Articles
നീതി നടപ്പായി എന്ന് സമൂഹത്തിന് ബോധ്യപ്പെടുമോ?
ചോദ്യങ്ങള്‍ ബാക്കിയാണ്. കേസിന്റെ തുടര്‍ നടപടികള്‍ എങ്ങനെയായിരിക്കും എന്നതാകും ഒരു പ്രധാന വിഷയം. ജസ്റ്റിസ് യശ്വന്ത് വര്‍മയെ സ്ഥലം മാറ്റിയത് കൊണ്ട് നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യത തിരിച്ചു പിടിക്കാന്‍ കഴിയില്ല. രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു കേസ് കേള്‍ക്കുന്ന ജസ്റ്റിസ് ലോയയുടെ മരണവും അതിനു ശേഷം ചരിത്രത്തിലാദ്യമായി നാല് സുപ്രീം കോടതി ജഡ്ജിമാര്‍ നടത്തിയ പത്രസമ്മേളനവും നമ്മുടെ മുന്നിലുണ്ട്.

ഡല്‍ഹിയില്‍ ജഡ്ജി യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്ന് പതിനഞ്ച് കോടി രൂപയുടെ (അതിലേറെയുമുണ്ടെന്ന് പറയപ്പെടുന്നു) ഭാഗികമായി കരിഞ്ഞ നോട്ടുകള്‍ കണ്ടെത്തിയ വാര്‍ത്ത ജനാധിപത്യത്തെയും നിയമവാഴ്ചയെയും ബഹുമാനിക്കുന്ന മുഴുവന്‍ ജനങ്ങളെയും ഞെട്ടിപ്പിക്കുന്നതാണ്. 75 വര്‍ഷം പിന്നിട്ട ഇന്ത്യ എന്ന പരമാധികാര റിപബ്ലിക് രാജ്യത്തിന്റെ അടിസ്ഥാന ഘടനക്കേറ്റ ഒരു അടിയായി ഇതിനെ കാണാം. നീതിന്യായ സംവിധാനത്തിലെ അഴിമതികളെ കുറിച്ച് ഇതിനു മുമ്പും നിരവധി സംഭവങ്ങള്‍ ചര്‍ച്ചയായിട്ടുണ്ട്. ജസ്റ്റിസ് വീരസ്വാമിയുമായി ബന്ധപ്പെട്ട കേസ് ഏറെ വിവാദമായതാണ്. എന്നാല്‍ ഒന്നും നടന്നില്ലെന്നത് മറ്റൊരു കാര്യം. അലഹബാദ് ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജിയായ ശേഖര്‍ യാദവ് വിശ്വഹിന്ദു പരിഷത്തിന്റെ സമ്മേളനത്തില്‍ പോയി മതവിദ്വേഷം പരത്തുന്ന പ്രസംഗം നടത്തുകയും ഏക സിവില്‍ കോഡിന് വേണ്ടി തന്റെ അധികാരം ഉപയോഗിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ആളാണ്. പുറത്തേക്കു വിടുന്ന വായുവില്‍ ഓക്‌സിജന്‍ ഉള്ള ഏക ജീവി പശുവാണെന്ന തന്റെ ശാസ്ത്ര (അ)ജ്ഞാനം വിളമ്പുകയും ചെയ്തു ഇദ്ദേഹം. ഈ ജഡ്ജിക്കെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ശ്രീനഗറില്‍ നിന്നുള്ള എം പി സയ്യിദ് റൂഹുല്ല മെഹ്ദി പാര്‍ലിമെന്റില്‍ പ്രമേയം അവതരിപ്പിക്കും എന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ പിന്താങ്ങിക്കൊണ്ട് കോണ്‍ഗ്രസ്സ്, തൃണമൂല്‍, സമാജ് വാദി, ഡി എം കെ തുടങ്ങിയ പ്രതിപക്ഷ കക്ഷികളിലെ അമ്പത് എം പിമാര്‍ കത്ത് നല്‍കിയിരുന്നു. ഒന്നും സംഭവിച്ചില്ല. അലഹബാദ് ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജി ഇക്കഴിഞ്ഞ ദിവസം ബലാത്സംഗം, അതിനുള്ള ശ്രമം എന്നിവയെ വിചിത്രമായ രീതിയില്‍ നിര്‍വചിക്കുന്ന ഒരു പരാമര്‍ശം നടത്തിയിരുന്നു. അതേ ഹൈക്കോടതിയിലേക്കാണ് യശ്വന്ത് വര്‍മയെ ജഡ്ജിമാരുടെ നിയമനവും സ്ഥലം മാറ്റവും നടത്തുന്ന കൊളീജിയം മാറ്റിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഈ സ്ഥലം മാറ്റം നോട്ടുകെട്ടുകള്‍ കണ്ടെത്തലുമായി ബന്ധപ്പെട്ടതല്ലെന്നുള്ള വിശദീകരണവും വന്നു കഴിഞ്ഞു. അലഹബാദ് ഹൈക്കോടതി ഒരു കുപ്പത്തൊട്ടിയല്ല എന്ന് അവിടുത്തെ ബാര്‍ അസ്സോസിയേഷന്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.
എന്താണ് സംഭവിച്ചത്?
ഈ മാസം 14ന് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ തീപ്പിടിത്തം ഉണ്ടാകുന്നു. ആ സമയത്ത് ജസ്റ്റിസ് അവിടെ ഉണ്ടായിരുന്നില്ല. തീ അണയ്ക്കാന്‍ എത്തിയ ഫയര്‍ ഫോഴ്സ് സംഘം അവിടുത്തെ ഒരു മുറിയില്‍ കത്തിക്കൊണ്ടിരിക്കുന്ന 500 രൂപയുടെ നോട്ടുകെട്ടുകള്‍ കാണുന്നു. ശുചിത്വ ജീവനക്കാരന്‍ ഇന്ദര്‍ജിത് താന്‍ ഇങ്ങനെ നോട്ടുകെട്ടുകള്‍ കണ്ടതായി റിപോര്‍ട്ട് ചെയ്യുന്നു. ഈ സംഭവം ദൃശ്യ സാമൂഹിക മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തിലെത്തുന്നു. തീര്‍ത്തും അസാധാരണമായ ഈ സാഹചര്യത്തില്‍ സുപ്രീം കോടതി അവരുടെ തന്നെ വെബ്‌സൈറ്റില്‍ കത്തിക്കരിഞ്ഞ ഈ നോട്ടുകള്‍ കാണിക്കുന്ന വീഡിയോകളും ഫോട്ടോകളും പുറത്ത് വിടുന്നു. അതോടെ കേവലം ഊഹം എന്ന നില വിട്ട് ഇത് ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നു. ഇതിന്റെ വീഡിയോയും ഫോട്ടോകളും ഡല്‍ഹി പോലീസ് കമ്മീഷണര്‍ തന്നെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൈമാറുന്നു. തുടര്‍ന്ന് വിശദവിവരങ്ങള്‍ അന്വേഷിക്കാന്‍ മൂന്ന് ഹൈക്കോടതി ജഡ്ജിമാരുടെ സമിതി രൂപവത്കരിക്കുന്നു. യശ്വന്ത് വര്‍മയെ നീതിന്യായ ചുമതലകളില്‍ നിന്ന് മാറ്റുന്നു. സുപ്രീം കോടതിയുടെ വെബ്‌സൈറ്റില്‍ ഈ വിവരങ്ങള്‍ക്കൊപ്പം യശ്വന്ത് വര്‍മയുടെ ഒരു വിശദീകരണവും നല്‍കുന്നുണ്ട്. തന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ഒരു ഗൂഢാലോചനയുടെ ഭാഗമാണിതെന്നും തന്റെ വീട്ടുകാര്‍ ഉപയോഗിക്കുന്ന വീടിന്റെ ഭാഗത്ത് നിന്നല്ല ഇത് കിട്ടിയിരിക്കുന്നതെന്നുമാണ് ഡല്‍ഹി ചീഫ് ജസ്റ്റിസ് ഉപാധ്യായക്ക് വര്‍മ നല്‍കിയിരിക്കുന്ന വിശദീകരണം. ഒറ്റ നോട്ടുകെട്ടും തന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടില്ലെന്നാണ് അവിടെ ഉണ്ടായിരുന്ന തന്റെ കീഴുദ്യോഗസ്ഥര്‍ പറയുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. അവിടെ ഉണ്ടായിരുന്നത് കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ മാത്രമാണ്, അതവിടെ തന്നെ ഇപ്പോഴും ഉണ്ട്- തന്റെ മറുപടിയില്‍ വര്‍മ പറയുന്നു.
നീതിന്യായ സംവിധാനത്തിനാകെ അപമാനകരമായ ഈ സംഭവത്തെ തുടര്‍ന്ന് ആ സംവിധാനം തന്നെ, സുപ്രീം കോടതിയും ഡല്‍ഹി ഹൈക്കോടതിയും മറ്റും, ചില തുടര്‍ നടപടികള്‍ ശക്തമായി എടുത്തു എന്നത് ആശ്വാസകരമാണ്. ഭരണകൂടത്തിന്റെ ഏറ്റവും സ്വതന്ത്രമായ തൂണ് എന്ന നിലയില്‍ ഇന്നും ജനങ്ങള്‍ക്ക് വിശ്വാസമുള്ളതാണ് നീതിന്യായ സംവിധാനം. അതില്‍ പുഴുക്കുത്തുകള്‍ വീഴുക എന്നതിനര്‍ഥം നിയമവാഴ്ച ഇല്ലാതാകുക എന്ന് തന്നെയാണ്. ഈ സത്വര നടപടികളെ സ്വാഗതം ചെയ്യുന്നു. പക്ഷേ നിരവധി ചോദ്യങ്ങള്‍ ബാക്കിയാകുന്നു. ഇനി മേല്‍ നടപടികള്‍ എന്താണുണ്ടാകുക? കുറ്റം പ്രതി സമ്മതിക്കാത്തിടത്തോളം അന്വേഷണം വേണം. അതിന് ആദ്യം വേണ്ടത് ഒരു പ്രാഥമിക വിവര റിപോര്‍ട്ട് (എഫ് ഐ ആര്‍) ആണ്. ഇതെഴുതുമ്പോള്‍ പോലും അതില്ല. മാര്‍ച്ച് 14ന് നടന്ന സംഭവമാണ്. പിറ്റേന്ന് തന്നെ ഡല്‍ഹി പോലീസ് കമ്മീഷണര്‍ ഇതിന്റെ വിവരങ്ങള്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ ഏല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് ജഡ്ജിമാരെ അന്വേഷണ ചുമതല ഏല്‍പ്പിച്ചിട്ടുണ്ടെങ്കിലും അതിലെ സുതാര്യത എത്രത്തോളമാണ് എന്നതാണ് പ്രശ്നം. ജസ്റ്റിസ് വീരസ്വാമി അഴിമതി നടത്തി എന്ന് ബോധ്യമായിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നോര്‍ക്കുക. ആ കേസില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ എഫ് ഐ ആര്‍ തയ്യാറാക്കി അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി വിധിയുണ്ട്. ഈ വിധിയുടെ ഒരു മറുവശം, ഒരു സിറ്റിംഗ് ജഡ്ജിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി വേണം എന്ന് തന്നെയാണ്.
എന്തുകൊണ്ട് ഒരാഴ്ചയിലേറെ കാലം നടപടികള്‍ക്ക് താമസം ഉണ്ടായി എന്ന ചോദ്യവും പ്രസക്തമാണ്. നോട്ടുകെട്ടുകള്‍ കണ്ടെത്തിയ വാര്‍ത്ത പുറത്തുവന്ന ഉടനെ തന്നെ തങ്ങള്‍ (ഫയര്‍ ഫോഴ്സ്) ഇത്തരത്തില്‍ നോട്ടുകള്‍ കണ്ടിട്ടില്ലെന്ന് അവരുടെ മേധാവിയുടെ പ്രസ്താവന വന്നതെന്തുകൊണ്ട്? വിഷയം മറച്ചു വെക്കാന്‍ ആരെങ്കിലും ഇടപെട്ടുവോ? പിന്നീട് സുപ്രീം കോടതി സൈറ്റില്‍ വന്നപ്പോള്‍ മറ്റു വഴികള്‍ ഇല്ലാത്തതിനാല്‍ അദ്ദേഹം അത് നിഷേധിക്കുകയും ചെയ്തു. ഈ വിഷയം രാജ്യസഭയില്‍ കോണ്‍ഗ്രസ്സിലെ ജയ്‌റാം രമേശ് ഉന്നയിച്ചിരുന്നു. അത് സംബന്ധിച്ച ചര്‍ച്ചകള്‍ എങ്ങനെ ആകാമെന്നുള്ള കാര്യം പിന്നീടറിയിക്കാം എന്നാണ് സഭാധ്യക്ഷന്‍ ധൻഖര്‍ പറഞ്ഞത്. എന്നാല്‍ അതോടൊപ്പം അദ്ദേഹം മറ്റൊരു പ്രധാന കാര്യം കൂടി പറഞ്ഞു. ഒരു രാഷ്ട്രീയ നേതാവിന്റെയോ ഉദ്യോഗസ്ഥന്റെയോ വീട്ടിലാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നതെങ്കില്‍ ഉടന്‍ തന്നെ കേസും അറസ്റ്റും മറ്റു നടപടികളും ഉണ്ടാകുമായിരുന്നില്ലേ എന്ന ആ ചോദ്യം ഏറെ പ്രസക്തമാണ്. വെറും ഊഹങ്ങള്‍ മാത്രം വെച്ചുകൊണ്ട് മുഖ്യമന്ത്രിമാര്‍ അടക്കമുള്ളവരെ ജയിലിലാക്കുന്ന ഇ ഡിയും സി ബി ഐയും ആദായ നികുതി വകുപ്പും മറ്റും ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല, ചെയ്തിട്ടില്ല. ഇത് ജഡ്ജിമാര്‍ക്കുള്ള പ്രത്യേക അവകാശമാണോ? എങ്കില്‍ അത് നീതിക്ക് നിരക്കുന്നതാണോ തുടങ്ങിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.
മറ്റൊരു വിഷയം ഇദ്ദേഹത്തിന് ഇത്ര പണം കിട്ടിയതെങ്ങനെ എന്നതാണ്. നിരവധി കോര്‍പറേറ്റുകളുടെ കേസുകള്‍ ഇദ്ദേഹത്തിന്റെ ബഞ്ചില്‍ വന്നിട്ടുണ്ട്. വലിയ തോതില്‍ നികുതിയിളവുകള്‍ നല്‍കാന്‍ അധികാരമുള്ള ആ ജഡ്ജിക്ക് അവര്‍ നല്‍കിയ പണമാണോ ഇത്? അങ്ങനെയെങ്കില്‍ നാടിന്റെ പണമാണിത്. ഇദ്ദേഹം ജഡ്ജിയായിരുന്ന കാലത്ത് നടത്തിയ വിധികള്‍ പുനഃപരിശോധിക്കണം എന്ന ആശയം ന്യായമല്ലെന്നു പറയാന്‍ കഴിയില്ല. ഡല്‍ഹി മദ്യനയക്കേസില്‍ സിസോദിയക്കും മറ്റുമെതിരായ കേസുകള്‍ ഇദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ടെന്നും പറയുന്നു. കേന്ദ്ര സര്‍ക്കാറിന് പ്രത്യേകം താത്പര്യമുള്ള കേസുകളാണിത്. ഇതിലെ വിധികള്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ടോ? അതും നിര്‍ണായക ചോദ്യമാണ്.
ഇനിയും ചോദ്യങ്ങള്‍ ബാക്കിയാണ്. ഇതിന്റെ തുടര്‍ നടപടികള്‍ എങ്ങനെയായിരിക്കും എന്നതാകും ഒരു പ്രധാന വിഷയം. ഇദ്ദേഹത്തെ സ്ഥലം മാറ്റിയത് കൊണ്ട് നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യത തിരിച്ചു പിടിക്കാന്‍ കഴിയില്ല. രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു കേസ് കേള്‍ക്കുന്ന ജസ്റ്റിസ് ലോയയുടെ മരണവും അതിനു ശേഷം ചരിത്രത്തിലാദ്യമായി നാല് സുപ്രീം കോടതി ജഡ്ജിമാര്‍ നടത്തിയ പത്ര സമ്മേളനവും നമ്മുടെ മുന്നിലുണ്ട്. ഭരണഘടന നടപ്പാക്കാനുള്ള ഒട്ടു മിക്ക സംവിധാനങ്ങളും (ആസൂത്രണ കമ്മീഷന്‍, റിസര്‍വ് ബേങ്ക്, തിരഞ്ഞെടുപ്പ് കമ്മീഷന്‍, ഇ ഡി, സി ബി ഐ തുടങ്ങിയവയെല്ലാം) രാഷ്ട്രീയ നിയന്ത്രണത്തിലാക്കിയ ഈ അവസരത്തില്‍ നീതിന്യായ സംവിധാനമെങ്കിലും സ്വാതന്ത്രമാകണം എന്നാഗ്രഹിക്കുക മാത്രമേ നമുക്ക് ചെയ്യാന്‍ കഴിയൂ. മുമ്പൊരിക്കല്‍ ഒരു വിധിയില്‍ സുപ്രീം കോടതി തന്നെ പറഞ്ഞത് “നീതി നടപ്പാക്കിയാല്‍ മാത്രം പോരാ, അത് നടപ്പാക്കപ്പെടുന്നു എന്ന് സമൂഹത്തിന് ബോധ്യവും വരണം’ എന്നാണ്. ഇവിടെ അതുണ്ടാകുമോ?