Connect with us

Editors Pick

നെതന്യാഹുവിനെ നിലയ്ക്ക് നിര്‍ത്തുമോ ഐ സി സി

നെതന്യാഹു യുകെയില്‍ പ്രവേശിച്ചാല്‍ ഐസിസി അറസ്റ്റ് വാറണ്ടിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യുമെന്ന് ബ്രിട്ടീഷ് ഭരണകൂടവും പറഞ്ഞിരുന്നു.

Published

|

Last Updated

ബ്രിട്ടനെ തുടര്‍ന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് നടപ്പാക്കുമെന്ന് കാനഡയും പ്രസ്താവിച്ചു. ‘ഞങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായാണ് നിലകൊള്ളുന്നത് , അതിനാല്‍ തന്നെ അന്താരാഷ്ട്ര കോടതികളുടെ എല്ലാ നിയന്ത്രണങ്ങളും വിധികളും ഞങ്ങള്‍ അനുസരിക്കും,’ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ വാക്കുകളാണിത്. നെതന്യാഹു യുകെയില്‍ പ്രവേശിച്ചാല്‍ ഐസിസി അറസ്റ്റ് വാറണ്ടിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യുമെന്ന് ബ്രിട്ടീഷ് ഭരണകൂടവും പറഞ്ഞിരുന്നു. ലോകത്ത് ജനാധിപത്യവും മനുഷ്യാവകാശങ്ങളും മാനിക്കുന്ന ഓരോ രാഷ്ട്രവും അവശ്യമായും പറയേണ്ട വാക്കുകളാണിത്.

2024 നവംബര്‍ 5 വരെ, ഇസ്‌റാഈല്‍ ആക്രമണം മൂലം ഗസ്സയില്‍ മരിച്ച ഫലസ്തീനികളുടെ എണ്ണം 43,391 ആണ്. ഇതിനൊപ്പം 1,706 ഇസ്‌റാഈലികളേയും കൂടി ചേര്‍ക്കുമ്പോള്‍ 45,000-ത്തിലധികം മനുഷ്യരാണ് ഈ യുദ്ധക്കൊതിയുടെ ഇരയായത്. ഈ സംഖ്യയില്‍ 134-146 പത്രപ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും, 120 അക്കാദമിക് വിദഗ്ധരും, UNRWA യിലെ 179 ജീവനക്കാര്‍ ഉള്‍പ്പെടെ 224-ലധികം മനുഷ്യാവകാശ പ്രവര്‍ത്തകരടക്കമുള്ള സന്നദ്ധസേവകരും ഉള്‍പ്പെടുന്നുവെന്നാണ് കണക്ക്. അതിനിടയിലും മരണസംഖ്യ ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു.

ഹമാസിനെ നേരിടാനുള്ള പ്രതിരോധ യുദ്ധമെന്ന് അവകാശപ്പെടുന്ന ഈ മനുഷ്യത്വരഹിതമായ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങള്‍ മാത്രം 13,000 ത്തിലധികം വരും. കൊല്ലപ്പെട്ടവരില്‍ എണ്‍പത് ശതമാനവും സിവിലിയന്മാരും ഇതില്‍ 26% സ്ത്രീകളുമാണെങ്കില്‍ ഇത് യുദ്ധമോ, പ്രതിരോധമോ അല്ല, ഭീകരമായ കൂട്ടക്കൊല തന്നെയാണെന്ന് എല്ലാ മനുഷ്യാവകാശ പ്രവര്‍ത്തകരും സമ്മതിക്കുന്നു. സാമാന്യ യുദ്ധനിയമങ്ങളും ജനീവ കരാറും നഗ്‌നമായി ലംഘിച്ചാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഈ കൂട്ടക്കൊലയെന്ന് ഐക്യരാഷ്ട്രസഭ പോലും ആരോപിക്കുന്ന ഘട്ടത്തില്‍ ഐക്യരാഷ്ട്രസഭയും ലോകകോടതിയും നെതന്യാഹുവിനും ഇസ്‌റാഈലിനും താക്കീത് നല്‍കിയത്.

ഈ താക്കീതുകളെല്ലാം അവഗണിച്ച സാഹചര്യത്തിലാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ വക്താവ് പറഞ്ഞു: ‘ആഭ്യന്തര നിയമവും തീര്‍ച്ചയായും അന്താരാഷ്ട്ര നിയമവും അനുസരിച്ച് യുകെ എല്ലായ്‌പ്പോഴും അതിന്റെ നിയമപരമായ ബാധ്യതകള്‍ പാലിക്കും. ‘എന്നിരുന്നാലും, യുകെ പോലീസ് നെതന്യാഹുവിനെ കസ്റ്റഡിയിലെടുക്കാനായുള്ള തീവ്രശ്രമങ്ങള്‍ നടത്തുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാന്‍ അദ്ദേഹം വിസമ്മതിച്ചു, ‘വ്യക്തിഗത കേസുകളുമായി ബന്ധപ്പെട്ട് താന്‍ സാങ്കല്‍പ്പികതയിലേക്ക് കടക്കുന്നില്ലെന്ന്’ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

യുകെയും കാനഡയും ഫൈവ് ഐസിന്റെ ഭാഗമാണ്, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയും ചേര്‍ന്ന ഒരു രഹസ്യാന്വേഷണ സഖ്യം. ബെല്‍ജിയം, യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ഇറാന്‍, അയര്‍ലന്‍ഡ്, ജോര്‍ദാന്‍, നെതര്‍ലാന്‍ഡ്സ്, നോര്‍വേ, സ്വീഡന്‍, ദക്ഷിണാഫ്രിക്ക, സ്വിറ്റ്സര്‍ലന്‍ഡ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളാണ് നെതന്യാഹുവിനെതിരേയുള്ള ഐസിസിയുടെ ഈ തീരുമാനത്തെ പിന്തുടരാന്‍ സമ്മതിച്ച മറ്റ് രാജ്യങ്ങള്‍. എന്നിരുന്നാലും, ഫൈവ് ഐയിലെ മറ്റൊരു പ്രധാന അംഗമായ അമേരിക്ക ഈ നടപടിയെ ‘അതിക്രമം’ എന്ന് വിശേഷിപ്പിച്ചു. ”ഇസ്‌റാഈല്‍ നേതാക്കള്‍ക്കെതിരെ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച നടപടി അതിരുകടന്നതാണ്,”പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു.

‘ഞാന്‍ ഒരിക്കല്‍ക്കൂടി വ്യക്തമാക്കട്ടെ: ഐസിസി എന്ത് സൂചിപ്പിച്ചാലും, ഇസ്‌റാഈലും ഹമാസും തമ്മില്‍ തുല്യതയില്ല. ഒന്നുമില്ല. അതിന്റെ സുരക്ഷയ്ക്കെതിരായ ഭീഷണികള്‍ക്കെതിരെ ഞങ്ങള്‍ എപ്പോഴും ഇസ്‌റാഈലിനൊപ്പം നില്‍ക്കും,’ പ്രസ്താവന കൂട്ടിച്ചേര്‍ത്തു. ബൈഡന്‍ ഇങ്ങനെ പറയുമ്പോഴും യുഎസ് സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്സ് അന്താരാഷ്ട്ര കോടതിയുടെ വാറന്റിനെ
പിന്തുണച്ചിട്ടുണ്ട്. ‘ഈ വിധി ന്യായമാണ്. അത്രയേറെ സിവിലിയന്മാര്‍ക്കെതിരെ വിവേചനരഹിതമായ ആക്രമണങ്ങള്‍ അഴിച്ചുവിടുകയും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത അത്രയും മനുഷ്യ ദുരിതങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട് ഇസ്‌റാഈല്‍- അദ്ദേഹം എക്‌സില്‍ കുറിച്ചു. ‘ഇത്തരം ക്രൂരതകള്‍ക്കെതിരേ ലോകം അന്താരാഷ്ട്ര നിയമം ഉയര്‍ത്തിപ്പിടിക്കുന്നില്ലെങ്കില്‍ നമ്മള്‍ കൂടുതല്‍ പ്രാകൃതത്വത്തിലേക്ക് നീങ്ങും, അദ്ദേഹത്തിന്റെ പോസ്റ്റ് തുടരുന്നു ,

അര്‍ജന്റീന, ഓസ്ട്രിയ, ഹംഗറി തുടങ്ങിയ രാജ്യങ്ങള്‍ ഐസിസി തീരുമാനങ്ങളോട് ‘വിയോജിപ്പ്’ പ്രഖ്യാപിക്കുന്ന മറ്റ് രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നു. ചുരുക്കത്തില്‍ നെതന്യാഹുവിനെതിരേയുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ഈ വാറണ്ട്. ലോകരാഷ്ട്രങ്ങളെ രണ്ട് പക്ഷത്ത് നിര്‍ത്തിയിരിക്കുകയാണ്. അതിനിടയിലും ഗസ്സയില്‍ നിസ്സഹായരായ മനുഷ്യര്‍ ഏകപക്ഷീയമായ ആക്രമണങ്ങളില്‍ മരിച്ചുവീഴുന്നു. ഈ വാറന്റിന് അനുകൂലമായി നടപടി സ്വീകരിക്കുകയോ ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ നിര്‍ത്തുകയോ ചെയ്തില്ലെങ്കില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ മൂല്യം തന്നെയാണ് അനിശ്ചിതത്വത്തിലാവുന്നത്.

 

 

 

Latest