Manipur violence
പ്രധാനമന്ത്രി മിണ്ടിയാല്‍ തീരുമോ മണിപ്പൂര്‍ പ്രശ്‌നം?
ആഭ്യന്തര മന്ത്രി അമിത് ഷാ പേരിനൊരു സന്ദര്‍ശനം നടത്തിയെന്നതൊഴിച്ചാല്‍ നിഷ്‌ക്രിയമാണ് കേന്ദ്രം മണിപ്പൂര്‍ പ്രശ്‌നത്തില്‍. വിഷയം പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ പോലും വിസമ്മതിക്കുകയാണ്. ഇതേചൊല്ലി നടപടികളിലേക്കൊന്നും കടക്കാനാകാതെ സ്തംഭനത്തിലാണ് ദിവസങ്ങളായി സഭ.
സമീപ കാലത്തൊന്നും ഒരു സംസ്ഥാന ഭരണകൂടവും കേള്‍ക്കേണ്ടി വന്നിട്ടില്ല പരമോന്നത കോടതിയില്‍ നിന്ന് ഇത്രയും രൂക്ഷമായ വിമര്‍ശം. ബിരേന്‍ സിംഗ് സര്‍ക്കാറിനെ കടിച്ചുകുടയുകയായിരുന്നു കോടതി കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍. കലാപ ബാധിതമായ മണിപ്പൂരില്‍ ഭരണസംവിധാനവും ക്രമസമാധാനവും തകര്‍ന്നെന്നു നിരീക്ഷിച്ച കോടതി സംസ്ഥാനത്ത് ക്രമസമാധാനം അവശേഷിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയും സംരക്ഷണവും ഒരുക്കേണ്ട ഭരണ സംവിധാനങ്ങള്‍ സംസ്ഥാനത്ത് നിശ്ശബ്ദമായി. കലാപവുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം മന്ദഗതിയിലാണ്. പല അക്രമ സംഭവങ്ങളും നടന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇരകളുടെയും പരാതിക്കാരുടെയും മൊഴികള്‍ പോലീസ് രേഖപ്പെടുത്തിയില്ല എന്നിങ്ങനെ നീളുന്നു കോടതിയുടെ വിമര്‍ശം. കലാപം രൂക്ഷമായപ്പോള്‍ പോലീസ് മേധാവി എന്ത് ചെയ്യുകയായിരുന്നുവെന്ന് ചോദിച്ച സുപ്രീം കോടതി വെള്ളിയാഴ്ച അദ്ദേഹത്തോട് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടു.
മെയ് ആദ്യം ആളിപ്പടര്‍ന്ന കലാപം ഇപ്പോഴും പൂര്‍ണമായി ശമിച്ചിട്ടില്ല മണിപ്പൂരില്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടെത്തി 15 ദിവസത്തിനകം സമാധാനം പുനഃസ്ഥാപിക്കണമെന്ന് പ്രഖ്യാപിച്ചെങ്കിലും സംഘര്‍ഷത്തിന് അയവില്ല. ഇംഫാല്‍ നഗരഹൃദയത്തിലെ കാനന്‍ വെങ് ഗ്രാമത്തില്‍ മെയ്തി സംഘം കുക്കി വീടുകള്‍ തിരഞ്ഞുപിടിച്ച് അഗ്‌നിക്കിരയാക്കിയത് രണ്ട് ദിവസം മുമ്പാണ്. തൗബാല്‍ ജില്ലയില്‍ ഗോത്രവര്‍ഗ സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ സംസ്ഥാനത്തെ സംഘര്‍ഷത്തിന്റെ ഹീന സ്വഭാവം തുറന്നു കാട്ടുന്നു. മെയ് നാലിന് ഈ സംഭവം നടന്ന അതേദിവസം തന്നെ മറ്റു രണ്ട് കുക്കി സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ വാര്‍ത്തയും പുറത്തുവന്നു. സമാനതകളില്ലാത്ത അക്രമമാണ് സ്ത്രീകള്‍ക്കു നേരേ നടന്നുകൊണ്ടിരിക്കുന്നത്. കലാപമെന്നു പറയുന്നതിലുപരി വംശഹത്യയെന്ന് വിശേഷിപ്പിക്കുന്നതായിരിക്കും കൂടുതല്‍ ശരി. മെയ്തി ഭൂരിപക്ഷ പ്രദേശമായ ഇംഫാലിലും സമീപത്തെ സമതലങ്ങളിലും ഒരു കുക്കി സമുദായക്കാരന്‍ പോലും അവശേഷിക്കുന്നില്ല ഇപ്പോള്‍. അവരുടെ വീടുകളും സ്‌കൂളുകളുമെല്ലാം അഗ്നിക്കിരയാക്കപ്പെട്ടു. സ്വന്തം ഗ്രാമങ്ങളില്‍ നിന്ന് ആട്ടിയിറക്കപ്പെട്ട ആയിരങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുകയാണ്. ഉത്തര്‍ പ്രദേശിലും അസമിലും മുസ്‌ലിം പള്ളികള്‍ക്കും കടകള്‍ക്കും വീടുകള്‍ക്കും നേരേ പാഞ്ഞടുക്കുന്ന ബുള്‍ഡോസറുകള്‍ മണിപ്പൂരില്‍ ക്രിസ്ത്യന്‍ ചര്‍ച്ചുകളുടെ നേരേയാണ് പാഞ്ഞടുത്തത്.
ഭരണകൂടത്തിന്റെ ഒത്താശയോടെ മാത്രമേ ഏറെക്കാലം നീണ്ടുനില്‍ക്കുന്ന ആള്‍ക്കൂട്ട ആക്രമണം സാധ്യമാകൂവെന്ന് രാജ്യത്തെ ഇന്നോളമുള്ള വര്‍ഗീയ ലഹളകളുടെ ചരിത്രം വ്യക്തമാക്കുന്നുണ്ട്. മണിപ്പൂരിന്റെ കാര്യത്തില്‍ ഇത് കൂടുതല്‍ വ്യക്തമാണ്. പ്രശ്നത്തിന്റെ തുടക്കത്തില്‍ തന്നെ പോലീസ് ഇടപെട്ടിരുന്നെങ്കില്‍ സംഘര്‍ഷം പെട്ടെന്ന് അവസാനിപ്പിക്കാനാകുമായിരുന്നു. ഇതിനു പകരം പോലീസ് കാഴ്ചക്കാരായി നില്‍ക്കുകയും മെയ്തികൾക്ക് അക്രമങ്ങള്‍ നടത്താന്‍ സൗകര്യമൊരുക്കുകയുമായിരുന്നു. വേട്ടക്കാരോടൊപ്പം ചേര്‍ന്ന് പോലീസ് കുക്കികള്‍ക്ക് നേരേ നിറയൊഴിച്ച സംഭവവും റിപോര്‍ട്ട് ചെയ്യപ്പെട്ടു.
ബി ജെ പി നേതൃത്വത്തിലുള്ള സംഘ്പരിവാര്‍ ശക്തികള്‍ അധികാരത്തിലേറിയതു മുതല്‍ വംശീയ വിദ്വേഷത്തിന്റെയും വര്‍ഗീയതയുടെയും വിളനിലമാണ് മണിപ്പൂര്‍. സംസ്ഥാനത്ത് ഭൂരിപക്ഷ സമൂഹമായ മെയ്തി ഹിന്ദുക്കള്‍ക്കും കുക്കി ക്രിസ്ത്യാനികള്‍ക്കുമിടയില്‍ അവസരങ്ങളും പൊതുവിഭവങ്ങളും പങ്കുവെക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കോണ്‍ഗ്രസ്സ് ഭരണ കാലത്ത് ഒരു സംഘര്‍ഷത്തിലേക്ക് വീഴാതെ ഈ വിഭാഗങ്ങളെ യോജിപ്പിച്ചു നിര്‍ത്തിയിരുന്നു. ബി ജെ പി അധികാരത്തിലേറിയതു തൊട്ട് ഇവരെ യോജിപ്പിച്ചു നിര്‍ത്തുന്നതിനു പകരം അകറ്റുന്ന നയമാണ് സ്വീകരിച്ചത്. ബിരേന്‍ സിംഗ് സര്‍ക്കാറിന്റെ പല നയങ്ങളിലും കുക്കികള്‍ കടുത്ത അതൃപ്തരാണ്. ഇതിനിടെയാണ് മെയ്തികളെ പട്ടിക വര്‍ഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനെ അനുകൂലിക്കുന്ന കോടതി വിധി വരുന്നത്. ഇതേത്തുടര്‍ന്ന് കുക്കികള്‍ പ്രതിഷേധവുമായി രംഗത്തു വന്നപ്പോള്‍ അതൊരു വംശഹത്യക്കുള്ള അവസരമായി ഉപയോഗപ്പെടുത്തുകയായിരുന്നു മെയ്തികളും സംഘ്പരിവാറും.
രാജ്യത്തിനാകെ മാനക്കേടുണ്ടാക്കുന്ന വിധം ഒരു സംസ്ഥാനം കത്തിയെരിയുകയും സ്ത്രീകള്‍ പിച്ചിച്ചീന്തപ്പെടുകയും സംഘര്‍ഷം അമര്‍ച്ച ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെടുകയും ചെയ്യുമ്പോള്‍, പ്രശ്‌നത്തില്‍ ഇടപെടേണ്ട ബാധ്യത കേന്ദ്രത്തിനുണ്ട്. ബി ജെ പി ഇതര സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനത്തായിരുന്നു ഇതെങ്കില്‍ ഒരു പക്ഷേ ഇതിനകം തന്നെ പ്രസ്തുത സര്‍ക്കാറിനെ പിരിച്ചുവിടുമായിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ പേരിനൊരു സന്ദര്‍ശനം നടത്തിയെന്നതൊഴിച്ചാല്‍ നിഷ്‌ക്രിയമാണ് കേന്ദ്രം മണിപ്പൂര്‍ പ്രശ്‌നത്തില്‍. വിഷയം പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ പോലും വിസമ്മതിക്കുകയാണ്. ഇതേചൊല്ലി നടപടികളിലേക്കൊന്നും കടക്കാനാകാതെ സ്തംഭനത്തിലാണ് ദിവസങ്ങളായി സഭ. സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ മണിപ്പൂര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ സഖ്യമായ “ഇന്ത്യ’ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേല്‍ ലോക്സഭയില്‍ ഈ മാസം എട്ടിന് ചര്‍ച്ച നടത്താനും പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയാനും തീരുമാനമായിട്ടുണ്ടെങ്കിലും മണിപ്പൂരിലെ തീ അണക്കാന്‍ ഇത് പര്യാപ്തമാകുമോ? ബിരേന്‍ സിംഗ് സര്‍ക്കാര്‍ തങ്ങളുടെ വര്‍ഗീയ അജന്‍ഡ ഉപേക്ഷിച്ച് കുക്കികളെ ചേര്‍ത്തുപിടിക്കുന്ന നയത്തിലേക്ക് ഇറങ്ങി വന്നെങ്കില്‍ മാത്രമേ പ്രശ്‌നം ശാശ്വതമായി പരിഹരിക്കപ്പെടുകയുള്ളൂ.