Connect with us

National

മത്സരത്തില്‍ തോറ്റാല്‍ തരൂര്‍ അനഭിമതനാവുമോ?

പാര്‍ട്ടി ജനാധിപത്യത്തെക്കുറിച്ചു പറയുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ച് പാര്‍ട്ടി നേതൃത്വം പിടിച്ചെടുക്കാന്‍ നീക്കം നടത്തിയതിന്റെ പേരില്‍ തരൂര്‍ ഹൈക്കമാന്റിന്റെ കണ്ണിലെ കരടാവുമെന്നുറപ്പാണ്. 

Published

|

Last Updated

കോഴിക്കോട് | കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ശശിതരൂരിന് കോണ്‍ഗ്രസ്സില്‍ തുടര്‍ന്നു പോവല്‍ പ്രയാസകരമാവും. സ്വന്തം തട്ടകത്തിലെ നേതാക്കളുടെ പിന്തുണപോലുമില്ലാതെ ദേശീയ അധ്യക്ഷനായി മത്സരിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ അദ്ദേഹം പാര്‍ട്ടിക്കകത്ത് അനഭിമതനാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പാര്‍ട്ടി ജനാധിപത്യത്തെക്കുറിച്ചു പറയുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ച് പാര്‍ട്ടി നേതൃത്വം പിടിച്ചെടുക്കാന്‍ നീക്കം നടത്തിയതിന്റെ പേരില്‍ തരൂര്‍ ഹൈക്കമാന്റിന്റെ കണ്ണിലെ കരടാവുമെന്നുറപ്പാണ്. വരുന്ന ലോക സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ വീണ്ടും മത്സരിക്കാനുള്ള സാധ്യതകൂടി അടഞ്ഞാല്‍ അദ്ദേഹത്തിനു പുറത്തേക്കു വഴിതേടേണ്ടി വരും. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ വൈസ് പ്രസിഡന്റായി നിലനിര്‍ത്താമെന്ന ഫോര്‍മുല കൊണ്ടുവന്നാല്‍ പോലും അത് തരൂരിന് അംഗീകരിക്കാന്‍ കഴിഞ്ഞേക്കില്ല.

പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് താന്‍ നിരന്തരം അവഗണന നേരിടുകയാണെന്ന വികാരം തരൂര്‍ വെളിപ്പെടുത്തിക്കഴിഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പാര്‍ലമെന്റില്‍ ഉള്‍പ്പെടെ തനിക്ക് അര്‍ഹതപ്പെട്ട അവസരം നല്‍കുന്നില്ലെന്ന നൈരാശ്യം അദ്ദേഹത്തിനുണ്ട്. തന്റെ കാഴ്ച്ചപ്പാടിലും മൂല്യങ്ങളിലും വെള്ളം ചേര്‍ത്ത് പാര്‍ട്ടിക്ക് വിധേയനാകാനാകില്ലെന്നു തരൂര്‍ വ്യക്തമാക്കിയതിലൂടെ അദ്ദേഹത്തിനു കോണ്‍ഗ്രസ്സില്‍ തുടര്‍ന്നുപോകാനാവില്ലെന്ന സൂചനയാണു വെളിപ്പെടുന്നത്.

കേരളത്തിലെ യുവാക്കള്‍ തന്നോടൊപ്പമുണ്ട് എന്ന പ്രതീക്ഷയിലാണു തരൂര്‍ മുന്നോട്ടു പോവുന്നത്. പാര്‍ട്ടിയില്‍ അധികാര വികേന്ദ്രീകരണം വേണമെന്ന ആവശ്യമാണു തരൂര്‍ മുന്നോട്ടുവയ്ക്കുന്നത്. പാര്‍ട്ടിയുടെ എല്ലാ തീരുമാനങ്ങളും വരുന്നത് ഡല്‍ഹിയില്‍ നിന്നാണ്. സോണിയ ഗാന്ധിയുടെ ഒപ്പില്ലെങ്കില്‍ ഒരു ജില്ലാ അധ്യക്ഷനെ പോലും മാറ്റാന്‍ സാധിക്കില്ല. സംസ്ഥാനങ്ങളിലെ പി സി സി അധ്യക്ഷന്‍മാര്‍ക്ക് ഒരു റോളുമില്ല. ഈ അവസ്ഥയെ അദ്ദേഹം ചോദ്യം ചെയ്യുന്നു.

നെഹ്രുവിന്റെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണു താന്‍ മുന്നോട്ടുപോവുന്നതെന്നാണ് തിരഞ്ഞെടുപ്പില്‍ തരൂരിന്റെ പ്രചാരണ വാക്യം. ഈ പ്രചാരണത്തിന് ആദ്യത്തെ പിന്‍തുണ ലഭിച്ചത് എ കെ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണിയില്‍ നിന്നാണ്.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നാമനിര്‍ദേശ പത്രികയില്‍ എ കെ ആന്റണി ഒപ്പുവച്ചതിന് പിന്നാലെയാണ് ശശി തരൂരിന് ഫേസ് ബുക്കിലൂടെ ആശംസകളറിയിച്ച് കെപിസിസി സോഷ്യല്‍ മീഡിയ കണ്‍വീനറായ അനില്‍ രംഗത്തെത്തിയത്. ശശി തരൂരിനെക്കാള്‍ വലിയ നെഹ്റുവിയന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇല്ലെന്നാണ് അനില്‍ കെ ആന്റണിയുടെ കുറിപ്പ്.
തരൂര്‍ മുന്നോട്ടുവെക്കുന്ന ആശയം കോണ്‍ഗ്രസിന്റെ വീണ്ടെടുപ്പിന് അനിവാര്യമാണെന്നും അനില്‍ പറയുന്നു. അന്തരിച്ച ജി കാര്‍ത്തികേയന്റെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ശബരീനാഥും തരൂരിനെ പിന്‍തുണച്ചു രംഗത്തുവന്നിരുന്നു.

പ്രവൃത്തി പരിചയത്തിന്റെ പേരിലാണ് ഖാര്‍ഗെയുടെ സ്ഥാനാര്‍ഥിത്വത്തെ ഔദ്യോഗിക നേതൃത്വം ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ കോണ്‍ഗ്രസ്സില്‍ പദവികള്‍ക്ക് പ്രവൃത്തി പരിചയം ഒരു മാനദണ്ഡം അല്ലെന്നാണ് തരൂരിനെ പിന്‍തുണക്കുന്നവര്‍ പറയുന്നത്. രാജീവ് ഗാന്ധി നേതൃത്വം ഏറ്റെടുത്തതുപോലുള്ള നിരവധി സന്ദര്‍ഭങ്ങള്‍ ചൂണ്ടിക്കാട്ടിയാണു പ്രവൃത്തി പരിചയമെന്ന വാദത്തെ അവര്‍ നേരിടുന്നത്.

ഇരുപത്തിരണ്ട് വര്‍ഷത്തിനുശേഷമുള്ള കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയെന്ന പരിവേഷത്തോടെ യാണു മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്തിറങ്ങുന്നത്. ഖാര്‍ഗെയുടെ പത്രികയില്‍ ആദ്യം ഒപ്പിട്ടത് ആന്റണിയാണ്. മുഖ്യമന്ത്രി കസേര നിലനിര്‍ത്തുന്നതിനായി പിന്‍വാങ്ങിയ അശോക് ഗെലോട്ടാണ് രണ്ടാമന്‍. അംബികാ സോണി, ഭൂപീന്ദര്‍ ഹൂഡ, ആനന്ദ് ശര്‍മ, മുകുള്‍ വാസ്നിക്ക് തുടങ്ങിയവരും ഒപ്പിട്ടു.
12 സംസ്ഥാനത്ത് 50 പേര്‍ തനിക്കായി ഒപ്പിട്ടിട്ടുണ്ടെന്നും സാധാരണ പ്രവര്‍ത്തകരാണ് അവരെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. അട്ടിമറിയിലൂടെ തരൂര്‍ വിജയിച്ചാല്‍ അതു കോണ്‍ഗ്രസ്സിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായിരിക്കും. തരൂര്‍ പോരാടിത്തോറ്റാല്‍ അത് അദ്ദേഹത്തിനു വ്യക്തിപരമായ ആഘാതമായി മാറുകയും ചെയ്യും.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്