koodathai mass murder
കൂടത്തായി റോയി തോമസ് വധക്കേസിൽ സാക്ഷി വിസ്താരം ഇന്ന് മുതൽ
മുഖ്യപ്രതി ജോളിയുടെ ഭർത്താവാണ് റോയി തോമസ്.
കോഴിക്കോട് | കൂടത്തായി കൂട്ടക്കൊല കേസുകളിൽപ്പെട്ട റോയി തോമസ് വധക്കേസിൽ സാക്ഷി വിസ്‌താരം ഇന്നത്തേക്ക് മാറ്റി. ഇന്നലെ നടത്താനിരുന്ന സാക്ഷി വിസ്‌താരമാണ് ഇന്ന് മുതൽ വിവിധ ദിവസങ്ങളിലായി നടത്തുന്നത്. ഇന്ന് റോയി തോമസിന്റെ സഹോദരിയുടെ വിസ്താരമാണ് നടക്കുക. മുഖ്യപ്രതി ജോളിയുടെ ഭർത്താവാണ് റോയി തോമസ്.
സ്വത്ത് വിഭജനവും മറ്റും സംബന്ധിച്ച കാര്യത്തിലാണ് സാക്ഷി മൊഴി രേഖപ്പെടുത്തുക. മൊത്തം 158 സാക്ഷികൾക്ക് വിവിധ ദിവസങ്ങളിൽ ഹാജരാകാനായി സമൻസ് അയച്ചിട്ടുണ്ട്. അതേസമയം, വിചാരണാ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യ പ്രതി പൊന്നാമറ്റം ജോളിയാമ്മ ജോസഫ് എന്ന ജോളി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ നൽകിയിട്ടുണ്ട്.
അതിനിടെ, കൂടത്തായി കേസിൽ ജോളിയുടെ വിടുതൽ ഹരജി തള്ളിയ സെഷൻസ് കോടതി ഉത്തരവിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ഭർത്താവ് റോയി തോമസിന്റെ കൊലപാതക കേസിൽ തനിക്കെതിരെയുള്ള കേസ് വിടുതൽ ചെയ്യണമെന്നാവശ്യപ്പെട്ട് വിചാരണാ കോടതിയിൽ നൽകിയ ഹരജി തള്ളിയിരുന്നു. വിചാരണാ കോടതി ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച പുനഃപരിശോധനാ ഹരജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളിയത്.
ജോളിക്കെതിരെയുള്ള കേസ് നിലനിൽക്കുന്നതിന് നിരവധി തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണാ കോടതി വിടുതൽ ഹരജി തള്ളിയത്. പ്രാഥമികമായി തെളിവുകൾ ജോളിക്കെതിരാണെന്ന് ഹൈക്കോടതി വിലയിരുത്തി. നിരവധി സാക്ഷികളുടെ മൊഴികൾ ജോളിക്കെതിരാണ്. ഇവ മുഖവിലക്കെടുക്കാതിരിക്കാനാകില്ല. ജോളി ശിക്ഷിക്കപ്പെടാൻ മതിയായ തെളിവുകളില്ലെന്ന് അഭിഭാഷകൻ കോടതിയിൽ വാദിച്ചു. അന്വേഷണ സംഘത്തിന്റെ ഭീഷണിക്കു വഴങ്ങിയുള്ള ചിലരുടെ മൊഴികൾ മാത്രമാണ് ജോളിക്കെതിരെയുള്ളതെന്നായിരുന്നു വാദം. ജോളിക്കെതിരെ വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും മതിയായ തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും പ്രോസിക്യുഷൻ കോടതിയിൽ ബോധിപ്പിച്ചു.