Connect with us

Articles

ട്രംപ് എരിതീയില്‍ എണ്ണയൊഴിക്കുമോ?

ഇറാനും ഹമാസും ഹിസ്ബുല്ലയും ഹൂത്തികളും കൈകോര്‍ക്കുന്ന സഖ്യം ഒരു ഭാഗത്തും ഇസ്റാഈല്‍ മറുപക്ഷത്തും നില്‍ക്കുന്ന പുതിയ സാഹചര്യത്തിലേക്കാണ് അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് കടന്നുവരുന്നത്. തിരഞ്ഞെടുപ്പ് വേളയില്‍ തന്നെ ഇറാന്റെ ആണവ കേന്ദ്രങ്ങളെ ഇസ്റാഈല്‍ ആക്രമിക്കണമെന്ന് ആഹ്വാനം ചെയ്ത വ്യക്തിയാണ് ഡൊണാള്‍ഡ് ട്രംപ്.

Published

|

Last Updated

ഈ മാസം അഞ്ചിന് നടന്ന യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് നാല്‍പ്പത്തിയേഴാമത് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ ആഗോള രാഷ്ട്രീയം ആശങ്കയോടെ ഉറ്റുനോക്കുന്ന പ്രധാനപ്പെട്ട ചില വിഷയങ്ങളുണ്ട്. അതില്‍ മുഖ്യമായത് ഇസ്റാഈല്‍- ഹമാസ് വിഷയം തന്നെയാണ്. ഇറാനും ഹമാസും ഹിസ്ബുല്ലയും ഹൂത്തികളും കൈകോര്‍ക്കുന്ന സഖ്യം ഒരു ഭാഗത്തും ഇസ്റാഈല്‍ മറുപക്ഷത്തും നില്‍ക്കുന്ന പുതിയ സാഹചര്യത്തിലേക്കാണ് അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് കടന്നുവരുന്നത്. തിരഞ്ഞെടുപ്പ് വേളയില്‍ തന്നെ ഇറാന്റെ ആണവ കേന്ദ്രങ്ങളെ ഇസ്റാഈല്‍ ആക്രമിക്കണമെന്ന് ആഹ്വാനം ചെയ്ത വ്യക്തിയാണ് ട്രംപ്.

ഇറാനും ട്രംപും നേര്‍ക്കുനേര്‍
ട്രംപിന്റെ കഴിഞ്ഞ ഭരണ കാലയളവില്‍, ഇറാന്‍ മുന്‍ ജനറല്‍ ഖാസിം സുലൈമാനി ഇറാഖിലെ ഒരു വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട തൊട്ടുടനെ തന്നെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും അദ്ദേഹത്തിന്റെ കൂട്ടാളികള്‍ക്കുമെതിരെ അറസ്റ്റ് വാറണ്ടും പിടിച്ചു കൊടുക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപനവുമെല്ലാം ഇറാന്‍ പുറപ്പെടുവിച്ചിരുന്നു. ഇറാനും അമേരിക്കയും തമ്മിലുള്ള പിരിമുറുക്കം അന്ന് മുതല്‍ കൂടുതല്‍ ശക്തമായിരുന്നു. 2015ല്‍ ഒപ്പുവെച്ച ആണവ കരാറിന് വിരുദ്ധമായി ട്രംപ് പ്രവര്‍ത്തിച്ചത് മുതലേ ഇറാനും അമേരിക്കയും തര്‍ക്കം തുടങ്ങിയിരുന്നു. പിന്നീട് ഇറാനും അമേരിക്കയും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാതാക്കുന്ന നിരവധി സംഭവ വികാസങ്ങള്‍ അരങ്ങേറി. 2019 ഡിസംബര്‍ 27ന് കിര്‍കുക്കിലെ സൈനിക താവളത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ ഒരു യു എസ് കോണ്‍ട്രാക്ടര്‍ കൊല്ലപ്പെടുകയും നിരവധി യു എസ് സൈനികര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. തൊട്ടു പിന്നാലെ ഡിസംബര്‍ 29ന് ഒരു പ്രത്യാക്രമണമെന്നോണം ഇറാഖിലെയും സിറിയയിലെയും ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ യു എസ് സൈന്യം ആക്രമണം നടത്തി.

ഇറാനോ അല്ലെങ്കില്‍ ഇറാന്‍ പിന്തുണക്കുന്ന ഗ്രൂപ്പുകളോ മിഡില്‍ ഈസ്റ്റിലെ യു എസ് താത്പര്യങ്ങള്‍ക്കെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന് 2020 ജനുവരി രണ്ടിന് യു എസ് പ്രതിരോധ സെക്രട്ടറി പ്രസ്താവന നടത്തി. തൊട്ടുടനെ ജനുവരി മൂന്നിന് ബഗ്ദാദിലെ വിമാനത്താവളത്തില്‍ നടന്ന വ്യോമാക്രമണത്തില്‍, ഇറാന്റെ എലൈറ്റ് ഖുദ്സ് ഫോഴ്സിന്റെ തലവന്‍ ഖാസിം സുലൈമാനിയെയും ഇറാഖിലെ ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പായ ഖുവാതുല്‍ ഹശ്ബ് അശ്ശഅ്ബിയുടെ കമാന്‍ഡര്‍ അബൂമഹ്ദി അല്‍ മുഹന്ദിസിനെയും യു എസ് സൈന്യം കൊലപ്പെടുത്തി. ഇറാഖിലെയും പ്രദേശത്തുടനീളവുമുള്ള അമേരിക്കന്‍ നയതന്ത്രജ്ഞരെയും സൈനികരെയും ആക്രമിക്കാനുള്ള പദ്ധതികള്‍ ഖാസിം സുലൈമാനി സജീവമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് വൈറ്റ് ഹൗസ് പ്രസ്താവിച്ചിരുന്നു. ഭാവിയിലെ ഇറാന്റെ ആക്രമണ പദ്ധതികളെ തടയുക എന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് ട്രംപ് ന്യായീകരണവും പറഞ്ഞിരുന്നു. ഇറാന്‍ അമേരിക്കക്കാരെയോ യു എസ് ആസ്തികളെയോ ആക്രമിച്ചാല്‍ 52 ഇറാനിയന്‍ പ്രദേശങ്ങളെ ആക്രമിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കി. 1979 നവംബറില്‍ തെഹ്റാനിലെ യു എസ് എംബസിയില്‍ വെച്ച് ബന്ദികളാക്കപ്പെട്ട 52 അമേരിക്കക്കാരെ പ്രതിനിധാനം ചെയ്യുന്ന അക്കമായിട്ടാണ് 52 പ്രദേശങ്ങള്‍ തിരഞ്ഞെടുക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തിരുന്നു.

2020 ജനുവരി എട്ടിന് തെഹ്റാനിലെ ഇമാം ഖുമൈനി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് യുക്രൈനിലെ കീവിലേക്ക് പോകാന്‍ പറന്നുയര്‍ന്ന യുക്രൈന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സിന്റെ പി എസ് 752 വിമാനം തകര്‍ന്നു വീണ് വിമാനത്തിലുണ്ടായിരുന്ന 176 പേരും മരിച്ചു. യു എസുമായുള്ള ഏറ്റുമുട്ടലിനിടെ വിമാനം അബദ്ധത്തില്‍ വെടിവെച്ചിട്ടതാണെന്ന് ഇറാന്‍ സൈനിക ഉദ്യോഗസ്ഥര്‍ പിന്നീട് സമ്മതിക്കുകയുണ്ടായി. മാര്‍ച്ച് 18ന് ഒമ്പത് സ്ഥാപനങ്ങളെയും മൂന്ന് വ്യക്തികളെയും ലക്ഷ്യമിട്ട് ഇറാനു മേല്‍ യു എസ് പുതിയ ഉപരോധം ഏര്‍പ്പെടുത്തി. അവര്‍ പ്രധാനമായും ലക്ഷ്യമിട്ടത് ഇറാന്റെ പെട്രോകെമിക്കല്‍ വ്യവസായത്തെയായിരുന്നു. ഇറാന്‍ കൂടുതല്‍ സാമ്പത്തികവും നയതന്ത്രപരവുമായ അരികുവത്കരണം അര്‍ഹിക്കുന്നുവെന്ന് യു എസ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കുകയും ചെയ്തിരുന്നു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടിട്ടും ഇറാനു മേല്‍ ഉപരോധം നീക്കാതെ യു എസ് മുന്നോട്ടുപോയി. സാമ്പത്തിക ടെററിസത്തില്‍ നിന്ന് മെഡിക്കല്‍ ടെററിസത്തിലേക്ക് അമേരിക്ക നീങ്ങുകയാണെന്ന് ഇറാനിലെ അക്കാദമീഷ്യനും ഡിപ്ലോമാറ്റുമായ മുഹമ്മദ് ജവാദ് സരിഫ് ആരോപിച്ചിരുന്നു.

ഇറാനെതിരായ സാമ്പത്തിക ഉപരോധങ്ങള്‍ ലഘൂകരിക്കണമെന്ന് യു എസിനോട് ആവശ്യപ്പെട്ടുകൊണ്ട് ന്യൂയോര്‍ക്ക് സിറ്റി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ഒരു റിപോര്‍ട്ട് പുറത്തിറക്കി. കൊറോണ വൈറസ് രോഗബാധയുടെ വര്‍ധിച്ചു വരുന്ന ആരോഗ്യ പ്രത്യാഘാതങ്ങളോട് വേണ്ടത്ര രീതിയില്‍ പ്രതികരിക്കുന്നതില്‍ നിന്ന് ഇറാന്‍ സര്‍ക്കാറിനെ ഈ ഉപരോധങ്ങള്‍ തടഞ്ഞു നിര്‍ത്തുന്നുവെന്നും റിപോര്‍ട്ടിലുണ്ടായിരുന്നു. പിന്നീട് മെയ് 20ന്, കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ ആരോപിച്ച് ഇറാന്റെ ആഭ്യന്തര മന്ത്രിയെയും മുതിര്‍ന്ന നിയമപാലകരെയും ലക്ഷ്യമിട്ട് യു എസ് മറ്റൊരു ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഈ ഉപരോധത്തെ ഇറാന്‍ തള്ളിക്കളഞ്ഞു. പിന്നീടാണ് ജൂണ്‍ 29ന് ട്രംപിനും അദ്ദേഹത്തിന്റെ കൂട്ടാളികള്‍ക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറാന്‍ രംഗത്ത് വരികയും അതിനായി ഇന്റര്‍നാഷനല്‍ ക്രിമിനല്‍ പോലീസ് ഓര്‍ഗനൈസേഷനായ ഇന്റര്‍പോളിനോട് ഇറാന്‍ സഹായമഭ്യര്‍ഥിക്കുകയും ചെയ്തത്.

ട്രംപിന്റെ രണ്ടാമൂഴവും ഇറാനും
നാടകീയ രംഗങ്ങള്‍ക്കായിരുന്നു കഴിഞ്ഞ ട്രംപ് ഭരണകൂടത്തില്‍ ആഗോള ജനത സാക്ഷ്യം വഹിച്ചത്. പുതിയ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ ഇറാന്റെ ആണവ നിലയങ്ങളെ ഇസ്റാഈല്‍ ആക്രമിക്കണമെന്ന് ട്രംപ് പ്രസ്താവനയിറക്കിയിരുന്നു. ഇറാന്റെ സായുധ സംഘങ്ങള്‍ക്കും ഒമ്പത് സൈനിക കേന്ദ്രങ്ങള്‍ക്കും നേരെ അമേരിക്കന്‍ സൈന്യം സിറിയയില്‍ വ്യോമാക്രമണം നടത്തിയിരിക്കുന്നുവെന്ന വാര്‍ത്ത അമേരിക്കന്‍ ടെലിവിഷന്‍ സ്ഥാപനമായ ഫോക്സ് ന്യൂസ് മണിക്കൂറുകള്‍ക്ക് മുമ്പേ പുറത്ത് വിട്ടിരുന്നു.

ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്ന് ദിവസങ്ങള്‍ കഴിയുമ്പോഴേക്കും മിഡില്‍ ഈസ്റ്റിന്റെയും വിശിഷ്യാ ഇസ്റാഈല്‍- ഹമാസ് യുദ്ധത്തിന്റെയും ഗതിവിഗതികള്‍ മാറിത്തുടങ്ങിയിട്ടുണ്ട്. ട്രംപ് അധികാരത്തിലേറിയതിന്റെ തൊട്ടു പിന്നാലെ, ഹമാസ് നേതൃത്വത്തോട് രാജ്യം വിട്ട് പോകണമെന്നും മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് തങ്ങളില്ല എന്നും ഖത്വര്‍ പ്രസ്താവിച്ചിരുന്നു. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന സിദ്ധാന്തം നെഞ്ചേറ്റുന്ന അമേരിക്കയുടെ അമരത്തേക്ക് തീവ്രമനോഭാവമുള്ള ട്രംപ് വരുമ്പോള്‍ കൂനിന്മേല്‍ കുരു എന്ന അവസ്ഥയിലേക്ക് ലോകം എത്തുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

ഇസ്റാഈലും ഹമാസും യുദ്ധം ചെയ്യുമ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ ഓടി നടക്കുന്ന സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനെ ലോകം കണ്ടതാണ്. മോഹന വാഗ്ദാനങ്ങളും സൈനിക സഹായങ്ങളും നല്‍കി ലോക രാഷ്ട്രങ്ങളെ പ്രതികരണ ശേഷിയില്ലാത്ത വിധം നീരാളിപ്പിടിത്തത്തിലമര്‍ത്തി ചിലതിനെ തമ്മിലടിപ്പിച്ച് അതില്‍ നിന്ന് ചോര കുടിച്ച ചരിത്രമാണ് അമേരിക്കയുടേത്.

നെതന്യാഹുവിനെ പിണക്കില്ല
താന്‍ യുദ്ധം തുടങ്ങുകയല്ല, അവസാനിപ്പിക്കുകയാണ് ചെയ്യുക എന്ന ട്രംപിന്റെ പ്രഖ്യാപനത്തെ മുഖവിലക്കെടുക്കാനാകില്ല. ബെഞ്ചമിന്‍ നെതന്യാഹു ഏറ്റവും അടുത്ത ചങ്ങാതിയാണെന്നിരിക്കെ ട്രംപ് ഇസ്‌റാഈലിനെ പിണക്കുമെന്ന് തോന്നുന്നില്ല. അതോടൊപ്പം അമേരിക്കയിലെ മിലിറ്ററി ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സിനെയും ജൂത ലോബിയെയും മറികടക്കാനും അദ്ദേഹത്തിന് കഴിയണമെന്നില്ല.

കഴിഞ്ഞ അദ്ദേഹത്തിന്റെ ഭരണത്തില്‍ ലോകതലത്തില്‍ ഇത്രമേല്‍ ശക്തമായ യുദ്ധങ്ങളൊന്നും നടന്നിരുന്നില്ലെന്നത് സത്യമാണ്. ബൈഡന്‍ സര്‍ക്കാറിന്റെ വരവോടെയാണ് ഹമാസ് -ഇസ്റാഈല്‍ യുദ്ധത്തിന് സാഹചര്യമൊരുങ്ങിയതും ഇസ്റാഈലിന് അമേരിക്ക സൈനിക സഹായങ്ങള്‍ നല്‍കിയതും. ട്രംപിന്റെ കാലത്ത് യുദ്ധം തുടങ്ങാതിരുന്നത് കൊണ്ടാകാം അങ്ങനെ സംഭവിച്ചത് എന്ന് വിലയിരുത്തുന്നതാണ് നല്ലത്.

ഫലസ്തീനോട് എങ്ങനെ?
ഫലസ്തീന്‍ – ഇസ്റാഈല്‍ പ്രശ്നത്തിന് ഒരു പരിഹാരമെന്നോണം ട്രംപ് പ്രഖ്യാപിച്ച സമാധാന പദ്ധതിയില്‍ ഫലസ്തീന്‍ പ്രതിനിധികളെയാരെയും ക്ഷണിച്ചിരുന്നില്ല. ഫലസ്തീനെ സംബന്ധിച്ചിടത്തോളം അത് തികച്ചും ഏകപക്ഷീയവും ഏറ്റവും വലിയ ചതിയുമായിരുന്നുവെന്നത് വാസ്തവം. ആ കൂടിക്കാഴ്ചയില്‍ ഇസ്റാഈലിന് വേണ്ടതെല്ലാം ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഫലസ്തീനികള്‍ക്ക് ഏറെ പ്രാധാന്യമുള്ള ജറൂസലേം ഇസ്റാഈലിന് മാത്രമായി അദ്ദേഹം എഴുതിക്കൊടുത്തു. മസ്ജിദുല്‍ അഖ്സയിലേക്ക് ഇസ്റാഈലിന്റെ അനുമതിയുണ്ടെങ്കില്‍ മാത്രം മുസ്ലിംകള്‍ക്ക് പ്രവേശിക്കാമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഹമാസിനെ നിരായുധീകരിക്കുക, ഇസ്റാഈല്‍ പ്രദേശങ്ങളെല്ലാം ആയുധമുക്തമാക്കുക, ഫലസ്തീന്‍ അഭയാര്‍ഥികളുടെ തിരിച്ചു വരവ് വിലക്കുക തുടങ്ങി ഇസ്റാഈലിനെ സംതൃപ്തമാക്കുന്നതെല്ലാം ആ പദ്ധതിയിലുണ്ടായിരുന്നു.

1967ലെ അറബ്-ഇസ്റാഈല്‍ യുദ്ധത്തില്‍ ഇസ്റാഈല്‍ ജോര്‍ദാനില്‍ നിന്നും ഈജിപ്തില്‍ നിന്നും പിടിച്ചെടുത്ത പ്രദേശങ്ങള്‍ ഇസ്റാഈലിന്റെ അതിര്‍ത്തിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു ട്രംപിന്റെ പ്ലാന്‍ തയ്യാറാക്കപ്പെട്ടത്. കഴിഞ്ഞ അര നൂറ്റാണ്ടിനിടക്ക് ഇസ്റാഈല്‍ ഫലസ്തീനില്‍ നിന്ന് കൈയേറിയ പ്രദേശങ്ങളെല്ലാം ട്രംപിന്റെ കണക്കില്‍ ഇസ്റാഈലിന്റേത് തന്നെയായിരുന്നു. മറ്റുള്ള രാജ്യങ്ങളില്‍ ഇടപെടാതെ ‘അമേരിക്ക ഫസ്റ്റ്’ എന്ന നയം ട്രംപ് ഈ തിരഞ്ഞെടുപ്പില്‍ ഊന്നിപ്പറഞ്ഞിരുന്നുവെങ്കിലും കാത്തിരുന്ന് കാണേണ്ടത് തന്നെയാണ് ട്രംപിന്റെ നീക്കങ്ങള്‍.

 

 

Latest