Editors Pick
വിൻ്റർ അടുത്തെത്താറായി; കാണാം ഇന്ത്യയിലെ മഞ്ഞുലോകം
വിൻ്റർ യാത്രയ്‌ക്ക് തയ്യാറാകുന്നവർ ഈ സ്ഥലങ്ങൾ തീർച്ചയായും കണ്ടിരിക്കണം
ഇന്ത്യയിൽ മഞ്ഞുകാലം വരവായി. ഡിസംബർ മുതൽ ഫെബ്രുവരി വരെയാണ് ഇന്ത്യയിലെ വിൻ്റർ സീസൺ. ഈ കാലത്ത് അതിമനോഹരമാകുന്ന ചില പ്രദേശങ്ങളുണ്ട്. മഞ്ഞ് നിറഞ്ഞ പ്രകൃതിയും തണുപ്പുമായി ആരുടെയും മനംകവരുന്ന ഇടങ്ങൾ. ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ വിൻ്റർ യാത്രയ്‌ക്ക് തയ്യാറാകുന്നവർ ഈ സ്ഥലങ്ങൾ തീർച്ചയായും കണ്ടിരിക്കണം. ആ സ്ഥലങ്ങൾ പരിചയപ്പെടാം.
ഔലി
ഉത്തരാഖണ്ഡിലെ മനോഹരമായ ഹിൽ സ്റ്റേഷനായ ഔലി (Auli) മഞ്ഞുമൂടിയ കൊടുമുടികളും ഓക്ക് മരങ്ങളുടെ താഴ്‌വരകളാലും നിറഞ്ഞതാണ്. അതിമനോഹരമായ കാഴ്ചകളുള്ള ഇവിടം സ്കീ പ്രേമികളുടെ പറുദീസയുമാണ്. ശൈത്യകാലത്തെ സ്‌കീയിങ് മത്സരങ്ങൾക്ക് ഇവിടം വേദിയാകാറുണ്ട്.
ഷിംല
ഹിമാചൽ പ്രദേശിൻ്റെ മനോഹരമായ തലസ്ഥാനമായ ഷിംലയാണ് മറ്റൊരു വിൻ്റർ മാജിക്. എല്ലാ സീസണിലും വിനോദസഞ്ചാരികൾ ഇവിടെ എത്താറുണ്ടെങ്കിലും ശൈത്യകാലത്ത് തിരക്ക് കൂടും. അത്രയ്‌ക്ക് സുന്ദരമാണ് മഞ്ഞുപെയ്യുന്ന കാലം. കൊളോണിയൽ വാസ്തുവിദ്യയ്ക്കും മനോഹരമായ കാഴ്ചകൾക്കും മനോഹരമായ ശൈത്യകാല മഞ്ഞുവീഴ്ചയ്ക്കും ഷിംല പ്രശസ്‌തമാണ്.
മുസ്സൂറി
ഉത്തരാഖണ്ഡിലെ ഗർവാൾ കുന്നുകളിൽ സ്ഥിതി ചെയ്യുന്ന മുസ്സൂറിയും തണുപ്പുകാലത്ത് കൂടുതൽ സുന്ദരിയാണ്. അതിശയിപ്പിക്കുന്ന വെള്ളച്ചാട്ടങ്ങളുള്ള മസ്സുരി വിൻ്ററിൽ വെള്ള ഉടുപ്പിടും. അതുകൊണ്ടാണ് ഇവിടം സഞ്ചാരികളുടെ പ്രിയ സ്ഥലമാകുന്നതും.
ലഡാക്ക്
അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും അതുല്യമായ സംസ്കാരത്തിനും പേരുകേട്ട ലഡാക്ക് ശൈത്യകാലത്ത് കൂടുതൽ സുന്ദരമാണ്. പർവതങ്ങളുടെയും ആശ്രമങ്ങളുടെയും അതിമനോഹരമായ കാഴ്ചകൾ ഇവിടം പ്രദാനം ചെയ്യുന്നു. ബൈക്ക് റൈഡർമാരും മറ്റും കൂടുതൽ എത്തുന്ന ലഡാക്കിൽ മഞ്ഞുകാലം ഒരു കാഴ്‌ചയാണ്. ലഡാക്ക് ഉൾപ്പെടുന്ന ഇന്ത്യയുടെ തലയെടുപ്പായ കശ്‌മീർ കൂടുതൽ സുന്ദരമാകുന്നത് മഞ്ഞുകാലത്താണ്. ഗുൽമാർഗും ജമ്മുവുമെല്ലാം ഈ കാലത്ത് തൂവെള്ള നിറമാകും.
സിക്കിം
സപ്‌തസുന്ദരികളിലെ സിക്കിം ശീതകാലത്ത് സഞ്ചാരികളുടെ പറുദീസയാണ്. മഞ്ഞുമൂടിയ പർവതങ്ങളും തണുപ്പിലും ഊർജ്ജസ്വലമായ മൊണാസ്ട്രികളും സഞ്ചാരികളുടെ ഹൃദയം കവരും.