Kozhikode
സ്ത്രീകളെ പൊതുവേദിയിൽ കൊണ്ടുവരുന്നത് മുജാഹിദ് പാരമ്പര്യമല്ലെന്ന് വിസ്ഡം നേതാക്കൾ
സിഹ്‌റ് ഫലിക്കുമെന്നത് പ്രമാണങ്ങളിലുണ്ടെന്നും അതിൽ എതിരഭിപ്രായമില്ലെന്നും നേതാക്കൾ
കോഴിക്കോട് | സ്ത്രീ സ്വാതന്ത്ര്യത്തിന് സ്ത്രീകൾ പൊതുരംഗത്ത് വരേണ്ടതില്ലെന്ന് മുജാഹിദ് വിസ്ഡം വിഭാഗം. സ്ത്രീകളെ പൊതുവേദിയിൽ കൊണ്ടുവരുന്നത് മുജാഹിദ് പാരമ്പര്യമല്ലെന്നും ഭാരവാഹികൾ കോഴിക്കോട് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. മുജാഹിദ് പൊതുസമ്മേളനത്തിൽ സ്ത്രീ പ്രഭാഷണം ആവശ്യമില്ല.
സ്ത്രീ സ്വാതന്ത്ര്യം എന്നത് അവരെ പ്രദർശിപ്പിക്കുക എന്നതല്ല. സ്ത്രീകളെ സംബന്ധിച്ച് ധാരാളം കാഴ്ചപ്പാടുകൾ നാട്ടിലുണ്ട്. സ്ത്രീപക്ഷ സംവിധാനങ്ങൾ ഇവിടെയുണ്ട്. ഇത്തരത്തിലുള്ള സ്ത്രീ കാഴ്ചപ്പാടല്ല തങ്ങളുടേത്. സ്ത്രീകളെ പ്രദർശന വസ്തുവാക്കി വിൽപ്പനച്ചരക്കാക്കി മാറ്റുന്ന അവസ്ഥയാണിന്നുള്ളതെന്നും അവർ പറഞ്ഞു.
വിവാദ പരാമർശങ്ങളുള്ള “ബലാഉം ബറാഉം’ എന്ന പുസ്തകത്തെ തള്ളിപ്പറയാൻ വിസ്ഡം നേതാക്കൾ തയ്യാറായില്ല. ശൈഖ് സ്വാലിഹ് അൽ ഫൗസാൻ എഴുതിയ “അൽ ബലാഉ വൽ വറാഉ’ എന്ന പുസ്തകം വിവർത്തനം ചെയ്തത് അബ്ദുൽ ജബ്ബാർ അബ്ദുല്ലയാണ്. ഇദ്ദേഹം തങ്ങളുടെ വിഭാഗത്തിൽപ്പെട്ട നേതാവാണെന്നും ഇസ്‌ലാമിക വിരുദ്ധമായ കാര്യങ്ങൾ അദ്ദേഹം എഴുതാറില്ലെന്നും ഭാരവാഹികൾ അറിയിച്ചു.
മലയാള നാട്ടിൽ നിന്ന് എഴുതപ്പെട്ടതല്ലാത്തതിനാൽ ഇവിടെ നിന്ന് വായിക്കുമ്പോൾ ആശയക്കുഴപ്പം തോന്നിയേക്കാം. ഇസ്‌ലാമിക രാജ്യത്ത് എഴുതിയ ഗ്രന്ഥമാണ് ഇതിൻ്റെ മൂലകൃതി. നമ്മുടേത് പോലുള്ള മതേതര രാജ്യവുമായി ബന്ധപ്പെട്ട് അതിനെ ആശയക്കുഴപ്പത്തിലേക്ക് കൊണ്ടുപോകേണ്ടതില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
സിഹ്‌റ് (മാരണം) ഫലിക്കും എന്നത് പ്രമാണങ്ങളിലുണ്ടെന്നും അതിൽ എതിരഭിപ്രായമില്ലെന്നും നേതാക്കൾ വ്യക്തമാക്കി. എന്നാൽ, അഭൗതിക മാർഗത്തിലൂടെ ഉപദ്രവവും സഹായവും അല്ലാഹുവിൽ നിന്ന് മാത്രമാണെന്ന് വിശ്വസിക്കുന്ന മുജാഹിദുകൾ സിഹ്‌റ് ഫലിക്കുമെന്ന് കരുതുന്നത് ശിർക്ക് (ബഹുദൈവ വിശ്വാസം) അല്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അവർ വ്യക്തമായ മറുപടി പറഞ്ഞില്ല.
ഇന്ത്യൻ ഭരണഘടനയനുസരിച്ച് എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യയിലുണ്ട്. ഇസ്‌ലാമിക രാഷ്ട്രത്തേയും മതേതര രാഷ്ട്രത്തേയും ഒരേ പോലെ കാണരുത്.
ഇസ്‌ലാമിക രാജ്യങ്ങളിൽ തന്നെ മറ്റ് മതസ്ഥർക്ക് സൗകര്യം ചെയ്തുകൊടുക്കുന്നുണ്ട്. അവരെ അടിച്ചമർത്തുന്നില്ല. ഈ മാസം 12ന് വൈകിട്ട് 4.15ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിസ്ഡം സമ്മേളനം സഊദി എംബസി അറ്റാഷെ ശൈഖ് ബദർ ബിൻ നാസിർ അൽ ബുജൈദി ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു. വിസ്ഡം ജനറൽ സെക്രട്ടറി ടി കെ അശ്‌റഫ്, സെക്രട്ടറി നാസിർ ബാലുശ്ശേരി, അശ്‌റഫ് കല്ലായി, അബ്ദുർറസാഖ് അത്തോളി, യു മുഹമ്മദ് മദനി വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.