ സീറ്റ് നിഷേധിച്ച മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം സുപ്രധാന വിധി പുറപ്പെടുവിച്ചത്.

പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മെറിറ്റ് പ്രകാരം മാര്‍ക്കുണ്ടെങ്കില്‍ ജനറല്‍ കാറ്റഗറിയില്‍ സീറ്റ് നല്‍കണമെന്നും അവരെ സംവരണ ക്വാട്ടയില്‍ പ്രവേശനം നേടിയവരായി കണക്കാക്കരുതെന്നുമാണ് സുപ്രീം കോടതി ഉത്തരവ്.

ജനറല്‍ വിഭാഗക്കാര്‍ക്ക് നിശ്ചയിച്ച കട്ട് ഓഫ് മാര്‍ക്ക് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക സംവരണത്തില്‍പ്പെടുന്നവരുടെ കട്ട് ഓഫ് മാര്‍ക്കിനേക്കാള്‍ കുറവായതിനാല്‍ തന്നെ ഒ ബി സി വിഭാഗത്തില്‍പ്പെട്ട കുട്ടിക്ക് പ്രവേശനം നിഷേധിക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.

നിലവില്‍ വിവിധ തസ്തികകളിലെ നിയമനങ്ങളില്‍ ജനറല്‍ വിഭാഗത്തില്‍ പരിഗണിക്കുന്ന മാര്‍ക്ക് നേടിയ ഉദ്യോഗാര്‍ഥിയെ സംവരണ വിഭാഗത്തില്‍ മാത്രം പരിഗണിക്കുന്ന സാഹചര്യമാണ് പി എസ് സിയിലുള്‍പ്പെടെയുള്ളത്. ഇതോടെ സംവരണ വിഭാഗത്തില്‍ നിയമനം ലഭിക്കേണ്ട ഉദ്യോഗാര്‍ഥിക്ക് അവസരം നഷ്ടമാകുന്നു. മാത്രമല്ല, മെറിറ്റ് പൂര്‍ണമായോ സിംഹഭാഗമോ മുന്നാക്ക വിഭാത്തിലുള്ളവര്‍ക്ക് ലഭിക്കാന്‍ ഇത് കാരണമാകുന്നു.

ആദ്യ ബ്ലോക്കില്‍ സംവരണം, പിന്നെ അട്ടിമറി
വര്‍ഷങ്ങളായി ബ്ലോക്കുകളായി തിരിച്ചാണ് പി എസ് സിയില്‍ നിയമനം നടക്കുന്നത്. ഓരോ ബ്ലോക്കുകളിലും 20 ഒഴിവുകള്‍ വീതം പരിഗണിക്കും. തുടര്‍ന്ന് ആദ്യ ബ്ലോക്കില്‍ ഒന്ന്, മൂന്ന്, അഞ്ച് ഒഴിവുകളില്‍ റാങ്ക് ലിസ്റ്റില്‍ ജനറല്‍ വിഭാഗത്തില്‍ അര്‍ഹതയുള്ളവരെ പരിഗണിക്കും. തുടര്‍ന്ന് രണ്ട്, നാല്, ആറ്, എട്ട് ക്രമത്തില്‍ സംവരണ വിഭാഗത്തിലുള്ളവരെയും പരിഗണിക്കും. തുടര്‍ന്ന് അടുത്ത ബ്ലോക്കുകളിലേക്ക് ഉദ്യോഗാര്‍ഥികളെ പരിഗണിക്കും.

എന്നാല്‍ രണ്ടാം ബ്ലോക്ക് മുതല്‍ സംവരണ വിഭാഗത്തിലുള്ളവരെ യോഗ്യമായ മാര്‍ക്ക് ലഭിച്ചാലും ജനറല്‍ വിഭാഗത്തില്‍ പരിഗണിക്കില്ല. ഇതോടെ യഥാര്‍ഥത്തില്‍ സംവരണ ആനുകൂല്യത്തില്‍ പ്രവേശനം ലഭിക്കേണ്ട ഉദ്യോഗാര്‍ഥിക്ക് അവസരം നഷ്ടമാകും.

ആദ്യ ബ്ലോക്കില്‍ സംവരണ മാനദണ്ഡം പാലിക്കുന്നതിനാല്‍ പൊതുസമൂഹത്തെ വേഗത്തില്‍ കബളിപ്പിക്കാനാവുന്നു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഒറ്റ ബ്ലോക്കായി നിയമനം നല്‍കിയാല്‍ ഈ അട്ടിമറിക്ക് തടയിടാനാകും. എന്നാല്‍, ഇത്തരം നടപടികളിലേക്ക് ഇടത് സര്‍ക്കാര്‍ കടക്കുമോയെന്ന ചോദ്യമാണ് പിന്നാക്ക വിഭാഗക്കാര്‍ ഉന്നയിക്കുന്നത്.

ഉദ്യോഗ നിയമനത്തില്‍ മാത്രമല്ല, പ്രൊഫഷനല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനങ്ങളിലും ഈ സംവരണ തട്ടിപ്പ് നടക്കുന്നുണ്ട്. ജനറല്‍ വിഭാഗത്തില്‍ സീറ്റ് നേടാന്‍ അര്‍ഹരായ സംവരണ വിഭാഗത്തില്‍ നിന്നുള്ളവരെ സംവരണ സീറ്റിലേക്ക് മാത്രം പരിഗണിക്കും. ഇതിലൂടെ സംവരണ സീറ്റുകളില്‍ വേഗത്തില്‍ പ്രവേശനം പൂര്‍ത്തീകരിക്കാന്‍ സ്ഥാപനങ്ങള്‍ക്കാകുന്നു. എന്നാല്‍, സംവരണ സീറ്റിന് അര്‍ഹനായ വിദ്യാര്‍ഥിക്ക് ഇവിടെ സീറ്റ് നഷ്ടപ്പെടുകയും ചെയ്യുന്നു.