Indo - Afgan relations
താലിബാന്‍ ഭരണകൂടവുമായി സഹകരിക്കുമോ? നിലപാട് വ്യക്തമാക്കാനാകാതെ ഇന്ത്യ
അഫ്ഗാനിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും നിലവില്‍ അവിടെ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും അവരെ തിരിച്ചെത്തിക്കുന്നതിലുമാണ് ശ്രദ്ധിക്കുന്നതെന്നും വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍
ന്യൂഡല്‍ഹി | താലിബാന്‍ ഭരണം പിടിച്ച അഫ്ഗാനിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം തുടരണോ വേണ്ടയോ എന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കാനാകാതെ ഇന്ത്യ. അഫ്ഗാനിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും നിലവില്‍ അവിടെ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും അവരെ തിരിച്ചെത്തിക്കുന്നതിലുമാണ് ശ്രദ്ധിക്കുന്നതെന്നും വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ പറഞ്ഞു.
താലിബാന്‍ ഭരണകൂടത്തെ കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപാട് സംബന്ധിച്ച മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഇപ്പോള്‍ കാര്യങ്ങള്‍ പ്രാരംഭഘട്ടത്തിലാണെന്നും ഇന്ത്യ താലിബാനുമായി ബന്ധം പുലര്‍ത്തുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം മറുപടി നല്‍കി. അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ നിക്ഷേപവും ഇടപഴകലും തുടരുമോ എന്ന ചോദ്യത്തിന്, ‘അഫ്ഗാന്‍ ജനതയുമായുള്ള ചരിത്രപരമായ ബന്ധം’ തുടരുമെന്നായിരുന്നു മന്ത്രിയുടെ മറപുടി.
അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗത്തിനായി ഡോ. ജയശങ്കര്‍ തിങ്കളാഴ്ച ന്യൂയോര്‍ക്കില്‍ എത്തിയിരുന്നു. സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗത്വമില്ലാത്ത ഇന്ത്യയാണ് ഈ മാസം അധ്യക്ഷ സ്ഥാനം വഹിക്കുന്നത്. അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ 10 ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് യുഎന്‍ യോഗം ചേരുന്നത്.