First Gear
ടെസ്‌ല ഇന്ത്യയിൽ ഷോറൂം തുറക്കുമോ? നിയമനങ്ങൾ ആരംഭിച്ചതായി റിപോർട്ട്
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രാൻഡിന്‍റെ സിഇഒ എലോൺ മസ്‌കും യുഎസിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വാർത്ത പരക്കുന്നത്

ബംഗളൂരു | ലോകത്തിലെ പ്രമുഖ വാഹനനിർമാതാക്കളായ ടെസ്‌ല ഇന്ത്യയിൽ ഷോറൂം തുറക്കാൻ പദ്ധതിയിടുന്നതായി റിപോർട്ട്. ബാക്ക്-എൻഡ് ജോലികൾക്കും ഉപഭോക്തൃ-മുഖ്യമായ റോളുകളും ഉൾപ്പെടെ വിവിധ തസ്തികകൾക്കായി ടെസ്‌ല ലിങ്ക്ഡ്ഇനിൽ 13 ഒഴിവുകൾ പോസ്റ്റ് ചെയ്തതായാണ് റിപോർട്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രാൻഡിന്‍റെ സിഇഒ എലോൺ മസ്‌കും യുഎസിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വാർത്ത പരക്കുന്നത്. ചർച്ചയിൽ ടെസ്‌ല ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്നതും വിഷയമായതായാണ് സൂചന.
ഇന്ത്യയിലേക്കായി കസ്റ്റമർ സപ്പോർട്ട് സ്പെഷ്യലിസ്റ്റുകൾ, സ്റ്റോർ മാനേജർമാർ, ഡെലിവറി ഓപ്പറേഷൻസ്, ഓർഡർ ഓപ്പറേഷൻസ് സ്പെഷ്യലിസ്റ്റുകൾ, ബിസിനസ് ഓപ്പറേഷൻസ് അനലിസ്റ്റുകൾ, സർവീസ് മാനേജർമാർ, ഇൻസൈഡ് സെയിൽസ് അഡ്വൈസർമാർ, പാർട്‌സ് അഡ്വൈസർമാർ, സർവീസ് അഡ്വൈസർമാർ, കസ്റ്റമർ സപ്പോർട്ട് സൂപ്പർവൈസർമാർ, സർവീസ് ടെക്‌നീഷ്യൻമാർ തുടങ്ങിയവരുടെ ഒഴിവുകളാണ് ടെസ്‌ല ലിങ്കഡിനിൽ നൽകിയിരിക്കുന്നത്.ഇത് ഇന്ത്യയിൽ വിൽപ്പനയ്‌ക്കും വിൽപ്പനാനന്തര പ്രവർത്തനങ്ങൾക്കുമായാണ് എന്നാണ് സൂചന.
ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിലേക്ക് എത്താൻ നേരത്തേ ബ്രാൻഡ് ശ്രമിച്ചിരുന്നു. എന്നാൽ ഉയർന്ന ഇറക്കുമതി തീരുവകളാണ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളുടെ പ്രധാന ആശങ്ക. കഴിഞ്ഞ വർഷം മാർച്ചിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവയിൽ കുറവു വരുത്തിയത് ബ്രാൻഡിന് ആശ്വാസമായിട്ടുണ്ട്.
2025 ലെ കേന്ദ്ര ബജറ്റിൽ 40,00 ഡോളറിൽ കൂടുതൽ വിലയുള്ള ഉയർന്ന നിലവാരമുള്ള കാറുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ (ബിസിഡി) 110 ശതമാനത്തിൽ നിന്ന് 70 ശതമാനമായി കുറച്ചതും ടെസ്‌ല പോലുള്ള കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കാനായി എന്നാണ് കരുതുന്നത്.