Connect with us

Jayalalitha demise

ജയലളിതയുടെ മരണത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുമോ?

തന്നെ ബ്ലാക്ക് മെയില്‍ ചെയ്തുകൊണ്ടു ശശികലയും കൂട്ടരും സമാന്തര ഭരണം നടത്തുന്നതു ജയലളിതയെ മാനസികമായി തളര്‍ത്തി.

Published

|

Last Updated

കോഴിക്കോട് | തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയെന്നു വെളിപ്പെടുത്തി ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ ആ മരണത്തിന്റെ പിന്നാമ്പുറ കഥകള്‍ വീണ്ടും ചര്‍ച്ചയാവുന്നു.

ജയലളിതയും തോഴി ശശികലയും 2012 മുതല്‍ നല്ല ബന്ധത്തിലായിരുന്നില്ലെന്നതടക്കം നിര്‍ണായക വിവരങ്ങളാണു ജയലളിതയുടെ മരണം അന്വേഷിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ പുറത്തു വിട്ട വിവരങ്ങള്‍. 2016 സെപ്റ്റംബര്‍ 22ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷമുള്ള കാര്യങ്ങള്‍ രഹസ്യമാക്കി വച്ചു, വിദേശ ഡോക്ടര്‍മാര്‍ ജയലളിതയ്ക്ക് ഹൃദയ ശസ്ത്രക്രിയ ശുപാര്‍ശ ചെയ്‌തെങ്കിലും നടത്തിയില്ല, ചികിത്സയ്ക്കിടെ പുറത്തു വന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ വലിയ വൈരുധ്യങ്ങള്‍ ഉണ്ടായി തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ജയലളിതയുടെ മരണ സമയം സംബന്ധിച്ചും വ്യക്തതക്കുറവുണ്ട്. മരണം സംഭവിച്ചെങ്കിലും ആ വിവരം മറച്ചു വച്ചു. ഒരു ദിവസം കഴിഞ്ഞാണ് മരണ വിവരം പുറത്തുവിട്ടത്. ജയലളിതയുടെ തോഴി ശശികല, ഡോ.ശിവകുമാര്‍, ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണന്‍, മുന്‍ ആരോഗ്യമന്ത്രി വിജയ് ഭാസ്‌കര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവര്‍ നാലു പേരും വിചാരണ നേരിടണമെന്നും ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് കമ്മീഷന്‍ തമിഴ്‌നാട് നിയമസഭയില്‍ വച്ചു.

ജയലളിതയുടെ മരണത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന കാര്യം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. മരണത്തിനു പിന്നിലെ ദുരൂഹതകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചത്. സുപ്രീംകോടതി അനുമതിയോടെയായിരുന്നു അന്വേഷണ തീരുമാനം.

ആരോഗ്യ നില മോശമായതിനെത്തുടര്‍ന്നു 2016 സെപ്റ്റംബര്‍ 22നാണ് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍ അഞ്ചിനു ജയലളിത അന്തരിച്ചു. ആശുപത്രിയില്‍ കഴിയുന്ന ദിവസങ്ങളില്‍ തന്നെ അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പല അഭ്യൂഹങ്ങളും പരന്നു. ജയലളിതയുടെ മരണ വാര്‍ത്തക്കുപിന്നാലെ അന്നത്തെ അണ്ണാഡി എം കെ മന്ത്രി ഡിണ്ടിഗല്‍ ശ്രീനിവാസന്‍ ചില ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ച.ു

ഹൃദയസ്തംഭനമാണു മരണ കാരണമെന്ന് ആശുപത്രി അധികൃതരുടെ വിശദീകരിക്കുന്നുണ്ടെങ്കിലും അക്കാര്യങ്ങള്‍ വിശ്വാസ യോഗ്യമല്ലെന്നും ആരോപണമുണ്ടായി. അവസാനകാലത്തെ ആശുപത്രിവാസത്തിനിടെ ജയലളിതയെ ആരും കണ്ടിട്ടില്ലെന്നും തോഴി വി കെ ശശികലയും കുടുംബവുമാണു ജയലളിതയുടെ മരണത്തിന് ഉത്തരവാദികളെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

ശശികലയെ പേടിച്ചാണു താനുള്‍പ്പെടെയുള്ള മന്ത്രിമാര്‍ ജയയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചു കള്ളം പറഞ്ഞതെന്നായിരുന്നു ശ്രീനിവാസന്റെ വെളിപ്പെടുത്തല്‍. ജയലളിതയുടെ മരണത്തില്‍ സംശയത്തിന്റെ മുനകളെല്ലാം നീണ്ടതു ശശികലയുടെ കുടുംബത്തിനു നേരെയാണ്. അപ്പോളോ ആശുപത്രി അധികൃതര്‍ വാര്‍ത്താ സമ്മേളനം വിളിച്ച് മരണകാരണം വ്യക്തമാക്കിയെങ്കിലും പൊതു സമൂഹം അക്കാര്യങ്ങള്‍ വിശ്വസിച്ചില്ല. ശശികലയെ ജനറല്‍ സെക്രട്ടറിയാക്കിയതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട ഒ പനീര്‍സെല്‍വവും ജയലളിതയുടെ മരണത്തെക്കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു രംഗത്തുവന്നിരുന്നു.

ഒ പിനീര്‍ സെല്‍വം-എടപ്പാടി പളനിസാമി (ഒ പി എസ്- ഇ പി എസ്) ലയനം സാധ്യമായതിനു പിന്നാലെയാണു തലൈവിയുടെ മരണത്തെക്കുറിച്ചു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.

ജയലളിതക്കു തോഴി ശശികല പതിയെ പ്രവര്‍ത്തിക്കുന്ന വിഷം ( സ്ലോ പോയിസണ്‍) നല്‍കി എന്നതടക്കമുള്ള ആരോപണങ്ങള്‍ തമിഴ് നട്ടില്‍ പടര്‍ന്നു. രോഗിയായിരുന്നപ്പോള്‍ നടത്തിയ രക്ത പരിശോധനയില്‍ ജയലളിതയുടെ ശരീരത്തില്‍ ലെഡിന്റെ അളവ് കൂടുതലായിരുന്നു. സ്ലോ പോയിസണ്‍ ശരീരത്തില്‍ കടന്നിരുന്നതായി വാര്‍ത്തകള്‍ പടര്‍ന്നത് ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു.
അമ്പത് ദിവസത്തോളം ജയലളിത ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ ശശികലയും ഏതാനും ചില വിശ്വസ്തരും മാത്രമേ ആശുപത്രിയില്‍ അവരെ പരിചരിക്കാന്‍ ഉണ്ടായിരുന്നുള്ളൂ.

ഈ പശ്ചാത്തലത്തലങ്ങളെല്ലാം പരിഗണിച്ചായിരുന്നു ജസ്റ്റിസ് അറുമുഖസ്വാമി കമ്മീഷന്‍ മരണത്തിനു പിന്നിലെ ദുരൂഹതയുടെ ചുരുളഴിക്കാനെത്തിയത്.

2012 ല്‍ ജയലളിത തന്റെ തോഴിയായ ശശികലയെയും കൂട്ടാളികളെയും തന്റെ വതസിയായ പോയസ് ഗാര്‍ഡനില്‍ നിന്നു പുറത്താക്കിയിരുന്നു.
താന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ശശികലയും കൂട്ടരും സമാന്തരമായ അധികാര കേന്ദ്രം സ്ഥാപിച്ചതായി മനസ്സിലാക്കിയാണ് ജയലളിത പ്രിയ തോഴിയെ പുറത്താക്കിയത്. പുറത്താക്കി മുപ്പത് ദിവസങ്ങള്‍ക്കു ശേഷം ശശികലയെ ജയലളിത പോയസ് ഗാര്‍ഡനിലേക്കു തിരിച്ചു വിളിച്ചു. പുറത്താക്കിയ വാര്‍ത്ത സൃഷ്ടിച്ച അമ്പരപ്പു മാറുന്നതിനു മുമ്പുള്ള തിരിച്ചെടുക്കലിനു പിന്നില്‍ വന്‍ ബ്ലാക്ക് മെയിലുകള്‍ നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. തിരിച്ചെത്തിയ ശശികല തലൈവി മരിക്കും വരെ കൂടെ ഉണ്ടായിരുന്നു.

ഭരണത്തില്‍ ശശികല ഭയാനകമാം വിധം കൈകടത്തിയതു ജയലളിതയെ അമ്പരപ്പിച്ചിരുന്നു. തന്നെ ബ്ലാക്ക് മെയില്‍ ചെയ്തുകൊണ്ടു ശശികലയും കൂട്ടരും സമാന്തര ഭരണം നടത്തുന്നതു ജയലളിതയെ മാനസികമായി തളര്‍ത്തി.

തന്റെ അടുപ്പക്കാരെ ചുറ്റും വിന്ന്യസിച്ചു ജയലളിതയെ ശശികല പൂട്ടിയെന്നും ആരോപമുണ്ടായി. മോണോ റെയില്‍ പദ്ധതിയുടെ കരാര്‍ സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനിക്ക് നല്‍കാന്‍ ജയലളിത നീക്കം നടത്തിയിരുന്നു. എന്നാല്‍ ശശികല ഇടപെട്ട് മറ്റൊരു കമ്പനിയുമായി ചര്‍ച്ച നടത്തി. ശശികലയെ പുറത്താക്കുന്നതുവരെ കാര്യങ്ങള്‍ എത്തിയ തര്‍ക്കങ്ങളിലെ പ്രധാന കാരണം ഇതായിരുന്നു. ജയലളിതക്കെതിരെ നിലനിന്ന അനധികൃത സ്വത്ത് സമ്പാദന കേസില്‍ മൊഴി നല്‍കുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു ഓരോ ഘട്ടത്തിലും ശശികല ജയലളിതയെ വിരട്ടി നിയന്ത്രയണത്തില്‍ നിര്‍ത്തിയത് എന്ന വിവരങ്ങളും പുറത്തു വന്നിരുന്നു.

ജയലളിതയുടെ മരണശേഷം പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ ശശികലയെ എ ഐ എ ഡി എം കെ സെക്രട്ടറി ജനറലായി തിരഞ്ഞെടുത്തിരുന്നു. പരപ്പന അഗ്രഹാര ജയിലിലേക്ക് പോകുന്നതിന് മുമ്പ് വികെ ശശികല എടപ്പാടി പളനിസാമിയെ തമിഴ്നാട് മുഖ്യമന്ത്രിയായി നിയമിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ ശശികലയെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി അംഗീകരിച്ചില്ല. പിന്നീട് അവരെ ആ സ്ഥാനത്തുനിന്ന് നീക്കുകയും 2017 സെപ്റ്റംബറില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. പുറത്താക്കിയതിനെതിരെ അവര്‍ ചെന്നൈ കോടതിയെ സമീപിച്ചു.

 

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest