Connect with us

china taiwan tension

തായ്‌വാൻ മറ്റൊരു യുക്രൈനാകുമോ?

താത്പര്യങ്ങളുടെ സംഘട്ടനത്തിന് തായ്‌വാൻ വേദിയാകുമ്പോൾ ഒരിക്കൽ കൂടി ലോകം യുദ്ധഭീതിയിലകപ്പെടുകയാണ്. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും. യുക്രൈനിലെ റഷ്യൻ അധിനിവേശം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടെ പുതിയ പോർമുഖം തുറക്കുന്നത് എത്രമാത്രം ആത്മഹത്യാപരമായിരിക്കും. യുദ്ധം നടക്കുന്നത് രണ്ട് രാജ്യങ്ങൾ തമ്മിലല്ല. അതിന്റെ കെടുതി ആ രാജ്യങ്ങളിൽ ഒതുങ്ങുകയുമില്ല.

Published

|

Last Updated

ലൂചിസ്ഥാനിൽ സ്വയംഭരണം ആവശ്യപ്പെട്ട് പാക് സർക്കാറിനെതിരെ ആയുധമെടുക്കുന്നവരെ എന്ത് വിളിക്കും? ഇന്ത്യ അവരെ “സ്വാതന്ത്ര്യ പോരാളികൾ’ എന്ന് വിളിക്കും. പാക്കിസ്ഥാൻ അവരെ വിശേഷിപ്പിക്കുന്നത് “വിഘടനവാദികൾ’ എന്നാണ്. ഡൽഹിയിൽ നിന്നുള്ള കാഴ്ചയല്ല, ഇസ്‌ലാമാബാദിൽ നിന്നുള്ളത്. തായ്‌വാനെ കുറിച്ചുള്ള ചോദ്യങ്ങളിലും ഈ കാഴ്ചാ വ്യത്യാസം കാണാം. വടക്ക് കിഴക്കൻ ചൈനീസ് തീരത്ത് നിന്ന് നൂറ് കിലോമീറ്റർ അകലെയുള്ള തായ്‌വാൻ ദ്വീപ് സമൂഹം ചൈനയുടെ ഭാഗമാണോ? ഇന്ത്യയും പാക്കിസ്ഥാനും ശ്രീലങ്കയും റഷ്യയും യൂറോപ്യൻ യൂനിയനും അമേരിക്ക പോലും പറയുന്നു: തായ്‌വാൻ ഒരു സ്വതന്ത്ര പരമാധികാര രാജ്യമല്ല; അത് ചൈനയുടെ നിയന്ത്രണത്തിൽ തന്നെയാണെന്ന്.

വെറും 13 രാജ്യങ്ങൾ മാത്രമാണ് തായ്‌വാനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിട്ടുളളത്. സ്വന്തം പാർലിമെന്റുണ്ട്, സർക്കാറുണ്ട്, സൈന്യമുണ്ട്, നാണയമുണ്ട്, നിയമസംഹിതയുണ്ട്. കൂറ്റൻ വ്യവസായങ്ങളുണ്ട്. ശക്തമായ സമ്പദ്‌വ്യവസ്ഥയും. ഇതൊന്നും പക്ഷേ, ചൈന വകവെച്ച് കൊടുക്കില്ല. ചൈനയോട് പുനരേകീകരിക്കപ്പെടേണ്ട ഭൂവിഭാഗം മാത്രമാണ് അവർക്ക് തായ്‌വാൻ. എന്നാൽ, തായ്‌വാൻ ജനതയുടെ മഹാഭൂരിപക്ഷവും സ്വന്തം അസ്തിത്വത്തിൽ ഉറച്ച് വിശ്വസിക്കുന്നവരാണ്. ചരിത്രത്തിലൊരിക്കലും തായ്‌വാൻ ചൈനയുടെ ഭാഗമായിരുന്നിട്ടില്ലെന്നും സ്വതന്ത്ര രാജ്യമായി നിലനിൽക്കാനുള്ള ചരിത്രപരമായ അവകാശം തങ്ങൾക്കുണ്ടെന്നും അവർ പ്രഖ്യാപിക്കുന്നു. ഇതിലേതാണ് ശരി? ഉത്തരം ഓരോരുത്തരുടെയും കാഴ്ചപ്പാടിനനുസരിച്ചിരിക്കും.
മോണ്ടിവിഡിയോ കൺവെൻഷൻ പ്രകാരം ഒരു രാഷ്ട്രം രൂപപ്പെടാൻ നാല് ഘടകങ്ങൾ വേണം. നിശ്ചിത ഭൂവിഭാഗം, ജനങ്ങൾ, പ്രവർത്തന സജ്ജമായ സർക്കാർ, അന്താരാഷ്ട്ര അംഗീകാരം. ഇതിൽ നാലാമത്തെതൊഴിച്ച് സർവ യോഗ്യതയും തായ്‌വാന് വേണ്ടുവോളമുണ്ട്. 17ാം നൂറ്റാണ്ടിൽ ക്വിംഗ് രാജവംശത്തിന്റെ കീഴിലായിരുന്നു ഈ ദ്വീപ്. അതൊരു ചൈനീസ് രാജവംശമാണെന്ന് വേണമെങ്കിൽ പറയാം. 1895ൽ ജപ്പാനിലെ രാജവംശത്തിന് അവർ തായ്‌വാന്റെ നിയന്ത്രണം കൈമാറി. 1945ൽ രണ്ടാം ലോകമഹായുദ്ധം തോറ്റതോടെ ജപ്പാന് ഈ ദ്വീപിൻ മേലുള്ള അധികാരം നഷ്ടപ്പെട്ടു. അതോടെ വീണ്ടും ദ്വീപ് രാഷ്ട്രം ചൈനയുടെ കൈവശമായെന്ന് വ്യാഖ്യാനിക്കാം. എന്നാൽ, ആ വഴിത്തിരിവിൽ മറ്റൊന്ന് കൂടി സംഭവിച്ചു.

ചിയാംഗ് കെയ്ഷക്കിന്റെ നേതൃത്വത്തിലുള്ള ദേശീയവാദികളും മാവോസേതൂംഗിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റുകളും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടന്നു. ഒടുവിൽ കമ്മ്യൂണിസ്റ്റ് പക്ഷം ചൈനയുടെ നിയന്ത്രണം പിടിച്ചെടുത്തു. പീപ്പിൾ റിപബ്ലിക് ഓഫ് ചൈന പിറന്നു. 1928 മുതൽ 1949 വരെ ചൈനയുടെ ഭരണത്തലവനായിരുന്ന ചിയാംഗ് കെയ്ഷക് തായ്‌വാൻ ദ്വീപിലേക്ക് പലായനം ചെയ്തു. അവിടെ കൂമിന്താംഗുകൾ പുതിയ ഭരണ സംവിധാനം രൂപപ്പെടുത്തി. അങ്ങനെ റിപബ്ലിക് ഓഫ് ചൈന പിറന്നു. അതാണ് ആധുനിക തായ്‌വാൻ. ശരിയാണ്. തായ്‌വാന്റെ
ഔദ്യോഗിക നാമം റിപബ്ലിക് ഓഫ് ചൈന എന്നാണ്. അത് ചൈനയുടെ ഭാഗമാണെന്നതിന് തെളിവാണോ?

ദീർഘ കാലമായി തുടരുന്ന തർക്കം ഇപ്പോൾ പൊങ്ങിവരികയും സംഘർഷത്തിന്റെ വക്കിലെത്തുകയും ചെയ്തത് അമേരിക്കൻ പ്രതിനിധിസഭയുടെ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തോടെയാണ്. ഒരു സ്വതന്ത്ര രാഷ്ട്രമായി കാണുന്നത് കൊണ്ടാണ് താൻ തായ്‌വാൻ സന്ദർശിക്കുന്നതെന്ന നിലപാട് പ്രഖ്യാപിക്കുകയാണ് പെലോസി ചെയ്തത്. പ്രസിഡന്റ് ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടിയിലെ ഉന്നത നേതാവെന്ന നിലയിൽ നാൻസിയുടെ സന്ദർശനത്തെ യു എസിന്റെ ഔദ്യോഗിക ഇടപെടലായി തന്നെയാണ് വിലയിരുത്തപ്പെടുന്നത്. ജപ്പാനടക്കം അയൽ രാജ്യങ്ങൾ പലതും സന്ദർശിച്ചാണ് അവർ തായ്‌വാനിലെത്തിയത് എന്നതും ശ്രദ്ധേയമാണ്.

ഈ യാത്ര പ്രഖ്യാപിച്ചപ്പോൾ തന്നെ ചൈന ശക്തമായി എതിർത്തതാണ്. സ്പീക്കറുടെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന നിലപാടാണ് വൈറ്റ്ഹൗസ് ആദ്യമെടുത്തത്. പിന്നീട് യാത്രയെ തള്ളിപ്പറയുകയും ചെയ്തു വൈറ്റ് ഹൗസ്. മറ്റു പല വിഷയങ്ങളിലുമെന്ന പോലെ ഇവിടെയും തന്ത്രപരമായ അവ്യക്തത അമേരിക്ക തുടർന്നുവെന്ന് ചുരുക്കം. 25 വർഷം മുമ്പ് അന്നത്തെ റിപബ്ലിക്കൻ സ്പീക്കർ ന്യൂട്ട് ഗാങ്ഗ്രിച്ച് ഇത്തരമൊരു സന്ദർശനം നടത്തിയ ശേഷം ഇതാദ്യമാണ് ഒരു ഉന്നത അമേരിക്കൻ നേതാവ് തായ്‌വാനിൽ എത്തുന്നത്. എന്നാൽ, ഈ ഇടവേളയിലെല്ലാം തായ്‌വാനെ സ്‌നേഹിച്ചു കൊണ്ടേയിരിക്കുകയെന്ന തന്ത്രം യു എസ് പയറ്റുന്നുണ്ടായിരുന്നു. തായ്‌വാൻ തലസ്ഥാനമായ തായ്‌പേയി ആയിരുന്നു 1979 വരെ യു എസ് നയതന്ത്ര ബന്ധത്തിന്റെ കേന്ദ്രം. ആ വർഷം പീപ്പിൾസ് റിപബ്ലിക് ഓഫ് ചൈനയുമായുണ്ടാക്കിയ കരാർ പ്രകാരം എംബസിയും മറ്റ് ഔദ്യോഗിക നയതന്ത്ര സംവിധാനങ്ങളും ബീജിംഗിലേക്ക് മാറ്റി. എന്നുവെച്ചാൽ, സ്വതന്ത്ര തായ്‌വാനുള്ള പിന്തുണ അമേരിക്ക പിൻവലിച്ചു. ഇതേ 1979ൽ അമേരിക്കൻ കോൺഗ്രസ്സ് “തായ്‌വാൻ റിലേഷൻസ് ആക്ട്’പാസ്സാക്കുകയും ചെയ്തു. തായ്‌വാനുമായി
അനൗദ്യോഗിക ബന്ധം തുടരുമെന്നായിരുന്നു ഈ ആക്ടിന്റെ അന്തസ്സത്ത. ചൈനക്കൊപ്പവും തായ്‌വാനോടൊപ്പവും നിലകൊള്ളാനുള്ള മെയ്‌വഴക്കം, അതാണ് അമേരിക്ക.

തായ്‌വാന്റെ തന്ത്രപരമായ സ്ഥാനമാണ് അമേരിക്കയെ കൊതിപ്പിക്കുന്നത്. ഏഷ്യാ പെസഫിക്കിലെ സൈനികവും തന്ത്രപരവുമായ താത്പര്യങ്ങൾക്ക് തായ്‌വാൻ ദ്വീപിനേക്കാൾ പ്രാധാന്യമുള്ള മറ്റൊരിടമില്ല. ഒന്നാം നമ്പർ ലോകശക്തിയാകാൻ കുതിക്കുന്ന ചൈനയുടെ യാഗാശ്വത്തെ പിടിച്ചുകെട്ടാതെ യു എസിന് നിൽപ്പുറക്കില്ല. എത്രയൊക്കെ ശ്രമിച്ചിട്ടും ചൈനീസ് തന്ത്രങ്ങൾ തന്നെയാണ് മുന്നിട്ടുനിൽക്കുന്നത്. ശ്രീലങ്കയടക്കം മേഖലയിലെ മിക്ക രാജ്യങ്ങളിലും ചൈനീസ് സ്വാധീനം ശക്തമാണ്.

എണ്ണ സമ്പന്ന രാജ്യങ്ങളുമായും കമ്മ്യൂണിസ്റ്റ് ചൈന ഗാഢമായ ബന്ധം പുലർത്തുന്നു. സാമ്പത്തിക വളർച്ചയിൽ താത്കാലിക തിരിച്ചടികൾ മാറ്റിനിർത്തിയാൽ യു എസിനെ വെല്ലുവിളിക്കുന്ന കുതിപ്പ് തന്നെയാണ് ബീജിംഗ് നടത്തുന്നത്. അതുകൊണ്ട്, തായ്‌വാനിലും ഹോങ്കോംഗിലുമൊക്കെ ഇടക്കിടക്ക് ആശയക്കുഴപ്പം സൃഷ്ടിച്ച് പ്രകോപിപ്പിക്കുകയെന്നത് ചൈനയെ പ്രതിരോധിക്കാനുള്ള പല വഴികളിൽ ഒന്നു മാത്രമാണ്. ഇലക്‌ട്രോണിക്‌സ് ഉപകരണ നിർമാണത്തിലും കമ്പ്യൂട്ടറുകൾ, ചിപ്പുകൾ തുടങ്ങിയ ഐ ടി അധിഷ്ഠിത സങ്കേതങ്ങൾ വികസിപ്പിക്കുന്നതിലും ലോകത്തെ ഒന്നാം സ്ഥാനക്കാരാണ് തായ്‌വാൻ. അത്തരമൊരു രാജ്യത്തെ കീശയിലാക്കാൻ ആരാണ് ആഗ്രഹിക്കാത്തത്?

ചൈനയെ അപേക്ഷിച്ച് ദുർബലമായ സൈന്യമാണ് തായ്‌വാനുള്ളത്. ഇരു രാജ്യങ്ങൾക്കുമിടയിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുന്നതിന്റെ മറ്റൊരു കാരണം ഈ ദൗർബല്യം തന്നെയാണ്. ആകാശത്തും കടലിലും അത്യന്താധുനിക ആയുധങ്ങളുമായി തായ്‌വാനെ ചൈന വളയുമ്പോൾ സ്വാഭാവികമായും ആ ചെറു ദ്വീപ് അമേരിക്കയടക്കമുള്ള വമ്പൻമാർക്ക് മുന്നിൽ ആയുധത്തിനായി കൈനീട്ടും. സമ്പന്നതയുടെ ആത്മവിശ്വാസത്തിൽ നിൽക്കുന്ന തായ്‌വാൻ വലിയ വില കൊടുത്ത് ആയുധങ്ങൾ വാങ്ങിക്കൂട്ടും. രാജ്യത്തിന്റെ വലിപ്പമോജനസംഖ്യയോ ആയുധങ്ങൾ വാങ്ങുന്നതിൽ മാനദണ്ഡമാകില്ലല്ലോ. വാങ്ങുന്നത് അരിയല്ല, തുണിയല്ല. തോക്കും മിസൈലും ബോംബുമാണ്. അവ വർഷിക്കാനുള്ള ബോംബറുകളും.

യു എസ് കോൺഗ്രസ്സിലേക്ക് നവംബറിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ജോ ബൈഡന് സ്വസ്ഥമായി ഭരിക്കണമെങ്കിൽ ജനപ്രതിനിധി സഭയിലും സെനറ്റിലും നില മെച്ചപ്പെടുത്തിയേ തീരൂ. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജയിച്ചുവെങ്കിലും കോൺഗ്രസ്സിൽ ഡെമോക്രാറ്റുകളുടെ സ്ഥിതി പരിതാപകരമാണ്. ഡൊണാൾഡ് ട്രംപിന് വോട്ട് ചെയ്ത വലിയൊരു ജനതയുണ്ട് യു എസിൽ. നവ നാസി, വൈറ്റ്‌സൂപ്രമാസിസ്റ്റ് വികാരമുള്ള ഇക്കൂട്ടർ ഇന്ത്യയിലെ ഹിന്ദുത്വരെ പോലെ പടരുകയാണ്. ക്യാപിറ്റോൾ ഹില്ലിലേക്ക് ഇരച്ചുകയറാൻ പോന്ന ഹൂളിഗൻ സ്വാഭാവം പേറുന്ന ഇവർക്ക് പിന്തുണയേറുന്നത് ഭീതിയോടെ കാണുന്നത് ഡെമോക്രാറ്റുകൾ മാത്രമല്ല, റിപബ്ലിക്കൻമാർ കൂടിയാണ്. ഇക്കൂട്ടരെ പ്രീണിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന നിലയിലാണ് കാര്യങ്ങൾ. അതിനുള്ള തുറുപ്പ് ചീട്ടാണ് ചൈനാ വിരോധം. സ്പീക്കർ സ്ഥാനത്ത് തുടരാൻ കരുക്കൾ നീക്കുന്ന നാൻസി പെലോസി തായ്‌വാനിലേക്ക് പറന്നിറങ്ങിയത് ഈ ലക്ഷ്യത്തോടെയാണ്. ഡൊണാൾഡ് ട്രംപിനെപ്പോലെ രാഷ്ട്രീയ കോമാളിയല്ല ബൈഡൻ. ട്രംപിന്റെ ചുവടുകൾ മുഴുവൻ ആർക്കും കാണാവുന്ന വിധം പ്രത്യക്ഷമായിരുന്നു. ബൈഡന്റെ നീക്കങ്ങൾ ഗോപ്യവും നിഗൂഢവുമാണ്. യുക്രൈനെ പ്രലോഭിപ്പിച്ചും റഷ്യയെ പ്രകോപിപ്പിച്ചും യുദ്ധം സൃഷ്ടിച്ചെടുത്തപ്പോൾ ലോകം വിധിയെഴുതിയതാണ്- ബൈഡനെ പേടിക്കണം.

ചൈനയുടെ യുക്രൈനാണ് തായ്‌വാൻ. ആ ഭൂവിഭാഗം സ്വതന്ത്ര പദവി ആർജിച്ചാൽ അവിടെ യു എസ് സൈനിക താവളം വരുമെന്നും ഇപ്പോൾ തന്നെ മേഖലയിലാകെ ശക്തമായിക്കഴിഞ്ഞ യു എസ് സൈനിക സാന്നിധ്യം കൂടുതൽ വ്യാപകമാകുമെന്നും ചൈന കാണുന്നുണ്ട്. കൊവിഡ് വ്യാപനവും ലോക്ക്ഡൗണും സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യവും മറ്റ് അസ്വസ്ഥതകളും ചൈനീസ് ജനതയെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. ഇത് മറികടക്കാൻ ഷി ജിൻ പിംഗിനും വേണം ഒരു വൈകാരിക വിഷയം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 20ാമത് ദേശീയ കോൺഗ്രസ്സ് നവംബറിൽ നടക്കും. ഈ നിർണായക സമ്മേളനത്തിൽ പാർട്ടി ചെയർമാൻ സ്ഥാനത്തെത്തുകയോ പ്രസിഡന്റ് സ്ഥാനത്ത് തുടരുകയോ ചെയ്യാൻ ജിൻ പിംഗ് കരുക്കൾ നീക്കുന്നുണ്ട്. ഇത്തിരിപ്പോന്ന തായ്‌വാന് മുന്നിൽ ശക്തിപ്രകടനം നടത്തുമ്പോൾ ആഭ്യന്തര രാഷ്ട്രീയം തന്നെയാണ് ഷി ജിൻ പിംഗിന്റെയും ലക്ഷ്യമെന്ന് വ്യക്തം. ഏക ചൈനയെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപിത ലക്ഷ്യം അതിശക്തനായ ഭരണാധികാരിയുടെ ആഗ്രഹമല്ല, അനിവാര്യതയാണ്. താത്പര്യങ്ങളുടെ സംഘട്ടനത്തിന് തായ്‌വാൻ വേദിയാകുമ്പോൾ ഒരിക്കൽ കൂടി ലോകം യുദ്ധഭീതിയിലകപ്പെടുകയാണ്. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും. യുക്രൈനിലെ റഷ്യൻ അധിനിവേശം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടെ പുതിയ പോർമുഖം തുറക്കുന്നത് എത്രമാത്രം ആത്മഹത്യാപരമായിരിക്കും. യുദ്ധം നടക്കുന്നത് രണ്ട് രാജ്യങ്ങൾ തമ്മിലല്ല. അതിന്റെ കെടുതി ആ രാജ്യങ്ങളിൽ ഒതുങ്ങുകയുമില്ല.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest