Articles
യുദ്ധാഘാതം ഇന്ത്യന്‍ സമ്പദ് ഘടനയെ തൊടുമോ?
റഷ്യ - യുക്രൈന്‍ പ്രശ്നം ഈ രണ്ട് രാഷ്ട്രങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ അത് ബാധിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ സാമ്പത്തിക വിപണി, വിനിമയ നിരക്ക്, എണ്ണ വില തുടങ്ങിയ കാതലായ സൂചികകളില്‍ ഈ യുദ്ധവും ആഘാതം സൃഷ്ടിക്കാന്‍ ഇടയുണ്ട്.
ാമയമൃശ3596@ഴാമശഹ.രീാ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റഷ്യ യുക്രൈനില്‍ വിനാശകരമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. സാമ്പത്തിക രംഗം ഉള്‍പ്പെടെ സകല മേഖലയിലും കനത്ത നാശനഷ്ടങ്ങള്‍ വിതച്ചുകൊണ്ടാണ് ആക്രമണങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. യുദ്ധത്തിന്റെ സാമ്പത്തികമായ ആഘാതങ്ങള്‍ റഷ്യ, യുക്രൈന്‍ എന്നീ രണ്ട് രാജ്യങ്ങള്‍ക്കപ്പുറത്തേക്കും വ്യാപിച്ചു തുടങ്ങിയിരിക്കുന്നു. റഷ്യയുടെ കടന്നാക്രമണത്തെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തില്‍ നിരവധി ലോകരാജ്യങ്ങള്‍ റഷ്യക്കെതിരെ പലവിധ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. സാമ്പത്തികമായ ഉപരോധങ്ങളും നിരവധിയാണ്.
റഷ്യ – യുക്രൈന്‍ പ്രശ്നം ഈ രണ്ട് രാഷ്ട്രങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ അത് ബാധിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ സാമ്പത്തിക വിപണി, വിനിമയ നിരക്ക്, എണ്ണ വില തുടങ്ങിയ കാതലായ സൂചികകളില്‍ ഈ യുദ്ധവും യുദ്ധാനന്തര കാലവും ആഘാതം സൃഷ്ടിക്കാന്‍ ഇടയുണ്ട്. കൂടുതല്‍ കാലം നീണ്ടുനില്‍ക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ലെങ്കിലും ഹൃസ്വകാലത്തേക്കുള്ള ആഘാതം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ സംഭവിക്കാന്‍ സാധ്യത കൂടുതലാണ്. ആഗോളവത്കരണത്തിന്റെ കാലത്ത് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ പല രീതികളില്‍ വിപുലപ്പെട്ടുവരുന്ന സാഹചര്യത്തില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നടക്കുന്ന പ്രശ്നങ്ങള്‍, സംഘര്‍ഷങ്ങള്‍, ഭരണമാറ്റങ്ങള്‍ തുടങ്ങിയവയെല്ലാം മറ്റു രാജ്യങ്ങളെയും പലവിധത്തില്‍ ബാധിക്കുന്നുണ്ട്. അവ സാമ്പത്തികമായോ രാഷ്ട്രീയപരമായോ സാമൂഹികമായോ ഒക്കെ ആകാം.
റഷ്യക്കെതിരെ അന്താരാഷ്ട്ര ബഹിഷ്‌കരണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ മുന്‍ നിര ബേങ്കിംഗ് സ്ഥാപനമായ സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ, റഷ്യന്‍ സ്ഥാപനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര വിനിമയങ്ങളില്‍ യൂറോപ്യന്‍ യൂനിയന്‍, യുനൈറ്റഡ് സ്റ്റേറ്റ്സ് തുടങ്ങിയവയുടെ നിയമ വ്യവസ്ഥകള്‍ പാലിക്കപ്പെടാന്‍ ധാരണയുള്ളതിനാലാണ് ഇത്തരത്തിലുള്ള തീരുമാനത്തിലേക്ക് എത്തിയത് എന്നാണ് ബേങ്ക് നല്‍കുന്ന വിശദീകരണം. അതേസമയം, റഷ്യയുമായി ഊഷ്മള സാമ്പത്തിക ബന്ധമുള്ള ഇന്ത്യയുടെ ഈ നീക്കത്തോട് റഷ്യ എങ്ങനെ പ്രതികരിക്കുമെന്ന കാര്യം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
യുദ്ധം അരങ്ങേറുന്ന സാഹചര്യത്തില്‍ നിലനില്‍ക്കുന്ന അപകട സാധ്യതകള്‍ മുന്നില്‍ക്കണ്ട്, റഷ്യയില്‍ നിന്നും കസാഖ് കാസ്പിയന്‍ പൈപ്പ്ലൈന്‍ വഴിയും ഇന്ത്യയിലേക്കെത്തുന്ന എണ്ണ കാര്‍ഗോകള്‍ ഫ്രീ ഓണ്‍ ബോര്‍ഡ് (ചരക്കിന് നഷ്ടം സംഭവിച്ചാല്‍ വാങ്ങുന്ന വ്യക്തിയോ വില്‍ക്കുന്ന വ്യക്തിയോ ചരക്കിന്റെ നഷ്ടം ഏറ്റെടുക്കണമെന്ന നിയമം) വ്യവസ്ഥയില്‍ സ്വീകരിക്കുന്നതിന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വിസമ്മതം അറിയിച്ചിട്ടുണ്ട്. രാജ്യത്തെ എണ്ണ ഇറക്കുമതിയുടെ 80 ശതമാനവും വിദേശ രാജ്യങ്ങളില്‍ നിന്നാണ്. ഈ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് വില വര്‍ധിക്കുന്നത് നമ്മുടെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്.
ഇന്ത്യ-റഷ്യ വ്യാപാര ബന്ധത്തില്‍ റഷ്യയിലേക്കുള്ള കയറ്റുമതി കുറയുകയും ഇന്ത്യയിലേക്ക് റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ വ്യാപാര കമ്മി അഥവാ ട്രേഡ് ഡെഫിസിറ്റാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന പ്രധാന വസ്തുക്കള്‍ എണ്ണ വിഭവങ്ങള്‍ തന്നെയാണ്. 2021 -2022 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെയുള്ള ഇറക്കുമതിയില്‍ 2.8 ശതമാനം ഇറക്കുമതിയും റഷ്യയില്‍ നിന്നാണ്. റഷ്യയുമായി ഇന്ത്യക്കുള്ള വ്യാപാര കമ്മി മൈനസ് 4,347 മില്യണ്‍ ഡോളര്‍ ആണെങ്കില്‍ യുക്രൈനുമായുള്ള വ്യാപാര കമ്മി മൈനസ് 1,608 മില്യണ്‍ ഡോളര്‍ മാത്രമാണ്. അതേസമയം ഇന്ത്യയില്‍ നിന്ന് റഷ്യയിലേക്ക് കൂടുതലും കയറ്റുമതി ചെയ്യുന്നത് ഇലക്ട്രിക്കല്‍ ഉപകരണങ്ങളാണ്.
ഇതിനിടയില്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ 75.73 രൂപയാണ് ഡോളറിനെതിരെ ഇന്ത്യയുടെ വിനിമയ നിരക്ക്. റഷ്യന്‍-യുക്രൈന്‍ യുദ്ധം ഈ മൂല്യത്തകര്‍ച്ചയെ ബാധിച്ചിട്ടില്ല എന്ന് പറയാതിരിക്കാന്‍ വയ്യ. വിദേശ ഫണ്ടുകളുടെ ക്രയവിക്രയങ്ങള്‍, എണ്ണ വിലയില്‍ ദിനേന സംഭവിക്കുന്ന മാറ്റങ്ങള്‍, ആഭ്യന്തര വിപണിയിലെ വ്യതിയാനങ്ങള്‍ തുടങ്ങിയവയെല്ലാം മൂല്യത്തകര്‍ച്ചയുടെ സ്വാധീന ഘടകങ്ങളാണ്. നിലവില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ജിയോ പൊളിറ്റിക്കല്‍ പ്രശ്നം നിലനില്‍ക്കുമ്പോള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണ, ഗ്യാസ്, വജ്രം, മറ്റു ആഭരണങ്ങള്‍, ഭക്ഷ്യ എണ്ണ തുടങ്ങിയ വസ്തുക്കള്‍ക്ക് ഇപ്പോഴുള്ളതിനേക്കാള്‍ ഉയര്‍ന്ന വില നല്‍കേണ്ടി വരും. ഇറക്കുമതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തര പണപ്പെരുപ്പം വര്‍ധിക്കുകയും ചെയ്യുന്നു.
ഇതിനിടയില്‍ ഇന്ത്യയുടെ അയല്‍ രാജ്യമായ ശ്രീലങ്കയില്‍ സംഭവിച്ച സാമ്പത്തിക പ്രശ്നങ്ങളും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നുണ്ട്. വിദേശ നാണ്യ വിപണിയിലെ തകര്‍ച്ച കാരണമായി ശ്രീലങ്കന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ പ്രശ്നം ബേങ്കിംഗ് മേഖലയെ ബാധിച്ചത് കാരണം ലെറ്റര്‍ ഓഫ് ക്രെഡിറ്റ് (അനുമതിപത്രം) പുറപ്പെടുവിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യയിലെ തൂത്തുക്കുടിയില്‍ നിന്ന് കൊളംബോ തുറമുഖത്തെത്തിയ നിരവധി ചരക്ക് കണ്ടെയ്നറുകളാണ് ക്ലിയറന്‍സ് കിട്ടാതെ കിടക്കുന്നത്. യൂറോപ്യന്‍ യൂനിയനും അമേരിക്കയുമായുള്ള ഇന്ത്യന്‍ വാണിജ്യ ബന്ധത്തിലെ പ്രധാന ട്രാന്‍സ് ഷിപ്മെന്റ് കേന്ദ്രം കൂടിയാണ് കൊളംബോ തുറമുഖം.
ഓഹരി വിപണിയാണ് തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന മറ്റൊരു സ്ഥാപനം. വിവിധ രാജ്യങ്ങളിലെ നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപങ്ങളുടെ ഭാവി എന്താകുമെന്ന ആശങ്കയിലാണ്. റഷ്യന്‍ അധിനിവേശം കൂടുതല്‍ ശക്തിപ്പെടുന്ന ഈ അവസ്ഥയില്‍ നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ നിക്ഷേപകരും സര്‍ക്കാറുകള്‍ ഇഷ്യൂ ചെയ്യുന്ന ബോണ്ടുകള്‍ വാങ്ങിക്കൂട്ടാനുള്ള തിരക്കിലാണ്. ഓഹരി വിപണി തകര്‍ച്ച നേരിടുമ്പോള്‍ സര്‍ക്കാര്‍ ബോണ്ടുകളുടെ റിട്ടേണ്‍ കുറവാണെങ്കിലും അതില്‍ നിക്ഷേപിക്കാനാണ് പലരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എണ്ണ, ഭക്ഷ്യ വസ്തുക്കള്‍ എന്നിവ കൈകാര്യം ചെയ്യുന്ന കമ്പനികളുടെ ഓഹരികളില്‍ വലിയ വ്യതിയാനം സംഭവിക്കുന്നുണ്ട്. ഊര്‍ജ ഉത്പാദനത്തിന് വേണ്ടി കൂടുതല്‍ എണ്ണ ഉപയോഗിക്കുന്ന രാജ്യമാണ് റഷ്യ എന്നത് തന്നെയാണ് പ്രധാന കാരണം. യുക്രൈന്‍ കൂടുതല്‍ കയറ്റുമതി ചെയ്തിരുന്ന ചോളം, ഗോതമ്പ് തുടങ്ങിയ വസ്തുക്കള്‍ക്ക് അഞ്ച് മുതല്‍ 20 ശതമാനം വരെയാണ് യുദ്ധം തുടങ്ങിയത് മുതല്‍ വിലവര്‍ധിച്ചത് എന്ന് വിവിധ റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റഷ്യന്‍ അധിനിവേശത്തോടുള്ള വിയോജിപ്പിന്റെ ഭാഗമായി അന്താരാഷ്ട്രതലത്തില്‍ വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക വിലക്കിനെ മറികടക്കാനെന്നോണം വിദേശ കമ്പനികള്‍ റഷ്യന്‍ മാര്‍ക്കറ്റ് ഷെയറുകള്‍ വിറ്റൊഴിക്കുകയാണിപ്പോള്‍. എന്നാല്‍ ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ റഷ്യന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. റഷ്യന്‍ മാര്‍ക്കറ്റ് ഷെയറുകള്‍ വിറ്റൊഴിക്കുന്നതില്‍ നിന്ന് നിക്ഷേപകരെ വിലക്കുന്ന സാമ്പത്തിക നിയമനിര്‍മാണങ്ങള്‍ റഷ്യ സ്വീകരിച്ചുകഴിഞ്ഞു.
റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ തന്നെ ഇന്ത്യയെ ബാധിക്കാന്‍ പോകുന്ന മറ്റൊരു പ്രശ്നമുണ്ട്്. യുക്രൈനില്‍ വിവിധ കോഴ്സുകള്‍ ചെയ്തുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളുടെ ഭാവിയെ കുറിച്ചുള്ള ആശങ്കയാണിത്. നിരവധി വിദ്യാര്‍ഥികള്‍ മെഡിസിന്‍ പോലെയുള്ള കോഴ്സുകള്‍ പഠിച്ചു കഴിഞ്ഞ് ഇന്ത്യയെ പോലുള്ള, ഡോക്ടര്‍-രോഗി അനുപാതം കുറവുള്ള, സ്ഥലങ്ങളില്‍ സേവനം ചെയ്യുന്നതിലൂടെ രാജ്യത്തെ മനുഷ്യ വിഭവത്തിലും ബൗദ്ധിക വിഭവത്തിലും വലിയ മുന്നേറ്റങ്ങള്‍ കാഴ്ചവെക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഈ വിദ്യാര്‍ഥികളുടെ ഭാവി ഇപ്പോള്‍ തീര്‍ത്തും അനിശ്ചിതത്വത്തിലാണ്. പലരും പല കോഴ്സുകളിലെ വിവിധ വര്‍ഷ വിദ്യാര്‍ഥികളായിരിക്കെ അവരുടെ തുടര്‍ പഠനം ചോദ്യചിഹ്നമായിരിക്കുകയാണ്. തത്തുല്യമായ കോഴ്സുകളില്‍ മറ്റു രാജ്യങ്ങളിലോ ഇന്ത്യയിലോ അവര്‍ക്ക് തുടര്‍ന്ന് പഠിച്ച് കോഴ്സ് പൂര്‍ത്തിയാക്കാന്‍ പറ്റുമോ എന്നതിനുള്ള ഉത്തരം അപൂര്‍ണമാണ്. മാനുഷിക വിഭവ വളര്‍ച്ചയിലെ വലിയ പ്രത്യാഘാതമായിരിക്കും ഇതുണ്ടാക്കുക.
സംഘര്‍ഷവും യുദ്ധവും റഷ്യയും യുക്രൈനും തമ്മിലാണെങ്കിലും അതിന്റെ അനുരണനങ്ങള്‍ ലോകം മൊത്തം വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹികമായുമൊക്കെ വിവിധ മേഖലകളെ ഈ അനുരണനങ്ങള്‍ ബാധിക്കുന്നുണ്ട്. പ്രശ്നം വഷളാകും തോറും പല രാജ്യങ്ങളുടെയും സാമ്പത്തിക സാഹചര്യങ്ങളും കെട്ടുറപ്പും മോശമായിക്കൊണ്ടിരിക്കും. റഷ്യ- യുക്രൈന്‍ പ്രശ്നത്തിന് ഹേതുവല്ലെങ്കിലും വിവിധ രാജ്യങ്ങളുമായി നിരവധി ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഇന്ത്യ പോലെയുള്ള രാജ്യങ്ങള്‍ക്കായിരിക്കും ഇതിന്റെ കൂടുതല്‍ ബാധ്യത ഏല്‍ക്കേണ്ടിവരിക.