Connect with us

congress president election

ചരിത്രം കുറിക്കുമോ ഈ ഉൾപ്പാർട്ടി തിരഞ്ഞെടുപ്പ്?

രാജ്യത്തെ ഏറ്റവും പഴക്കം ചെന്നതും രാജ്യത്താകെ വേരുകളുള്ളതുമായ ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ അധ്യക്ഷനെ കണ്ടെത്താനായി നടക്കുന്ന തിരഞ്ഞെടുപ്പിന് ആ പാർട്ടിയുടെ ആഭ്യന്തര വിഷയം എന്നതിനപ്പുറമുള്ള പ്രാധാന്യമുണ്ട്.

Published

|

Last Updated

ന്ത്യൻ ജനാധിപത്യ സംവിധാനത്തിലെ അവിഭാജ്യ ഘടകങ്ങളാണ് രാഷ്ട്രീയ പാർട്ടികൾ. ബ്രിട്ടീഷ് മാതൃകയിൽ രൂപപ്പെടുത്തിയ ബഹു കക്ഷി തിരഞ്ഞെടുപ്പ് സമ്പ്രദായവും പാർലിമെന്ററി ജനാധിപത്യ ക്രമവുമാണ് രാജ്യത്ത് നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെ ഈ സംവിധാനം സമ്പൂർണമായി ജനാധിപത്യവത്കരിക്കപ്പെടണമെങ്കിൽ പാർട്ടികളുടെ ഘടനയും പ്രവർത്തന രീതിയും ആ ലക്ഷ്യങ്ങൾക്കനുസരിച്ച് പാകപ്പെടേണ്ടതുണ്ട്. ഏകാധിപത്യ പ്രവണത നിലനിൽക്കുന്ന പാർട്ടികൾ പെരുകുമ്പോൾ ഏകാധിപത്യവും ജനാധിപത്യവിരുദ്ധതയുമാണ് ഉത്പാദിപ്പിക്കപ്പെടുക. അത്തരമൊരു സാഹചര്യത്തിൽ ഒന്നിലധികം കക്ഷികൾ പരസ്പരം മത്സരിക്കുന്നുവെന്നത് കൊണ്ട് ജനാധിപത്യം ഉറപ്പാകില്ല. പാർട്ടികൾക്കകത്തും ജനാധിപത്യമൂല്യങ്ങൾ പാലിക്കപ്പെടണം. ആ അർഥത്തിൽ നോക്കുമ്പോൾ, രാജ്യത്തെ ഏറ്റവും പഴക്കം ചെന്നതും രാജ്യത്താകെ വേരുകളുള്ളതുമായ ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ അധ്യക്ഷനെ കണ്ടെത്താനായി നടക്കുന്ന തിരഞ്ഞെടുപ്പിന് ആ പാർട്ടിയുടെ ആഭ്യന്തര വിഷയം എന്നതിനപ്പുറമുള്ള പ്രാധാന്യമുണ്ട്. ഈ മാസം 17നാണ് വോട്ടെടുപ്പ്. രണ്ട് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷമാണ് കോൺഗ്രസ്സിൽ അധ്യക്ഷനെ കണ്ടെത്താൻ വേട്ടെടുപ്പ് നടക്കുന്നത്. 2000ത്തിൽ സോണിയാ ഗാന്ധി അധ്യക്ഷ പദവിയിലെത്തിയത് വോട്ടെടുപ്പിലൂടെയായിരുന്നു. അന്ന് എതിരാളിയായത് ജിതേന്ദ്ര പ്രസാദയായിരുന്നു. തികച്ചും ഏകപക്ഷീയമായ തിരഞ്ഞെടുപ്പായിരുന്നു അത്. നാമമാത്രമായ വോട്ട് നേടി പ്രസാദ തോൽക്കുമെന്ന ഫലം വോട്ടിടും മുമ്പേ തീരുമാനിക്കപ്പെട്ടത് പോലെയായിരുന്നു കാര്യങ്ങൾ. ഇത്തവണ ഫലം അത്ര സുനിശ്ചിതമല്ല. മത്സരം നടക്കുന്നുണ്ട്.

രാഹുൽ അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞതോടെ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരു പ്രസിഡന്റിനെ കണ്ടെത്തിയേ തീരൂ എന്ന അനിവാര്യതയിൽ പാർട്ടി എത്തിപ്പെടുകയായിരുന്നു. മധുസൂദൻ മിസ്ത്രിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് സമിതി രൂപവത്കരിക്കുകയും സമയക്രമം പ്രഖ്യാപിക്കുകയും വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുകയും പെരുമാറ്റ ചട്ടം പുറത്തിറക്കുകയും സമ്പൂർണ രഹസ്യ ബാലറ്റായിരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്യുക വഴി മുമ്പെങ്ങുമില്ലാത്ത സുതാര്യതയും സാങ്കേതിക തികവും ഈ പ്രക്രിയക്ക് കൈവന്നിട്ടുണ്ട്. കോൺഗ്രസ്സിനെ കുറിച്ച് മാധ്യമങ്ങളും ജനങ്ങളും ഗൗരവപൂർവം സംസാരിച്ച് തുടങ്ങിയിരിക്കുന്നു. രാഹുലിന്റെ നേതൃത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്ര തമിഴ്‌നാടും കേരളവും പിന്നിട്ട് കർണാടകയിൽ പ്രയാണം തുടരുമ്പോൾ കോൺഗ്രസ്സ് പ്രവർത്തകരിൽ സംജാതമായ ആവേശം പ്രസിഡന്റ് തിരഞ്ഞെടുപ്പ് കൂടിയായപ്പോൾ കൂടുതൽ തിളക്കമുള്ളതായിരിക്കുന്നു. മതേതര, ജനാധിപത്യ, ബദൽ ശക്തിയായി കോൺഗ്രസ്സ് നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ പേർക്കും പ്രതീക്ഷ പകരുന്നതാണ് ഈ മാറ്റങ്ങൾ.

അശോക് ഗെഹ്‌ലോട്ട് ഔദ്യോഗിക പരിവേഷമുള്ള സ്ഥാനാർഥിയായി വരുമെന്നാണ് ആദ്യം വാർത്തകൾ വന്നത്. എന്നാൽ രാജസ്ഥാനിലെ അധികാര വടംവലിയിൽ നെറികെട്ട പക്ഷം പിടിക്കൽ നടത്തി ഗെഹ്‌ലോട്ട് സർവവിശ്വാസ്യതയും കളഞ്ഞ് കുളിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രിപദം ഒഴിയാമെന്ന് സമ്മതിച്ച ഗെഹ്‌ലോട്ട് പകരം വരേണ്ടത് താൻ നിർദേശിക്കുന്ന നേതാവ് തന്നെയായിരിക്കണമെന്ന് ശഠിച്ചു. പാർട്ടിയിലെ എതിരാളി സച്ചിൻ പൈലറ്റിന് മുഖ്യമന്ത്രി പദവി പോകാതിരിക്കാൻ തന്നോട് അടുപ്പമുള്ള എം എൽ എമാരെ വെച്ച് പാർട്ടിയെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചു ഗെഹ്‌ലോട്ട്. അതോടെ ഹൈക്കമാൻഡിന്റെ മുമ്പിൽ മാത്രമല്ല സർവ കോൺഗ്രസ്സുകാരുടെയും മുമ്പിൽ ഗെഹ്‌ലോട്ട് വില്ലനായി. പ്രസിഡന്റ് പദത്തിലേക്കുള്ള മത്സരം ഉപേക്ഷിച്ചു. ദിഗ്‌വിജയ് സിംഗ്, കമൽനാഥ് തുടങ്ങി പല പേരുകൾ കേട്ടെങ്കിലും അപ്രതീക്ഷിതമായി മുതിർന്ന നേതാവ് മല്ലികാർജുന ഖാർഗെയുടെ പേര് ഉയർന്നു വരികയായിരുന്നു. പോരാടാനുറച്ച് തുടക്കത്തിലേ നിലയുറപ്പിച്ച കേരളത്തിൽ നിന്നുള്ള എം പി ശശി തരൂരും ഖാർഗെയും തമ്മിലുള്ള മത്സരമായി ഈ തിരഞ്ഞെടുപ്പ് മാറിയത് അങ്ങനെയാണ്.
80കാരനായ ഖാർഗെയുടെ കരുത്ത് സുദീർഘമായ അനുഭവ സമ്പത്ത് തന്നെയാണ്. ഒമ്പത് തവണ എം എൽ എയായിരുന്നു കർണാടകയിൽ നിന്നുള്ള ഈ ദളിത് നേതാവ്. രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചാണ് അദ്ദേഹം ഗോദയിലിറങ്ങിയത്. സോണിയാ ഗാന്ധിയുമായി നല്ല അടുപ്പം. ബി ജെ പി കുതന്ത്രത്തിൽ പെട്ട് ഇടക്ക് വെച്ച് തകർന്നു പോയെങ്കിലും സമീപകാലത്തെ ശക്തമായ രാഷ്ട്രീയ പരീക്ഷണമായ മഹാരാഷ്ട്രയിലെ മഹാസഖ്യ സർക്കാറിന്റെ രൂപവത്കരണത്തിൽ ഖാർഗെ നിർണായക പങ്കുവഹിച്ചിരുന്നു. ഊർജസ്വലതയും ആശയവിനിമയ ചാരുതയും യു എന്നിലടക്കം നയതന്ത്ര ദൗത്യങ്ങൾ നിർവഹിച്ചതിന്റെ അനുഭവസമ്പത്തും എഴുത്തും പ്രഭാഷണവുമൊക്കെയാണ് തരൂരിനെ വ്യത്യസ്തനാക്കുന്നത്. മികച്ച പാർലിമെന്റേറിയൻ. “തിങ്ക് ടുമോറോ, തിങ്ക് തരൂർ’ എന്നാണ് അദ്ദേഹത്തിന്റെ മുദ്രാവാക്യം. യുവനിരയുടെ പിന്തുണ തരൂരിനുണ്ട്.

ഇവരിൽ ആര് വന്നാലും കോൺഗ്രസ്സ് പാർട്ടിയാണ് ജയിക്കുന്നത് എന്നൊക്കെ പറയുന്നുണ്ടെങ്കിലും പാർട്ടി ഉന്നത നേതൃത്വം ഖാർഗെയിലേക്ക് ചാഞ്ഞിരിക്കുന്നുവെന്ന് കാണാൻ വലിയ ഗവേഷണത്തിന്റെയൊന്നും ആവശ്യമില്ല. ഖാർഗെയുടെ പത്രികയിൽ എ കെ ആന്റണി ഒപ്പിട്ടപ്പോൾ തന്നെ അത് വ്യക്തമായിക്കഴിഞ്ഞു. കേരളത്തിൽ ഈ പക്ഷപാതിത്വം കൂടുതൽ സ്പഷ്ടമാണ്. ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ മാതൃകാപരമായ ചുവടുവെപ്പായി എക്കാലവും കൊണ്ടാടാവുന്ന അസുലഭ അവസരം കളഞ്ഞ് കുളിക്കുകയാണ് ഇത്തരം നേതാക്കൾ ചെയ്യുന്നത്. ഇതിനോട് തരൂർ രൂക്ഷമായി പ്രതികരിക്കുക കൂടി ചെയ്തതോടെ സ്ഥിതി കൂടുതൽ വഷളായി. മൊത്തം ഒമ്പതിനായിരത്തിലേറെ വോട്ടർമാരാണുള്ളത്. ഇവരെ നിശ്ചയിച്ചത് സുതാര്യമായല്ല എന്ന വിമർശം പോലും ഉയർന്നു.

ഈ ഘട്ടത്തിലെങ്കിലും ഔദ്യോഗിക സംവിധാനം പക്ഷം പിടിക്കൽ നിർത്തണം. പാർട്ടി പ്രവർത്തകരുടെ ആഗ്രഹത്തിനും പ്രതീക്ഷക്കുമൊത്തുള്ള നേതാവ് വരാനുള്ള വഴിയൊരുക്കലായി ഈ തിരഞ്ഞെടുപ്പ് മാറണം. രാജ്യം ഫാസിസ്റ്റ് പ്രവണതകളിലേക്ക് സഞ്ചരിക്കുന്നുവെന്ന ഭീതിക്ക് പരിഹാരം കാണാൻ പ്രതീക്ഷയോടെ ഉറ്റു നോക്കുന്നത് കോൺഗ്രസ്സിനെയാണെന്ന് മനസ്സിലാക്കണം. തലമുതിർന്ന നേതാക്കൾ ഒന്നൊന്നായി മറുകണ്ടം ചാടുന്നത് എന്തുകൊണ്ടെന്ന് ആലോചിക്കണം. പ്രതിപക്ഷ ഐക്യനിര പടുത്തുയർത്തുന്നതിൽ നിർണായക പങ്കുവഹിക്കേണ്ടത് കോൺഗ്രസ്സാണെന്നും തിരിച്ചറിയണം.

Latest