മോദി- അദാനി ബന്ധം രേഖയില്‍ നിന്നു നീക്കിയാല്‍ മായുമോ?
പാര്‍ലിമെന്റില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല
നരേന്ദ്രമോദി – അദാനി ബന്ധം സംബന്ധിച്ച ആരോപണങ്ങള്‍ പാര്‍ലമെന്ററി രേഖകളില്‍ നിന്ന് നീക്കിയ നടപടി ചര്‍ച്ചയാകുന്നു. അദാനിയും സംഘ പരിവാറും തമ്മിലുള്ള അവിശുദ്ധ സാമ്പത്തിക കൂട്ടുകെട്ടിന്റെ കഥകള്‍ പുറം ലോകമറിയുമോ എന്ന ഭയമാണ് ഇതിനു പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ബോണ്ടുകള്‍ വഴി ബിജെപി അദാനിയില്‍ നിന്ന് കൈപ്പറ്റിയ കോടികള്‍ക്ക് കണക്കുപറയേണ്ടി വരുമെന്ന ഭയവും പാര്‍ട്ടിക്കുണ്ട്. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇടതുപക്ഷവും എല്ലാം ഉയര്‍ത്തിയ ആരോപണങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഭരണപക്ഷത്തെ വിറളി പിടിപ്പിച്ചിരിക്കുകയാണ്.
രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗേയും ഇടതുപക്ഷവുമെല്ലാം ഉയര്‍ത്തിയ പരാമര്‍ശങ്ങള്‍ ഭരണ പക്ഷത്തെ വിറളിപിടിപ്പിക്കുകയാണ്. ആരോപണങ്ങള്‍ സഭാ രേഖകളില്‍ നിന്നു നീക്കിയില്ലെങ്കില്‍ ബി ജെ പി അദാനിയില്‍ നിന്നു കൈപ്പറ്റിയ ബോണ്ടിന്റെ വ്യാപ്തി പുറത്തുവരുമെന്ന് അവര്‍ ഭയപ്പെടുന്നുണ്ടാവണം.
രാജ്യം അദാനിക്ക് തീറെഴുതിയോ എന്ന് ലോകസഭയില്‍ ചോദിച്ച രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള ബന്ധം എണ്ണമിട്ടു നിരത്തി. രാജ്യത്തെ വിമാനത്താവളങ്ങള്‍ അദാനിക്ക് നല്‍കാനായി നിയമങ്ങളില്‍ മാറ്റം വരുത്തി. അദാനിക്ക് വേണ്ടി സര്‍ക്കാര്‍ വിദേശ നയത്തില്‍ മാറ്റം വരുത്തി. ബജറ്റിലെ പല പ്രഖ്യാപനങ്ങളും അദാനിക്ക് വേണ്ടിയാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. പ്രതിരോധ മേഖലയിലും അദാനി പ്രവര്‍ത്തിക്കുന്നു. ഇത് രാജ്യസുരക്ഷയുടെ പ്രശ്‌നമാണ്. രാജ്യം അദാനിക്ക് തീറെഴുതി നല്‍കിയോ എന്നും രാഹുല്‍ ചോദിച്ചിരുന്നു.
സഭാ രേഖകളില്‍ നിന്ന് ഈ ചോദ്യങ്ങള്‍ നീക്കപ്പെട്ടെങ്കിലും ഇന്ത്യന്‍ ജനതയുടെ മുന്നില്‍ ഈ ചോദ്യങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നു.
രാജ്യം കണ്ട ഏറ്റവും വലിയ കര്‍ഷക സമരത്തിലേക്കു നയിച്ച തീരുമാനത്തിനു പിന്നിലും മോദി- അദാനി ബന്ധമായിരുന്നു. കാര്‍ഷിക മേഖല മുതല്‍ പ്രകൃതിവിഭവങ്ങളടക്കം കൊള്ളയടിക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുന്ന മോദി -അദാനി നയങ്ങള്‍ക്കെതിരായ സമരത്തിനു മുന്നില്‍ മോദിക്കു മുട്ടുമടക്കേണ്ടിവന്നു.
കര്‍ഷക സമരം രാജ്യത്തിനെതിരായ സമരമെന്നു പറഞ്ഞു നേരിടാന്‍ നോക്കിയ ബി ജെ പി, ഹിന്‍ഡന്‍ബര്‍ഗ് അദാനി ഗ്രൂപ്പിന്റെ തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവന്നപ്പോഴും പറയുന്നത് ഇത് ഇന്ത്യക്കെതിരായ നീക്കമാണെന്നാണ്.
മോദി വിരിച്ച തണലില്‍ നിന്നാണ് അദാനിഗ്രൂപ്പ് മാനം മുട്ടെ വളര്‍ന്നത്. പ്ലാസ്റ്റിക് അസംസ്‌കൃത വസ്തുക്കളുടെ ചെറുകിട ഇറക്കുമതിക്കാരനായിരുന്ന ഗൗതം അദാനി ഗുജറാത്തില്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായ ശേഷം കുതിച്ചുകയറിയ കഥ ഏവര്‍ക്കും സുപരിചിതമാണ്.
ബി ജെ പിക്കായി മുഖ്യമായും ഫണ്ട് ശേഖരിച്ചിരുന്ന പ്രമോദ് മഹാജനെ ആശ്രയിച്ചു മുന്നോട്ടു പോകാന്‍ കഴിയില്ലെന്നു തിരിച്ചറിഞ്ഞ മോദിയാണ് സ്വന്തമായി ഒരു കോടീശ്വരനെ വളര്‍ത്താനുള്ള തന്ത്രം മെനഞ്ഞത്.
റിലയന്‍സ് അടക്കിവാണ ഗുജറാത്തിന്റെ കവാടം മോദി അദാനിക്കുവേണ്ടി തുറന്നിട്ടു. ഭരണം അഴിമതി വിമുക്തമെന്ന പ്രതിച്ഛായ ഉണ്ടാക്കാനും ഇതുവഴി സാധിച്ചു. പണം കോര്‍പറേറ്റില്‍ നിന്നു നേരിട്ട് ഒഴുകിയെത്തുമ്പോള്‍ പാര്‍ട്ടിക്കു പണമുണ്ടാക്കാന്‍ ആശാസ്യമല്ലാത്ത മറ്റുവഴികള്‍ ആവശ്യമില്ലല്ലോ.
മോദി ഭരണത്തില്‍ ഗുജറാത്തില്‍ അദാനി വളര്‍ന്നു. മുന്ധ്ര തുറമുഖത്തിന്റെ ആധിപത്യം ലഭിച്ചതോടെ കുതിപ്പു തുടങ്ങി. 2014ല്‍ മോദി പ്രധാനമന്ത്രിയായതോടെ അദാനി ഗ്രൂപ്പിന്റെ വളര്‍ച്ച കണ്ണഞ്ചിപ്പിക്കുന്നതായി. പൊളിഞ്ഞ കമ്പനികളുടെ ആസ്തികള്‍ അദാനിഗ്രൂപ്പ് ഏറ്റെടുത്തു. അതിനൊക്കെ പണം എവിടെനിന്ന് കിട്ടുന്നുവെന്ന ചോദ്യമുണ്ടായില്ല.
മൂല്യം പെരുപ്പിച്ച് കാട്ടിയ ഓഹരികള്‍ പണയംവച്ച് ബാങ്ക് വായ്പകള്‍ എടുക്കുന്ന പരിപാടി അന്നേ തുടങ്ങി. സര്‍ക്കാര്‍ അതിനുള്ള വഴിയൊരുക്കിക്കൊടുത്തു. ഭരണ സ്വാധീനം ഉപയോഗിച്ചു ശ്രീലങ്കയില്‍ അദാനിക്ക് പദ്ധതി ലഭിച്ചു. ഇന്ത്യയില്‍ വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനിഗ്രൂപ്പിന് നല്‍കാന്‍ പുതിയ ചട്ടങ്ങള്‍ ഉണ്ടായി.
കല്‍ക്കരി ഇറക്കുമതിക്കു പാത സുഗമമായി. 2019 ഓടെ അദാനി വിവിധ മേഖലകളിലെ മറ്റു കോര്‍പറേറ്റുകളെ ഒതുക്കി. ഹരിത ഊര്‍ജരംഗത്ത് അദാനി നിലയുറപ്പിച്ചു. പ്രതിരോധനിര്‍മാണം, ഡ്രോണ്‍ എന്നീ മേഖലകളിലും കടന്നു കയറി. അതിവേഗമുള്ള ഈ വളര്‍ച്ചക്കു പിന്നിലെ സാമ്പത്തിക ഉറവിടം സംശയകരമായി തുടര്‍ന്നു. അദാനിഗ്രൂപ്പിന്റെ തട്ടിപ്പുകള്‍ ഹിന്‍ഡന്‍ബര്‍ഗ് തുറന്നു കാട്ടും വരെ ആ ദുരൂഹത നിലനിന്നു.
തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി മോദി പറന്നത് അദാനിയുടെ ഹെലികോപ്റ്ററിലായിരുന്നു. പ്രധാനമന്ത്രിക്കൊപ്പം ന്യൂയോര്‍ക്കില്‍ പോയ അദാനി ബിസിനസ് കരാറുകള്‍ ഒപ്പുവെച്ചു. ഭൂട്ടാനിലും ബ്രസീലിലും ജപ്പാനിലും ഫ്രാന്‍സിലും ചൈനയിലും മോദിക്കൊപ്പം അദാനിയുമുണ്ടായിരുന്നു. ലോക വ്യവസായ രംഗത്തെ പ്രമുഖനായി വളരാന്‍ അദാനിയെ ഈ ബന്ധം സഹായിച്ചു.
1988ലാണ് അദാനി ഗ്രൂപ്പ് സ്ഥാപിതമായത്. മോദിയുടെ രാഷ്ട്രീയ വളര്‍ച്ചക്കൊപ്പമാണ് അദാനിയും വളര്‍ന്നത്. 2001ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരത്തിലേറുമ്പോള്‍ അദാനിയുടെ ഏക യൂണിറ്റായ അദാനി എന്റര്‍പ്രൈസസിനേക്കാള്‍ 500 മടങ്ങു മുന്നിലായിരുന്നു റിലയന്‍സ്.
മോദി പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആയപ്പോള്‍ തന്നെ അദാനിയുടെ യൂണിറ്റുകളായ അദാനി എന്റര്‍പ്രൈസസ്, അദാനി പവര്‍ ലിമിറ്റഡ്, അദാനി പോര്‍ട്‌സ് ആന്റ് സ്‌പെഷല്‍ എക്‌ണോമിക്് സോണ്‍സ് ലിമിറ്റഡ് എന്നിവയുടെ ഷെയറുകള്‍ മൂല്യം മൂന്നുമടങ്ങായി ഉയര്‍ന്നു.
മറ്റ് കമ്പനികള്‍ പരാജയപ്പെട്ടിടത്തും അദാനി വിജയിച്ചു. അദാനി പോര്‍ട്‌സ് ഇന്ത്യയുടെ കിഴക്കന്‍ തിരത്ത് വ്യാപിപ്പിക്കുന്നതില്‍ മുഴുകി.
ഭരണത്തിന്റെ തണലില്‍ വളര്‍ത്തിയെടുത്ത കോര്‍പറേറ്റ് ഭീമനു ലഭിക്കുന്ന തിരിച്ചടി ലഭിക്കുമ്പോള്‍ അതിന്റെ വളര്‍ച്ചക്കു കുടനിവര്‍ത്തിക്കൊടുത്തവര്‍ക്കു മാറിനില്‍ക്കാനാവില്ല. ബോണ്ടുകള്‍ വഴി ബി ജെ പി അദാനിയില്‍ നിന്നു കൈപ്പറ്റിയ കോടികള്‍ക്കും കണക്കു പറയേണ്ടി വരും.
ജനാധിപത്യ വേദികളില്‍ അതിനുത്തരം പറയേണ്ടിവരുമ്പോള്‍ മുട്ടിടിക്കുമെന്നുറപ്പാണ്. അതിനാലാണ് ഇത്തരം ചോദ്യങ്ങളെപ്പോലും നിഗ്രഹിക്കാനുള്ള ശ്രമം എന്നാണ് പ്രതിപക്ഷം പറയുന്നത്.