Connect with us

karipur airport issue

കരിപ്പൂരിന്റെ ചിറകരിയാനുള്ള നടപടികളില്‍ നിന്ന് പിന്മാറണം: പ്രവാസി സംഗമം

'റണ്‍വേയുടെ നീളം കുറക്കാനുള്ള നടപടിയില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണം'

Published

|

Last Updated

മലപ്പുറം | മലബാറിലെ കൂടുതല്‍ പ്രവാസികള്‍ ആശ്രയിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചിറകരിയാനുള്ള നീക്കങ്ങളില്‍ നിന്ന് പിന്മാറണമെന്നും കാലങ്ങളായി കരിപ്പൂര്‍ വിമാനത്താവളത്തിനോട് തുടരുന്ന വിവേചനം അവസാനിപ്പിക്കണമെന്നും വിമാനത്താവളത്തിന്റെ സംരക്ഷണത്തിനായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തിര ഇടപെടലുകള്‍ ഉണ്ടാവണമെന്നും സ്വലാത്ത് നഗര്‍ മഅദിന്‍ അക്കാദമിയില്‍ സംഘടിപ്പിച്ച യു എ ഇ പ്രവാസി സംഗമം ‘റിലേസിയോണ്‍’ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

റണ്‍വേയുടെ നീളം കുറക്കാനുള്ള നടപടിയില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണം. ഇത് വലിയ വിമാന സര്‍വ്വീസ് പുനരാരംഭിക്കുന്നതിന് തടസ്സമാണെന്നും രാജ്യത്ത് ഇതിലും ചെറിയ വിമാനത്താവളങ്ങളില്‍ നിന്നും വലിയ വിമാനങ്ങള്‍ സുഗമമായി സര്‍വ്വീസ് നടത്തുന്നുവെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

പ്രവാസി യാത്രക്കാര്‍ക്ക് പുറമെ ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ അവലംബിക്കുന്ന ഇടമാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ടെന്നും ഹജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് കരിപ്പൂരിനെ ഒഴിവാക്കിയ നടപടി പുന:പരിശോധിക്കണമെന്നും സാമ്പത്തികമായി രാജ്യത്തിന് ഏറെ ലാഭം നല്‍കുന്ന പ്രസ്തുത എയര്‍പോര്‍ട്ടിനെ സംരക്ഷിക്കുന്നതിന് മത-രാഷ്ട്രീയ ഭേദമന്യേ എല്ലാവരും രംഗത്തിറങ്ങണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സംഗമം ഉദ്ഘാടനം ചെയ്തു. മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ഈ മാസം 12ന് നടക്കുന്ന ഐ സി എഫിന് കീഴില്‍ സ്ഥാപിച്ച ഓക്‌സിജന്‍ പ്ലാന്റ് സമര്‍പ്പണം വിജയിപ്പിക്കാന്‍ സംഗമം തീരുമാനിച്ചു.

ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ ഫിനാന്‍സ് സെക്രട്ടറി ഹബീബ് കോയ തങ്ങള്‍ ജിദ്ദ അദ്ധ്യക്ഷത വഹിച്ചു. ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, മുസ്തഫ ദാരിമി വിളയൂര്‍, ജി സി സി സാന്ത്വനം സെക്രട്ടറി അലവി സഖാഫി തെഞ്ചേരി, മുഹ്യിദ്ദീന്‍ കുട്ടി സഖാഫി പൂകയൂര്‍, സി എം അബ്ദുള്ള കാസര്‍ഗോഡ്, മഅദിന്‍ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, മഅദിന്‍ മാനേജര്‍ ദുല്‍ഫുഖാറലി സഖാഫി, അബ്ദുല്‍ മജീദ് മദനി മേല്‍മുറി എന്നിവര്‍ പ്രസംഗിച്ചു.