Uae
ശീതകാല അവധി; തിരക്കൊഴിവാക്കാൻ ദുബൈ എയർപോർട്ട് നിർദേശങ്ങൾ നൽകി
ഡിസംബർ 13നും 31നും ഇടയിൽ 52 ലക്ഷത്തിലധികം യാത്രക്കാർ ഡി എക്‌സ്ബി വഴി യാത്ര ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
ദുബൈ | ശീതകാല അവധിക്കാലത്ത് യു എ ഇ നിവാസികൾ എയർപോർട്ട് യാത്രകൾ ശ്രദ്ധാപൂർവം ആസൂത്രണം ചെയ്യണമെന്ന് ദുബൈ ഇന്റർനാഷണൽ ആവശ്യപ്പെട്ടു. സീസണിൽ യാത്രക്കാരുടെ പ്രവാഹം വർധിക്കുന്ന സാഹചര്യത്തിലാണ് നിർദേശം. ഡിസംബർ 13നും 31നും ഇടയിൽ 52 ലക്ഷത്തിലധികം യാത്രക്കാർ ഡി എക്‌സ്ബി വഴി യാത്ര ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
ഡിസംബർ 20 (വെള്ളി) ഏറ്റവും തിരക്കേറിയ ദിവസമായിരിക്കും. 296,000 അതിഥികൾ ആ ദിവസം വിമാനത്താവളത്തിലെത്തും. ഡിസംബർ 20 മുതൽ 22 വരെയുള്ള വാരാന്ത്യത്തിൽ 880,000 അതിഥികൾ കടന്നുപോകുമെന്ന് കണക്കാക്കപ്പെടുന്നു. ഏകദേശം 274,000 ആളുകൾ ഈ കാലയളവിൽ ദിവസവും കടന്നുപോകും.
തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ, യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യാനും സുഗമമായ യാത്രക്കായി യാത്രാ നിയമങ്ങൾ പാലിക്കാനും അധികൃതർ നിർദേശിച്ചു.നേരത്തെ ചെക്ക് ഇൻ ചെയ്യുക, അതിഥികൾ പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് എത്താതിരിക്കുക, ബാഗേജ് രണ്ട് തവണ പരിശോധിക്കുക. ലോഹ വസ്തുക്കളും ഇലക്ട്രോണിക് ഉപകരണങ്ങളും ഹാൻഡ് ലഗേജിൽ വയ്ക്കുക, ലിക്വിഡ്, എയറോസോൾ, ജെൽ എന്നിവയുടെ നിയന്ത്രണങ്ങൾ പാലിക്കുക തുടങ്ങിയ നിർദേശങ്ങൾ പാലിക്കണം. 12 വയസ്സിന് മുകളിൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് സ്മാർട്ട് ഗേറ്റുകൾ ഉപയോഗിച്ച് പാസ്പോർട്ട് നിയന്ത്രണം വേഗത്തിലാക്കാനാവും.
തിരക്കുകൾക്കിടയിലും യാത്രക്കാർക്ക് ഉത്സവാന്തരീക്ഷം ആസ്വദിക്കാനാകുന്ന തരത്തിൽ സഹകരിച്ച് പ്രവർത്തിക്കാൻ തങ്ങൾ നന്നായി തയ്യാറാണെന്ന് ടെർമിനൽ ഓപറേഷൻസ് സീനിയർ വൈസ് പ്രസിഡന്റ് ഹിസ്സ അൽ ശംസി പറഞ്ഞു.