Connect with us

Prathivaram

മനസ്സര്‍പ്പിച്ച് ഒരേ പാതയില്‍ ...

ചുമരിൽ ചാരിയിരുന്ന് തങ്ങളുടെ ബിസിനസ്സ് സംബന്ധിയായ വിഷമങ്ങളുടെ ഭാണ്ഡങ്ങളഴിച്ച് കോടീശ്വരന്മാർ നിർവൃതിപ്പെടുമ്പോൾ തൊട്ടിപ്പുറത്ത് ഒരു നേരത്തെ ഭക്ഷണത്തിനു എന്തെങ്കിലുമൊരു വകുപ്പ് ഖാജാ തങ്ങൾ തരുമെന്ന പ്രതീക്ഷയിൽ ഒരായിരം യാചകരെയും കാണാം. ആർക്കും പ്രത്യേക ഇരിപ്പിടങ്ങളോ പ്രത്യേക വഴികളോ ഒരു പ്രത്യേകതകളുമില്ലാതെ, രണ്ട് വിഭാഗങ്ങളും സന്തോഷവാന്മാരാണ്.

Published

|

Last Updated

മ്മുടെ നാട്ടിൽ ഏറ്റവും സെക്കുലറും ബഹുസ്വരവുമായ ഇടം, സെക്കുലറിസം ഇന്ത്യയുടെ മുഖമുദ്രയായി പാസ്സാക്കിയെടുത്ത പാർലിമെന്റോ, സെക്കുലറിസം സംരക്ഷിക്കാൻ പാടുപെടുന്ന കോടതികളോ മറ്റു ഔദ്യോഗിക സംവിധാനങ്ങളോയല്ലെന്ന് പണ്ടൊരു അധ്യാപകൻ പറഞ്ഞുതന്നപ്പോൾ അത്രയങ്ങ് വിശ്വസിക്കാൻ പ്രയാസമായിരുന്നു. ഇന്ത്യയിലെ ഏറ്റവും ബഹുസ്വരവും മതേതരത്വവും പ്രത്യക്ഷത്തിൽ തന്നെ കാണുന്ന ഒരിടം അജ്മീർ ദർഗാ ശരീഫാണെന്നു അദ്ദേഹവും പിന്നീട് പലരും പറഞ്ഞുതന്നപ്പോൾ അജ്മീർ സന്ദർശിക്കാത്ത എല്ലാവരെപ്പോലെയും എനിക്കും ചില സംശയങ്ങളാണ് സമ്മാനിച്ചത്.

പക്ഷേ, അതൊരു ശരിയാണ്. എല്ലാ മതത്തിന്റെയാളുകളും സമൂഹത്തിലെ വിവിധ തട്ടിലുള്ള നാനാജാതി ജനങ്ങളും ഒരുപോലെ വരുന്ന ഇന്ത്യയിലെ ഏകയിടം അജ്മീർ ശരീഫ് മാത്രമാണ്. ഹിന്ദു, മുസ്്ലിം, ക്രിസ്ത്യൻ, സിഖ് വ്യത്യാസമില്ലാതെ, പണക്കാരനെന്നോ പാവപ്പെട്ടവനാണെന്നോ വൈജാത്യമില്ലാതെ, അത്യുന്നത താരപരിവേഷമുള്ളവരും ഇല്ലാത്തവരും ഭരണാധികാരികളും അണികളും, രാഷ്ട്ര നായകരും സാധാരണക്കാരും… എല്ലാവരും വന്ന് ഭവ്യതയോടെ, ഒരേ മനസ്സോടെ മന്ത്രോച്ചാരണങ്ങൾ നടത്തി ആത്മ നിർവൃതിയിൽ അലിഞ്ഞു തിരിച്ചുപോകുന്നയിടം അജ്മീർ ശരീഫ് തന്നെയാണ്.

പതിനായിരങ്ങൾ വരിവരിയായി വന്നടുക്കുമ്പോഴും ഒരാളും തൊട്ടടുത്ത വ്യക്തിയുടെ മതമോ ജാതിയോ ശ്രദ്ധിക്കില്ല, നിറമോ സംസ്കാരമോ പ്രശ്നമില്ല, വസ്ത്രമോ വേഷമോ നോക്കി പല്ലിറുമ്മില്ല. ഇവിടെ എല്ലാവർക്കും ഒരുപോലെ അഭയമാണ്.

ചുമരിൽ ചാരിയിരുന്ന് തങ്ങളുടെ ബിസിനസ്സ് സംബന്ധിയായ വിഷമങ്ങളുടെ ഭാണ്ഡങ്ങളഴിച്ച് കോടീശ്വരന്മാർ നിർവൃതിപ്പെടുമ്പോൾ തൊട്ടിപ്പുറത്ത് ഒരു നേരത്തെ ഭക്ഷണത്തിനു എന്തെങ്കിലുമൊരു വകുപ്പ് ഖാജാ തങ്ങൾ തരുമെന്ന പ്രതീക്ഷയിൽ ഒരായിരം യാചകരെയും കാണാം. ആർക്കും പ്രത്യേക ഇരിപ്പിടങ്ങളോ പ്രത്യേക വഴികളോ ഒരു പ്രത്യേകതകളുമില്ലാതെ. രണ്ട് വിഭാഗങ്ങളും സന്തോഷവാന്മാരാണ്.

ആത്മീയതയുടെ അത്ഭുത വിലാസങ്ങൾ സൃഷ്ടിച്ച ജീവിച്ചിരിക്കുന്ന ഒരുകൂട്ടം മഹാന്മാർ മുക്കുമൂലകളിലായി അല്ലാഹുവിൽ ലയിച്ചിരിക്കുന്നത് കാണാം. ആത്മീയതയന്വേഷിച്ച് അലഞ്ഞു നടക്കുന്നവരുമുണ്ടാകും. ആത്മീയതയുടെ ഒരു ബാലപാഠവുമില്ലാതെ ആധുനികതയിൽ അഭിരമിച്ചിരിക്കുന്നവർക്കും ഒരു നേരത്തെ കുളിരിനു വേണ്ടി അജ്മീറിലെത്തിയവരുമുണ്ടാകും ഒട്ടനേകം പേർ. സ്വന്തം കവിതകളിൽ ലയിച്ചവർ, സ്വയം കവികളായവർ, ഖവാലിയിൽ മുഴുകിയവർ, പാട്ടുകളും ബൈത്തുകളും സംഗീത നിശകളും അതിനിടയിലെല്ലാം ഉപജീവനം നടത്തുന്നവർ… അജ്മീറോളം അനുഭവങ്ങൾ സമ്മാനിക്കുന്ന ഇന്ത്യയിലെ മറ്റൊരിടമുണ്ടോ..! ലക്ഷോപലക്ഷം ഇവിടെ നിരന്തരം വന്നണയുന്നത് ഒരു കൗതുകത്തിനു വേണ്ടിയാകില്ലല്ലോ. വന്നവരേറെയും വിഷണ്ണരായി തിരിച്ചു പോകാത്തതു നിമിത്തമായിരിക്കാം വീണ്ടും വീണ്ടും വരുന്നതും മറ്റുള്ളവരെ കൂട്ടുന്നതും. വന്നത് വെറുതെയായിപ്പോയിയെന്ന് ഇന്നുവരെ ഒരാളും വേവലാതിപ്പെടാത്തത് എന്തൊരത്ഭുതമാണ്..!

ഇതെല്ലം അജ്മീറിലെ ഒരു സാധാരണ ദിവസമാണെങ്കിൽ അജ്മീർ ദർഗാ ശരീഫിൽ ഒട്ടനേകം വിശേഷ ദിവസങ്ങളുമുണ്ട്. എല്ലാ അറബി മാസവും ആറാമത്തെ ദിവസം ഛട്ടി ശരീഫ് എന്ന പേരിലാണ് അവിടെ അറിയപ്പെടുന്നത്. ഛട്ടി എന്ന ഉറുദു പദത്തിനർഥം ആറാമത്തെ എന്നാണ്. പതിനായിരങ്ങൾ വന്ന് പ്രാർഥിച്ച് പോകുന്ന ദിവസമാണിത്. വർഷത്തിൽ റജബ് മാസം ആറിനാണ് ഉറൂസ്. ലക്ഷോപലക്ഷം ജനങ്ങൾ ഒരേസമയം തിങ്ങിനിറഞ്ഞു നിൽക്കുന്ന അജ്മീറിലെ ഏറ്റവും തിരക്കുപിടിച്ച ദിവസവുമാണിത്. ഒരു സൂചിക്കുപോലും പഴുതില്ലാത്ത തിരക്കെന്നു പറഞ്ഞാൽ തെറ്റാകില്ല, അത്രയുമാളുകൾ ഒരുമിച്ചുകൂടും.

ഡൽഹിയിൽ പഠിക്കുന്ന കാലവും അതിനുശേഷവുമെല്ലാം ഇത്തരം വിശിഷ്ട ദിനങ്ങളിൽ പങ്കെടുക്കുക ഞങ്ങളുടെ പതിവായിരുന്നുവെങ്കിലും പെരുന്നാൾ ദിവസങ്ങളിൽ അജ്മീറിനെ ആസ്വദിക്കാനായിട്ടില്ലായിരുന്നു. കാരണം, പെരുന്നാളിന് എല്ലാവരും വീടണയുകയാണല്ലോ പതിവ്. പെരുന്നാളിന്, വിശേഷിച്ചും ബലി പെരുന്നാളിന് ധാരാളം വിശേഷങ്ങൾ അജ്‌മീറിനുണ്ടെന്ന് അവിടെ സ്ഥിരതാമസമാക്കിയ പലരും പറയാറുണ്ടെങ്കിലും നേരിട്ടനുഭവിക്കാനായത് വർഷങ്ങൾക്ക് ശേഷമാണ്.

ഞാനും നൗഫൽ നൂറാനിയും അതിനായിത്തന്നെ അജ്മീരിലേക്ക് പുറപ്പെടുകയായിരുന്നു. അജ്‌മീർ ദർഗയുടെ കിലോമീറ്ററുകൾക്കിപ്പുറവും പെരുന്നാൾ പൊലിമ കാണാം. ദുൽഹിജ്ജ മാസം പിറന്നതു മുതൽ തെരുവുകൾ ഒരർഥത്തിൽ പെരുന്നാളാഘോഷിക്കാൻ തുടങ്ങിരിക്കുന്നു. കച്ചവടക്കാരുടെ തോരണങ്ങൾ മാത്രമല്ല, വീടുകളും വാഹനങ്ങളുമെല്ലാം പെരുന്നാളിന് ഒരുങ്ങിയിരിക്കുന്നു അല്ലെങ്കിൽ ഒരുങ്ങുകയാണെന്ന് പെട്ടെന്ന് ബോധ്യപ്പെടും. മാർക്കറ്റുകളിൽ ബലിയറുക്കാനുള്ള മൃഗങ്ങൾ വരിവരിയായി കാണാം. ഗ്രാമ പ്രദേശങ്ങളിലെ മൃഗ കർഷകർക്കെല്ലാം വലിയ വിലയിൽ കന്നുകാലികളെ വിറ്റഴിക്കാനുള്ള സമയം കൂടിയാണിത്.

ആണും പെണ്ണും വലിയവരും കുട്ടികളുമെല്ലാം ചെറുതും വലുതുമായ മൃഗങ്ങളുടെ കയറുകൾ പിടിച്ച് വിലപേശുന്നത് കാണാൻ അതിമനോഹരമാണ്. രാജസ്ഥാൻ ഗ്രാമീയത ഒന്നടങ്കം നഗരം കീഴടക്കിയ പ്രതീതി. ഒരായിരം പ്രതീക്ഷകൾ മുഖത്ത് വിരിഞ്ഞു പുഷ്പിച്ച് നിൽക്കുന്ന കർഷകരും നാളിന്നോളം തങ്ങളെ പൊന്നുമക്കളെപ്പോലെ നോക്കിവളർത്തിയ യജമാനന്മാരെ വിട്ടകലാനുള്ള വിമ്മിഷ്ടത്തിൽ അൽപ്പമെങ്കിലും കുറുമ്പും കുശുമ്പും കാട്ടിക്കൊണ്ടിരിക്കുന്ന കന്നുകാലികളും. കൂടുതലും ആടുകളാണ്. ചിലതൊക്കെ ഇടക്കിടെ കരയുന്നുണ്ടെന്നൊഴിച്ചാൽ വിലപേശൽ ശബ്ദങ്ങൾ മാത്രമേ കേൾക്കാനാകൂ. ഹനഫി മദ്ഹബിൽ ബലിദാനം വാജിബിയതിനാൽ കൂടി ഓരോരുത്തരുടെയും മനസ്സിൽ ഖുർബാനിയുടെ ചിന്തയുമുണ്ടാകും. പെരുന്നാൾ ദിനങ്ങളിൽ പാവങ്ങളുടെ വയർ സമൃദ്ധമായി നിറയുകയും ചെയ്യും.

തങ്ങൾ സ്വന്തമാക്കിയ മൃഗങ്ങളെ തെരുവിലൂടെ സന്തോഷത്തോടെ ആനയിക്കുന്ന പതിവുമുണ്ട് അജ്മീറിൽ. ഉത്തരേന്ത്യയുടെ പലഭാഗത്തും ഇതു കാണാം. മതപരമായ ഒരടിസ്ഥാനവും ഇതിനില്ലെങ്കിലും ആളുകൾക്കിത് ഒരാഘോഷമാണ്. പാവങ്ങൾക്കൊരു ആശ്വാസവും. ചിലരൊക്കെ മൃഗത്തിനെ മോടിപിടിപ്പിക്കുകയും ചെയ്യും. ദുൽഹിജ്ജയുടെ ആദ്യ പത്ത് ദിവസങ്ങളിൽ ബലി നൽകാൻ പറ്റുന്ന മൃഗങ്ങളെക്കണ്ടാൽ തക്ബീർ ചൊല്ലൽ സുന്നത്തുള്ളതു കാരണമായിരിക്കാം ചിലരൊക്കെ തക്ബീർ ധ്വനികളോട് കൂടിയാണ് മൃഗങ്ങളെ ആനയിക്കാറുള്ളത്. പക്ഷേ, അജ്മീറിൽ ഇതൊന്നും ഒരുനിലക്കും ദർഗയുമായോ ദർഗയിൽ സിയാറത്തിന് വരുന്നവരെയോ ബാധിക്കാറില്ല. അവരെ ശല്യപ്പെടുത്തുന്ന വിധം ആഭാസകരവുമാകാറില്ല. അജ്‌മീറിന്റെ തെരുവ് കാഴ്ചകൾ എന്നതിലുപരി ഇതിനൊരു പ്രസക്തിയുമില്ലതാനും.

പെരുന്നാൾ തലേന്ന്- അറഫാ ദിനത്തിൽ – തന്നെ അനിതരസാധാരണ തിരക്ക് ദർഗയിലും പരിസരത്തും ഞങ്ങൾക്ക് ബോധ്യപ്പെട്ടു തുടങ്ങി. അറഫയുടെ പുണ്യം നേടാൻ വന്ന വിശ്വാസികളായിരിക്കുമിത് എന്നാണ് ഞങ്ങൾ വിചാരിച്ചത്. നാളെ പെരുന്നാളാണെന്ന പ്രതീതിതിയൊന്നും ദർഗയിലില്ല. പ്രത്യേകമായ ഒരു അലങ്കാരവുമില്ല. ഇശാ നിസ്കാരത്തിനു ശേഷവും വളരെ വൈകി ഞങ്ങൾ ദർഗയുടെ പടിഞ്ഞാറു വശത്ത് ഷാജഹാൻ പള്ളിയിൽ കഴിച്ചുകൂട്ടി. മക്കയിലെ അറഫയിൽ സംഗമിച്ച ലക്ഷോപലക്ഷം ഹാജിമാരെ തലോടി വരുന്ന മന്ദമാരുതാനേറ്റ് ഷാജഹാൻ പള്ളിയുടെ മാർബിൾ തറയിലിരിക്കുന്നതിന്റെ ഭംഗിയും നിർവൃതിയും വേറെത്തന്നെയാണ്.

കോടാനുകോടി മനുഷ്യർക്ക് ഒരു സഹസ്രാബ്ദത്തോളമായി അഭയവും ആശ്വാസവും നൽകുന്ന ലോകത്തിലെ അത്യുന്നതനായ ഒരു മഹാന്റെ ചാരത്ത് ഒരായിരം വിശ്വാസികളോടൊപ്പം തീർത്തും നിശബ്ദമായ അന്തരീക്ഷത്തിൽ ഒറ്റക്കിരിക്കുക- അതൊരു ആനന്ദം മാത്രമല്ല, ആത്മീയതകൂടിയാണ്. അപ്പോഴും, രാത്രിയുടെ രണ്ടാം പകുതി പിന്നിട്ടപ്പോഴും, ദർഗയുടെ നാലുപാടും ആയിരങ്ങൾ എന്നെപ്പോലെ, അല്ലെങ്കിൽ എന്നേക്കാൾ നിർവൃതിയിൽ അവിടെ ചെലവഴിക്കുന്നുവെന്ന് കണ്ടപ്പോഴാണ് ആ പരിശുദ്ധതയുടെ ആഴം ഒന്നുകൂടെ ബോധ്യപ്പെടുക..

Latest