Kerala
വിതുമ്പുന്ന ഫലസ്തീൻ ജനതക്കൊപ്പം; 126 കേന്ദ്രങ്ങളിൽ ഇന്ന് എസ് വൈ എസ് വിചാര സദസ്സ്
സംസ്ഥാന - ജില്ലാ നേതാക്കൾ വിഷയാവതരണം നടത്തും
കോഴിക്കോട് | ഫലസ്തീനിൽ ഇസ്്റാഈൽ നടത്തിക്കൊണ്ടിരിക്കുന്ന ഏകപക്ഷീയമായ നരനായാട്ടിൽ നിസ്സഹായരായി വിതുമ്പുന്ന ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യപ്പെടാനും വികലമായ ചരിത്ര നിർമിതിയിലൂടെ വംശഹത്യക്ക് ന്യായം ചമയ്ക്കുന്നതിനെതിരെ പൊതുബോധം ഉണർത്താനും സംസ്ഥാനത്തെ 126 കേന്ദ്രങ്ങളിൽ ഇന്ന് വൈകിട്ട് നാല് മുതൽ എസ് വൈ എസ് വിചാര സദസ്സ് സംഘടിപ്പിക്കും.
പാരമ്പര്യവും പരമാധികാരവുമുള്ള സ്വതന്ത്രരാജ്യമായിരുന്ന ഫലസ്തീനിൽ പ്രശ്‌നങ്ങളുടെ വിത്ത് വിതച്ചത് കൊളോണിയൽ കാലത്തെ ബ്രിട്ടനാണ്. ഹിറ്റ്്ലർ നടപ്പാക്കിയ വംശഹത്യയുടെ പേരിലുള്ള സഹതാപത്തിന്റെ മറവിൽ ലീഗ് ഓഫ് നാഷൻസ് ആണ് ഫലസ്തീനിലെ ജൂത കുടിയേറ്റത്തിന്റെ കാർമികത്വം വഹിച്ചത്. ലോക പോലീസ് ചമഞ്ഞെത്തിയ അമേരിക്ക അത് യാഥാർഥ്യമാക്കുകയും ചെയ്തു.
ഒരു ന്യായീകരണവുമില്ലാതെ ഒരു സ്വതന്ത്രരാജ്യത്തെ കുടിയേറ്റക്കാർക്ക് പകുത്തുകൊടുത്തവർ ഘട്ടംഘട്ടമായി ഫലസ്തീൻ ജനതയെ അവരുടെ വീടുകളിൽ നിന്ന് കുടിയിറക്കുകയും കൃത്യമായ ഇടവേളയിൽ ഇസ്്റാഈൽ നടത്തിക്കൊണ്ടിരുന്ന ആക്രമണങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്തു. ആ അനീതിയുടെ തുടർച്ചയാണ് ഇപ്പോൾ ഗസ്സയിൽ നടന്നുകൊണ്ടിരിക്കുന്നത്. ഫലസ്തീനെന്ന ഒരു രാജ്യമേ ഭൂമുഖത്തില്ലാതാക്കുക എന്ന സയണിസ്റ്റ് അജൻഡയുടെ പൂർത്തീകരണം അവർക്കിന്ന് കൈയെത്തും ദൂരത്താണ്. അതിന് വേണ്ടിയാണ് ഗസ്സയിലെ നിരപാരാധികളായ സിവിലിയൻമാരെ കൂട്ടക്കൊല ചെയ്തുകൊണ്ടിരിക്കുന്നത്. ആയിരക്കണക്കിന് കുഞ്ഞുങ്ങൾ ഇതിനകം വധിക്കപ്പെട്ടു. കുടിവെള്ളം പോലുമില്ലാതെ മരണത്തെ മുഖാമുഖം കണ്ടിരിക്കുകയാണ് പരുക്കേറ്റവരും ഭവനരഹിതരായവരുമടക്കം പതിനായിരങ്ങൾ.
ആശുപത്രികൾക്ക് നേരെ പോലും ഒരു ദയയുമില്ലാതെ ബോംബ് വർഷിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ഫലസ്തീൻ ജനതയോട് ഹൃദയം കൊണ്ട് ചേർന്നുനിൽക്കാനും വ്യാജ ചരിത്ര നിർമിതിയിലൂടെ ഒരു ജനതയെ ഭീകരവാദികളാക്കാനുള്ള ശ്രമങ്ങൾക്കെതിരെ പൊതുബോധത്തെ വിളിച്ചുണർത്താനും എസ് വൈ എസ് വിചാര സദസ്സുകൾ സംഘടിപ്പിക്കുന്നത്. വിവിധ കേന്ദ്രങ്ങളിൽ സംസ്ഥാന നേതാക്കളും ജില്ലാ കമ്മിറ്റിയംഗങ്ങളും വിഷയാവതരണം നടത്തും.