First Gear
എംജി കോമെറ്റിന് എതിരാളി; വിഎഫ്3യുമായി വിൻഫാസ്റ്റ്
മൂന്നു മോഡലുകളുമായാണ് കമ്പനി ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നത്.

ഹനോയി | ഇലക്‌ട്രിക് വാഹന രംഗത്ത് സമീപകാലത്ത് വിപ്ലവം സൃഷടിച്ച് മുന്നേറുകയാണ് വിയറ്റ്‌നാമീസ് കമ്പനിയായ വിൻഫാസ്റ്റ്. നിരവധി രാജ്യങ്ങളിൽ സാന്നിധ്യമറിയിച്ച് കമ്പനി ഇന്ത്യൻ വാഹനവിപണിയിലും ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി കമ്പനി തമിഴ്‌നാട്ടിൽ വാഹന നിർമാണ പ്ലാന്റും ആരംഭിക്കുകയാണ്.ഇപ്പോഴിതാ കുഞ്ഞൻ ഇലക്‌ട്രിക് വാഹനവും വിൻഫാസ്റ്റ് പുറത്തിറക്കുമെന്നാണ് വാർത്തകൾ.
മൂന്നു മോഡലുകളുമായാണ് കമ്പനി ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നത്. ഇതിൽ വിഎഫ്3 എന്ന കുഞ്ഞൻ എസ്‌യുവിയാണ് കൂടുതൽ ശ്രദ്ധാകേന്ദ്രമാകുന്നത്. നിലവിൽ എംജിയുടെ കോമെറ്റ് ആണ് കുഞ്ഞൻ ഇലക്‌ട്രിക് കാറായി നിരത്തുകളിൽ വാഴുന്നത്. ഇതിന് എതിരാളയായാകും വിഎഫ്3 എത്തുക. 3,190 എംഎം നീളവും 1,676 എംഎം വീതിയും 1,622 എംഎം ഉയരവുമാണ് ഈ കുഞ്ഞന്‍ എസ്‌യുവിക്കുള്ളത്.
എംജിയുടെ കോമറ്റുമായി സൈസിൽ ചെറിയ വ്യത്യാസമേ ഉള്ളൂ. കോമെറ്റിന് 2,974 എംഎം നീളവും 1,505 എംഎം വീതിയും 1,640 എംഎം ഉയരുവുമാണുള്ളത്. വിഎഫ്3ക്ക് ഒറ്റ ചാർജിൽ 200 കിലോമീറ്റര്‍ റെയ്ഞ്ചാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷം ഇത് വിയറ്റ്നാം വിപണിയില്‍ അവതരിപ്പിച്ചിരുന്നു.ആദ്യ വര്‍ഷം തന്നെ 25,000 യൂണിറ്റുകള്‍ വിറ്റു. ഏതാണ്ട് 10 ലക്ഷം രൂപയാകും കാറിന്റെ ഇന്ത്യയിലെ പ്രാരംഭ വില. അടുത്തവർഷം വിഎഫ്3 വിപണിയിൽ എത്തും. വിഎഫ്7, വിഎഫ്6 മോഡലുകളാണ് വിൻഫാസ്റ്റ് ഇന്ത്യൻ വിപണിയിൽ ഇറക്കുന്ന മറ്റ് മോഡലുകൾ.