International
ഇസ്‌റാഈലിനൊപ്പം നില്‍ക്കും; ടെല്‍ അവീവിലെത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്
ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെര്‍സോഗ് എന്നിവരുമായി ഋഷി സുനക് കൂടിക്കാഴ്ച നടത്തും.
ടെല്‍ അവീവ്| ഇസ്‌റാഈല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇസ്‌റാഈലില്‍ എത്തി. ഇസ്‌റാഈലിനൊപ്പം നില്‍ക്കുമെന്നും ടെല്‍ അവീവിലെത്തിയതിന് തൊട്ടുപിന്നാലെ ഋഷി സുനക് വ്യക്തമാക്കി. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെര്‍സോഗ് എന്നിവരുമായി ഋഷി സുനക് കൂടിക്കാഴ്ച നടത്തും.
പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇസ്‌റാഈലിന്റെ അയല്‍ രാജ്യങ്ങളും സുനക് സന്ദര്‍ശിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഗസ്സയ്ക്ക് കൂടുതല്‍ മാനുഷിക സഹായങ്ങള്‍ എത്തിക്കാന്‍ വഴി തുറക്കണമെന്നും സുനക് കൂടിക്കാഴ്ചയില്‍ ആവശ്യപ്പെടുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈലില്‍ എത്തിയതിനു പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെയും സന്ദര്‍ശനം.
അതേസമയം, യുദ്ധത്തില്‍ ഇസ്‌റാഈലിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ ഭരണകൂടം. ഹമാസുമായുള്ള യുദ്ധത്തില്‍ ഫലസ്തീന്‍ ജനതയെ ഇസ്‌റാഈല്‍ കൂട്ടമായി ശിക്ഷിക്കുകയാണെന്ന് ഓസ്ട്രേലിയ ആരോപിച്ചു.