Connect with us

Articles

അരാഷ്ട്രീയതക്കെതിരായ ധിഷണയും ദിശാബോധവും

നേരിന് കാവലിരിക്കുന്ന യുവത്വത്തെയാണ് കാലം ആവശ്യപ്പെടുന്നത്. അവനവന്റെ സുഖങ്ങളില്‍ അഭിരമിക്കുന്ന അരാഷ്ട്രീയ യുവത്വം സമൂഹത്തിന് വലിയ ബാധ്യതയാണ്. കൃത്യമായ ദിശാബോധമുള്ളവര്‍ക്കേ സമൂഹത്തെ മുന്നോട്ട് നയിക്കാനാകൂ. ലഹരിയും മയക്കുമരുന്നുകളും മറ്റ് അരാജകത്വങ്ങളും അരങ്ങ് വാഴുന്ന കാലത്ത് എസ് വൈ എസിന് വലിയ ഇടമുണ്ട് എന്ന് ഞങ്ങള്‍ കരുതുന്നു. അതൊരലങ്കാരമായിട്ടല്ല, ഉത്തരവാദിത്വമായി തന്നെയാണ് ഞങ്ങള്‍ ഏറ്റെടുക്കുന്നത്.

Published

|

Last Updated

കേരളീയ ഉലമാക്കളുടെ ധൈഷണിക വ്യവഹാരങ്ങളും സമര്‍പ്പണ മനസ്സും സംഘടിതമായ പ്രവര്‍ത്തനങ്ങളും ഇസ്‌ലാമിക പ്രബോധന വഴിയില്‍ വലിയ തോതില്‍ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. സമൂഹത്തിന്റെ ഭൗതികവും ആത്മീയവുമായ ജീവിതത്തിന് ദിശ നല്‍കുന്ന വിധത്തിലുള്ള തികഞ്ഞ ആക്ടിവിസമാണ് കേരളത്തിന്റെ സാമൂഹിക പരിസരങ്ങളില്‍ ഉലമാ നേതൃത്വം നടത്തിയത്.

തിരുനബി(സ)യുടെ സുവര്‍ണ കാലത്ത് തന്നെ വിശുദ്ധ ദീനിന്റെ വെളിച്ചം എത്തിയ നാടാണ് കേരളമെന്നാണല്ലോ പ്രബല ചരിത്രം. എന്തായാലും നബി(സ)യുടെ പാഠശാലയില്‍ നിന്ന് വിശുദ്ധ മതത്തെ അറിയുകയും ഉള്‍ക്കൊള്ളുകയും ചെയ്ത സ്വഹാബികള്‍ മതത്തിന്റെ സത്യസന്ദേശവുമായി കേരളത്തിലെത്തിയിട്ടുണ്ടെന്ന ചരിത്രം ഉറപ്പുള്ളതാണ്. അപ്പോള്‍ ഇസ്‌ലാമിന്റെ തനത് രൂപം തന്നെയാണ് കേരളത്തിലെ മുസ്‌ലിംകള്‍ സ്വീകരിച്ചത്. അതനുസരിച്ച് തന്നെയാണ് പ്രവര്‍ത്തിച്ചു വന്നതും. മതം ആഴത്തില്‍ പഠിച്ചറിഞ്ഞ ഉലമയുടെ ഉദ്ബോധനങ്ങളും അധ്യാപനങ്ങളും കേരളത്തിലെ സാമാന്യ വിശ്വാസികള്‍ പ്രമാണമായി തന്നെ കരുതിപ്പോന്നു.
പതിമൂന്ന് നൂറ്റാണ്ടു കാലത്തെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഒരു ഒഴുക്ക് തന്നെയായിരുന്നു. അദബിന്റെയും അനുസരണയുടെയും മധുരാനുഭവങ്ങള്‍ കൊണ്ട് സമ്പന്നമായ പ്രബോധന ചരിത്രം! മിഹ്‌റാബുകളും മിമ്പറുകളും കേന്ദ്രീകരിച്ചു കൊണ്ടുള്ള ശാന്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നിരുന്ന ഉലമ സന്ദർഭാനുസാരം കുറേ കൂടി മുഖ്യധാരയിലേക്ക് ഇറങ്ങി വന്നു. കേരളീയ സുന്നി ഉലമയുടെ ചരിത്രപരമായ ഒരു ദൗത്യനിര്‍വഹണത്തിനാണ് അന്ന് മുതല്‍ സമൂഹം സാക്ഷ്യം വഹിച്ചത്. എസ് വൈ എസിന്റെ പ്ലാറ്റിനം ഇയറിലും ആ ചരിത്രദൗത്യം തന്നെയാണ് ജ്വലിച്ചു നില്‍ക്കുന്നത്.

വിശുദ്ധ പ്രവാചകര്‍ (സ) ഏല്‍പ്പിച്ച വലിയൊരു ഉത്തരവാദിത്വമാണ് കേരളീയ ഉലമാക്കള്‍ ഏറ്റെടുത്തത്. ആയിരത്തിമുന്നൂറ് കൊല്ലം അഭിമാനപൂര്‍വം സ്വീകരിച്ചുവന്ന വിശ്വാസത്തെയും ആചാരങ്ങളെയും കുറ്റകരമായ ശിര്‍ക്കും ബിദ്അത്തുമായി ആക്ഷേപിക്കുകയും അതുവഴി മുസ്‌ലിംകളില്‍ അനൈക്യം സൃഷ്ടിക്കുകയും ചെയ്തപ്പോഴായിരുന്നു ഉലമാ നേതൃത്വം സംഘടിതമായ മുന്നേറ്റത്തിലേക്ക് പ്രവേശിച്ചത്. മുസ്‌ലിം ഉമ്മത്തിന്റെ മതജീവിതത്തിലെ ശരിയും തെറ്റും നിര്‍ണയിക്കാന്‍ ബാഹ്യശക്തികള്‍ ഇടപെടേണ്ടതില്ലെന്ന ധീരമായ നിലപാട് പണ്ഡിത കേരളം ഒന്നടങ്കം സ്വീകരിച്ചു. ഉത്പതിഷ്ണുക്കളായി രംഗപ്രവേശം ചെയ്തവരെ ആദര്‍ശപരമായി നേരിടാൻ അവര്‍ ഒരുങ്ങി. അങ്ങനെ 1926ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപവത്കൃതമായി. അതേ തുടര്‍ന്ന് സമസ്തയുടെ ആദര്‍ശവും സത്യസന്ധമായ നിലപാടുകളും സമൂഹത്തില്‍ വ്യാപിപ്പിക്കുന്നതിനു വേണ്ടി വിപുലമായ പ്രവര്‍ത്തനങ്ങളും പദ്ധതികളും ഉണ്ടായി. സമ്മേളനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിച്ചു. സമൂഹത്തെ ബാധിക്കുന്ന മതവിഷയങ്ങളില്‍ പ്രത്യേകിച്ചും മറ്റു വിഷയങ്ങളില്‍ പൊതുവെയും ഇടപെടലുകൾ നടത്തി. ദഅ്‌വത്തിന് വേണ്ടിയുള്ള അനേകം പ്രമേയങ്ങളും പ്രസ്താവനകളും ഉണ്ടായി.

സമൂഹത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കുന്നതായിരുന്നു സമസ്തയുടെ സമ്മേളനങ്ങള്‍. ഓരോ സമ്മേളനവും കാലം ഏല്‍പ്പിക്കുന്ന ദൗത്യം അല്ലാഹുവിന്റെ വഴിയില്‍ ഏറ്റെടുക്കാനുളള ആഹ്വാനങ്ങളായിരുന്നു. പണ്ഡിത നേതൃത്വത്തെ പൂര്‍ണമായും വിശ്വാസത്തിലെടുത്ത സാമാന്യ മുസ്‌ലിം ജനങ്ങള്‍ ആവേശപൂര്‍വം ഈ ആഹ്വാനങ്ങളത്രയും ഏറ്റെടുത്തു.
1954 ഏപ്രില്‍ 24, 25 തീയതികളില്‍ നടന്ന സമസ്തയുടെ ഇരുപതാം സമ്മേളനത്തിന്റെ ആഹ്വാന ഫലമായിട്ടാണ് എസ് വൈ എസിന്റെ രൂപവത്കരണമെന്നത് അവിസ്മരണീയമായ കാര്യമാണ്. എസ് വൈ എസ് പ്രവര്‍ത്തന ഗോദയില്‍ സജീവ സാന്നിധ്യമായി. യുവ സമൂഹം ആദര്‍ശ രംഗത്ത് ശക്തമായി നിലകൊണ്ടു. നവീന വാദികളുടെ വികല വാദങ്ങളെ പൊളിച്ചടുക്കുന്ന പ്രഭാഷണങ്ങളും സംവാദങ്ങളും അരങ്ങേറിയപ്പോള്‍ സുന്നി യുവത അവരുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റി. ഇസ്‌ലാമിക ആദര്‍ശത്തെ കലര്‍പ്പില്ലാത്ത വിധം മുസ്‌ലിം മനസ്സുകളില്‍ എത്തിക്കാനുള്ള വര്‍ധിത വീര്യം യുവാക്കളാര്‍ജിച്ചു. ആദര്‍ശ പ്രചാരണത്തോടൊപ്പം സാമൂഹികമായ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതിലും ബദ്ധശ്രദ്ധരായി. അതിന് വേണ്ടിയുള്ള പദ്ധതികളും സങ്കേതങ്ങളുമുണ്ടായി.

ഈടുറ്റ പരിശീലനങ്ങളും പദ്ധതികളും സുന്നിപ്രവര്‍ത്തകരെ ശക്തരാക്കി. വൈജ്ഞാനികമായ സമ്പത്താണല്ലോ ഇസ്‌ലാമിക സമൂഹത്തിന്റെ പ്രധാന പൈതൃകം. അതിന് തുടര്‍ച്ചകളുണ്ടായി. കേരളത്തിന്റെ വൈജ്ഞാനിക ഭൂപടത്തില്‍ ഇതിഹാസമായി മാറിയ മര്‍കസിന്റെ സംസ്ഥാപനമടക്കം സാമുദായികവും സാമൂഹികവുമായ ഉജ്വല മാതൃകകള്‍ക്ക് എസ് വൈ എസിന്റെ വേദികള്‍ ആശയം നല്‍കി. യുവസമൂഹത്തിന്റെ തൊഴിലിലും സാംസ്‌കാരിക രൂപവത്കരണത്തിലും എസ് വൈ എസ് ഇടപെട്ടുകൊണ്ടേയിരുന്നു. സാമൂഹികം, സാംസ്‌കാരികം, സാന്ത്വനം മേഖലകളിലെല്ലാം വര്‍ത്തമാന കേരളത്തില്‍ എസ് വൈ എസിന്റെ ആശയങ്ങള്‍ ചര്‍ച്ചയായി.

രാഷ്ട്രീയ കക്ഷിത്വങ്ങളില്‍ ഏര്‍പ്പെടാതെ ഇസ്‌ലാം ഏല്‍പ്പിച്ച രാഷ്ട്രീയ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചു പോരുകയാണ് എസ് വൈ എസ്. കേരളത്തിലെ മെഡിക്കല്‍ കോളജുകളിലടക്കം ആതുരാലയങ്ങളില്‍ പകലന്തിയോളം നിഷ്‌കളങ്കമായി സേവനം ചെയ്യുന്ന നൂറുകണക്കിന് സാന്ത്വനം വളണ്ടിയര്‍മാര്‍ സംഘടനയുടെ പ്രധാന സമ്പത്താണ്.
നേരിന് കാവലിരിക്കുന്ന യുവത്വത്തെയാണ് കാലം ആവശ്യപ്പെടുന്നത്. അവനവന്റെ സുഖങ്ങളില്‍ അഭിരമിക്കുന്ന അരാഷ്ട്രീയ യുവത്വം സമൂഹത്തിന് വലിയ ബാധ്യതയാണ്. കൃത്യമായ ദിശാബോധമുള്ളവര്‍ക്കേ സമൂഹത്തെ മുന്നോട്ട് നയിക്കാനാകൂ. ലഹരിയും മയക്കുമരുന്നുകളും മറ്റ് അരാജകത്വങ്ങളും അരങ്ങ് വാഴുന്ന കാലത്ത് എസ് വൈ എസിന് വലിയ ഇടമുണ്ട് എന്ന് ഞങ്ങള്‍ കരുതുന്നു. അതൊരലങ്കാരമായിട്ടല്ല, ഉത്തരവാദിത്വമായി തന്നെയാണ് ഞങ്ങള്‍ ഏറ്റെടുക്കുന്നത്. പൂര്‍വ സൂരികള്‍ നല്‍കിയ വെളിച്ചമാണ് ഞങ്ങളുടെ പ്രധാന ഊര്‍ജം. അതിന്റെ ബലത്തില്‍ തന്നെയാണ് ഞങ്ങളുടെ പ്രയാണം.

ഇന്നും ജ്വലിച്ചു നില്‍ക്കുന്ന ആ വെളിച്ചം ബാക്കിയാക്കിയവരില്‍ ജീവിച്ചിരിക്കുന്നവരും മണ്‍മറഞ്ഞവരുമുണ്ട്. അവരോടുള്ള കടപ്പാടും പ്രതിബദ്ധതയും അഭിമാനപൂര്‍വം ഞങ്ങളോര്‍ക്കുന്നു. എഴുപത് പിന്നിടുന്ന എസ് വൈ എസിന് തിളക്കമേറെയുണ്ട്. ഈ തിളക്കത്തിനു മുന്നിലും പിന്നിലും വലിയ ധിഷണയും ദിശാബോധവുമുണ്ടായിരുന്ന നേതൃത്വവും നിസ്വാര്‍ഥ സേവനം നടത്തിയ പ്രവര്‍ത്തകരുമായിരുന്നു. ഈ വഴിയില്‍ ഞങ്ങള്‍ അവിശ്രമം ജൈത്രയാത്ര തുടരുക തന്നെ ചെയ്യും.

---- facebook comment plugin here -----

Latest