Web Special
മുകര്‍റം ജായുടെ വിയോഗത്തോടെ തിരശ്ശീല വീണത് നൈസാം രാജകുടുംബത്തിന്
ആസ്‌ത്രേലിയയിലും ലണ്ടനിലും ജീവിച്ച അദ്ദേഹം തുര്‍ക്കിയില്‍ സ്ഥിരതാമസവുമാക്കി. അവിടെയായിരുന്നു അന്ത്യം.
ഹൈദരാബാദ് രാജകുടുംബത്തിലെ നൈസാം സ്ഥാനപ്പേരുള്ള അവസാന അംഗം മീര്‍ ബറകാത് അലി ഖാന്‍ സിദ്ദീഖി മുകര്‍റം ജായെ മുന്‍ഗാമികളുടെ ചാരെ ഖബറടക്കിയതോടെ അന്ത്യമാകുക ഒരു യുഗത്തിന്. ഹൈദരാബാദിന്റെ എട്ടാം നൈസാമായിരുന്നു അദ്ദേഹം. ഹൈദരാബാദ് രാജവംശത്തിന് കൂടി ഇതോടെ ഔദ്യോഗിക അവസാനമായി. രാജാധികാരമുണ്ടായിരുന്ന ഹൈദരാബാദിന്റെ അവസാന നൈസാം ഉസ്മാന്‍ അലി ഖാന്റെ പേരക്കുട്ടിയായിരുന്നു അദ്ദേഹം. 1970 ഡിസംബറില്‍ പ്രിവി പഴ്‌സ് സമ്പ്രദായം പ്രധാനമന്ത്രി ഇന്ദിര ഗാന്ധി എടുത്തുകളഞ്ഞതോടെ ഭൂഖണ്ഡങ്ങളില്‍ സഞ്ചാരത്തിലായിരുന്നു മുകര്‍റം ജാ. ആസ്‌ത്രേലിയയിലും ലണ്ടനിലും ജീവിച്ച അദ്ദേഹം തുര്‍ക്കിയില്‍ സ്ഥിരതാമസവുമാക്കി. അവിടെയായിരുന്നു അന്ത്യം. ഖബറടക്കം ഹൈദരാബാദിലും.
മാതാവ് അവസാന ഓട്ടോമൻ ഖലീഫയുടെ മകൾ
1933 ഒക്ടോബര്‍ ആറിന് ഫ്രാന്‍സിലാണ് മുകര്‍റം ജായുടെ ജനനം. രണ്ട് രാജ കുടുംബങ്ങളുടെ സംഗമമായിരുന്നു അദ്ദേഹം. പിതാവ് അസം ജാ, ഹൈദരാബാദ് നൈസാമിന്റെ മകനും മാതാവ് ദുരു ഷേവാര്‍ ഒട്ടോമന്‍ തുര്‍ക്കിയിലെ അവസാന ഖലീഫയുടെ മകളായിരുന്നു. ഇന്ത്യയിലെ രാജഭരണമുള്ള നാട്ടിലെ ഏറ്റവും വലിയ സമ്പന്ന പിന്‍ഗാമിയായാണ് 1967 ഏപ്രിലില്‍ മുകര്‍റം ജായെ ഗണിച്ചത്. ആ സമയത്ത് 100 കോടി ഡോളറിന്റെ ആസ്തി അദ്ദേഹത്തിനുണ്ടായിരുന്നു. വിവിധ കോടതി വ്യവഹാരങ്ങളില്‍ രാജ സ്വത്ത് പെട്ട അവസരത്തിലും ഇതായിരുന്നു സ്ഥിതി. രാജകുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്ന നിശ്ചിത ധനസഹായമായിരുന്നു പ്രിവിപഴ്‌സ്. ഇന്ദിരാ സര്‍ക്കാര്‍ അത് ഒഴിവാക്കിയത്, രാജഭരണ പ്രദേശങ്ങള്‍ ഇന്ത്യന്‍ യൂനിയനുമായി ലയിക്കുമ്പോഴുണ്ടാക്കിയ കരാറുകളുടെ ലംഘനമായിരുന്നു.
പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സുഹൃത്തായിരുന്ന ജാ, രാജ ഉത്തരവാദിത്വങ്ങളില്‍ നിന്ന് മാറിനില്‍ക്കാനും വിരമിക്കാനുമുള്ള ആഗ്രഹം പലകുറി വെളിപ്പെടുത്തിയിരുന്നു. മുഖസ്തുതികളില്‍ നിന്ന് ഒഴിവാകാനും രാജവംശ അവശേഷിപ്പുകളില്‍ നിന്ന് മാറിനില്‍ക്കാനും തന്നെ അറിയുന്ന ജനങ്ങളില്‍ നിന്ന് പൊതുവെ ഒഴിഞ്ഞുനില്‍ക്കാനും അദ്ദേഹം തീരുമാനിച്ചു. അക്കാലത്ത് ലണ്ടനില്‍ അദ്ദേഹത്തിന്റെ കുടുംബമുണ്ടായിരുന്നു. അവിടേക്ക് അദ്ദേഹവും പോയി. പഴയ കാറുകളും മെഷീനുകളും നന്നാക്കുന്നതിലായിരുന്നു പിന്നീടുള്ള സമയം ചെലവഴിക്കല്‍.
ഹൈദരാബാദിൻ്റെ വിദ്യാഭ്യാസ പുരോഗമനത്തിൽ എന്നും തത്പരൻ
അപ്പോഴും, ഹൈദരാബാദുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം വിച്ഛേദിച്ചില്ല. 1971 ഡിസംബറില്‍ ഹൈദരാബാദ് കേന്ദ്രമാക്കി മുകര്‍റം ജാ ട്രസ്റ്റ് ഫോര്‍ എജുക്കേഷന്‍ ആന്‍ഡ് ലേണിംഗ് സ്ഥാപിച്ചു. ഈ ട്രസ്റ്റ് മുഖേന നിരവധി അക്കാമദിക് സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കി. ഹൈദരാബാദില്‍ പ്രത്യേകിച്ച് മെഡിക്കല്‍ വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതില്‍ ഈ ട്രസ്റ്റ് പ്രധാന പങ്ക് വഹിച്ചതായി മുന്‍ മന്ത്രിയും തെലങ്കാന മുന്‍ പ്രതിപക്ഷ നേതാവുമായ മുഹമ്മദ് അലി ശബീര്‍ ചൂണ്ടിക്കാട്ടുന്നു. സ്വന്തം നാട്ടുകാരുടെ ക്ഷേമത്തിനായി എപ്പോഴും പ്രവര്‍ത്തിക്കുന്ന ആളായും ഹൈദരാബാദുകാര്‍ ജായെ പരിഗണിച്ചു. 1989ലാണ് ഏറെ കാലത്തിന് ശേഷം ജാ ഹൈദരാബാദിലെത്തിയത്. അവിഭക്ത ആന്ധ്രയിലെ മന്ത്രിയായിരുന്ന ശബീറിന്റെ ക്ഷണപ്രകാരമായിരുന്നു സന്ദര്‍ശനം. സ്ഥിരമായി ഇവിടെ താമസിക്കണമെന്ന അഭ്യര്‍ഥന ജാ സ്വീകരിച്ചില്ലെങ്കിലും ഹൈദരാബാദിലേക്കുള്ള സന്ദര്‍ശനം അദ്ദേഹം വര്‍ധിപ്പിച്ചു.
1972ല്‍ ആസ്‌ത്രേലിയ സന്ദര്‍ശിച്ചത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായെന്ന് ഗ്രന്ഥകാരനും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ സുബ്രസീക്കിയുടെ ദി ലാസ്റ്റ് നൈസാം എന്ന പുസ്തകത്തില്‍ പറയുന്നു. പഴയ സുഹൃത്തിനെ കാണാന്‍ ആസ്‌ത്രേലിയയിലെത്തിയ അദ്ദേഹം, അഞ്ച് ലക്ഷം ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന കന്നുകാലി ഫാമിലെത്തി. പെര്‍ത്ത് നഗരത്തില്‍ നിന്ന് 500 കി മീ അകലെ വനപ്രദേശത്തുള്ള മുര്‍ച്ചിസണ്‍ ഹൗസ് സ്റ്റേഷന്‍ ആയിരുന്നു ഇത്. ഏതാനും മാസങ്ങള്‍ക്ക് ശേഷം ഇവിടെയെത്തി ആട് ഫാം അദ്ദേഹം സ്വന്തമാക്കി. അദ്ദേഹത്തിന്റെ ഭാര്യ ഇസ്‌റ ബിര്‍ഗിന് ആസ്‌ത്രേലയിയില്‍ പൊരുത്തപ്പെടാനായില്ല. അവര്‍ ലണ്ടനിലേക്ക് തിരിച്ചുപോയി. ജാ അവിടെ തന്നെ നിലകൊണ്ടു. കന്നുകാലി പരിപാലനത്തില്‍ ജാക്ക് താത്പര്യം കുറവായിരുന്നു. നിലം ഉഴുതുമറിക്കുന്ന വമ്പന്‍ യന്ത്രങ്ങളുമായി ആയിരുന്നു അദ്ദേഹത്തിന്റെ ചങ്ങാത്തം. അക്കാലത്ത് ലോകത്തെ ഏറ്റവും വലിയ 75 ടണ്‍ ബുള്‍ഡോസര്‍ അദ്ദേഹം സ്വന്തമാക്കിയിരുന്നു.
സ്വര്‍ണഖനി, വെസ്റ്റ് പെര്‍ത്തിലെ കോട്ട, ആഡംബര നൗക, ബുള്‍ഡോസറുകള്‍, കാറുകള്‍ എന്നിവയെല്ലാം ആസ്‌ത്രേലിയയില്‍ വെച്ച് അദ്ദേഹം സ്വന്തമാക്കി. ഓരോ ബിസിനസ്സ് സംരംഭവും വൻ നഷ്ടത്തിലാണ് കലാശിച്ചത്. ഇതുവഴി ദശലക്ഷക്കണക്കിന് ഡോളറുകള്‍ നഷ്ടമായി. 1979ല്‍ ഭാര്യ ബിര്‍ഗിന്‍ വിവാഹമോചനം നേടി. തുടര്‍ന്ന് ഹെലന്‍ സിമ്മന്‍സിനെ ജാ വിവാഹം കഴിച്ചു. വന്‍തോതില്‍ കടബാധിതനായ ജാ, 1997ല്‍ ആസ്‌ത്രേലിയ വിടുകയും തുര്‍ക്കിയില്‍ സ്ഥിര താമസമാക്കുകയും ചെയ്തു. 1992ല്‍ മിസ്സ് തുര്‍ക്കി മനോല്യ ഒനുറിനെ വിവാഹം കഴിച്ചെങ്കിലും 1997ല്‍ ആ ബന്ധമൊഴിഞ്ഞു. തുടര്‍ന്ന് ജമീല ബൊലാറൂസിനെ വിവാഹം കഴിച്ചു. ഏഴ് കുട്ടികളാണ് മുകര്‍റം ജാക്കുള്ളത്.