From the print
കാറ്റ് ഭീഷണി; കാട്ടുതീക്ക് ശമനമില്ല
സാന്റ എന എന്ന വരണ്ടകാറ്റ് രണ്ട് ദിവസങ്ങളില്‍ ശക്തിപ്രാപിക്കുന്നതിനാല്‍ തീ കൂടുതല്‍ മേഖലയിലേക്ക് പടരുമോയെന്ന ആശങ്കയിലാണ്.
ലോസ് ഏഞ്ചല്‍സ് | ഒരാഴ്ച പിന്നിട്ടിട്ടും യു എസ് സംസ്ഥാനമായ കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സില്‍ പടരുന്ന കാട്ടുതീക്ക് ശമനമില്ല. സാന്റ എന എന്ന വരണ്ടകാറ്റ് രണ്ട് ദിവസങ്ങളില്‍ ശക്തിപ്രാപിക്കുന്നതിനാല്‍ തീ കൂടുതല്‍ മേഖലയിലേക്ക് പടരുമോയെന്ന ആശങ്കയിലാണ്. ശക്തമായ തീപ്പിടിത്തമുണ്ടായ പാലിസേഡ്സില്‍ ഇതുവരെ 17 ശതമാനം മാത്രമാണ് തീ നിയന്ത്രണവിധേയമായത്. 23,700 ഏക്കറാണ് ഇവിടെ കത്തിനശിച്ചത്. ഈറ്റണില്‍ 35 ശതമാനം തീ നിയന്ത്രണവിധേയമാക്കിയതായി അഗ്‌നിശമന സേനാ വിഭാഗം അറിയിച്ചു.
ഈ രണ്ടിടങ്ങളിലെ തീയണക്കുന്നതിന് 8,500ലധികം അഗ്‌നിശമന സേനാംഗങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. തീപ്പിടിത്തത്തെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഇതുവരെ 24 പേരാണ് മരിച്ചത്. മരണ നിരക്ക് ഇനിയും ഉയരുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.
യു എസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയ പ്രകൃതിദുരന്തമായിരിക്കും ഈ കാട്ടുതീയെന്ന് ലോസ് ഏഞ്ചല്‍സ് ഉള്‍പ്പെടുന്ന സംസ്ഥാനമായ കാലിഫോര്‍ണിയയുടെ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസൊം പറഞ്ഞു.