cover story
മായ്ച്ചുകളയുമോ ഇവർ ആമസോണിനെ..?
തീയിട്ടും ഒന്നായി വെട്ടിനശിപ്പിച്ചും ആമസോൺ ഇല്ലാതാക്കുമ്പോൾ ലോകത്തെ ആകമാനമാണത് ബാധിക്കുന്നത്. ആ കത്തിക്കൽ പോലും ഓരോ മനുഷ്യസമൂഹത്തിന്റെയും ഇടയിലേക്കാണ് ഇറങ്ങിച്ചെല്ലുന്നത്.ആമസോണിനെപ്പോലൊരു വലിയ കാട് തുടർച്ചയായി കത്തുമ്പോൾ എത്രമാത്രം കാർബൺ ഡൈ ഓക്സൈഡായിരിക്കും പുറന്തള്ളപ്പെടുന്നത്? അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ നേരിയ വർധനവ് പോലും അന്തരീക്ഷ താപനിലയുടെ വർധനവിനു കാരണമായിത്തീരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ആവാസവ്യവസ്ഥയുള്ള ആമസോൺ മഴക്കാടുകൾ ഭൂമിയിലെ ഓരോ മനുഷ്യന്റെയും സ്വകാര്യ അഹങ്കാരമാണ്. എന്നാൽ, ഭൂമിയുടെ ശ്വാസകോശമെന്ന് വിശേഷിപ്പിക്കുന്ന ആമസോൺ കാടുകളിൽ ഇപ്പോൾ നടക്കുന്നത് റെക്കോഡ് വനനശീകരണമാണ്. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയിലധികം വനമേഖലകൾ ഈ വർഷം തുടങ്ങി എട്ട് മാസമാകുമ്പോഴേക്കും നശിപ്പിച്ചു കഴിഞ്ഞിരിക്കുന്നു.ലോകത്തിലെവിടെയും നടക്കാത്തത്ര കേട്ടുകേൾവിയില്ലാത്തത്ര സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്. വനം അഗ്നിക്കിരയാക്കിയതിലൂടെ പ്രശ്നങ്ങൾ തീർന്നെന്ന് വിശ്വസിച്ചിരുന്നവർക്കിടയിലേക്കാണ് പുതിയ ഈ വാർത്ത വരുന്നത്.
ഭൂമിയിലെ ഏറ്റവും വലിയ മഴക്കാടാണ് നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ആമസോണിനെപ്പറ്റി അറിയുന്നവർക്കിതൊരു പുതിയ വാർത്തയല്ല. പക്ഷേ, ഇത്രയധികം വനനശീകരണം, ഒരു ഞെട്ടിക്കുന്ന വാർത്തയാവുകയാണ്. ബ്രസീലിലെ ജയ്ർ ബൊൽസൊണാരോ പ്രസിഡന്റായ ഭരണകൂടം വൻകിട കച്ചവടം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്കാണ് തുടക്കമിട്ടു കൊണ്ടിരിക്കുന്നത്.
സംരക്ഷിത മേഖലകളിൽ പോലും സർവ സന്നാഹങ്ങളോടെയും കൃഷി മുന്നോട്ട് നീങ്ങുകയാണ്. മൈനിംഗ് പ്രവർത്തനങ്ങൾ 24 മണിക്കൂറും ഇടതടവില്ലാതെ നടക്കുകയാണ്. ഉഷ്ണമേഖലാ കാടുകളിലെ ഏറ്റവും ജൈവ വൈവിധ്യമേറിയതും വലുതുമായ മഴക്കാടെന്നത് ഇനി കടലാസിൽ മാത്രം ഒതുങ്ങിയേക്കാം. വെട്ടിനികത്തലുകൾ ഓരോ മിനുട്ടിലും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ആമസോൺ കാടുകൾക്ക് തീയിട്ടപ്പോൾ ആ തീപ്പിടിത്തം ബഹിരാകാശ നിലയത്തിൽ നിന്നും കാണാൻ കഴിയുന്നുവെന്ന് നാസ റിപോർട്ട് ചെയ്തിരുന്നു. എന്നാൽ നാസക്ക് നേതൃത്വം കൊടുക്കുന്ന രാജ്യമോ മറ്റ് വൻശക്തികളോ ആമസോൺ മഴക്കാടുകളുടെ നശീകരണത്തിൽ വാക്കുകൾ കൊണ്ടല്ലാതെ അത് നിർത്തിവെക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നേയില്ല.
ആർക്കാണ് ഈ കാട് നശിപ്പിക്കുന്നതു കൊണ്ട് ഗുണം?
ഈ കാട് വേണ്ടവർ തന്നെയാണ് ഈ ഉന്മൂലനത്തിന് പിന്നിൽ. കാട് വെട്ടി ലാഭം കൊയ്യുക തന്നെയാണ് സർക്കാറിന്റെയും മാഫിയകളുടെയും ലക്ഷ്യം.
മഴക്കാടുകൾക്കുള്ളിലെ ഖനന മാഫിയകളും കൃഷിക്കാരും ടൂറിസം പദ്ധതിക്കാരും ആമസോണിൽ നിറയുകയാണ്. ഇവരെ തുരത്താനും മരങ്ങൾ മുച്ചൂടും മുടിച്ച് കടത്തുന്നവരെ ഓടിക്കാനും തങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കാനും സ്വന്തം ജീവൻ തന്നെ നൽകിക്കൊണ്ട് ഗോത്ര സമൂഹം ഒറ്റക്ക് മുന്നിലുണ്ട്. ഇവരുടെ അതിജീവനത്തിനും ഉപജീവനത്തിനും ഇടയിലാണ് ഈ ചെറു ചെറു യുദ്ധങ്ങൾ വേണ്ടിവരുന്നത്. ഭരണകൂടത്തിന്റെ ഒത്താശയിൽ വെട്ടിത്തെളിയിക്കലുകാരോടും തീയിടലുകാരോടും എത്ര കാലം മറ്റാരുടെയും പിന്തുണയില്ലാതെ പൊരുതി നിൽക്കാനാകും?
പ്രകൃതിയുടെ ഈ “അക്ഷയഖനി ‘ നശിപ്പിക്കുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പക്ഷേ, ഒറ്റയടിക്ക് ഇത്രയും നശിപ്പിക്കുന്നത് ഇത് ആദ്യമായാണ്. നശിപ്പിക്കലിന് പകലും രാത്രിയുമില്ല. ആവശ്യക്കാർ അത് ഭരണകൂട ഒത്താശയോടെ നടത്തിക്കൊണ്ടേയിരിക്കുന്നു.
ഇന്നല്ല പണ്ടും; പക്ഷേ, ഇത്ര രൂക്ഷമല്ലായിരുന്നു
1972ലെ പട്ടാളഭരണമാണ് ബ്രസീലിലെ കർഷകരുടെ ഭൂമിപ്രശ്നങ്ങൾ പരിഹരിക്കുന്നതിനെന്ന് പറഞ്ഞ് ആമസോൺ കാടുകളിലൂടെ 4000 കി. മീ. ദൈർഘ്യമുള്ള ട്രാൻസ് ആമസോണിയൻ ഹൈവേ നിർമിക്കുന്നത്. സത്യത്തിൽ ഭൂപരിഷ്കരണം വഴി എല്ലാ കർഷകർക്കും ഭൂമി ലഭ്യമാക്കണമെന്നായിരുന്നു ആവശ്യമുയർന്നത്. എന്നാൽ, ഭൂ ഉടമകളെ പിണക്കാൻ ഇഷ്ടപ്പെടാതിരുന്ന അന്നത്തെ പട്ടാള ഭരണകൂടം കൂടുതൽ ഭൂമി കൃഷിയോഗ്യമാക്കുന്നത് ലക്ഷ്യമിട്ടായിരുന്നു ഹൈവേ പ്രോജക്ട് തുടങ്ങിയത്.
ഹൈവേ വന്നാൽ പിന്നെ ഇവിടേക്ക് എത്തിച്ചേരാൻ എളുപ്പമായല്ലോ. അങ്ങനെ മഴക്കാടുകൾ ലക്ഷ്യം വെച്ച് ആളുകൾ എത്താൻ തുടങ്ങി. പരിണിതമായി ഇവിടെ വ്യാപകമായ കുടിയേറ്റവും വന്നു. കൃഷി, കാലിമേയ്ക്കൽ, സ്വർണഖനനം എന്നിവക്കായി വൻതോതിൽ ഭൂമി പരിവർത്തനവും ചെയ്യപ്പെട്ടു. മൈക്കിൾ ടെമർ എന്ന മുൻ ഭരണാധികാരി സുസ്ഥിര കുടുംബകൃഷിക്കുള്ള മന്ത്രാലയം തന്നെ അഴിച്ചുപണിതു. പരിസ്ഥിതി സംരക്ഷണത്തിനും ശാസ്ത്ര വ്യാപനത്തിനുമുള്ള ഫണ്ട് വെട്ടിക്കുറക്കുകയും ചെയ്‌തു. പിന്നീടെത്തിയ പ്രസിഡന്റ്ബോൾസനാറോയും ഇതേ നയം അതിലും ശക്തമായി തന്നെ തുടരുകയാണ്.
ബ്രസീലിയൻ പരിസ്ഥിതി സംരക്ഷണ ഏജൻസിയായ ഐ ബി ബി എം എയുടെ ഫണ്ടും പുതിയ ഭരണകൂടം മുക്കാൽ ഭാഗവും വെട്ടിക്കുറച്ചു. ഇവയെല്ലാം ചേർന്ന് വനനശീകരണത്തിന്റെ തോത് അങ്ങനെ വർധിക്കുകയായിരുന്നു.
കന്നുകാലികൾക്കുള്ള മേച്ചിൽപുറങ്ങൾ സജ്ജമാക്കുന്നതിന് തടിവ്യവസായികൾ ഗവൺമെന്റ്ഒത്താശയോടെ മനപ്പൂർവം തീയിട്ടതാണെന്ന ആരോപണവും മഴക്കാട് കത്തിനശിച്ച ആ സമയത്ത് ഉയർന്നുകേട്ടിട്ടുണ്ട്.
തടി, ഖനി വ്യവസായത്തിനായി ആമസോൺ മേഖലയിലെ ഗോത്രവർഗത്തെ നശിപ്പിക്കാനാണ് പ്രസിഡന്റ് ബോൾസനാറോ ശ്രമിക്കുന്നതെന്ന് ഗോത്രവർഗ നേതാക്കൾ ഒന്നടങ്കം അഭിപ്രായപ്പെടുകയും ചെയ്യുന്നു.
ഗോത്രവർഗക്കാർ പിരിഞ്ഞു പോകട്ടെ
ഇനി കാട് ഞങ്ങളുടേതല്ല എന്ന തോന്നൽ ഇത്ര രൂക്ഷമായി ഗോത്രവർഗക്കാരെ ബാധിച്ചത് കാട് കൈക്കലാക്കി വെട്ടിനിരത്താനും തീയിടാനും തുടങ്ങിയപ്പോൾ തന്നെയാണ്. ഇപ്പോൾ ഗോത്രവർഗക്കാർ ആകെ ഇളകിയിരിക്കുകയാണ്. പ്രതിഷേധിക്കുകയാണ്. പക്ഷേ, എല്ലാം അടിച്ചമർത്താൻ സർക്കാർ സദാ സജ്ജമാണ്. എന്നാലും ജീവൻ മറന്ന് പോരാട്ടത്തിലാണവർ.
ദക്ഷിണ അമേരിക്കയിലെ ഏറ്റവും വലിയ , ഏറെക്കുറെ ഒറ്റപ്പെട്ടു ജീവിക്കുന്ന വനഗോത്ര സമൂഹങ്ങൾ ആമസോൺ മഴക്കാടുകളിലെ ബ്രസീൽ–വെനസ്വേല അതിർത്തിയിൽ താമസമാക്കിയവരാണ്. 15,000 വർഷങ്ങൾക്ക് മുന്പ് കിഴക്കൻ റഷ്യയിലൂടെ വടക്കൻ അമേരിക്കയിലെത്തിയ ഇവരുടെ പൂർവികർ പിന്നീട് ദക്ഷിണ അമേരിക്കയിലേക്കും എത്തപ്പെട്ടതായി കരുതുന്നു. ബ്രസീലിലെ 9.6 ദശലക്ഷം ഹെക്ടർ ഭൂമിയിലും വേനസ്വേലയിലെ 8.2 ദശലക്ഷം ഹെക്ടർ ഭൂമിയിലുമായി ജീവിക്കുന്ന ഇവർ ലോകത്തിൽ ഏറ്റവും കൂടുതൽ വനമേഖല കൈയാളുന്ന വിഭാഗമാണ്. ബനിവ, കുരിപാകോ, ദൊവ്, ഹുപ്ദ, നദോബ്, യുഹുപ്ദെ, അരപസൊ, ദെസ്ന, കുബെയൊ, യാനോമാമി തുടങ്ങി 200ൽപ്പരം പ്രാക്തന ഗോത്ര സമൂഹങ്ങൾ ഈ മഴക്കാടുകൾക്കുള്ളിൽ അധിവസിക്കുന്നു. മുഖ്യധാരാ സമൂഹവുമായി ബന്ധപ്പെടാത്തവരും ഇതിൽപ്പെടുന്നു.
ഇങ്ങനെയുള്ളവർ, ബ്രസീലിലെ വനങ്ങളിൽ മാത്രം 67 ഗോത്ര വിഭാഗങ്ങളുണ്ട്.
ഓരോ ഗോത്ര സമൂഹത്തിനും സ്വന്തമായി ഭാഷകളുണ്ട്. ജൈവവൈവിധ്യ സമ്പന്നമായ പ്രദേശങ്ങളിൽ ഭാഷാ വൈവിധ്യവും കൂടുതലായിരിക്കുമെന്ന പഠനങ്ങളെ ശരിവെക്കും വിധമാണ് ഈ പ്രദേശത്തെ ഭാഷാവൈവിധ്യം. ആമസോൺ മഴക്കാടിന്റെ ജൈവവൈവിധ്യത്തെ പ്രതിഫലിപ്പിക്കാൻ ഗോത്രസമൂഹത്തിന്റെ ഭാഷകൾക്ക് സാധിക്കും.
പക്ഷേ, ഇവരെല്ലാം ഇന്ന് കാടിന് പുറത്തേക്ക് എന്ന ആലോചനയിലാണ് ബ്രസീലിയൻ സർക്കാർ കാട് മാഫിയകൾക്ക് തീറെഴുതിക്കൊടുക്കുന്നത്. അപ്പോൾ പൊരാട്ടത്തിന്റെ സമരഭൂവിലേക്ക് ഗോത്രങ്ങൾ നിലനിൽപ്പിനായി കച്ചകെട്ടുകയാണ്. മുറ ഗോത്രക്കാർ ശരീരമാകെ ഓറഞ്ചും ചുവപ്പം ചായം പൂശി, അമ്പും വില്ലുമെടുത്ത് യുദ്ധസജ്ജരായി നിൽക്കുന്ന ചിത്രങ്ങൾ വന്നുകഴിഞ്ഞു.
ഇതിനു മുമ്പും മഴക്കാടുകൾ കൈയേറി ഗോത്രവർഗക്കാരെ ശല്യം ചെയ്ത നിരവധി സന്ദർഭങ്ങളുണ്ട്. പലയിടങ്ങളിലെയും പോലെ പട്ടാളക്കാർ ബ്രസീലിലും വിഭിന്നമല്ല. ബ്രസീൽ ആർമി മഴക്കാടുകളിൽ പട്ടാളക്യാമ്പ് തുടങ്ങിയതോടെ പല ഗോത്രവർഗ സമൂഹവും കൂടുതൽ ദുരിതത്തിലാവുകയായിരുന്നു. സ്ത്രീകൾ പട്ടാളക്കാരുടെ അതിക്രമങ്ങൾക്ക് ഇരയാവുകയും പുറംലോകവുമായി ബന്ധമില്ലാത്തതു കൊണ്ട് പകർച്ചവ്യാധികൾ പെരുകുകയും ഒരുപാട് പേർ മരിക്കുകയും ചെയ്തു. ഗോത്രവർഗക്കാരുടെ സംരക്ഷണത്തിനായ് പല പരിസ്ഥിതി സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.
ആമസോൺ കാടിന്റെ പ്രശ്നം ലോകജനതയുടെ പ്രശ്നമാകുന്നതെങ്ങനെ?
കാട് ഇവിടെയല്ലല്ലോ അവിടെ നശിച്ചാൽ ഇവിടെയെന്ത് പ്രശ്നം എന്നൊന്നും ഇന്ന് ആരും പറയുമെന്ന് കരുതുന്നില്ല. എന്നാലും പരിസ്ഥിതി പ്രശ്നം ഒരു പൊതു പ്രശ്നമായി ഏറ്റെടുക്കാനുള്ള സന്നദ്ധത പലർക്കുമില്ല. ലോകം മുഴുവനുള്ള പരിസ്ഥിതി ഏറെക്കുറെ നശിപ്പിച്ചു കൊണ്ടുമിരിക്കുകയുമാണ്. ഫുഡ് അഗ്രികൾച്ചർ ഓർഗനൈസേഷ (എഫ് എ ഒ) ന്റെ ഗവേഷണ പ്രകാരം, ലോകത്തിലെ വനമേഖലയുടെ ഏകദേശം അന്പത് ശതമാനത്തിലധികം നശിപ്പിക്കപ്പെട്ടു എന്നാണ് പറയുന്നത്.
ആമസോണിൽ മനുഷ്യ വാസകേന്ദ്രങ്ങൾ കൂടിയതും കാർഷിക ചൂഷണത്തിനായി ഭൂമി കൈയേറിയതും മഴക്കാടിനെ ശരിക്കും ബാധിച്ചു. ഏതൊരു നീർത്തടത്തിനു ചുറ്റുമുള്ള ഭൂമി എല്ലായ്പ്പോഴും കാർഷിക മേഖലക്ക് അനുയോജ്യമാണ്, കാരണം ഇതിന് ആവശ്യമായ പോഷകങ്ങളും മണ്ണിന്റെ ഫലഭൂയിഷ്ഠതയും ഉണ്ട് എന്നതിനാലാണ് അത്. എന്നാൽ വനമേഖലയിൽ അങ്ങനെയല്ല. കാട് ഫലഭൂയിഷ്ഠമായതിനാൽ, മണ്ണിന്റെ ഫലഭൂയിഷ്ഠത ചുരുങ്ങിയ സമയത്തിനുള്ളിൽ എളുപ്പത്തിൽ കുറയുന്നു. ഇത് ഒരു വയലിൽ കൃഷി ചെയ്യുന്നത് പോലെയല്ല. വളരെ ബുദ്ധിമുട്ടാണ്. മണൽ നിറഞ്ഞ മണ്ണ് നേർത്തതും കാർഷിക മേഖലക്ക് അനുയോജ്യമല്ലാത്തതുമായതാണ് ഇതിന് കാരണം. ഇക്കാരണത്താൽ, നല്ല വിളകൾ ലഭിക്കുന്നതിനായി കർഷകർ വനത്തിലെ പുതിയ പ്രദേശങ്ങൾ അന്വേഷിച്ചു കൊണ്ടേയിരിക്കും. ഇത് കൂടുതൽ വനനശീകരണത്തിന് കാരണമാകും. ആമസോണിൽ നടക്കുന്നതും ഇതാണ്. ആമസോൺ മഴക്കാടുകൾ മറ്റ് മഴക്കാടുകളേക്കാൾ അങ്ങനെ ഇരട്ടി വനനശീകരണത്തെ അഭിമുഖീകരിക്കുകയുമാണ്.
തീയിട്ടും ഒന്നായി വെട്ടിനശിപ്പിച്ചും ആമസോൺ ഇല്ലാതാക്കുമ്പോൾ ലോകത്തെ ആകമാനമാണത് ബാധിക്കുന്നത്. ആ കത്തിക്കൽ പോലും ഓരോ മനുഷ്യസമൂഹത്തിന്റെയും ഇടയിലേക്കാണ് ഇറങ്ങിച്ചെല്ലുന്നത്.
ആമസോണിനെപ്പോലൊരു വലിയ കാട് തുടർച്ചയായി കത്തുമ്പോൾ എത്രമാത്രം കാർബൺ ഡൈ ഓക്സൈഡായിരിക്കും പുറന്തള്ളപ്പെടുന്നത്? അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ നേരിയ വർധനവ് പോലും അന്തരീക്ഷ താപനിലയുടെ വർധനവിനു കാരണമായിത്തീരുന്നു.
ഭൂമിയുടെ കാർബൺ ചക്രത്തിൽ ഉഷ്ണമേഖലാ മഴക്കാടുകൾക്ക് സുപ്രധാന പങ്കുണ്ട്. ആമസോൺ കാട് ഇതിൽ ഏറ്റവും സുപ്രധാനമായ പങ്ക് വഹിക്കുന്നു. ലോകത്തിലെ ടെറസ്റ്റിയൽ കാർബണിന്റെ ഭൂരിഭാഗവും സംഭരിച്ചുവെക്കുന്നത് വനങ്ങളാണ്.
അതുകൊണ്ടു തന്നെ ഏതെങ്കിലും തരത്തിൽ വനനശീകരണമുണ്ടാകുമ്പോൾ മരങ്ങളിലും മണ്ണിലുമായി ശേഖരിക്കപ്പെട്ട കാർബൺ ഓക്സിഡൈസ് ചെയ്ത് CO2 ആയി അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നു.
1990 കളിലെ മഴക്കാടുകളുടെ വൻനാശത്തിൽ 1.5 ജിഗാ ടൺ കാർബൺ ഡൈ ഓക്സൈഡാണ് ഇങ്ങനെ അന്തരീക്ഷത്തിലേക്ക് വിസർജിക്കപ്പെട്ടത്. 2000-2010 വർഷത്തിനുള്ളിൽ മാത്രം 52 ലക്ഷം ഹെക്ടർ വനമാണ് ലോകത്തൊന്നാകെ നശിപ്പിക്കപ്പെട്ടത്. ഹരിതഗൃഹപ്രഭാവത്തിനു കാരണമാകുന്ന പ്രധാന വാതകങ്ങളിലൊന്നാണ് CO2.
ഹരിത ഗൃഹ പ്രഭാവത്തിനു കാരണമാകുന്ന മറ്റു വാതകങ്ങൾ ഇവയാണ്. മീഥേൻ, ക്ലൂറോ ഫ്ലൂറോ കാർബൺ (CFC), നൈട്രസ് ഓക്സൈഡ് . അന്തരീക്ഷത്തിൽ CO2വിന്റെ അളവ് കൂടുമ്പോൾ അന്തരീക്ഷ താപനിലയും വർധിക്കുന്നു. അതുകൊണ്ടു തന്നെ ഉഷ്ണമേഖലാ മഴക്കാടുകളുടെ വൻനാശം ആഗോള കാലാവസ്ഥയെ വൻതോതിൽ സ്വാധീനിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ആമസോണിന്റെ നാശം മനുഷ്യജനത ഇനി അനുഭവിക്കാൻ പോകുന്നതേയുള്ളൂ.
ലോകം മുഴുവൻ ഉയർന്നെഴുന്നേറ്റ് ഒരു പന്തിനു പിന്നാലെ ബ്രസീൽ സോക്കർ ടീം അംഗങ്ങൾ കുതിക്കുന്നതിനേക്കാൾ പതിൻമടങ്ങ് വേഗത്തിൽ കുതിച്ചെത്തി എന്തെങ്കിലും ചെയ്താലേ ആമസോൺ കാടുകളെ രക്ഷിക്കാനാകൂ; ബ്രസീലിയൻ ഭരണകൂടത്തെ പിന്തിരിപ്പിക്കാനാകൂ.
. .