articles
ഇഫ്ത്വാർ ബഹിഷ്‌കരണം എൻ ഡി എയെ ബാധിക്കുമോ?
വഖ്ഫ് ഭേദഗതി ബില്ലിനോടുള്ള തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി, മുഖ്യമന്ത്രി നിതീഷ് കുമാറും കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനും വ്യത്യസ്ത ദിവസങ്ങളിൽ നടത്തിയ ഇഫ്ത്വാർ വിരുന്ന് മുസ്്ലിം സംഘടനകൾ ബഹിഷ്‌കരിക്കുകയുണ്ടായി. തുടർന്ന് അഖിലേന്ത്യാ മുസ്്ലിം വ്യക്തിനിയമ ബോർഡിന്റെ ആഭിമുഖ്യത്തിൽ വഖ്ഫ് ഭേദഗതി ബില്ലിനെതിരെ പാറ്റ്നയിൽ റാലിയും നടന്നു. തേജസ്വി യാദവ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ റാലിയിൽ പങ്കുചേർന്നു.

വഖ്ഫ് ഭേദഗതി ബില്ലിനെതിരെ രാജ്യത്തുയരുന്ന പ്രതിഷേധത്തിന്റെ ജനവിധി തിരഞ്ഞെടുപ്പിലൂടെ ആദ്യം വ്യക്തമാകുക ബിഹാറിൽ നിന്നായിരിക്കും. വഖ്ഫ് ഭേദഗതി ബില്ലിനോടുള്ള തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി, മുഖ്യമന്ത്രി നിതീഷ് കുമാറും കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനും വ്യത്യസ്ത ദിവസങ്ങളിൽ നടത്തിയ ഇഫ്ത്വാർ വിരുന്ന് മുസ്്ലിം സംഘടനകൾ ബഹിഷ്‌കരിക്കുകയുണ്ടായി. തുടർന്ന് അഖിലേന്ത്യാ മുസ്്ലിം വ്യക്തിനിയമ ബോർഡിന്റെ ആഭിമുഖ്യത്തിൽ വഖ്ഫ് ഭേദഗതി ബില്ലിനെതിരെ പാറ്റ്നയിൽ റാലിയും നടന്നു. തേജസ്വി യാദവ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ റാലിയിൽ പങ്കുചേർന്നു. ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏക സംസ്ഥാനം ബിഹാറാണ്. അതുകൊണ്ട് തന്നെ വഖ്ഫ് ഭേദഗതി ബില്ലും നിതീഷ് കുമാർ നടത്തിയ ഇഫ്ത്വാർ വിരുന്നിൽ പ്രകടമായ പ്രതിഷേധവും സംസ്ഥാനത്ത് ചർച്ച ചെയ്യപ്പെടുകയാണ് .
ബിഹാറിന്റെ രാഷ്ട്രീയത്തിൽ ഉത്സവങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. മകരസംക്രാന്തിയിലെ ദഹി ചുഡ വിരുന്നായാലും റമസാനിലെ ഇഫ്ത്വാറായാലും ഇതുമായി ബന്ധപ്പെടുത്തി രാഷ്ട്രീയ ചർച്ചകൾ കടന്നുവരാറുണ്ട്. ഇത്തരം ആഘോഷങ്ങൾ ഭരണ മാറ്റങ്ങൾക്ക് വഴിതുറന്ന സംഭവങ്ങളും സംസ്ഥാനത്തുണ്ടായിട്ടുണ്ട്. നിതീഷ് കുമാർ എൻ ഡി എ വിട്ട് പ്രതിപക്ഷ ചേരിയിൽ ചേർന്നതിന്റെ തുടക്കം ആർ ജെ ഡി നേതാവും മുൻ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ് ഒരുക്കിയ ഇഫ്ത്വാർ വിരുന്നിലെ നിതീഷ് കുമാറിന്റെ സാന്നിധ്യമായിരുന്നു. രാഷ്ട്രീയത്തിൽ ഇരുധ്രുവങ്ങളിലായിരുന്ന നിതീഷും ലാലുവും അതേത്തുടർന്ന് ഒരുപക്ഷത്തായി. അന്ന് ബി ജെ പിക്ക് താത്കാലികമായെങ്കിലും ഭരണം വിട്ട് പ്രതിപക്ഷ ബഞ്ചിലിരിക്കേണ്ടി വന്നു.
പാറ്റ്നയിലെ നമ്പർ 1 ആനി മാർഗിലുള്ള മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയിൽ സംഘടിപ്പിച്ച ഇഫ്ത്വാർ വിരുന്നിൽ നിന്ന് മാറി നിൽക്കാനുള്ള തീരുമാനം ആദ്യം അറിയിച്ചത് സംസ്ഥാനത്തെ പ്രബല മുസ്്ലിം സംഘടനയായ ഇമാറത്ത് ഇ ശരീഅയാണ്. നൂറ് വർഷത്തെ പാരമ്പര്യമുള്ള ഈ സംഘടനക്ക് ബിഹാറിന് പുറമെ ഝാർഖണ്ഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലും അണികളുള്ളതായി അവകാശപ്പെടുന്നു. തുടർന്ന് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ഉൾപ്പെടെ ഏഴ് മുസ്്ലിം സംഘടനകൾ ഇഫ്ത്വാർ വിരുന്ന് ബഹിഷ്‌കരിച്ച് കൊണ്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി. വഖ്ഫ് ഭേദഗതി ബില്ലിനെ നിതീഷ് കുമാറിന്റെ പാർട്ടിയായ ജെ ഡി യു പിന്തുണച്ചതിൽ മുസ്്ലിം സംഘടനകൾക്കുള്ള എതിർപ്പ് എൻ ഡി എ ഘടകക്ഷി നേതാവ് കൂടിയായ നിതീഷ് കുമാറിനെ നേരത്തേ അറിയിച്ചിരുന്നു. എന്നാൽ മുസ്്ലിംകളുടെ എതിർപ്പ് അവഗണിച്ച് പാർലിമെന്റിൽ ബജറ്റ് സമ്മേളനത്തിൽ വഖ്ഫ് ഭേദഗതി ബില്ല് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജെ ഡി യു ഉൾപ്പെടുന്ന കേന്ദ്ര സർക്കാർ.
ബി ജെ പി. എം പി ജഗദംബിക പാൽ അധ്യക്ഷനായ സംയുക്ത പാർലിമെന്ററി കമ്മിറ്റി (ജെ പി സി) പ്രതിപക്ഷഭേദഗതികൾ പോലും പരിഗണിക്കാതെയാണ് ബില്ലിന് അനുമതി നൽകിയിരിക്കുന്നത്. എൻ ഡി എ സർക്കാറിന്റെ ഭാഗമായ നിതീഷ് കുമാറിനെ കൂടാതെ ചന്ദ്രബാബു നായിഡുവിന്റെ തെലുഗ് ദേശം, ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി (ആർ വി) എന്നീ പാർട്ടികളും ജെ പി സി ശിപാർശയെ അംഗീകരിക്കുകയാണ്. ഈ പാർട്ടികൾ വഖ്ഫ് ഭേദഗതി ബില്ലിനെതിരെ ജെ സി പിയിൽ എതിർപ്പു പ്രകടിപ്പിക്കുമെന്ന് മുസ്്ലിം സംഘടനകൾ പ്രതീക്ഷ പുലർത്തിയിരുന്നു .
നിതീഷ് കുമാറിനെതിരെ സംസ്ഥാനത്തെ മുസ്്ലിം സംഘടനകൾ പരസ്യമായി രംഗത്തിറങ്ങുന്നത് ആദ്യമായാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മുസ്്ലിംകൾ നിതീഷ് കുമാറിൽ അർപ്പിച്ച രാഷ്ട്രീയ വിശ്വാസം ദുർബലമാകുകയാണ്. 2005ൽ ആദ്യമായി ബിഹാർ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് മുതൽ നിതീഷ് സംസ്ഥാനത്തെ മുസ്്ലിംകളുടെ നേതാവായി അറിയപ്പെട്ടിരുന്നു. 2006-2014 വർഷങ്ങളിൽ നിതീഷ് കുമാറിന്റെ പാർട്ടിയിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിൽ അഞ്ച് പേർ മുസ്്ലിംകളായിരുന്നു. അലി അൻവർ, ഇജാസ് അലി, സാബിർ അലി, കഹ്കാഷൻ പർവീൻ, ഗുലാം റസൂൽ എന്നിവരായിരുന്നു അവർ.
നേരത്തെ മുസ്്ലിംകളുടെ പിന്തുണ ലാലു പ്രസാദ് യാദവിന്റെ ആർ ജെ ഡി ക്കായിരുന്നു. നിതീഷ് കുമാർ ബിഹാർ രാഷ്ട്രീയത്തിൽ ഉയർന്നുവന്നതോടെ സ്ഥിതിയിൽ മാറ്റം വന്നുതുടങ്ങി. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിയോടൊപ്പം ചേർന്ന് മത്സരിച്ച ജെ ഡി യുവിനെ മുസ്്ലിംകൾ പാടേ അവഗണിച്ചു. ജെ ഡി യു നിർത്തിയ 11 മുസ്്ലിം സ്ഥാനാർഥികളും പരാജയപ്പെട്ടു. നിതീഷ് കുമാർ മന്ത്രിസഭയിലെ ജമാൽ ഖാൻ ബി എസ് പി അംഗമായിരുന്നു. അദ്ദേഹം ജെ ഡി യു വിലേക്കു കൂറുമാറുകയായിരുന്നു.
ബിഹാറിൽ 2023ൽ നടന്ന ജാതി സർവേ പ്രകാരം, സംസ്ഥാനത്തെ ജനസംഖ്യയുടെ 17.7 ശതമാനം മുസ്്ലിംകളാണ്. അവരിൽ നല്ല ശതമാനം ബി ജെ പിയെ എതിർക്കുന്നവരാണ്. എന്നാൽ മുസ്്ലിംകൾക്കിടയിലെ ഒ ബി സി (മറ്റ് പിന്നാക്ക വിഭാഗങ്ങൾ), ഇ ബി സി (അങ്ങേയറ്റം പിന്നാക്ക വിഭാഗങ്ങൾ) വിഭാഗങ്ങൾക്ക് സംവരണവും സ്‌കോളർഷിപ്പ് പോലുള്ള ആനുകൂല്യങ്ങളും നടപ്പാക്കുകവഴി മുസ്്ലിംകളുടെ പ്രീതിനേടാൻ നിതീഷ് കുമാറിന് സാധിച്ചിരുന്നു. എന്നാൽ വഖ്ഫ് ഭേദഗതി ബല്ലിനെ പിന്തുണക്കുകവഴി ഇരുവഞ്ചിയിൽ കാല് വെക്കുന്നയാളാണ് നിതീഷ് കുമാർ എന്ന് തെളിയിച്ചിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കൗണ്ട്ഡൗൺ തുടങ്ങിയ സാഹചര്യത്തിൽ നിതീഷിന്റെ ഈ നിലപാട് ആർ ജെ ഡിക്ക് സഹായകമായേക്കും.
സി എ എ ബില്ലിന്റെ കാര്യത്തിലും മുത്വലാഖ് വിഷയത്തിലും നിതീഷ് കുമാറിന്റെ നിലപാട് പരോക്ഷമായി ബി ജെ പിക്ക് ഒപ്പമായിരുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന മതേതര ഭരണം വാഗ്ദാനം ചെയ്താണ് നിതീഷ് കുമാർ അധികാരത്തിൽ വന്നതെന്ന് മുസ്്ലിം സംഘടനകൾ ഓർമിപ്പിക്കുന്നു. എന്നാൽ വഖ്ഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചതിലൂടെ നിതീഷ് കുമാർ ഈ വാഗ്ദാനത്തിൽ നിന്ന് പിന്നോട്ട് പോയിരിക്കുകയാണ്. വഖ്ഫ് ഭേദഗതിയിലൂടെ സംസ്ഥാനത്തെ മുസ്്ലിംകളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ കൂടുതൽ ശോചനീയമാക്കും.
ന്യൂനപക്ഷങ്ങൾക്കെതിരെ പ്രത്യേകിച്ച് മുസ്്ലിംകൾക്കെതിരെ തുടർച്ചയായി രാജ്യത്ത് നടക്കുന്ന അനീതികളും അടിച്ചമർത്തലുകളും രഹസ്യമല്ല. മുസ്്ലിംകളെ പിന്നോട്ട് തള്ളിവിടാനും അവരുടെ മതവികാരങ്ങളെ വ്രണപ്പെടുത്താനും മതപരമായ ചിഹ്നങ്ങൾ തകർക്കാനും അവ കൈയേറാനും ശ്രമം നടക്കുമ്പോൾ നിതീഷ് കുമാറടക്കമുള്ളവർ കണ്ണടയ്ക്കുകയാണ്.