National
കാര്‍ഷിക നിയമം പിന്‍വലിച്ചത് മോദിക്കെതിരായ വിജയമെന്ന് പ്രതിപക്ഷം, തിരുത്തുംവരെ സമരം തുടരുമെന്ന് കര്‍ഷകര്‍
തീരുമാനത്തിന് പിന്നില്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയമാണെന്നും പാര്‍ലമെന്റില്‍ തിരുത്തുംവരെ സമരംതുടരുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.

ന്യൂഡല്‍ഹി| വിവാദമായ മൂന്നു കാര്‍ഷിക നിയമങ്ങളും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത് മോദി സര്‍ക്കാറിനെതിരെ ജനങ്ങള്‍ നേടിയ വിജയമെന്ന് പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷക സംഘടനകളും. നിയമം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചെന്നും പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇക്കാര്യം അറിയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ രാജ്യത്തെ അഭിംസബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു. തീരുമാനത്തിന് പിന്നില്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയമാണെന്നും പാര്‍ലമെന്റില്‍ തിരുത്തുംവരെ സമരംതുടരുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. താങ്ങുവിലയില്‍ മാത്രമല്ല, മറ്റ് വിഷയങ്ങളും കര്‍ഷകരുമായി കേന്ദ്രം ചര്‍ച്ച ചെയ്യണമെന്നും ടിക്കായത്ത് ട്വിറ്ററില്‍ കുറിച്ചു.
നിയമം പിന്‍വലിച്ചത് ജനാധിപത്യത്തിന്റെ വിജയമാണെന്നും കര്‍ഷകരുടെ സമരത്തിന് മുന്നില്‍ അഹങ്കാരം കീഴടങ്ങിയെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. എല്ലാ പഞ്ചാബികളുടെയും ആവശ്യമാണ് കേന്ദ്രം അംഗീകരിച്ചതെന്നും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച പ്രധാനമന്ത്രിക്ക് നന്ദിയുണ്ടെന്നും പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ് ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ കര്‍ഷകര്‍ക്ക് വൈകി കിട്ടിയ നീതിയാണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി ഈ വിഷയത്തോട് പ്രതികരിച്ചത്.
നരേന്ദ്ര മോദിയുടെ പതനത്തിന്റെ തുടക്കമാണ് നിയമത്തില്‍ നിന്നുള്ള പിന്മാറ്റമെന്ന് സിപിഎം അഭിപ്രായപ്പെട്ടു. ബിജെപിയുടെയും മോദിയുടെയും പതനത്തിന്റെ തുടക്കമാണ് ഈ പിന്മാറ്റമെന്നും മോദിയുടെ വാക്കുകളെ പൂര്‍ണമായി വിശ്വാസത്തിലെടുക്കുന്നില്ലെന്നും സിപിഎം പി ബി അംഗം എം എ ബേബി പ്രതികരിച്ചു. ഉപതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയാണ് തീരുമാനത്തിന് പിന്നിലെന്നും എം എം ബേബി കൂട്ടിച്ചേര്‍ത്തു.
നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത് മറ്റു വഴികളില്ലാത്തത് കൊണ്ടാണ്. കരി നിയമങ്ങള്‍ പിന്‍വലിച്ചതോടെ കോണ്‍ഗ്രസ് പാര്‍ലമെന്റിന് അകത്തും പുറത്തും നടത്തിയ സമരങ്ങള്‍ ശരിയായിരുന്നുവെന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സംഘ് ഫാഷിസത്തെ പരാജയപ്പെടുത്താനുള്ള ഏക വഴി വിപുലമായ ജനകീയ സമരമാണെന്ന് തെളിയിച്ചെന്ന് വെല്‍ഫയര്‍ പാര്‍ട്ടി അഭിപ്രായപ്പെട്ടു.
വിവാദമായ മൂന്നു കാര്‍ഷിക നിയമങ്ങള്‍ നിയമം മൂലമുണ്ടായ ബുദ്ധിമുട്ടില്‍ കര്‍ഷകരോട് പ്രധാനമന്ത്രി മാപ്പു പറഞ്ഞാണ് രണ്ട് വര്‍ഷത്തേക്ക് നിയമം നടപ്പാക്കുന്നത് നീട്ടിവെക്കുമെന്നും പാര്‍ലമെന്റ് സമ്മേളനത്തില്‍ വീണ്ടും മൂന്ന് കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞത്. സമരം അവസാനിപ്പിക്കാനും കര്‍ഷരോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. നിയമങ്ങള്‍ രാജ്യത്താകമാനം ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കിയാക്കിയിരുന്നു. ഒരു വര്‍ഷം നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് നടപടി. വരുന്ന ശൈത്യകാല പാര്‍ലമെന്റ് സമ്മേളനത്തിലാണ് തുടര്‍നടപടി ഉണ്ടാകുക. നിയമം പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ലമെന്റിലേക്കും എം.പിമാരുടെ ഓഫീസുകളിലേക്കും കര്‍ഷക സംഘടനകള്‍ മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു.