Connect with us

Articles

നീതി ഓടുന്നതാര്‍ക്കൊപ്പം, കിതക്കുന്നതും

28 ന്യായാധിപര്‍ ഒന്നിച്ചിരുന്ന് കേസ് കേട്ട ചരിത്രമുണ്ട് അലഹബാദ് ഹൈക്കോടതിക്ക്. നീതിന്യായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഒരു നിര്‍ണായക മുഹൂര്‍ത്തത്തിലായിരുന്നു 1964ല്‍ കേശവ് സിംഗ് കേസില്‍ അലഹബാദ് ഹൈക്കോടതി രാജ്യ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഫുള്‍ ബഞ്ചുമായി കേസ് കേള്‍ക്കാനിരുന്നത്. വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി ദിനങ്ങളുള്ളതും ഉത്തര്‍ പ്രദേശിന്റെ ഹൈക്കോടതിക്കാണ്. അത്തരമൊരു ഹൈക്കോടതിയുടെ സമീപകാല വിശേഷങ്ങള്‍ അത്ര സുഖകരമല്ല.

Published

|

Last Updated

അലഹബാദ് ഹൈക്കോടതിയില്‍ ന്യായാധിപരുടെ അനുവദിക്കപ്പെട്ട അംഗബലം 160 ആണ്. രാജ്യത്തെ ഏറ്റവും വലിയതും ദീര്‍ഘ പാരമ്പര്യവുമുള്ള ഹൈക്കോടതിയാണത്. ഇന്ത്യയില്‍ കൂടുതല്‍ ന്യായാധിപര്‍ അംഗങ്ങളായ ഫുള്‍ ബഞ്ച് 1973ലെ പ്രസിദ്ധമായ കേശവാനന്ദ ഭാരതി കേസാണെന്നാണ് പലരും ധരിച്ചു വെച്ചിരിക്കുന്നത്. സുപ്രീം കോടതിയിലെ 13 ന്യായാധിപരായിരുന്നു പ്രസ്തുത ബഞ്ചിലുണ്ടായിരുന്നത്. എന്നാല്‍ 28 ന്യായാധിപര്‍ ഒന്നിച്ചിരുന്ന് കേസ് കേട്ട ചരിത്രമുണ്ട് അലഹബാദ് ഹൈക്കോടതിക്ക്. നീതിന്യായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഒരു നിര്‍ണായക മുഹൂര്‍ത്തത്തിലായിരുന്നു 1964ല്‍ കേശവ് സിംഗ് കേസില്‍ അലഹബാദ് ഹൈക്കോടതി രാജ്യ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഫുള്‍ ബഞ്ചുമായി കേസ് കേള്‍ക്കാനിരുന്നത്. വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി ദിനങ്ങളുള്ളതും ഉത്തര്‍ പ്രദേശിന്റെ ഹൈക്കോടതിക്കാണ്. അത്തരമൊരു ഹൈക്കോടതിയുടെ സമീപകാല വിശേഷങ്ങള്‍ അത്ര സുഖകരമല്ല. അലഹബാദ് ഹൈക്കോടതിയെ കുപ്പത്തൊട്ടിയാക്കാന്‍ സമ്മതിക്കില്ലെന്ന് ഈയിടെ പറഞ്ഞത് ഹൈക്കോര്‍ട്ട് ബാര്‍ അസ്സോസിയേഷന്‍ തന്നെയാണ്.

കഴിഞ്ഞ ഡിസംബറിലാണ് അലഹബാദ് ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജി കടുത്ത മുസ്‌ലിംവിരുദ്ധ വിദ്വേഷ പ്രസംഗം നടത്തിയത്. അനന്തരം പ്രതിപക്ഷ എം പിമാര്‍ അദ്ദേഹത്തിനെതിരെ ഇംപീച്ച്‌മെന്റ് നടപടി ആരംഭിക്കുന്നതിലേക്ക് കാര്യങ്ങളെത്തി. വസതിയില്‍ നിന്ന് അഞ്ഞൂറ് രൂപയുടെ കോടിക്കണക്കിന് നോട്ടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വര്‍മയെ കഴിഞ്ഞ ആഴ്ച അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുകയുണ്ടായി. അദ്ദേഹത്തിന്റെ പാരന്റ് ഹൈക്കോര്‍ട്ട് അതായത് ഹയര്‍ ജുഡീഷ്യല്‍ കരിയര്‍ ആരംഭിച്ച ഹൈക്കോടതിയാണ് അലഹബാദ് ഹൈക്കോടതി എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി കൊളീജിയം അവിടേക്ക് തന്നെ സ്ഥലം മാറ്റിയിരിക്കുന്നത്. അതിനിടയിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ നടന്ന ഗുരുതര ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് നിയമ, നീതിന്യായ തത്ത്വങ്ങളെ കാറ്റില്‍ പറത്തുന്ന നിരീക്ഷണങ്ങളുമായി അലഹബാദ് ഹൈക്കോടതി ജഡ്ജി റാം മനോഹര്‍ നാരായണ്‍ മിശ്ര കളംനിറഞ്ഞത്.

നീതിന്യായത്തിന് കടുംവെട്ട്
ബന്ധുവിന്റെ കൂടെ നടന്നുപോകുകയായിരുന്ന പതിനാലുകാരിയെ ലക്ഷ്യസ്ഥാനത്ത് ഇറക്കാമെന്ന് വിശ്വസിപ്പിച്ച് മോട്ടോര്‍ സൈക്കിളില്‍ കയറ്റി വിജനമായ സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്നതായിരുന്നു കേസ്. 2022 ജനുവരി 11ന് നടന്ന സംഭവമായാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആകാശ്, പവന്‍, അശോക് എന്നിവരില്‍ ആകാശാണ് മുഖ്യ കുറ്റാരോപിതന്‍. പെണ്‍കുട്ടിയെ മോട്ടോര്‍ സൈക്കിളില്‍ കയറ്റി ഒഴിഞ്ഞ സ്ഥലത്തെ കലുങ്കിനടുത്ത് വണ്ടി നിര്‍ത്തിയ കുറ്റാരോപിതന്‍ ഇരയുടെ മാറിടത്തില്‍ കടന്നുപിടിക്കുകയും പൈജാമയുടെ നാട പൊട്ടിക്കുകയും കലുങ്കിനടിയിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് കുറ്റപത്രം. അതുവഴി ട്രാക്ടറില്‍ എത്തിയ കര്‍ഷകരായ സതീഷും ബൂറയും ഇടപെട്ടപ്പോള്‍ കുറ്റാരോപിതന്‍ കടന്നുകളയുകയായിരുന്നത്രെ. എന്നാല്‍ ബലാത്സംഗം ചെയ്യാനുള്ള കുറ്റാരോപിതന്റെ ഉദ്ദേശ്യം സ്ഥാപിക്കാന്‍ മേല്‍ചൊന്ന വസ്തുതകള്‍ മതിയാകില്ലെന്നായിരുന്നു ജസ്റ്റിസ് ആര്‍ എം നാരായണ്‍ മിശ്രയുടെ “കണ്ടെത്തല്‍’. കുറ്റാരോപിതന്‍ സ്വയം വിവസ്ത്രനായെന്നോ പൈജാമയുടെ ചരട് പൊട്ടിച്ചത് കാരണം ഇര നഗ്നയായെന്നോ ആരോപണമില്ലാത്തതിനാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 375ാം വകുപ്പ് പ്രകാരം ബലാത്സംഗ ശ്രമത്തിന് പ്രോസിക്യൂഷന്‍ നടപടി തുടരാനാകില്ലെന്ന് നിരീക്ഷിക്കുകയായിരുന്നു അലഹബാദ് ഹൈക്കോടതിയിലെ ന്യായാധിപന്‍. തുടര്‍ന്ന് മാര്‍ച്ച് 26ന് സ്വമേധയാ കേസെടുത്ത സുപ്രീം കോടതി അലഹബാദ് ഹൈക്കോടതി വിധിയിലെ വിവാദ ഭാഗം സ്റ്റേ ചെയ്യുകയും നിയമ തത്ത്വങ്ങള്‍ക്ക് പരിചിതമല്ലാത്തതും മനുഷ്യത്വവിരുദ്ധ സമീപനത്തിന്റെ പ്രകടനവുമാണ് നിരീക്ഷണങ്ങളെന്ന കടുത്ത വിമര്‍ശനം നടത്തുകയും ചെയ്തു.

അക്ഷന്തവ്യമായ വീഴ്ചകള്‍
ഐ പി സി 375ാം വകുപ്പ് പ്രകാരം ബലാത്സംഗം സ്ഥാപിക്കാന്‍ വേണ്ട ഘടകങ്ങളും പോക്‌സോ ആക്ടിലെ 18ാം വകുപ്പ് ഉള്ളടക്കമാകുന്ന, ക്രിമിനല്‍ കുറ്റകൃത്യം ചെയ്യാനുള്ള ശ്രമവും വ്യാഖ്യാനിക്കുന്നതില്‍ ജസ്റ്റിസ് ആര്‍ എം നാരായണ്‍ മിശ്രക്ക് ഗുരുതര പിഴവാണ് സംഭവിച്ചത്. ബലാത്സംഗ ശ്രമമല്ല പതിനാലുകാരിയായ ഇരക്ക് നേരെ നടന്നതെന്ന് തീര്‍പ്പിട്ട ന്യായാധിപന്‍ ഐ പി സിയിലെ 354ാം വകുപ്പനുസരിച്ചുള്ള മാനഭംഗം മാത്രമാണതെന്ന നിലപാട് സ്വീകരിച്ചത് പ്രായപൂര്‍ത്തിയാകാത്ത ഇരയുടെ വൈകാരിക മുറിവിനെ അവഗണിക്കുന്നതും പോക്‌സോ ആക്ടിന്റെ പൊരുളിന് നിരക്കാത്തതുമാണെന്ന കാര്യത്തില്‍ സംശയമില്ല.
ക്രിമിനല്‍ നീതിശാസ്ത്രത്തില്‍ കുറ്റകൃത്യത്തിന്റെ വിവിധ ഘട്ടങ്ങള്‍ പ്രധാന ചര്‍ച്ചയാണ്. അതിന് നാല് ഘട്ടങ്ങളുള്ളതില്‍ യഥാക്രമം രണ്ട്, മൂന്ന് ഘട്ടങ്ങളായ തയ്യാറെടുപ്പ് (Preparation), ശ്രമം(Attempt) എന്നിവ പ്രസ്താവിത കേസിന്റെ വിശകലനത്തില്‍ മര്‍മ സ്ഥാനത്ത് നിലനില്‍ക്കുന്നതാണ്. ബലാത്സംഗ ശ്രമവുമായി ബന്ധപ്പെട്ട നിയമ തത്ത്വങ്ങളെ തെറ്റായി വ്യാഖ്യാനിച്ച ജസ്റ്റിസ് ആര്‍ എം നാരായണ്‍ മിശ്ര രാജ്യത്തെ പരമോന്നത കോടതിയുടെ നിരവധി വിധിന്യായങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്.

മേല്‍ചൊന്ന കേസില്‍ ബലാത്സംഗം ചെയ്യാനുള്ള തയ്യാറെടുപ്പ് മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നാണ് അലഹബാദ് ഹൈക്കോടതിയിലെ ന്യായാധിപന്‍ സ്വീകരിച്ച നിലപാട്. ബലാത്സംഗ ശ്രമം ഉണ്ടായിട്ടില്ലത്രെ. ഒരു കുറ്റകൃത്യം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിനും ശ്രമത്തിനുമിടയില്‍ കൃത്യമായ വിഭജനമുണ്ട്. മുന്‍കൂര്‍ ആലോചന, ആസൂത്രണം, കുറ്റകൃത്യം ചെയ്യാന്‍ വേണ്ട മാര്‍ഗങ്ങള്‍ ഒരുക്കല്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് തയ്യാറെടുപ്പെങ്കില്‍ കുറ്റകൃത്യം ചെയ്യാനുള്ള ശ്രമം തുടങ്ങുന്നത് തയ്യാറെടുപ്പ് പൂര്‍ത്തിയായതിന് തൊട്ടുടനെയാണെന്ന് 2021ലെ മഹേന്ദ്ര കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയത് ശ്രദ്ധേയമാണ്. ചര്‍ച്ചയിലിരിക്കുന്ന കേസിന്റെ വസ്തുതകള്‍ പ്രകാരം തയ്യാറെടുപ്പിന്റെ ഘട്ടവും കടന്നതാണ് കുറ്റാരോപിതന്റെ അതിക്രമം. അങ്ങനെയിരിക്കെ പ്രസ്തുത ക്രിമിനല്‍ പ്രവൃത്തി കുറ്റകൃത്യം ചെയ്യാനുള്ള ശ്രമമായാണ് കണക്കാക്കപ്പെടുകയെന്ന കാര്യം മനസ്സിലാകാന്‍ നിയമജ്ഞാനം പോലും വേണ്ടിവരില്ല. കേസിന്റെ വസ്തുതകള്‍ ഓരോന്നായി പരിശോധിക്കുമ്പോള്‍ എളുപ്പം ബോധ്യമാകുന്നതുമാണത്. ഇരയെ മോട്ടോര്‍ സൈക്കിളില്‍ കയറ്റി കൊണ്ടുപോകുക വഴി കുറ്റാരോപിതന്‍ ഇരയെ തനിച്ചാക്കുന്നു എന്നതാണ് ഒന്നാമത്തെ വസ്തുത. വിജനമായ സ്ഥലത്ത് കലുങ്കിനടുത്ത് വാഹനം നിര്‍ത്തുന്നു, പെണ്‍കുട്ടിയുടെ മാറിടത്തില്‍ കടന്നുപിടിച്ച് ശാരീരിക കൈയേറ്റം നടത്തുന്നു, പൈജാമയുടെ നാട പൊട്ടിച്ച് അടിവസ്ത്രങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്നു, ഒടുവില്‍ കലുങ്കിനടിയിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമത്തിനിടെ ആള്‍ പെരുമാറ്റമുണ്ടായത് കൊണ്ട് മാത്രം ബലാത്സംഗ ശ്രമത്തില്‍ നിന്ന് പിന്‍മാറുന്നു. ദൃക്‌സാക്ഷികളായവര്‍ തടസ്സപ്പെടുത്തിയതിന്റെ പേരില്‍ മാത്രമാണ് അയാള്‍ വേട്ട നിര്‍ത്തിയത് എന്ന സത്യം കൂടെ ഉണ്ടായിട്ടും ബലാത്സംഗ ശ്രമമേയല്ലെന്ന വിധിതീര്‍പ്പിടുന്ന ന്യായാധിപന്‍ പങ്കുവെക്കുന്ന നീതിബോധം അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് പറയാതിരിക്കുക വയ്യാ. കുറ്റാരോപിതന്‍ സ്വയം വിവസ്ത്രനാകുകയോ ഇരയെ നഗ്നയാക്കുകയോ ചെയ്തിട്ടില്ലെന്ന അധമ ന്യായം ചമച്ചതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് പുരുഷ ജനനേന്ദ്രിയ പ്രവേശനം നടന്നിട്ടില്ലെന്ന കൊളോണിയല്‍ ഭൂതകാല കീഴ്‌വഴക്കങ്ങളാണെന്ന് കാണാന്‍ തടസ്സമില്ല. തന്റെ നിലപാടിന് ഉപോത്ബലകമായി ജസ്റ്റിസ് ആര്‍ എം നാരായണ്‍ മിശ്ര ഉദ്ധരിച്ച കേസുകള്‍ അതിന് തെളിവാണ്. 1836ലെ ജെയിംസ് ലോയ്ഡ്, 1881ലെ ശങ്കര്‍ എന്നീ കേസുകള്‍ ഉദ്ധരിക്കുക വഴി കുറ്റാരോപിതന്റെ കാമവികാര പൂര്‍ത്തീകരണത്തിനുള്ള തീരുമാനം കുറ്റകൃത്യത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഒരു തടസ്സവുമില്ലാതെ നടക്കുമ്പോള്‍ മാത്രമാണ് ബലാത്സംഗ ശ്രമമാകുന്നതെന്ന മാന്‍ഡേറ്റാണ് അലഹബാദ് ഹൈക്കോടതി ന്യായാധിപന്‍ മുന്നോട്ടുവെച്ചത്.

മാറാന്‍ സന്നദ്ധരല്ലാത്ത ന്യായാധിപര്‍
കൊളോണിയല്‍ കാലത്ത് നിന്ന് മാറിയ ലോകത്തേക്കും ജീവിത സാഹചര്യങ്ങളിലേക്കും സഞ്ചരിച്ചെത്താത്ത ന്യായാധിപര്‍ രാജ്യത്തിന് ഭാരമാകുകയേ ഉള്ളൂ. അറുപിന്തിരിപ്പന്‍ മനോനിലയില്‍ നിന്ന് പ്രൊട്ടക്ടീവ് ജൂറിസ്പ്രുഡെന്‍സിന്റെ പുതുകാലത്തേക്ക് അവര്‍ക്ക് എങ്ങനെയാണ് എത്താനാകുക എന്ന ആലോചന നമ്മളെ സന്ദേഹികളാക്കുന്നു. സമൂഹത്തിലെ കുറ്റവാളികള്‍ക്ക് നിയമം തങ്ങളോടൊപ്പമാണെന്ന തോന്നലുണ്ടാക്കുന്ന വിധികള്‍ തീര്‍ക്കുന്ന അപകടം വളരെ വലുതാണെന്ന കാര്യം പറയേണ്ടതില്ലല്ലോ.

---- facebook comment plugin here -----

Latest