Connect with us

prathivaram story

വാടിക്കരിഞ്ഞ മുല്ലപ്പൂവ്

ആരൊക്കെയോ ചേർന്ന് നശിപ്പിച്ച തന്റെ ശരീരത്തെയോർത്ത് അവൾ അറപ്പോടെ കണ്ണുകൾ ചിമ്മി. അപ്പേട്ടനും എന്നെ വെറുത്ത് കാണും... അതല്ലേ വരാത്തത്...

Published

|

Last Updated

പൊന്നിയുടെ ഉള്ളിൽ ആഹ്ലാദം അലതല്ലുകയാണ്. ഓലപ്പന്തലിൽ ആളുകൾ തലങ്ങും വിലങ്ങും പായുന്നുണ്ട്. എല്ലാവരിലും ഒരേ ആഘോഷം. കല്യാണപ്പൊലിവ്… കുളത്തിൽ പോയി മുങ്ങി നിവർന്നു വരുമ്പോൾ കവിളിണകളിൽ നാണത്തിന്റെ ചുവപ്പു രാശിമിന്നി… അപ്പുവേട്ടന്റെ ഓർമകളിൽ മനതാരം തളിർക്കുന്നു. തമ്പ്രാന്റെ ഇല്ലത്ത് ഞാറു നടീലിന്റെ അന്നാണ് ആദ്യമായി കണ്ടതും സംസാരിച്ചതും. ബലമുള്ള മാംസപേശികളും തിളങ്ങുന്ന കണ്ണുകളും.

പണിക്കാർക്കുള്ള ഉപ്പുമാവ് പൊടണ്ണിയിലയിൽ പൊതിഞ്ഞുനൽകാനുള്ള ചുമതല പൊന്നിക്കായിരുന്നു.അമ്മക്ക് ഇഷ്ടമുണ്ടായിട്ടല്ല പാടത്ത് പണിക്കയച്ചത്. വീട്ടിൽ വേറെ നിവൃത്തി ഇല്ലാതായപ്പോൾ സ്വയമേ ഏറ്റെടുത്തതാണ്… പോകുമ്പോൾ നാഴികക്ക് നാൽപ്പത് വട്ടം പോലെ അമ്മ പേടിയോടെ പറയും. തമ്പ്രാന്റെ ആളുകളുടെ മുന്നിലൊന്നും പോയേക്കല്ലേ പൊന്നി… അതുകൊണ്ടുതന്നെ എപ്പോഴും മറഞ്ഞു നിന്നു.തമ്പ്രാനും കാര്യസ്ഥന്മാരും വരുന്ന സമയത്ത് ആളുകളുടെ മറ പിടിച്ചു കുനിഞ്ഞു നിന്ന് പണി ചെയ്തു.

“പകല് കിനാവ് കണ്ടാ മതിയോ പെണ്ണെ… അവരൊക്കെ യിപ്പൊ എത്തും… പൊടവ മാറ്റേണ്ടേ…’
ചക്കിയേടത്തിയുടെ ചോദ്യമാണ് അവളെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്.
അവർക്കായി നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു കുടിലിനകത്ത് കയറി …
” തമ്പ്രാക്കന്മാർ അനുഭവിക്കാത്ത പെണ്ണിനെ കിട്ടാനും വേണമൊരു ഭാഗ്യം… അപ്പു ഭാഗ്യം ചെയ്തവനാ…’

മാമ്പഴ നിറത്തിലുള്ള ചേലചുറ്റി പ്രാണന്റെകൈകൊണ്ട് ഇലഞ്ഞിപ്പൂമാല അണിയവേ പൊന്നിയുടെ ഉള്ളിൽ നിറയെ പ്രാർഥനയായിരുന്നു.
ഇരുൾ വീണു തുടങ്ങിയപ്പോഴാണ് അതിഥികളെല്ലാം മടങ്ങിപ്പോയത്. മുറിയിൽ കത്തിക്കൊണ്ടിരിക്കുന്ന മൂട്ടവിളക്കിനരികിൽ പലവിധ ചിന്തയോടെ പായയിൽ അവൾ ചമ്രം പടിഞ്ഞിരുന്നു.

കൂട്ടുകാരികൾ പറഞ്ഞ കഥയോർക്കവേ നാണം കൊണ്ട് മുഖം ചുവന്നു… മുറിയിൽ ആകെ തലയിലെ മുല്ലപ്പൂവിന്റെ വാസന നിറഞ്ഞു നിൽക്കുന്നുണ്ട്. അപ്പുവേട്ടന്റെ ശബ്ദം നേർത്ത രീതിയിൽ കേൾക്കാൻ കഴിയുന്നു.

എന്താണ് പറയുന്നതെന്ന് വ്യക്തമാകുന്നില്ല. നെഞ്ചിടിപ്പോടെ നിമിഷങ്ങൾ വീണ്ടും കടന്നു പോയി.
ദൂരെനിന്നും ആരോ അലറി വിളിക്കുന്ന ശബ്ദം കേൾക്കുന്നുവോ…
എവിടെ നിന്നൊക്കെയോ ആളുകൾ ഓടികൂടുന്ന പോലെ…
“ചതിച്ചല്ലോ… അപ്പൂന്റമ്മേ…പൊന്നിയെക്കുറിച്ച് ആരോ തമ്പ്രാനോട് ഒറ്റി… മേലേടത്തെ വല്യതമ്പ്രാനും കൂട്ടരും ഇങ്ങോട്ട് ഇറങ്ങിയിട്ടുണ്ട്…’

കാതുകളിൽ ആർപ്പും വിളികളും അലയടിച്ചതും പൊന്നി പിടച്ചിലോടെ പുറത്തേക്കോടി… മുറ്റത്ത് തമ്പ്രാന്റെ ആളുകളും അടിയാന്മാരും തമ്മിൽ പൊരിഞ്ഞയടിയാണ്…
വീട്ടിലെ വിളക്കെല്ലാം അണഞ്ഞിരിക്കുന്നു… ഇരുട്ടിൽ ഇറയത്തുനിൽക്കുന്നവളെ ആരും കണ്ടില്ല… തമ്പ്രാനെയും കൂട്ടരെയും വീടിനടുത്തേക്ക് അടുപ്പിക്കാതെ പൊരുതി നിൽക്കുകയാണ് അപ്പുവും കൂട്ടരും…

പെട്ടെന്നാണ് പിറകിലൂടെ അവളുടെ വായ്പൊത്തി ബലിഷ്ടമായ കരങ്ങൾ പൊന്നിയെ വലിച്ചിഴച്ച് പിന്നാമ്പുറത്തെ ഇരുളിലേക്ക് കൊണ്ടുപോയത്. വീട്ടിലെ പെണ്ണുങ്ങളടക്കം മുറ്റത്തായതോണ്ട് ആരും അത് അറിഞ്ഞില്ല… അകലെ നിന്ന് ചൂളം വിളി ഉയർന്നത്തോടെ പതിയെ തമ്പ്രാന്റെ ആളുകൾ പിൻവലിഞ്ഞു… ഒടുക്കം ബഹളം നിലച്ചതോടെ അപ്പു വേഗത്തിൽ മുറിയിലേക്ക് ചെന്നു…

“പൊന്നി…’
റാന്തലിലെ പ്രകാശത്തിന് അവളെ കണ്ടെത്താൻ കഴിഞ്ഞില്ല… അവന്റെ നെഞ്ചിടിപ്പേറി…
” പൊന്നീ…’
അതൊരു അലർച്ചയായിരുന്നു….
“ചതി… തമ്പ്രാന്റെ ആളുകൾ ചതിച്ചല്ലോ… ‘
പെണ്ണുങ്ങൾ നെഞ്ചത്തടിച്ച് നിലവിളിച്ചു. അപ്പു തളർച്ചയോടെ നിലത്തേക്കിരുന്നു…
പിറ്റേന്ന് തെച്ചിക്കാടിന്റെയുള്ളിലെ പാറപ്പുറത്ത് ബോധമില്ലാതെ കിടക്കുന്ന പൊന്നിയെ ആടിനെ മേക്കാൻ പോയവരാണ് ആദ്യം കണ്ടത്. ആരൊക്കെയോ ചേർന്നവളെ വൈദ്യന്റെ പുരയിലെത്തിച്ചു…
വൈദ്യന്റെയും ഭാര്യയുടെയും പച്ചമരുന്ന് ചികിത്സയിലവൾ പതിയെ ജീവിതത്തിലേക്ക് തിരികെ വരാൻ തുടങ്ങി..
” അപ്പേട്ടൻ എന്നെ കാണാൻ വന്നിരുന്നോ…’
വൈകുന്നേരം കഷായവുമായി വന്ന ജാനകിയേടത്തിയോടവൾ തിരക്കി. അവരൊന്നും പറയാതെ അവളെ കരുണയോടെ നോക്കി മുറിവിട്ടു പോയി.

ആരൊക്കെയോ ചേർന്ന് നശിപ്പിച്ച തന്റെ ശരീരത്തെയോർത്ത് അവൾ അറപ്പോടെ കണ്ണുകൾ ചിമ്മി. അപ്പേട്ടനും എന്നെ വെറുത്ത് കാണും… അതല്ലേ വരാത്തത്…
പിന്നീടുള്ള ദിവസങ്ങളിൽ അവളുടെ കണ്ണീർ തോർന്നില്ല… പകലോൻ അസ്‌തമിക്കാൻ മടിച്ചു നിൽക്കുന്ന ഒരു വൈകുന്നേരമാണ് കണ്ണീർ മഴയിലൂടെ അവളാ കാഴ്ച കണ്ടത്.
ഒരു കൈക്കുടന്ന നിറയെ മുല്ലപ്പൂവുമായി പുഞ്ചിരിയോടെ അപ്പു അവളുടെ മുന്നിൽ വന്നു നിന്നു. പൂക്കൾ നിറച്ച താലം കൊണ്ടുഴിഞ്ഞ് വൈദ്യനും ഭാര്യയുമവരെ ആശിർവദിച്ചു.
വാടാർമല്ലി നിറമുള്ള ദാവണി ചുറ്റി തലയിൽ മുല്ലപ്പൂ ചൂടി അപ്പുവിന്റെ കൈയും പിടച്ചവൾ യാത്ര പറഞ്ഞിറങ്ങി.

പുതിയ ഗ്രാമത്തിലെ കുഞ്ഞുവീട്ടിലെ മണ്ണടുപ്പിൽ ആദ്യമായി രണ്ടുപേരും ചേർന്ന് പാലുകാച്ചി… ചൂട് പാൽ ഓട്ടു ഗ്ലാസ്സിലേക്ക് പകർന്ന് അപ്പു അവളെ അരികിലേക്ക് ചേർത്തിരുത്തി… അവന്റെ കണ്ണുകളിൽ ചെറിയ നീർതിളക്കം.

“കഴിഞ്ഞതോർത്ത് മനസ്സ് നീറേണ്ട… ഇത് നിന്റെ പുതിയ ജീവിതത്തിലേക്കുള്ള തിരിച്ചുവരവാണ്… കുറച്ചു ശുദ്ധികലശം നടത്താനുണ്ടായിരുന്നു… അതാ ഞാനെത്താൻ വൈകിയത്…’
വിണ്ണിൽ നിലാവ് പടർന്നു തുടങ്ങിയിരുന്നു… അകലെയേതോ നിലാപക്ഷി തന്റെയിണയെ തേടി ഉച്ചത്തിൽ കരഞ്ഞു…. പൊന്നി അപ്പുവിന്റെ മിഴികളിലേക്ക് കണ്ണു നട്ടു… കാലങ്ങൾക്ക് ശേഷം അവളിലൊരു പുഞ്ചിരി വിടർന്നു… പ്രണയത്തിന്റെ മധുരമുള്ള പുഞ്ചിരി….