Kerala
പ്രണയത്തില്‍ നിന്നും പിന്മാറി; യുവതിയുടെ വീട് അടിച്ചു തകര്‍ത്ത കാമുകനായ കാപ്പ കേസ് പ്രതി അടക്കം മൂന്നു പേര്‍ അറസ്റ്റില്‍
പ്രണവിന്റെ ക്രിമിനല്‍ പശ്ചാത്തലം മനസിലാക്കിയ യുവതി അടുത്തിടെ പ്രണയത്തില്‍ നിന്നും പിന്മാറി
തിരുവല്ല | പ്രണയത്തില്‍ നിന്നും പിന്മാറിയതിനുളള പക വീട്ടാന്‍ യുവതിയുടെ വീട് അടിച്ചു തകര്‍ത്ത കേസില്‍ കാപ്പ പ്രതി അടക്കം മൂന്നു പേര്‍ അറസ്റ്റില്‍. കാപ്പാക്കേസ് പ്രതിയും കാമുകനുമായ ചങ്ങനാശേരി നാലുകോടി കൊല്ലാപുരം ചെമ്മുകത്ത് വീട്ടില്‍ പ്രണവ് സുരേഷ് (22), തിരുവല്ല മുത്തൂര്‍ പള്ളിക്കാമറ്റം വീട്ടില്‍ ജിതിന്‍ (22), കുറ്റപ്പുഴ മാടംമുക്ക് ചിറയപറമ്പില്‍ വീട്ടില്‍ സി ജിതിന്‍ (19) എന്നിവരാണ് പിടിയിലായത്. നിരണത്ത് നടന്ന സംഭവത്തില്‍ പുളിക്കീഴ് പോലീസാണ് പ്രതികളെ പിടികൂടിയത്. വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. അഞ്ചു വര്‍ഷമായി പ്രണവ് യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രണവിന്റെ ക്രിമിനല്‍ പശ്ചാത്തലം മനസിലാക്കിയ യുവതി അടുത്തിടെ പ്രണയത്തില്‍ നിന്നും പിന്മാറി. തുടര്‍ന്ന് പ്രണവിന്റെ ഫോണ്‍ കോള്‍ എടുക്കാതെ ഇരുന്നതിനെ തുടര്‍ന്ന് യുവതിയുടെ നിരണം കൊമ്പങ്കേരിയിലെ വീട്ടിലെത്തിയ മൂന്നംഗസംഘം മരത്തടി ഉപയോഗിച്ച് ജനാലകളും വാതിലും അടക്കം അടിച്ചു തകര്‍ക്കുകയായിരുന്നു. മുന്‍ വാതില്‍ തകര്‍ത്ത് അകത്തു കയറിയ പ്രതികള്‍ യുവതിയുടെ സഹോദരന്‍ അടക്കമുള്ളവര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടു. പിന്നീട് സ്ഥലത്തുനിന്നും പോയ പ്രതികള്‍ അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും വെല്ലുവിളിയുമായി എത്തി. ഈ സമയം സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം മൂവരെയും ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. പിടിയിലായ പ്രണവ് സുരേഷിനും രണ്ടാംപ്രതി ജിതിന് എതിരെ ചങ്ങനാശേരി, മാന്നാര്‍ എന്നീ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വധശ്രമത്തിനും അടിപിടിക്കും ബൈക്കില്‍ എത്തി മാല പൊട്ടിച്ചെടുത്തതിനും കേസുണ്ടെന്ന് പോലീസ് പറഞ്ഞു.