Connect with us

Articles

ശൈഖ ഹസീന ഇന്ത്യക്ക് തലവേദനയാകുമോ?

ഹസീന ഇന്ത്യയില്‍ തുടരുന്നത് ഡല്‍ഹി-ധാക്ക ബന്ധത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുന്നുവെന്ന ഹസീന ഈയിടെ നടത്തിയ പ്രസ്താവന ആ രാജ്യത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ നിലവിലുണ്ട്. 2013ല്‍ ഇന്ത്യയുടെ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയും ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി മുഹ്‌യിദ്ദീന്‍ ഖാന്‍ ആലംഗീറും ധാക്കയില്‍ ഇതുസംബന്ധിച്ച കരാറില്‍ ഒപ്പു വെക്കുകയുണ്ടായി.

Published

|

Last Updated

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ശൈഖ ഹസീനയെ തിരിച്ചയക്കണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് തൗഹീദ് ഹുസൈന്‍ ഇന്ത്യൻ സര്‍ക്കാറിനയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അര നൂറ്റാണ്ടിലേറെ കാലമായി ഇന്ത്യയുമായി നല്ല അയല്‍ക്കാരിയായ അവാമി ലീഗ് നേതാവായ ശൈഖ ഹസീനയെ പെട്ടെന്ന് വിട്ടു നല്‍കാന്‍ ഇന്ത്യ തയ്യാറായെന്നു വരില്ല. കുറ്റവാളികളെ കൈമാറുന്നതില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ കരാറുണ്ട്. പ്രസ്തുതകരാര്‍ പ്രകാരം രാഷ്ട്രീയ കുറ്റവാളികളെ കൈമാറുന്നതില്‍ ഇരു രാജ്യങ്ങള്‍ക്കും ഇളവ് അനുവദിക്കുന്നുണ്ട്. ആ ആനുകൂല്യം ശൈഖ ഹസീനയെ തുണക്കാന്‍ സാധ്യതയില്ല. ഹസീനക്കെതിരെ ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാര്‍ ചുമത്തിയിരിക്കുന്നത് കൊലപാതകമുള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങളാണ്.

ബംഗ്ലാദേശിന്റെ മോചനത്തിനായി പോരാടിയ സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബങ്ങള്‍ക്ക് ഉദ്യോഗത്തില്‍ 30 ശതമാനം സംവരണം നല്‍കി കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ യുവാക്കള്‍ ആരംഭിച്ച പ്രതിഷേധം ശൈഖ ഹസീനയുടെ ഭരണം അവസാനിപ്പിക്കുന്നതില്‍ കലാശിക്കുകയായിരുന്നു. 1971ലെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരുടെ കുടുംബത്തിനനുവദിച്ച സംവരണ ഉത്തരവ് ബംഗ്ലാദേശ് സുപ്രീം കോടതി റദ്ദാക്കിയെങ്കിലും യുവാക്കള്‍ സര്‍ക്കാറിനെതിരെയുള്ള പ്രക്ഷോഭത്തില്‍ ഉറച്ചു നിന്നു. ജനകീയ പ്രക്ഷോഭത്തില്‍ 16 വര്‍ഷത്തെ അധികാരം വിട്ടൊഴിഞ്ഞ ശൈഖ ഹസീന സഹോദരി ശൈഖ രഹനയോടൊപ്പം കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് ഇന്ത്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇന്ത്യയോട് അഭയം ആവശ്യപ്പെട്ടിട്ടില്ലെങ്കിലും അന്ന് മുതല്‍ 77കാരിയായ ഹസീന ഡല്‍ഹിയില്‍ അജ്ഞാത വാസത്തിലാണ്. അവാമി ലീഗ് സര്‍ക്കാറിന്റെ പതനത്തിനു ശേഷം ഇന്ത്യയും ബംഗ്ലാദേശുമായുള്ള ബന്ധം സുഖകരമല്ല. ഈ അവസ്ഥയില്‍ ബംഗ്ലാദേശിന്റെ ആവശ്യം പരിഗണിക്കുന്ന കാര്യത്തില്‍ ഇന്ത്യക്ക് രണ്ട് തവണ ചിന്തിക്കേണ്ടി വരും.

ധാക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ ക്രൈംസ് ട്രൈബ്യൂണല്‍ (ഐ സി ടി) പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് ശൈഖ ഹസീനയെ വിട്ടുകിട്ടാന്‍ ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബംഗ്ലാദേശ് സര്‍ക്കാര്‍ ഹസീനക്കെതിരെ 200ലേറെ കേസുകളാണ് ചുമത്തിയിരിക്കുന്നത്. അവയില്‍ 179 കേസുകള്‍ കൊലക്കുറ്റങ്ങളാണ്. വംശഹത്യ, തട്ടിക്കൊണ്ടു പോകല്‍ എന്നീ കുറ്റങ്ങളും ഹസീനയുടെ പേരില്‍ ചുമത്തിയിട്ടുണ്ട്. ഇവയെല്ലാം ഇരു രാജ്യങ്ങളും ശിക്ഷാര്‍ഹമായി കാണുന്നതും വധശിക്ഷ വരെ ലഭിക്കാവുന്നതുമായ കുറ്റങ്ങളാണ്.

ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി കഴിഞ്ഞ മാസം ബംഗ്ലാദേശ് സന്ദര്‍ശിച്ചിരുന്നു. അവിടുത്തെ ഇടക്കാല സര്‍ക്കാര്‍ മേധാവി മുഹമ്മദ് യൂനുസുമായി അദ്ദേഹം ചര്‍ച്ച നടത്തുകയുണ്ടായി. ഇത് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ മഞ്ഞുരുകുമെന്ന പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ വിക്രം മിസ്രി ഇന്ത്യയില്‍ തിരിച്ചെത്തിയതിനു പിന്നാലെയാണ് ഹസീനയെ തിരിച്ചയക്കണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടത്. ഇത് ഇന്ത്യയെ പ്രതിസന്ധിയിലാക്കുന്നതാണ്. ശൈഖ ഹസീന ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്താണ്. ഇന്ത്യയിലെ ഭരണമാറ്റം ഹസീനയുമായുള്ള ബന്ധത്തിന് തടസ്സമാകാറില്ല. ബംഗ്ലാദേശിന്റെ പ്രഥമ പ്രസിഡന്റും രാഷ്ട്രപിതാവുമായ മുജീബുര്‍റഹ്‌മാന്‍ 1975ല്‍ കൊല്ലപ്പെട്ടപ്പോള്‍ സംഭവ സമയം വിദേശത്തായിരുന്ന മകള്‍ ശൈഖ ഹസീനക്ക് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഇന്ത്യയില്‍ അഭയം നല്‍കുകയുണ്ടായി. പിന്നീട് പിതാവിന്റെ പാര്‍ട്ടിയായ അവാമി ലീഗിന്റെ നേതൃത്വം ഹസീന ഏറ്റെടുക്കുകയായിരുന്നു. ടിബറ്റന്‍ മത നേതാവ് ദലൈലാമ, നേപ്പാള്‍ രാജാവ് ത്രിഭുവന്‍ ബിര്‍ വിക്രം ഷാ, അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് മുഹമ്മദ് നജീബുല്ല എന്നിവര്‍ക്ക് ഇന്ത്യ രാഷ്ട്രീയ അഭയം നല്‍കിയിരുന്നു. 1959ല്‍ ദലൈലാമക്ക് രാഷ്ട്രീയ അഭയം നല്‍കിയതിന്റെ പേരില്‍ ഇന്ത്യ-ചൈന ബന്ധത്തില്‍ ഉടലെടുത്ത രസക്കേട് 65 വര്‍ഷത്തിനു ശേഷവും തുടരുകയാണ്.
രാഷ്ട്രീയ പകപോക്കലിന്റെ അന്തരീക്ഷം നിലനില്‍ക്കുന്ന നിലവിലെ അവസ്ഥയില്‍ ഹസീനയെ ബംഗ്ലാദേശിനു കൈമാറുന്നത് ഇന്ത്യയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യും. ഹസീന മൂന്നാമതൊരു രാജ്യത്തേക്ക് മാറുകയാണെങ്കില്‍ ഇന്ത്യക്ക് ഈ പ്രതിസന്ധി ഒഴിവായി കിട്ടും. ഭരണം നഷ്ടപ്പെട്ട ഹസീന ഇന്ത്യയില്‍ വന്നത് താത്കാലിക വാസത്തിനാണ്. ഇക്കാര്യം കഴിഞ്ഞ ആഗസ്റ്റില്‍ ഇന്ത്യന്‍ രാജ്യരക്ഷാ മന്ത്രി പാര്‍ലിമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഹസീന രാഷ്ട്രീയ അഭയത്തിനായി ബ്രിട്ടനെ സമീപിച്ചിരുന്നു. ബ്രിട്ടനില്‍ നിന്ന് അനുകൂല നിലപാട് ലഭിക്കാത്തതിനാല്‍ ഇന്ത്യയില്‍ തുടരുകയാണ്.

അതേസമയം, ഹസീന ഇന്ത്യയില്‍ തുടരുന്നത് ഡല്‍ഹി-ധാക്ക ബന്ധത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുന്നുവെന്ന ഹസീന ഈയിടെ നടത്തിയ പ്രസ്താവന ആ രാജ്യത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ നിലവിലുണ്ട്. 2013ല്‍ ഇന്ത്യയുടെ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയും ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി മുഹ്‌യിദ്ദീന്‍ ഖാന്‍ ആലംഗീറും ധാക്കയില്‍ ഇതുസംബന്ധിച്ച കരാറില്‍ ഒപ്പു വെക്കുകയുണ്ടായി. കരാറിലെ വ്യവസ്ഥ പ്രകാരം രാഷ്ട്രീയ കുറ്റവാളികളെ കൈമാറാനുള്ള ബാധ്യതയില്‍ നിന്ന് ഇരു രാജ്യങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. ഹസീന രാഷ്ട്രീയ അഭയം തേടാത്ത സ്ഥിതിക്ക് ഇന്ത്യക്ക് ആ രീതിയില്‍ അവരെ പരിഗണിക്കാനാകില്ല. മാത്രമല്ല ബംഗ്ലാദേശ് ഹസീനക്കെതിരെ ചുമത്തിയിരിക്കുന്നത് കൊലപാതകമുള്‍പ്പെടെയുള്ള ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളാണ്. ഹസീന നിലവില്‍ ഇന്ത്യയുടെ അഥിതി മാത്രമാണ്. ഹസീനക്കു വേണ്ടി ഇന്ത്യക്ക് ചെയ്യാനാകുക അവരെ തിരിച്ചയക്കുന്നതില്‍ കാലതാമസം വരുത്തുക എന്നതാണ്. കുറ്റവാളികളെ കൈമാറാന്‍ കരാര്‍ ഒപ്പിട്ട രാജ്യങ്ങള്‍ അത് പാലിക്കാത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. 2011ലെ മുംബൈ ആക്രമണ കേസിലെ പ്രധാന പ്രതി കനേഡിയന്‍ പൗരത്വമുള്ള പാകിസ്താന്‍ സ്വദേശി തഹാവുര്‍ ഹുസൈന്‍ റാണയെ വിട്ടുകിട്ടാന്‍ ഇന്ത്യ വര്‍ഷങ്ങളായി ശ്രമിച്ചു വരികയാണ്. റാണ അമേരിക്കന്‍ ജയിലിലാണ്. കുറ്റവാളികളെ കൈമാറുന്നതില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ 1997 മുതല്‍ കരാറുണ്ട്. കാലിഫോര്‍ണിയ കോടതി ആവശ്യപ്പെട്ടിട്ടും റാണയെ ഇന്ത്യക്കു കൈമാറാന്‍ അമേരിക്ക തയ്യാറായിട്ടില്ല. റാണയുടെ വിഷയത്തില്‍ അമേരിക്ക തുടരുന്ന നിലപാട് ഹസീനയുടെ കാര്യത്തില്‍ ഇന്ത്യക്ക് സ്വീകരിക്കാന്‍ ബുദ്ധിമുട്ടാണ്.

ഇന്ത്യയും ബംഗ്ലാദേശും നാലായിരം കിലോമീറ്ററിലധികം അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളാണ്. പശ്ചിമ ബംഗാള്‍, അസം, ത്രിപുര, മണിപ്പൂര്‍, മിസോറാം, മേഘാലയ തുടങ്ങിയവ ഇന്ത്യയിലെ അതിര്‍ത്തി സംസ്ഥാനങ്ങളാണ്. ബഗ്ലാദേശിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ 94 ശതമാനവും ഇന്ത്യയോട് ചേര്‍ന്നുള്ള ഭാഗമാണ്. ബാക്കി ഭാഗം മ്യാന്‍മറിനോട് ചേര്‍ന്ന പ്രദേശങ്ങളാണ്. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സായുധരായ സംഘടനകള്‍ ഒളികേന്ദ്രങ്ങളായി ഉപയോഗപ്പെടുത്തുന്നത് പലപ്പോഴും ബംഗ്ലാദേശിലെ പ്രദേശങ്ങളെയാണ്. കൈമാറ്റ ഉടമ്പടി പ്രകാരം അത്തരം സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരെ ബംഗ്ലാദേശ് ഇന്ത്യക്ക് വിട്ടു നല്‍കുക പതിവാണ്. അസമിലെ ഉള്‍ഫ നേതാവ് അനൂപ് ചോട്ടിമുതല്‍ ഇന്ത്യ ആവശ്യപ്പെട്ട വിഘടനവാദി നേതാക്കളെ ബംഗ്ലാദേശ് നേരത്തേ വിട്ടുനല്‍കിയിരുന്നു. ഹസീനയെ വിട്ടുനല്‍കുന്നതില്‍ ഇന്ത്യ കടുംപിടിത്തം കാണിച്ചാല്‍ അത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഘടന വാദികള്‍ക്ക് സഹായകമായി മാറും. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര വാണിജ്യ ബന്ധത്തെയും അത് ബാധിക്കും.

Latest