Uae
ശൈത്യകാല ടൂറിസം കാമ്പയിന്‍ അവസാനിച്ചു; ഹോട്ടല്‍ വരുമാനത്തില്‍ 87 ശതമാനം വര്‍ധന
കാമ്പയിന്‍ 1.2 ബില്യണിലധികം ആളുകളെ ആകര്‍ഷിച്ചു.
![](https://assets.sirajlive.com/2025/02/uae-winter-897x538.jpg)
ദുബൈ | യു എ ഇ പ്രഖ്യാപിച്ച ശൈത്യകാല ടൂറിസം കാമ്പയിന്‍ അവസാനിച്ചു. ‘ഗ്രീന്‍ ടൂറിസം’ എന്ന പ്രമേയത്തില്‍ 2024 ഡിസംബര്‍ 16 മുതല്‍ ആറ് ആഴ്ച നീണ്ടുനിന്ന ‘ലോകത്തിലെ ഏറ്റവും തണുത്ത ശൈത്യകാലം’ കാമ്പയിനിന്റെ അഞ്ചാം പതിപ്പിന്റെ സമാപനം സാമ്പത്തിക മന്ത്രാലയം പ്രഖ്യാപിച്ചു. ദേശീയ കാര്‍ഷിക കേന്ദ്രം, പ്രാദേശിക ടൂറിസം അതോറിറ്റികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിന്‍ നടത്തിയത്.
ഹരിത ടൂറിസം, കാര്‍ഷിക ടൂറിസം, സുസ്ഥിര ഇക്കോടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ചലനാത്മകമായ ഒരു ടൂറിസം വിപണി വളര്‍ത്തിയെടുക്കുന്നതിനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും മേഖലയുടെ വളര്‍ച്ചയെ മുന്നോട്ട് നയിക്കുന്നതിന് ഇത് സംഭാവന നല്‍കി.
ഏഴ് എമിറേറ്റുകളിലുമുള്ള യു എ ഇയുടെ വൈവിധ്യമാര്‍ന്ന ലക്ഷ്യസ്ഥാനങ്ങളും അതുല്യമായ അനുഭവങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ കാമ്പയിന്‍ പുതിയ അവസരങ്ങള്‍ തുറന്നിട്ടതായി സാമ്പത്തിക മന്ത്രിയും എമിറേറ്റ്‌സ് ടൂറിസം കൗണ്‍സില്‍ ചെയര്‍മാനുമായ അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി പറഞ്ഞു.
ഹോട്ടല്‍ സ്ഥാപന വരുമാനം ഏകദേശം 1.9 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇത് കഴിഞ്ഞ പതിപ്പിനെ അപേക്ഷിച്ച് 86.9 ശതമാനം വളര്‍ച്ചയാണ്. ഹോട്ടല്‍ അതിഥികളുടെ ആകെ എണ്ണം 4.4 ദശലക്ഷം കവിഞ്ഞു. 62 ശതമാനം വളര്‍ച്ച ഉണ്ടായി. ഹോട്ടല്‍ താമസ നിരക്ക് 74 ശതമാനത്തിലെത്തി. ഈ പതിപ്പ് മാത്രം ആഗോളതലത്തില്‍ 224.7 ദശലക്ഷം ആളുകളിലേക്ക് എത്തി. അഞ്ച് പതിപ്പുകളിലുമായി കാമ്പയിനിന്റെ മൊത്തം ആഗോള വ്യാപ്തി 1.2 ബില്യണിലധികം ആളുകളെ ആകര്‍ഷിച്ചു.