National
ഏക സിവിൽ കോഡ്, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലുകൾ പ്രത്യേക പാർലിമെന്റ് സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും
സെപ്തംബർ 18 മുതൽ 22 വരെയാണ് പ്രത്യേക പാർലിമെന്റ് സമ്മേളനം

ന്യൂഡൽഹി | സെപ്തംബർ 18 മുതൽ 22 വരെ കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത പ്രത്യേക പാർലിമെന്റ് സമ്മേളനത്തിൽ ഏക സിവിൽ കോഡ് ബിൽ അവതരിപ്പിച്ചേക്കുമെന്ന് സൂചന. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലും വനിതാ സംവരണ ബില്ലും ഇതോടൊപ്പം അവതരിപ്പിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്ര പാർലിമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയാണ് പ്രത്യേക പാർലിമെന്റ് സമ്മേളനം ചേരുന്ന കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
രാജ്യത്തെ സിവിൽ നിയമങ്ങൾ ഏകീകരിക്കുന്നതിനുള്ള ബില്ലാണ് ഏക സിവിൽ കോഡ് ബിൽ. എല്ലാ മതസ്ഥർക്കും ഒരു സിവിൽ കോഡ് എന്നതാണ് ഇതിന്റെ അടിസ്ഥാനം. മതം, ആചാരങ്ങൾ, പാരമ്പര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള വ്യക്തി നിയമങ്ങൾക്ക് പകരം മതം, ജാതി, വംശം, ലൈംഗിക ആഭിമുഖ്യം, ലിംഗഭേദം എന്നിവ കണക്കിലെടുക്കാതെ എല്ലാവർക്കും ഒരു പൊതു നിയമം കൊണ്ടുവരികയാണ് ലക്ഷ്യം. ഇതിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് പാർലിമെന്റിൽ ബിൽ അവതരണത്തിന് സർക്കാർ തിടുക്കം കൂട്ടുന്നത്.
നിയമസഭാ, ലോക്സഭാ തിരഞ്ഞടുപ്പുകൾ ഒരുമിച്ച് നടത്തുക എന്നതാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിന്റെ ലക്ഷ്യം. നിലവിൽ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അതാത് മന്ത്രിസഭകളുടെ കാലാവധി അവസാനിക്കുമ്പോഴാണ് നടത്താറ്. ഇത് മാറ്റി ഈ രണ്ട് തിരഞ്ഞെടുപ്പുകളും ഒറ്റ ദിവസം നടത്തുകയാണ് ബില്ല് വഴി കേന്ദ്രം ലക്ഷ്യമിടുന്നത്.