lakhimpurincident
രോഷമടങ്ങാതെ; കർഷകർക്ക് പിന്തുണയുമായി ജനം തെരുവിൽ
പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഢ് മുഖ്യമന്ത്രിയെ വിമാനത്താവളത്തിൽ തടഞ്ഞു
ന്യൂഡൽഹി | ഉത്തർപ്രദേശിലെ ലഖിംപൂരിൽ കർഷകരെ കേന്ദ്ര മന്ത്രിയുടെ അകമ്പടി വാഹനം ഇടിച്ചുകൊന്ന സംഭവത്തിൽ പ്രതിഷേധമടങ്ങാതെ രാജ്യം. കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിവിധയിടങ്ങളിൽ കർഷകരും പൊതുജനവും വിദ്യാർഥികളും പ്രതിഷേധിച്ചു. ഉത്തർപ്രദേശിലെത്തിയ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ ലക്‌നോ വിമാനത്താവളത്തിൽ പോലീസ് തടഞ്ഞു. സംസ്ഥാനത്തെ കോൺഗ്രസ്സ് ആസ്ഥാനം സന്ദർശിക്കാനും പ്രിയങ്കാ ഗാന്ധിയെ കാണാനുമാണ് എത്തിയതെന്ന് അറിയിച്ചെങ്കിലും ലക്‌നോവിലെ ചൗധരി ചരൺസിംഗ് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ പോലീസ് അനുവദിച്ചില്ല. ഇതേത്തുടർന്ന് വിമാനത്താവളത്തിനുള്ളിൽ ബാഗേൽ ധർണയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്‌നോവിലെത്തുന്ന സാഹചര്യത്തിൽ ബാഗേലിന് അധിക സുരക്ഷ നൽകാനാകില്ലെന്ന് കാണിച്ചാണ് തടഞ്ഞതെന്നാണ് പോലീസ് വിശദീകരണം.
ലഖിംപൂരിലേക്കുള്ള യാത്രക്കിടെ സിതാപൂരിലെ പ്രദേശിക ഗസ്റ്റ് ഹൗസിൽ തടവിലാക്കിയ എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെയും മറ്റ് പത്ത് പേരെയും അറസ്റ്റ് ചെയ്തു. സെക്‌ഷൻ 144 പ്രകാരമുള്ള നിരോധനാജ്ഞ ലംഘിച്ചെന്ന് കാണിച്ചാണ് അറസ്റ്റ്.
അറസ്റ്റിന് തൊട്ടുമുമ്പ് പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശവുമായി പ്രിയങ്ക രംഗത്തെത്തി. കർഷകർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റുന്ന വീഡിയോ കാണിച്ചുകൊണ്ട് ഇതിലുൾപ്പെട്ടയാളെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് പ്രിയങ്ക ചോദിച്ചു. പ്രദേശത്ത് എത്തുന്നവരെ എഫ് ഐ ആറില്ലാതെ കസ്റ്റഡിയിലെടുക്കുകയാണ്. പ്രതിഷേധിക്കുന്ന കർഷകരെ കാണാൻ ലഖിംപൂർ ഖേരി സന്ദർശിക്കുമോയെന്നും പ്രധാനമന്ത്രിയോട് പ്രിയങ്ക ചോദിച്ചു.
ഒറ്റക്കെട്ടായി പ്രതിപക്ഷം
ബി ജെ പിക്കും കേന്ദ്ര- സംസ്ഥാന സർക്കാറിനുമെതിരെ രൂക്ഷ വിമർശവുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള നേതാക്കളും രംഗത്തെത്തി. ബി ജെ പി സർക്കാർ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നില്ലെന്ന് അഖിലേഷ് പറഞ്ഞു. വീഡിയോകളും ദൃക്‌സാക്ഷികളും കേന്ദ്ര മന്ത്രിയുടെ മകൻ മറ്റുള്ളവർക്കൊപ്പം ഈ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുന്നുവെന്നും കേന്ദ്ര മന്ത്രി അജയ് മിശ്ര രാജിവെക്കണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു.
വിരമിച്ച ഹൈക്കോടതി ജഡ്ജിക്ക് പകരം സിറ്റിംഗ് ജഡ്ജി അന്വേഷിക്കണമെന്ന് എൻ സി പി അധ്യക്ഷൻ ശരത് പവാർ ആവശ്യപ്പെട്ടു. കർഷകരുടെ ശബ്ദം സർക്കാർ അടിച്ചമർത്തുകയാണ്. അവർ വിജയിക്കില്ല. തങ്ങൾ കർഷകരോടൊപ്പമുണ്ടെന്നും പവാർ പറഞ്ഞു. കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് ലഖിംപൂർ സന്ദർശിക്കാനെത്തുന്നുണ്ട്.
തെളിയിച്ചാൽ രാജി
താനോ മകൻ ആശിഷ് മിശ്രയോ സംഭവസ്ഥലത്തുണ്ടായിരുന്നില്ലെന്ന് തെളിയിക്കാൻ കഴിയുമെന്ന് അജയ് മിശ്ര ആവർത്തിച്ചു. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണ്. ഈ സംഭവം ആസൂത്രണം ചെയ്ത കുറ്റവാളികളെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമം നടന്ന സ്ഥലത്ത് ആശിഷ് മിശ്ര ഉണ്ടായിരുന്നുവെന്ന് തെളിയിച്ചാൽ രാജിവെക്കുമെന്നും അജയ് മിശ്ര പറഞ്ഞു.
സി ബി ഐ അന്വേഷിക്കണം
സംഭവത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചു. കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്കിടയിലേക്ക് ഞായറാഴ്ചയാണ് മൂന്ന് എസ് യു വികൾ ഉൾപ്പെടുന്ന വാഹനവ്യൂഹം ഇടിച്ചുകയറി നാല് കർഷകർ മരിച്ചത്. തുടർന്നുണ്ടായ സംഘർഷങ്ങളിൽ അഞ്ച് പേർ കൂടി മരിച്ചിരുന്നു. അജയ് മിശ്രയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനങ്ങളിലൊന്ന്. കർഷകരുടെ ഇടയിലേക്ക് വാഹനങ്ങൾ ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ബി ജെ പി. എം പി വരുൺ ഗാന്ധി ഉൾപ്പെടെയുള്ളവർ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.