Kerala
ഭര്‍തൃവീട്ടില്‍ യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവ് റിമാൻഡിൽ
ആത്മഹത്യാ പ്രേരണ, സ്ത്രീപീഡനം എന്നീ കുറ്റങ്ങൾ ചുമത്തി ഇന്നലെയാണ് അറസ്റ്റ് ചെയ്തത്
മലപ്പുറം | എളങ്കൂരിൽ ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവിനെ റിമാൻഡ് ചെയ്തു. പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജയുടെ ഭര്‍ത്താവ് എളങ്കൂര്‍ സ്വദേശി പ്രഭിനെയാണ് രണ്ടാഴ്ചത്തേക്ക് മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
ഇന്നലെ വൈകുന്നേരമായിരുന്നു പ്രഭിനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത് . ആത്മഹത്യാ പ്രേരണ, സ്ത്രീപീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. വിഷ്ണുജയെ സൗന്ദര്യം കുറവെന്ന് പറഞ്ഞ് ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു.
വ്യാഴാഴ്ചയാണ് വിഷ്ണുജ മരിച്ചത്. മഞ്ചേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരുന്നു. 2023 മെയിലായിരുന്നു വിഷ്ണുജയും പ്രഭിനും തമ്മിലുള്ള വിവാഹം. സ്ത്രീധനം നല്‍കിയത് കുറവെന്ന് പറഞ്ഞും പീഡിപ്പിച്ചുവെന്നും ജോലി ഇല്ലെന്ന് പറഞ്ഞ് ഉപദ്രവമുണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു. പീഡനത്തിന് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൂട്ടുനിന്നെന്നും ആരോപണമുണ്ട്.