Connect with us

Editors Pick

സുനിത വില്യംസ് 2025 വരെ ബഹിരാകാശ നിലയത്തിൽ തുടരേണ്ടി വരുമോ?

ഇവരുടെ മടക്കം അടുത്ത വർഷം ഫെബ്രുവരി വരെ നീണ്ടേക്കാം എന്നാണ് ഇപ്പോൾ നാസ നൽകുന്ന സൂചന

Published

|

Last Updated

ഈ വർഷം ജൂൺ ആദ്യത്തിലാണ് ബഹിരാകാശ സഞ്ചാരികളായ ഇന്ത്യൻ വംശജ സുനിതാ വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിലെത്തിയത്. ദിവസങ്ങൾക്കൊടുവിൽ മടങ്ങാം എന്നായിരുന്നു ദൗത്യത്തിന്റെ ആദ്യ തീരുമാനം. എന്നാൽ ഇവരുടെ മടക്കം അടുത്ത വർഷം ഫെബ്രുവരി വരെ നീണ്ടേക്കാം എന്നാണ് ഇപ്പോൾ നാസ നൽകുന്ന സൂചന.

നിലയത്തിലേക്ക് ഇവർ പോയ ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിനുണ്ടായ സാങ്കേതികത്തകരാറുകൾ പരിഹരിക്കാനാകാത്ത സാഹചര്യത്തിലാണിത്. പേടകത്തിന്റെ ത്രസ്റ്ററുകൾ തുടരെ പരാജയപ്പെട്ടതും ഹീലിയം വാതകം ചോർന്നതുമാണ് മടക്കയാത്ര പ്രതിസന്ധിയിലാക്കിയത്.

സ്‌പെയ്‌സ് എക്സിന്റെ ഡ്രാഗൺ പേടകത്തിലാകും ഫെബ്രുവരിയിൽ ഇവരുടെ തിരിച്ചുവരവ്. സെപ്റ്റംബർ 24-നാണ് നാലു ബഹിരാകാശ യാത്രികരെയുംകൊണ്ടുള്ള ക്രൂ-9 ദൗത്യത്തിന്റെ വിക്ഷേപണം. അതിൽ സുനിതയ്ക്കും വിൽമോറിനുമായി രണ്ടുസീറ്റ് ഒഴിച്ചിടാൻ നാസയും സ്‌പെയ്‌സ് എക്സും തമ്മിൽ ചർച്ചനടക്കുതായും റിപ്പോർട്ട്‌ ഉണ്ട്.

അതേസമയം, സുനിതാ വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ആരോഗ്യ സ്ഥിതി സംബന്ധിച്ചും ഇവർക്ക് അടുത്ത ആറ് മാസത്തേക്ക് ആതിഥേയത്വം വഹിക്കാൻ ഐഎസ്എസ് എത്രത്തോളം സജ്ജമാണ് എന്നതുൾപ്പെടെ വിഷയങ്ങളിലും ആശങ്ക ഉയരുന്നുണ്ട്. ഐഎസ്എസിലെ മൈക്രോഗ്രാവിറ്റി ദീർഘനേരം അനുഭവിക്കേണ്ടി വരുന്നത് ബഹിരാകാശയാത്രികർക്ക് അസ്ഥികളുടെ സാന്ദ്രത കുറയ്ക്കൽ, കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കും. കൂടാതെ ഡിഎൻഎ കേടുപാടുകൾ കാരണം ക്യാൻസറിനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ടാണ് ബഹിരാകാശ പര്യവേക്ഷണ ദൗത്യങ്ങൾ സാധാരണ ചുരുങ്ങിയ കാലയളവിലേക്ക് ചുരുക്കുന്നത്. സാധാരണ ഏതാനും ആഴ്‌ചകളിൽ കൂടുതൽ ഇത് നീണ്ടുനിൽക്കാറില്ല.

62 ദിവസമായി സുനിതയും സഹ സഞ്ചാരിയും ഇവിടെ തുടരുകയാണ്.

---- facebook comment plugin here -----

Latest