Connect with us

Articles

മാറുമോ ലോകക്രമം?

പ്രതിരോധ ചെലവ് ഇരട്ടിയാക്കി സോവിയറ്റ് യൂനിയനെ സാമൂഹിക തിന്മയായി പ്രഖ്യാപിച്ച റെയ്ഗനു ശേഷം ആ നിരയിലേക്കാണ് ട്രംപ് കടന്നു വരുന്നത്. പഴയകാല അച്ചുതണ്ടുകള്‍ക്കപ്പുറം തന്‍പ്രമാണിത്തം കൈവരിച്ച നിരവധി രാജ്യങ്ങള്‍ ഇന്ന് ലോകത്തുണ്ട്. ട്രംപിന്റെ അമേരിക്കനിസ്റ്റ് നയങ്ങള്‍ മിക്കവരുടെയും താത്പര്യങ്ങള്‍ക്ക് ഭൂഷണമല്ലാത്തതിനാല്‍ പുതിയ കാലത്തെ ചേരിതിരിവുകള്‍ നാടകീയ സ്വഭാവങ്ങള്‍ കൈവരിച്ചേക്കാം.

Published

|

Last Updated

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ദുരഭിമാനങ്ങള്‍ നിശിതമായി പ്രയോഗിച്ച, ആധിപത്യ വ്യാമോഹങ്ങളുള്ള നിരവധി ഭരണാധികാരികള്‍ ലോകത്തുണ്ടായി. അതിന് നല്‍കേണ്ടി വന്ന വില ലോകമഹായുദ്ധങ്ങളില്‍ കലാശിച്ചു. ലക്ഷോപലക്ഷം മനുഷ്യരുടെ ജീവനും ആവാസ ക്രമങ്ങളും ചാരമാകുന്നത് കാണേണ്ടി വന്നു. പിരിമുറുക്കത്തോടെ നീങ്ങേണ്ടി വന്ന പല സന്ദര്‍ഭങ്ങളും പില്‍ക്കാലത്തുണ്ടായെങ്കിലും അവയൊന്നും കൈവിട്ടു പോയില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ലോകം നില്‍ക്കുമ്പോള്‍ തനിയാവര്‍ത്തനത്തിന് അവസരം കാത്തിരിക്കുന്ന അധികാരികളെ പല രാജ്യങ്ങളിലും കാണാന്‍ കഴിയും. എന്നാല്‍ ലോക രാഷ്ട്രീയം നിയന്ത്രിക്കുന്ന അമേരിക്കയില്‍ നിന്ന് അത്തരമൊരു നീക്കം നടക്കുമ്പോള്‍ കാര്യം ഗൗരവമര്‍ഹിക്കുന്നുണ്ട്.

ട്രംപ് വരവറിയിക്കുന്നത് അമിതാധികാര പ്രയോഗമെന്ന പതിവുരീതിയിലൂടെ തന്നെയാണ്. 2021ല്‍ താന്‍ അധികാര ഭ്രഷ്ടനായപ്പോള്‍ തെരുവിലിറങ്ങിയ കാപിറ്റോള്‍ കലാപകാരികള്‍ക്ക് മാപ്പ് പ്രഖ്യാപിച്ച ട്രംപ് കേസന്വേഷിച്ച ഏജന്‍സികള്‍ക്ക് നേരെ അച്ചടക്ക നടപടിക്കും ഒരുങ്ങുന്നു. വിദേശ സഹായങ്ങള്‍ നിര്‍ത്തിവെച്ചും അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് പിന്‍മാറിയും കപ്പം ചുമത്തിയും അമിത ദേശീയത ഉയര്‍ത്തി വിട്ടുമാണ് രണ്ടാമൂഴം തുടങ്ങുന്നത്. ജനാധിപത്യ ക്രമത്തിലെ മറ്റു ഏകാധിപതികളെ പോലെ ജുഡീഷ്യറിയെ ചൊല്‍പ്പടിക്ക് നിര്‍ത്താനും ഒരുങ്ങുന്നുണ്ട്. ഡെമോക്രാറ്റുകളെ പോലെ സ്വന്തം കക്ഷിയായ റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ ജനാധിപത്യ വാദികളും ട്രംപിനെ വിമര്‍ശിച്ചു തുടങ്ങിയിട്ടുണ്ട്. മുതിര്‍ന്ന സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാമിനാണ് അതിന്റെ നേതൃത്വം. അദ്വാനി, ജോഷിമാരെ പ്രതിഷ്ഠിച്ച മാതൃകയില്‍ മറ്റൊരു ‘മാര്‍ഗദര്‍ശക് മണ്ഡല്‍’ പോലും ട്രംപില്‍ നിന്നുണ്ടാകാന്‍ സാധ്യതയില്ല.

ചരിത്രത്തില്‍ ഇടം നേടുക എന്നത് ഏകാധിപത്യ സ്വഭാവമുള്ള എല്ലാ ഭരണാധികാരികളുടെയും ദൗര്‍ബല്യമാണ്. പ്രതിലോമ അജന്‍ഡകളാണ് അതിനുള്ള കുറുക്കു വഴികളായി സ്വീകരിക്കാറുള്ളത്. എക്സിക്യൂട്ടീവിന്റെ അധികാരബലത്തില്‍ എതിരാളികളോട് നിര്‍ദയം പെരുമാറുന്ന രീതി പുലര്‍ത്തിയ പ്രസിഡന്റുമാര്‍ക്ക് അമേരിക്കയില്‍ മുന്‍ മാതൃകകളുണ്ട്. ആന്‍ഡ്രൂ ജാക്സണ്‍, തിയഡോ റൂസ് വെല്‍ട്ട്, റിച്ചാര്‍ഡ് നിക്സണ്‍, വാറന്‍ ജി ഹാര്‍ഡിംഗ്, റൊണാള്‍ഡ് റെയ്ഗന്‍ തുടങ്ങിയവരൊക്കെ അതില്‍ പെടും. പ്രതിരോധ ചെലവ് ഇരട്ടിയാക്കി സോവിയറ്റ് യൂനിയനെ സാമൂഹിക തിന്മയായി പ്രഖ്യാപിച്ച റെയ്ഗനു ശേഷം ആ നിരയിലേക്കാണ് ട്രംപ് കടന്നു വരുന്നത്. പഴയകാല അച്ചുതണ്ടുകള്‍ക്കപ്പുറം തന്‍പ്രമാണിത്തം കൈവരിച്ച നിരവധി രാജ്യങ്ങള്‍ ഇന്ന് ലോകത്തുണ്ട്. ട്രംപിന്റെ അമേരിക്കനിസ്റ്റ് നയങ്ങള്‍ മിക്കവരുടെയും താത്പര്യങ്ങള്‍ക്ക് ഭൂഷണമല്ലാത്തതിനാല്‍ പുതിയ കാലത്തെ ചേരിതിരിവുകള്‍ നാടകീയ സ്വഭാവങ്ങള്‍ കൈവരിച്ചേക്കാം.

ചൈനീസ് സാന്നിധ്യം
ട്രംപ് അധികാരവഴിയിലെത്തുമ്പോള്‍ ഇന്നത്തെ ശാക്തിക വടംവലികളില്‍ ചൈനയോടാണ് അമേരിക്ക ഏറ്റുമുട്ടുന്നത്. നൂതന സാങ്കേതികവിദ്യ പരിഷ്‌കാരങ്ങള്‍, ബൗദ്ധിക സ്വത്തവകാശങ്ങള്‍, സൈബര്‍ സുരക്ഷ, 5ജി, സെമി കണ്ടക്ടറുകള്‍, എ ഐ, സൈനിക സാങ്കേതിക വിദ്യ തുടങ്ങി പല മേഖലകളിലും ചൈന സമാന്തര ശക്തിയായി മാറിയിട്ടുണ്ട്. സെമി കണ്ടക്ടര്‍ വില്‍പ്പനയും 5ജി നെറ്റ് വര്‍ക്ക് രൂപകല്‍പ്പനയും എ ഐ കേന്ദ്രീകൃത ചിപ്പ് സാങ്കേതിക വിദ്യയുമടക്കം നിരവധി അള്‍ട്രാ മുന്നേറ്റങ്ങളും അവയുടെ വിനിമയങ്ങളും അമേരിക്കയും സഖ്യരാജ്യങ്ങളും ചൈനക്ക് നിഷേധിച്ചിരുന്നു. എന്നാല്‍ ചൈനീസ് കമ്പനിയായ ഹുവായ് 7എന്‍എം ചിപ്പ് സൃഷ്ടിച്ച് അമേരിക്കയെ സ്തബ്ധമാക്കി. എസ് എം ഐ സി, വൈ എം ടി സി തുടങ്ങിയ കമ്പനികളോട് ചേര്‍ന്ന് ഹുവായ്, സര്‍ക്കാര്‍ പിന്തുണയോടെ 143 ബില്യണ്‍ ഡോളറാണ് പഠന ഗവേഷണങ്ങള്‍ക്ക് പ്രതിവര്‍ഷം നീക്കി വെക്കുന്നത്. ചാറ്റ് ജി പി ടിക്ക് പകരം ചൈന ഇറക്കിയ ഡീപ്സീക്ക് ഇന്ന് അമേരിക്കയിലും തരംഗമാകുകയാണ്. 23 ലക്ഷം ബേസ് സ്റ്റേഷനുള്ള ചൈനീസ് 5ജി നെറ്റ് വര്‍ക്ക് ആഫ്രിക്ക, മധ്യപൂര്‍വ രാജ്യങ്ങള്‍, ലാറ്റിനമേരിക്ക തുടങ്ങിയിടങ്ങളില്‍ തരംഗം തീര്‍ത്തു. അമേരിക്കയും ചൈനയെ വിലക്കാന്‍ ഒപ്പം നിന്ന ജപ്പാനും ബ്രിട്ടനും ആസ്ത്രേലിയയുമൊക്കെ ഈ കളിയില്‍ കാഴ്ചക്കാരായി മാറി. ഹാക്ക് ചെയ്ത് എതിരാളിയെ നിലംപരിശാക്കുന്ന അമേരിക്കന്‍ അജയ്യതയെയും ചൈന ഇന്ന് വെല്ലുവിളിക്കുകയാണ്. സൈബര്‍ സെക്യൂരിറ്റി ഇന്ന് അമേരിക്കയുടെ കുത്തകയല്ലാതായി മാറി. ടിക് ടോക്കും മൈക്രോണുമൊക്കെ അമേരിക്ക നിരോധിച്ചിട്ടുണ്ട്. ക്വാണ്ടം കമ്പ്യൂട്ടിംഗില്‍ യു എസ് നിരോധനം മറികടന്ന് ചൈന ഇറക്കിയ ജിയുചാംഗ് -2, സുചോംഗ്സി -2 തുടങ്ങിയവ വലിയ അംഗീകാരം നേടി. യൂറോപ്യന്‍ യൂനിയനെയും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെയും ചൈനയെ നേരിടാന്‍ അമേരിക്ക ആശ്രയിക്കുന്നുണ്ട്.

അമേരിക്കയും ചൈനയും തമ്മിലുള്ള പുതിയ കാല സ്പര്‍ധകള്‍ ശീതയുദ്ധ കാലത്തെ അനുസ്മരിപ്പിക്കുന്നു. ആ വഴികള്‍ ഇന്നത്തെ തലമുറക്ക് രസാവഹമായിരിക്കും. 1949ല്‍ നാറ്റോ രൂപവത്കരിച്ച അമേരിക്കക്ക് റഷ്യ നല്‍കിയ മറുപടി അണുബോംബ് പരീക്ഷണത്തിലൂടെയായിരുന്നു. അതിനുശേഷം 1955ല്‍ യു എസ് എസ് ആര്‍ വാഴ്സ ഉടമ്പടിയുണ്ടാക്കി പോളണ്ട്, കിഴക്കന്‍ ജര്‍മനി, ചെക്കോസ്ലോവാക്യ, ഹംഗറി, റൊമേനിയ, ബള്‍ഗേറിയ, അല്‍ബേനിയ എന്നിവരെ നാറ്റോക്കെതിരെ അണിനിരത്തി. 1957ല്‍ ബഹിരാകാശത്തേക്ക് റഷ്യ സ്ഫുട്നിക് വിക്ഷേപിച്ചപ്പോള്‍ ക്ഷീണം മാറ്റാന്‍ 1958ല്‍ അമേരിക്ക നാസ രൂപവത്കരിച്ച് ചാന്ദ്ര ദൗത്യം പ്രഖ്യാപിച്ചു. 1969ല്‍ ആ അത്ഭുതം യാഥാര്‍ഥ്യമായി. സാങ്കേതിക – സൈനിക രംഗങ്ങളില്‍ പഴയ യു എസ് എസ് ആറിന് സമാനമായി ചൈനയുമായി വലിയ പോര്‍മുഖം ഇതിനോടകം തുറക്കാന്‍ നിര്‍ബന്ധിതമായ അമേരിക്ക ട്രംപിന്റെ കാലത്ത് രാഷ്ട്രീയമായി കൂടി വലിയ ഏറ്റുമുട്ടലിലേക്ക് നീങ്ങുമോ എന്നാണ് ലോകത്തിനറിയേണ്ടത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ നിലപാടിന് ഇവിടെ ഏറെ പ്രസക്തിയുണ്ട്.

ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്കന്‍ ദുരഭിമാന കാര്‍ഡും നയങ്ങളും സുഹൃത്തുക്കളെ പോലും അവര്‍ക്കെതിരാക്കാന്‍ പോന്നതാണ്. പരിസ്ഥിതി കരാറുകളില്‍ നിന്നുള്ള അമേരിക്കയുടെ പിന്‍മാറ്റം ലോകം പുതുതായി കൈവരിച്ച പല മുന്നേറ്റങ്ങളെയും ഇല്ലാതാക്കാന്‍ മതിയായതാണ്. യു എന്‍ ഏജന്‍സികള്‍ക്കും എന്‍ ജി ഒകള്‍ക്കുമുള്ള ഫണ്ട് നിഷേധം കോടിക്കണക്കിന് ദുരിതബാധിതരെ പ്രതികൂലമായി ബാധിക്കും. കുടിയേറ്റ – തൊഴില്‍ നയംമാറ്റങ്ങള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ താത്പര്യങ്ങളെ ഹനിക്കുന്നതാണ്. കാല്‍ നൂറ്റാണ്ടു കാലത്തെ പുതിയ ലോകക്രമത്തില്‍ അമേരിക്കക്ക് ലഭിച്ച പല സുഹൃത്തുക്കളെയും അഭ്യുദയകാംക്ഷികളെയും ട്രംപിന്റെ രണ്ടാം വരവ് നിരാശപ്പെടുത്താനാണ് സാധ്യത. പശ്ചിമേഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളും ചിതറിക്കിടക്കുന്ന നിരവധി ചെറുരാജ്യങ്ങളും ചൈനയുടെ നയതന്ത്ര റഡാറിലായിക്കഴിഞ്ഞിട്ടുണ്ട്. സമാന്തര സാങ്കേതിക വിദ്യയുടെ വിതരണമാണ് ഇവിടങ്ങളിലെ ചൈനയുടെ തുറുപ്പ്ചീട്ട്. സാമ്പത്തിക താത്പര്യങ്ങള്‍ എന്നും ലോക രാഷ്ട്രീയ ദായക്രമത്തിന്റെ ആദ്യ ചവിട്ടുപടിയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയും ചൈനയും ഉഭയകക്ഷി നില മെച്ചപ്പെടുത്താന്‍ തീരുമാനിച്ച വാര്‍ത്തക്ക് പുതിയ സാഹചര്യത്തില്‍ ഏറെ രാഷ്ട്രീയ പ്രധാന്യം കൂടിയുണ്ട്. അതിര്‍ത്തിയില്‍ 2020ലെ സാഹചര്യം പുനഃസ്ഥാപിച്ചും നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിച്ചും മുന്നോട്ടു പോകാന്‍ തീരുമാനിച്ചിട്ടുണ്ട്. യാര്‍ലംഗ്സാംഗ്പോ എന്ന പേരില്‍ ചൈനയിലൊഴുകുന്ന ബ്രഹ്മപുത്ര നദീജലം പങ്കിടുന്നതിലും വൈദ്യുത പദ്ധതികള്‍ ആരംഭിക്കുന്നതിലും ധാരണയായിട്ടുണ്ട്. ട്രംപിന്റെ വികല നയങ്ങള്‍ അമേരിക്കയുടെ സ്വീകാര്യതക്ക് ലോകരാഷ്ട്രീയത്തിന്റെ എല്ലാ തലങ്ങളിലും പോറലേല്‍പ്പിക്കുന്നുണ്ടെന്ന് നിസ്സംശയം നിരീക്ഷിക്കാവുന്നതാണ്.

 

Latest