Kerala
കരുനാഗപള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്ന് മിനിട്ടുകള്‍ക്കുള്ളില്‍ കൊല്ലത്ത് വീണ്ടും ആക്രമണം; മറ്റൊരു യുവാവിന് നേരെയും വധശ്രമം
സുഹൃത്തിനൊപ്പം നടന്നു പോകുമ്പോഴായിരുന്നു ആക്രമണം.

കൊല്ലം| കൊല്ലം കരുനാഗപള്ളിയില്‍ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ ശേഷം യുവാവിനെ വെട്ടിക്കൊന്നതിന് പിന്നാലെ മറ്റൊരു ആക്രമണം കൂടി. ഓച്ചിറ വവ്വാക്കാവില്‍ അനീര്‍ എന്ന യുവാവിനേയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. സുഹൃത്തിനൊപ്പം നടന്നു പോകുമ്പോഴായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ അനീറിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കാറിലെത്തിയ സംഘം യുവാവിനെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. .
കരുനാഗപ്പള്ളി താച്ചയില്‍മുക്കില്‍ വധശ്രമക്കേസ് പ്രതി സന്തോഷിനെ കൊലപ്പെടുത്തിയ അതേ സംഘമാണ് അനീറിനേയും ആക്രമിച്ചതെന്നാണ് സൂചന. അര മണിക്കൂറിന്റെ വ്യത്യാസത്തിലാണ് രണ്ട് സംഭവങ്ങളും ഉണ്ടായത്. ആക്രമണങ്ങള്‍ക്കു പിന്നില്‍ ഗുണ്ടാ കുടിപ്പകയെന്നാണ് പോലീസിന്റെ സംശയം.
ഇന്ന് പുലര്‍ച്ചെ രണ്ടേകാലോടെയാണ് സന്തോഷ് കൊലചെയ്യപ്പെട്ടത്. വധശ്രമക്കേസില്‍ പ്രതിയാണ് സന്തോഷ്. ഇയാളെ കാറിലെത്തിയ സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് നിഗമനം. അമ്മയും സന്തോഷും മാത്രം വീട്ടില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. ആക്രമണത്തില്‍ സന്തോഷിന്റെ കാല്‍ പൂര്‍ണ്ണമായും വെട്ടിമാറ്റിയ നിലയിലാണ്. രക്തംവാര്‍ന്ന് കിടന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
2014-ല്‍ പങ്കജ് എന്നയാളെ ആക്രമിച്ച കേസിലെ പ്രതിയാണ് സന്തോഷ്. ഈ ആക്രമണവുമായി കൊലപാതകത്തിന് ബന്ധമുണ്ടോ എന്ന നിലയിലാണ് പോലീസ് അന്വേഷണം നടത്തുന്നത്.