Uae
ശൈത്യം ...സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി ജബൽ ഹഫീത്ത്
അല്‍ഐന്‍ നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്താം.ഈ പര്‍വതത്തിന്റെ താഴെ നിന്നും വളഞ്ഞും തിരിഞ്ഞുമുള്ള റോഡിലൂടെ 12 കിലോമീറ്ററോളം സഞ്ചരിച്ചാല്‍ ജബല്‍ ഹഫീത്തിന്റെ മുകളിലെത്തിച്ചേരും.
അല്‍ ഐന്‍| ശൈത്യകാലം തുടങ്ങിയതോടെ സന്ദര്‍ശകരെ വരവേല്‍ക്കുകയാണ് ജബല്‍ ഹഫീത്ത് പര്‍വ്വത നിര. യാത്രയെയും സാഹസികതെയും സ്നേഹിക്കുന്നവര്‍ ഒരിക്കലെങ്കിലും പോകേണ്ടയിടമാണ് ഇവിടം.
അല്‍ഐനില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണകേന്ദ്രവും ഇമാറാത്തിന്റെ ചരിത്ര ശേഷിപ്പുകള്‍ നിലകൊള്ളുന്നതുമായ മലനിരകളാണ് ജബല്‍ ഹഫീത്ത്. ഒമാന്റെ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഇതിന്റെ കിടപ്പ്. യു.എ.ഇയിലെ ഏറ്റവും വലിയ പര്‍വതങ്ങളില്‍ ഒന്നായ ജബല്‍ ഹഫീത്ത് 1249 മീറ്റര്‍ ഉയരമുണ്ട്. ജബല്‍ ഹഫീത്തില്‍ ഇന്നലെ 16 ഡിഗ്രിയാണ് തണുപ്പ് രേഖപ്പെടുത്തിയത്. തണുപ്പ് കൂടിയതോടെ യു എ ഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഒഴുകുകയാണ്.
അല്‍ഐന്‍ നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്താം.ഈ പര്‍വതത്തിന്റെ താഴെ നിന്നും വളഞ്ഞും തിരിഞ്ഞുമുള്ള റോഡിലൂടെ 12 കിലോമീറ്ററോളം സഞ്ചരിച്ചാല്‍ ജബല്‍ ഹഫീത്തിന്റെ മുകളിലെത്തിച്ചേരും.റോഡിന്റെ വശങ്ങളില്‍ സ്ഥാപിച്ച വഴിവിളക്കിന്റെ പ്രകാശത്തില്‍ ജബല്‍ ഹഫീത്തിനെ രാത്രിയില്‍ കാണുന്നതും അതിലൂടെ സഞ്ചരിക്കുന്നതും ഏറെ മനോഹരമാണ്.
രാത്രിയില്‍ വിളക്കുകള്‍ നിരനിരയായി പ്രകാശിച്ചുനില്‍ക്കുന്നത് അല്‍ഐനിന്റെ വിദൂര പ്രദേശങ്ങളില്‍നിന്നും കാണാവുന്നത്.സന്ധ്യാസമയങ്ങളില്‍ ഈ പര്‍വ്വതശിഖിരത്തു നിന്നുള്ള അല്‍ഐന്‍ നഗരത്തിന്റെ ദൃശ്യം ഏറെ മനോഹരമാണ്.ഐല്‍ ഐനിന്റെ ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനമാണുള്ളത് ജബല്‍ ഹഫീത്തിന്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശവകുടീരങ്ങളും ചരിത്ര ശേഷിപ്പുകളും ഈ മേഖലകളില്‍നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.
പ്രകൃതിദത്തവും വിശാലവുമായ ഗുഹാവ്യൂഹങ്ങള്‍ ജബല്‍ ഹഫീത്തിലേക്കുള്ള പാതയില്‍ കാണാന്‍ കഴിയും.അപൂര്‍വ മൃഗങ്ങളായ കാട്ടുപൂച്ചകള്‍, ചുവന്ന കുറുക്കന്മാര്‍, ഹൈറാക്‌സുകള്‍ തുടങ്ങിയ ചെറിയ സസ്തനികളെക്കൂടാതെ, ഈജിപ്ഷ്യന്‍ കഴുകന്മാര്‍, കെസ്ട്രല്‍, മൊറോക്കന്‍ ഫാല്‍ക്കണ്‍ തുടങ്ങി നിരവധി ദേശാടന പക്ഷികളെയും ഇവിടെ കണ്ടുവരുന്നുണ്ട്.
ജബല്‍ ഹഫീത്ത് പര്‍വത നിരയില്‍ കിഴക്ക് ഭാഗത്തായി ഒരുക്കിയ ഉദ്യാനത്തില്‍ സാഹസിക കേന്ദ്രത്തിന് പുറമെ പുരാവസ്തു, രാജ്യത്തിന്റെ ചരിത്രപരമായ അവശിഷ്ടങ്ങള്‍, ഔട്ട്‌ഡോര്‍ സാഹസിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സാംസ്‌കാരിക, ടൂറിസം വകുപ്പ് (ഡി.സി.ടി) ഒരുക്കിയിട്ടുണ്ട്.ഈ പ്രദേശത്തിന്റെ പുരാവസ്തു ശാസ്ത്രത്തിലും ചരിത്രത്തിലും താത്പര്യമുള്ളവരെയും സാഹസിക ഔട്ട് ഡോര്‍ പ്രവര്‍ത്തനങ്ങള്‍ ആസ്വദിക്കുന്നവരെയും ഈ ഉദ്യാനം ആകര്‍ഷിക്കും.
മലയിലേക്ക് കയറുന്നതിനായി രണ്ടുവരി പാതയും ഇറങ്ങുന്നതിന് ഒറ്റവരി പാതയുമാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.വൃത്തിയും വളരെ മനോഹരമായും നിര്‍മിക്കപ്പെട്ട ഈ പാത ലോകത്തിലെ ഏറ്റവും ഉയരമുള്ള ഗതാഗത പാതയായി എഡ്മണ്ട്‌സ് ഡോട്ട് കോം വിശേഷിപ്പിച്ചിട്ടുണ്ട്.ജബല്‍ ഹഫീത്തിലേക്കുള്ള റോഡില്‍ നിരവധി സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും ചുറ്റുപാടും വീക്ഷിക്കാനുമുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
പര്‍വ്വത ശിഖിരത്തില്‍ ചെന്നവസാനിക്കുന്ന ഈ പാതക്കൊടുവില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനായുള്ള സ്ഥലവും ഒരു ഹോട്ടലും ഒരു പാലസും ഉണ്ട്. ജബല്‍ ഹഫീതിന്റെ മുകളില്‍നിന്ന് അല്‍ഐനിന്റെ മൊത്തത്തിലുള്ള ഭംഗി നുകരാനാകും. ജബല്‍ ഹഫീതിന്റെ താഴ്വരയിലാണ് ഗ്രീന്‍ മുബസറ എന്ന സഞ്ചാരികളുടെ മറ്റൊരു ആകര്‍ഷണ കേന്ദ്രം നിലകൊള്ളുന്നത്.