brics summit
പുതിയ ബ്രിക്സ് പുതിയ ലോകം പണിയുമോ?
രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ മാറ്റി നിര്‍ത്തി, ഒരു കൂട്ടായ്മ എന്ന നിലക്ക് കാണുമ്പോള്‍ ബ്രിക്‌സ് കൂട്ടായ്മയുടെ വിപുലീകരണത്തിന് ഗുണവും ദോഷവുമുണ്ട്്. വിപുലീകരണം ആഗോള സമ്പദ് വ്യവസ്ഥയില്‍ ബ്രിക്‌സ് കൂട്ടായ്മക്ക് വലിയ ശക്തിയും സ്വാധീനവും നല്‍കും. വ്യാപാരം, നിക്ഷേപം, സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ കൂടുതല്‍ ഫലപ്രദമായി സഹകരിക്കാനും ഇത് സഹായിക്കും.
ഈ മാസം 22 മുതല്‍ 24 വരെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗിലാണ് പതിനഞ്ചാമത് ബ്രിക്സ് ഉച്ചകോടി നടന്നത്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസയാണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചിരുന്നത്. ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡസില്‍വ, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് എന്നിവരാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഉച്ചകോടിയില്‍ പങ്കെടുത്ത മറ്റ് നേതാക്കള്‍. അന്താരാഷ്ട്ര വാറണ്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ഓണ്‍ലൈന്‍ വഴിയാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. പകരം പ്രധിനിധിയായി എത്തിയത് വിദേശകര്യ മന്ത്രി സെര്‍ജി ലാവ്റോവ് ആയിരുന്നു. കൊവിഡ് മഹാമാരിയും ആഗോള സമ്പദ് വ്യവസ്ഥയും, കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര വികസനവും, വ്യാപാരവും നിക്ഷേപവും, സുരക്ഷയും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളും, ബ്രിക്‌സ് അംഗരാജ്യങ്ങളുടെ വിപുലീകരണം എന്നിവയൊക്കെ ആയിരുന്നു ഈ ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍.
“ഭാവിയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം മുന്‍നിര്‍ത്തിയാണ് ബ്രിക്സ് ബിസിനസ്സ് കൗണ്‍സില്‍ യോഗം ചേരുന്നതെന്ന്’ ഉച്ചകോടിയുടെ ഉദ്ഘാടന വേളയില്‍ വാണിജ്യ വ്യവസായ മന്ത്രി ഇബ്‌റാഹീം പട്ടേല്‍ പറയുകയുണ്ടായി. കൂടാതെ, നിലവില്‍ ആഫ്രിക്ക കേവലം ഒരു അസംസ്‌കൃത വസ്തു വിതരണക്കാരന്‍ മാത്രമല്ല, പുതിയ ലോകത്ത് സ്ഥാനം പിടിക്കുന്ന ഒരു രാജ്യമായി വളര്‍ന്നു കഴിഞ്ഞു എന്നും അദ്ദേഹം ഓര്‍മപ്പെടുത്തിയിരുന്നു. ലോകത്തിപ്പോള്‍ നിരവധി പ്രശ്‌നങ്ങളും പ്രതിസന്ധികളുമുണ്ടെന്നും എന്നാല്‍ ആ പ്രശ്നങ്ങളെ നേരിടാന്‍ പോന്ന ധീരരായ വ്യക്തികളും ലോകത്തിലുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സഹകരണ പങ്കാളിത്തത്തിലൂടെ വളരാനും അഭിവൃദ്ധി പ്രാപിക്കാനും നമ്മുടെ സമ്പദ് വ്യവസ്ഥകള്‍ക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്ക, ജപ്പാന്‍, യു കെ ഉള്‍പ്പെടുന്ന ഏഴ് വികസിത സമ്പദ് വ്യവസ്ഥകളുടെ കൂട്ടായ്മയാണ് ജി 7. ഈയൊരു കൂട്ടായ്മക്ക് വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള ബദല്‍ പോലെയാണ് ബ്രിക്‌സ് പ്രവര്‍ത്തനം. വളര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥകളുടെ ശബ്ദമായി സ്വയം നിലയുറപ്പിക്കാനും ആഗോള വിഷയങ്ങളിലെ പാശ്ചാത്യ ആധിപത്യത്തെ വെല്ലുവിളിക്കാനും ഉതകുന്ന രീതിയിലാണ് ബ്രിക്സിന്റെ വളര്‍ച്ച. മുകളില്‍ പറയപ്പെട്ട അജന്‍ഡകളില്‍ പ്രധാനപ്പെട്ടതും നേതാക്കള്‍ കാര്യമായി ചര്‍ച്ചക്കെടുത്തതും അതിന്റെ അംഗരാജ്യങ്ങളുടെ വിപുലീകരണത്തെ കുറിച്ചായിരുന്നു. സഊദി അറേബ്യ, ഇറാന്‍ തുടങ്ങി നാല്‍പ്പതിലധികം രാജ്യങ്ങള്‍ ഈയൊരു കൂട്ടായ്മയില്‍ അംഗങ്ങളാകാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ബ്രിക്സിന്റെ വിപുലീകരണം ബ്രിക്സ് കൂട്ടായ്മയുടെ ആഗോള സ്വാധീനം കൂടുതല്‍ വര്‍ധിപ്പിക്കും എന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ അഭിപ്രായപ്പെട്ടത്.
ഈയവസരത്തില്‍ സഖ്യത്തിന് സാധ്യതയുള്ള വിപുലീകരണ മാര്‍ഗങ്ങള്‍ പരിശോധിക്കുന്നതോടൊപ്പം ആഗോള രാഷ്ട്രീയ, സാമ്പത്തിക ക്രമത്തെ ശക്തമായി സ്വാധീനിക്കാനുള്ള അതിന്റെ ശക്തി എങ്ങനെയിരിക്കുമെന്ന് നോക്കാം. ലോക ബേങ്കിന്റെ കണക്കുകള്‍ പ്രകാരം ആഗോള ജനസംഖ്യയുടെ 40 ശതമാനത്തിലധികവും ബ്രിക്‌സ് രാജ്യങ്ങളിലാണ്. കൂടാതെ അന്താരാഷ്ട്ര നാണ്യ നിധിയുടെ കണക്ക് പ്രകാരം ലോക ജി ഡി പിയുടെ മൂന്നില്‍ ഒന്നും ഈ കൂട്ടായ്മയുടേതാണ്. അവരുടെ തന്നെ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് ഡാറ്റാ ബേസിന്റെ 2023ലെ കണക്കനുസരിച്ച് പര്‍ച്ചെയ്‌സിംഗ് പവര്‍ പാരിറ്റി (വാങ്ങല്‍ ശേഷി) പ്രകാരം ആഗോള സമ്പദ് വ്യവസ്ഥയില്‍ ജി-7 രാജ്യങ്ങളുടെ വിഹിതത്തെ ബ്രിക്‌സ് കൂട്ടായ്മ ഇതിനകം മറികടന്നിരിക്കുന്നു എന്നാണ്. 2009ല്‍ ബ്രിക്‌സിന്റെ രൂപവത്കരണത്തിന് ശേഷം ഇന്ത്യയും ചൈനയും വലിയ വളര്‍ച്ച നേടിയിട്ടുണ്ട്. കൂടാതെ വരുന്ന കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ആഗോള സമ്പദ് വ്യവസ്ഥയില്‍ ഈ രണ്ട് രാജ്യങ്ങളും മുകളിലെത്തിയേക്കുമെന്ന് ഗോള്‍ഡ്‌മെന്‍ സാച്ചസ് പോലോത്ത ഏജന്‍സികള്‍ കണക്കുകൂട്ടുന്നു. ഇവിടെയാണ് എന്തുകൊണ്ട് ബ്രിക്‌സിന്റെ അംഗത്വം വിപുലീകരിക്കണം എന്ന ചര്‍ച്ച ശ്രദ്ധേയമാകുന്നത്.
പടിഞ്ഞാറ് കേന്ദ്രീകൃത ലോകത്ത് അമേരിക്കയെ നേരിടാനുള്ള ഒരു ബദല്‍ ഗ്രൂപ്പ് സൃഷ്ടിക്കാന്‍ വേണ്ടിയാണ് ബ്രിക്‌സിന്റെ വിപുലീകരണം എന്ന് ചില വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അമേരിക്ക – ചൈന തമ്മിലുള്ള പ്രശ്‌നങ്ങള്‍ കാരണം അമേരിക്കയുമായുള്ള വ്യാപാര ബന്ധത്തില്‍ നിന്ന് ചൈനയെ അകറ്റാനുള്ള നീക്കത്തെ ഒരുതരത്തില്‍ ഇത് പ്രതിരോധിക്കുമെന്നതും മറ്റൊരു കാരണമാണ്. കൂടാതെ യുക്രൈനെ പൂര്‍ണമായി തങ്ങള്‍ക്ക് കീഴില്‍ കൊണ്ടുവരാനുള്ള റഷ്യന്‍ അധിനിവേശ താത്പര്യത്തില്‍ അവര്‍ക്ക് പുതിയ “കൂട്ടുകാരെ’ കിട്ടുമെന്നതാണ് മറ്റൊരു അഭിപ്രായം. മറ്റു രാജ്യങ്ങളായ ദക്ഷിണാഫ്രിക്കയും ബ്രസീലും ഈയൊരു വിപുലീകരണത്തിന് അനുകൂലമാണ്. എന്നാല്‍ ബ്രിക്‌സ് കൂട്ടായ്മ ഒരു സേച്ഛാധിപത്യത്തിലേക്ക് ചായുമോ എന്ന ആശങ്കയുടെ പുറത്ത്, വിപുലീകരണത്തോടുള്ള നിലപാടില്‍ ഇന്ത്യക്ക് ഒരു മൃദുസമീപനമല്ല ഉള്ളത്. ഇനി അഥവാ പുതിയ അംഗങ്ങള്‍ക്ക് പ്രവേശനം നല്‍കുകയാണെങ്കില്‍ തന്നെ ഉള്ള അംഗങ്ങള്‍ക്കിടയില്‍ കൃത്യമായ ഒരു സന്തുലിതാവസ്ഥ ഉറപ്പാക്കണമെന്നുമാണ് ഇന്ത്യയുടെ ആവശ്യം.
നിലവില്‍ ഇരുപതോളം രാജ്യങ്ങള്‍ ഔദ്യോഗികമായി ബ്രിക്‌സില്‍ അംഗത്വം തേടി അപേക്ഷിച്ചിരുന്നു. സഊദി അറേബ്യ, എത്യോപ്യ, അര്‍ജന്റീന, ഇന്തോനേഷ്യ എന്നിവ അവയില്‍ ചില പ്രധാനപ്പെട്ട രാജ്യങ്ങളാണ്. മിഡില്‍ ഈസ്റ്റിലെ പ്രധാന സാമ്പത്തിക-ഊര്‍ജ ശക്തി എന്ന നിലയില്‍ സഊദി അറേബ്യയാണ് ഇതില്‍ ഏറ്റവും ശക്തമായ രാജ്യമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. കൂടാതെ സഊദിക്ക് പ്രാദേശിക നയതന്ത്ര കാര്യങ്ങളില്‍ ചെറുതല്ലാത്ത പങ്കുണ്ടെന്നതാണ് മറ്റൊരു കാര്യം. ലോകത്തെ ജനസംഖ്യയില്‍ നാലാമത് നില്‍ക്കുന്ന ഇന്തോനേഷ്യയാണ് ബ്രിക്‌സില്‍ അംഗത്വം കാത്തുനില്‍ക്കുന്ന മറ്റൊരു ശക്തമായ രാജ്യം.
എന്നാല്‍ ഉച്ചകോടി അവസാനിച്ചതോടെ ചിത്രം വ്യക്തമായിരിക്കുകയാണ്. അടുത്ത വര്‍ഷം ജനുവരി മുതല്‍ പുതിയ ആറ് രാജ്യങ്ങള്‍ക്ക് കൂടി ബ്രിക്‌സില്‍ മെമ്പര്‍ഷിപ്പ് ലഭിക്കും. അര്‍ജന്റീന, ഈജിപ്ത്, എത്യോപ്യ, ഇറാന്‍, സഊദി അറേബ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവയാണ് പുതുതായി വരുന്ന ആറ് അംഗങ്ങള്‍. ബ്രിക്‌സില്‍ ചേരാനുള്ള പ്രോത്സാഹന കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒരു ഘടകം, ബ്രിക്‌സ് ഡെവലപ്‌മെന്റ് ബേങ്കാണ്. കാരണം 2014ല്‍ ബേങ്ക് സ്ഥാപിതമായതു മുതല്‍, വികസനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി 30 ബില്യണിലധികം വായ്പകള്‍ ഇതിനോടകം തന്നെ ബേങ്ക് അംഗീകരിച്ചിട്ടുണ്ട്. ലോക ബേങ്ക് പോലെയുള്ള സ്ഥാപനങ്ങളില്‍ നിന്ന് പണമിടപാടുകള്‍ നടത്തുന്നതിനേക്കാള്‍ സൗകര്യം ഇതുപോലെയുള്ള ബേങ്കുകളില്‍ നിന്നായിരിക്കും. കൂടാതെ ബ്രിക്‌സിനു കീഴിലുള്ള ബേങ്ക്, ഡോളറിന് പകരം വ്യാപാര, വാണിജ്യ, നിക്ഷേപ ആവശ്യങ്ങള്‍ക്ക് പ്രാദേശിക കറന്‍സികള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹനം നല്‍കുന്നുമുണ്ട്. നിലവില്‍ ജി-7 രാജ്യങ്ങള്‍ക്ക് ഒരു ബദലായി മുന്നോട്ട് വരാനും വിപുലീകരണം സഹായിക്കും എന്നാണ് കണക്കുകൂട്ടല്‍.
രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ മാറ്റി നിര്‍ത്തി, ഒരു കൂട്ടായ്മ എന്ന നിലക്ക് കാണുമ്പോള്‍ ബ്രിക്‌സ് കൂട്ടായ്മയുടെ വിപുലീകരണത്തിന് ഗുണവും ദോഷവുമുണ്ട്. വിപുലീകരണം ആഗോള സമ്പദ് വ്യവസ്ഥയില്‍ ബ്രിക്‌സ് കൂട്ടായ്മക്ക് വലിയ ശക്തിയും സ്വാധീനവും നല്‍കും. വ്യാപാരം, നിക്ഷേപം, സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ കൂടുതല്‍ ഫലപ്രദമായി സഹകരിക്കാനും ഇത് സഹായിക്കും. അംഗത്വത്തിന് അപേക്ഷിക്കുന്ന രാജ്യങ്ങളില്‍ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കും. മറുഭാഗത്ത്, ഓരോ രാജ്യത്തിനും തങ്ങളുടേതായ അഭിപ്രായങ്ങളുണ്ടാകുമ്പോള്‍ ചില കാര്യങ്ങളില്‍ സമവായത്തിലെത്തുന്നത് വളരെ ശ്രമകരമായിരിക്കും. കൂടാതെ നിലവിലെ അംഗങ്ങളും പുതിയ അംഗങ്ങളും തമ്മിലുള്ള സമ്മര്‍ദങ്ങള്‍ക്കും ഇത് കാരണമായേക്കാം എന്നതൊക്കെയാണ് ചില ദോഷ വശങ്ങള്‍.