Kerala
മനുഷ്യർക്കൊപ്പം: കേരള മുസ്‍ലിം ജമാഅത്ത് കര്‍മ്മ സാമയികം പദ്ധതികൾ പ്രഖ്യാപിച്ചു
മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി പത്തിന പദ്ധതികളാണ് പ്രഖ്യാപിച്ചത്. 2025-2030 കാലയളവിലാണ് പദ്ധതികൾ പൂർത്തീകരിക്കുക.
![](https://assets.sirajlive.com/2025/02/kmj-conf-897x538.jpg)
കോഴിക്കോട് | സമസ്ത സെന്റിനറിയുടെ ഭാഗമായി കേരള മുസ്‍ലിം ജമാഅത്ത് നടപ്പിലാക്കുന്ന പദ്ധതികളുടെ പ്രഖ്യാപനം കോഴിക്കോട് കടപ്പുറത്ത് നടന്ന പ്രഖ്യാപന സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ പ്രഖ്യാപിച്ചു. മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി പത്തിന പദ്ധതികളാണ് പ്രഖ്യാപിച്ചത്. 2025-2030 കാലയളവിലാണ് പദ്ധതികൾ പൂർത്തീകരിക്കുക.
5000 പഠന വേദികൾ ഉൾക്കൊള്ളുന്ന ആദര്‍ശ കേരളം പദ്ധതിയാണ് ഒന്ന്. ഇതിന്റെ ഭാഗമായി 125 സോണുകളില്‍ ആദര്‍ശയാത്രകളും 1000 ഫാമിലി കോൺഫറൻസുകളും, പ്രധാന കേന്ദ്രങ്ങളില്‍ സെമിനാറുകളും സംഘടിപ്പിക്കും. സൗഹൃദ കേരളം പദ്ധതിയുടെ ഭാഗമായി 10,000 മാതൃക ഗ്രാമങ്ങള്‍ സൃഷ്ടിക്കും.
ലഹരി മുക്ത കേരളം എന്ന പദ്ധതിക്ക് കീഴിൽ വിപുലമായ ബോധവല്‍ക്കരണവും ബഹുജന പ്രതിരോധവും സാധ്യമാക്കും. കാരുണ്യ കേരളം പദ്ധതിയിൽ ക്ലിനിക്കുകള്‍, ഹോം കെയര്‍,സാന്ത്വന കേന്ദ്രങ്ങള്‍, ഐ സി എഫ് നേതൃത്വത്തില്‍ 1000 രക്തജന്യ രോഗികള്‍ക്ക് സാമ്പത്തിക സഹായം തുടങ്ങിയവയ നടപ്പാക്കും.
ദാറുല്‍ ഖൈര്‍ ഭവന പദ്ധതിയുടെ ഭാഗമായി പുതിയ 100 വീടുകള്‍ നിർമിച്ചുനൽകും. പ്രധാന കേന്ദ്രങ്ങളില്‍ 100 ഹോസ്റ്റലുകള്‍ സ്ഥാപിക്കുന്ന ഹോസ്റ്റല്‍ പ്രോജക്ട് ആണ് മറ്റൊന്ന്. നൂറു വർഷം പിന്നിടുന്ന സമസ്തയുടെ ചരിത്രം പ്രകാശനം ചെയ്യും.
വര്‍ഗ്ഗ ബഹുജനങ്ങളുടെ സംഘാടനത്തിനറെ ഭാഗമായി വ്യാപാരി വ്യവസായി, സംരംഭക, കര്‍ഷക, തൊഴിലാളികളെ സംഘടിപ്പിക്കും. പരിശീലനം ലഭിച്ച 50,000 മാതൃക സാരഥികളുടെ സമർപ്പണമാണ് മറ്റൊരു പദ്ധതി.
കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ 2025 നവംബര്‍, ഡിസംബര്‍ മാസങ്ങളിൽ കാസര്‍ഗോഡ് മുതൽ തിരുവനന്തപുരം വരെ കേരളയാത്ര നടത്താനും തീരുമാനിച്ചു.