Articles
ഈ വിധി ആശ്വാസമെങ്കിലും ആകുമോ?
ഒരു മനുഷ്യാവകാശദിനം കൂടി വരുന്നു. ഒരു ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ പോലും മനുഷ്യാവകാശം എന്നത് ഭരിക്കുന്നവരുടെ ഔദാര്യം മാത്രമായിരിക്കുന്നു, അവകാശമല്ലാതായിരിക്കുന്നു. ഇതിനുള്ള ഒന്നാം തരം ഉദാഹരണമാണ് സഞ്ജീവ് ഭട്ടിന്റെ ജീവിതം എന്ന് പറയാം. നീതിക്കു വേണ്ടിയും നിയമവാഴ്ചക്ക് വേണ്ടിയും നിലകൊണ്ടതിനാണ് ഭട്ടിന് ദുരിതങ്ങള്‍ ഏല്‍ക്കേണ്ടി വന്നത്.
ഗുജറാത്തിലെ പോര്‍ബന്ദര്‍ അഡീഷനല്‍ ചീഫ് മജിസ്ട്രേറ്റ് കോടതി ജഡ്ജി മുകേഷ് പാണ്ഡ്യ, മുൻ ഐ പി എസ് ഓഫീസർ സഞ്ജീവ് ഭട്ടിനെ കസ്റ്റഡി മര്‍ദനക്കേസില്‍ കുറ്റവിമുക്തനാക്കിയിരിക്കുന്നു. 1997ല്‍ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ഈ കേസെടുത്തിരുന്നത്. സംശയാതീതമായി കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്നതാണ് വിധിന്യായത്തില്‍ കോടതി പറഞ്ഞത്. രാജസ്ഥാന്‍കാരനായ ഒരു അഭിഭാഷകനെ പാലന്‍പൂരില്‍ വെച്ച് കേസില്‍ ഉള്‍പ്പെടുത്തുന്നതിന് മയക്കുമരുന്ന് അയാളുടെ വാഹനത്തില്‍ കൊണ്ടുവെച്ചു എന്നതായിരുന്നു ആ കേസ്. സംഭവം നടക്കുന്പോൾ സഞ്ജീവ് ഭട്ട് പോര്‍ബന്ദറില്‍ എസ് പി ആയിരുന്നു. ആ സമയത്ത് കുറ്റസമ്മതം ലഭിക്കുന്നതിന് വേണ്ടി ഒരു പ്രതിയെ കസ്റ്റഡിയില്‍ വെച്ച് ക്രൂരമായി മര്‍ദിച്ചു എന്ന കേസില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ നിരവധി വകുപ്പുകള്‍ അനുസരിച്ചാണ് ഈ കേസെടുത്തിരുന്നത്. എന്നാല്‍ ഈ കേസില്‍ ആവശ്യമായ തെളിവുകള്‍ ഇല്ല എന്ന് കോടതി വിലയിരുത്തുകയായിരുന്നു. സര്‍വീസിലുള്ള ഒരു ഉദ്യോഗസ്ഥന്‍ സ്വന്തം ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി ചെയ്യുന്നതിനപ്പുറം എന്തെങ്കിലും ചെയ്തതായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ഭട്ടും അദ്ദേഹത്തിന് കീഴിലുള്ള കോണ്‍സ്റ്റബിള്‍ വാജുഭായ് ചാഹുവുമായിരുന്നു പ്രതികള്‍. ടാഡ നിയമമനുസരിച്ചും ആയുധം കൈവശം വെക്കല്‍ നിയമം അനുസരിച്ചും അറസ്റ്റ് ചെയ്യപ്പെട്ട 22 പ്രതികളില്‍ ഉള്‍പ്പെട്ട നരേന്‍ ജാദവ് എന്നയാളെ കുറ്റസമ്മതത്തിനു വേണ്ടി ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നായിരുന്നു കേസ്. ശിക്ഷാ നിയമം 330 (കുറ്റസമ്മതത്തിനായി ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍), 324 (അപകടകരമായ ആയുധങ്ങള്‍ ഉപയോഗിച്ച് പരുക്കേല്‍പ്പിക്കല്‍) എന്നീ വകുപ്പുകള്‍ ഉപയോഗിച്ചാണ് കേസെടുത്തിരുന്നത്. ജാദവ് 1997 ജൂലൈ ആറിനാണ് പരാതി നല്‍കിയത്. പക്ഷേ 2013 ഏപ്രില്‍ 15നാണ് പോര്‍ബന്ദര്‍ സിറ്റി പോലീസ് എഫ് ഐആര്‍ ഇട്ടത് എന്നതാണ് രസകരമായ വസ്തുത.
1994ല്‍ അനധികൃതമായി ആയുധങ്ങള്‍ കൊണ്ടുവന്ന കേസിലെ പ്രതികളില്‍ ഒരാളായിരുന്നു ജാദവ്. പോര്‍ബന്ദര്‍ ജയിലില്‍ കഴിഞ്ഞിരുന്ന ജാദവിനെ 1997 ജൂലൈ അഞ്ചിന് പോലീസ് കസ്റ്റഡിയിലെടുത്ത് ഭട്ടിന്റെ വീട്ടില്‍ കൊണ്ടുപോയി സ്വകാര്യ ഭാഗങ്ങളിലടക്കം ശരീരമാകെ വൈദ്യുതാഘാതം ഏല്‍പ്പിച്ചു എന്നായിരുന്നു പരാതി. ഒരു ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആവശ്യമായ സര്‍ക്കാര്‍ അനുമതി പോലും ഈ കേസില്‍ ഇല്ലായിരുന്നു എന്നും കോടതി നിരീക്ഷിച്ചു.
സഞ്ജീവ് ഭട്ടിനെ സംബന്ധിച്ചിടത്തോളം ഈ വിധി അത്ര സന്തോഷകരമാകില്ല. കാരണം 1990ല്‍ നടന്ന ഒരു കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തവും 1996ല്‍ നടന്ന മറ്റൊരു കേസില്‍ 20 വര്‍ഷക്കാലവും കഠിന തടവിന് ശിക്ഷിക്കപ്പെട്ട് രാജ്‌കോട്ട് സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് അദ്ദേഹം.
ആരാണ് സഞ്ജീവ് ഭട്ട്?
1988ല്‍ ഐ പി എസ് നേടി 1990ല്‍ ഗുജറാത്ത് കേഡറില്‍ എ എസ് പിയായി ചേര്‍ന്നു. ഈ സമയത്താണ് ഒരു കസ്റ്റഡി മരണത്തിന്റെ കേസിനാധാരമായ സംഭവം ഉണ്ടാകുന്നത്. എന്തായിരുന്നു ആ കേസ്? ജാംജോധ്പുരില്‍ അന്ന് അഡീഷനല്‍ എസ് പിയായിരുന്നു ഭട്ട്. നഗരത്തില്‍ ഉണ്ടായ ഒരു വര്‍ഗീയ കലാപത്തെ തുടര്‍ന്ന് 1990 ഒക്ടോബര്‍ 30ന് 150ഓളം പേരെ കസ്റ്റഡിയിലെടുത്തിരുന്നു. അയോധ്യയില്‍ രാമക്ഷേത്രം പണിയുക എന്ന ലക്ഷ്യത്തോടെ ബി ജെ പി നേതാവായിരുന്ന എല്‍ കെ അഡ്വാനി നടത്തിയ റാലിക്കെതിരെ ആഹ്വാനം ചെയ്യപ്പെട്ട ബന്ദിനോടനുബന്ധിച്ചാണ് കലാപം ഉണ്ടായത്. അന്ന് കസ്റ്റഡിയില്‍ ഉണ്ടായിരുന്ന പ്രഭുദാസ് വൈഷ്ണവ് എന്നൊരാള്‍ കസ്റ്റഡിയില്‍ നിന്ന് വിട്ട ശേഷം ആശുപത്രിയില്‍ മരണപ്പെട്ടു. ഈ മരണം കസ്റ്റഡിയില്‍ വെച്ചുണ്ടായ മര്‍ദനത്തിന്റെ ഫലമാണെന്നായിരുന്നു ആരോപണം. ഈ കേസിലാണ് ഭട്ടിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. അയാള്‍ കിഡ്നി തകരാറുകൊണ്ടാണ് മരിച്ചതെന്ന് പിന്നീട് കണ്ടെത്തി എന്നത് മറ്റൊരു കാര്യം. ഈ കേസില്‍ സഞ്ജീവിനെ പെടുത്താന്‍ ശക്തമായ ഇടപെടലുകള്‍ ഉണ്ടായി. നിരവധി ഹരജികള്‍ സുപ്രീം കോടതി അടക്കം പലയിടത്തും സമര്‍പ്പിക്കപ്പെട്ടു. ബാര്‍ അസ്സോസിയേഷന്‍ അംഗങ്ങള്‍ തന്നെ ഭട്ടിനെതിരായി രംഗത്ത് വന്നു. അദ്ദേഹം പൊതു പണം ദുര്‍വ്യയം ചെയ്യുന്നതായി ആരോപണം ഉയര്‍ത്തി.
സഞ്ജീവ് ഭട്ട് ദേശീയ ശ്രദ്ധയിലേക്ക് വരുന്നത് 2002 ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിക്ക് നേരിട്ട് പങ്കുണ്ടെന്ന സത്യവാങ്മൂലം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചപ്പോഴായിരുന്നു. 2011ല്‍ ഭട്ടിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. 2002ലെ ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദിയടക്കമുള്ളവരെ കുറ്റക്കാരാക്കാന്‍ വേണ്ടി വ്യാജ തെളിവുകള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റാ സെതല്‍വാദ്, മുന്‍ ഡി ജി പി. ആര്‍ ബി ശ്രീകുമാര്‍ എന്നിവര്‍ക്കൊപ്പം പ്രതിചേര്‍ക്കപ്പെട്ടയാളാണ് സഞ്ജീവ് ഭട്ട്. അനധികൃതമായി ജോലിക്കു ഹാജരാകാത്ത കുറ്റത്തിന് 2015ല്‍ ജോലിയില്‍ നിന്ന് ഭട്ടിനെ കേന്ദ്ര ആഭ്യന്തര വകുപ്പ് പിരിച്ചുവിട്ടിരുന്നു. അതിനെതിരായ അപ്പീല്‍ 2024 ജനുവരി ഒമ്പതിന് ഗുജറാത്ത് ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു.
1948ലാണ് ഐക്യരാഷ്ട്രസഭ ആഗോള മനുഷ്യാവകാശ പ്രഖ്യാപനം നടത്തുന്നത്. അത് ഡിസംബര്‍ പത്തിനായിരുന്നു. ഒരു മനുഷ്യാവകാശദിനം കൂടി വരുന്നു. ഒരു ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ പോലും മനുഷ്യാവകാശം എന്നത് ഭരിക്കുന്നവരുടെ ഔദാര്യം മാത്രമായിരിക്കുന്നു, അവകാശമല്ലാതായിരിക്കുന്നു. ഇതിനുള്ള ഒന്നാം തരം ഉദാഹരണമാണ് സഞ്ജീവ് ഭട്ടിന്റെ ജീവിതം എന്ന് പറയാം. നീതിക്കു വേണ്ടിയും നിയമവാഴ്ചക്ക് വേണ്ടിയും നിലകൊണ്ടതിനാണ് ഭട്ടിന് ദുരിതങ്ങള്‍ ഏല്‍ക്കേണ്ടി വന്നത്.
ഭരണകൂട താത്പര്യങ്ങള്‍ക്ക് വിരുദ്ധമാകുന്ന ഒരു മനുഷ്യാവകാശവും അംഗീകരിക്കാന്‍ തയ്യാറല്ലെന്ന നിലപാടാണ് ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നവരുടേത് എന്ന് പലവട്ടം തെളിയിക്കപ്പെട്ടതാണ്. ആയിരക്കണക്കിന് മനുഷ്യര്‍, കുട്ടികളും സ്ത്രീകളുമടക്കം, കൊല്ലപ്പെട്ടിട്ടും അത് ചെയ്തവര്‍ ഒരുവിധ ശിക്ഷയും കിട്ടാതെ സമൂഹത്തില്‍ അധികാര സ്ഥാനങ്ങളില്‍ പോലും ഇരിക്കുന്നു. നീതിന്യായക്കോടതികള്‍ പലപ്പോഴും ഇവരുടെ അടിമകളാകുന്നു. ഈ സാഹചര്യത്തില്‍ ഈ ശനിയാഴ്ച ഉണ്ടായ പോര്‍ബന്ദര്‍ കോടതിയുടെ വിധി ഏറെ പ്രതീക്ഷക്കൊന്നും വക നല്‍കുന്നില്ലെങ്കിലും അതൊരു ആശ്വാസമായി കരുതാം, സഞ്ജീവ് ഭട്ടിനല്ല, നമുക്ക്.